ഇന്ത്യ നടപ്പാക്കിയ പ്രധാന പരിസ്ഥിതി നിയമങ്ങള്‍

മുസാഫിര്‍

2018 ദുല്‍ക്വഅദ 01 1439 ജൂലായ് 14

1974ല്‍ പാര്‍ലമെന്റ് ജല (മലിനീകരണ നിരോധന നിയന്ത്രണ) നിയമം പാസാക്കി. 1981ല്‍ വായു (മലിനീകരണ നിരോധന നിയന്ത്രണ) നിയമം പാസാക്കി. ഭരണഘടന നടപ്പാക്കപ്പെടുന്ന സമയത്ത് വനം, വന്യജീവികള്‍ എന്നീ രണ്ടു വിഷയങ്ങളും സംസ്ഥാന ലിസ്റ്റിലായിരുന്നു. 1976ല്‍ ഒരു ഭരണഘടനാഭേദഗതി മുഖേന സംയുക്ത ലിസ്റ്റിലേക്ക് മാറ്റി. അതോടെ പ്രസ്തുത വിഷയങ്ങളില്‍ കേന്ദ്രത്തിനും നിയമനിര്‍മാണാധികാരം നല്‍കപ്പെട്ടു. അതിനുമുമ്പ് 1972ല്‍ വന്യജീവി സംരക്ഷണ നിയമം പാസാക്കിയിരുന്നു. 1991ല്‍ പ്രസ്തുത നിയമത്തില്‍ ഭേദഗതി കൊണ്ടുവരികയും വന്യമൃഗവേട്ടയ്ക്ക് ലൈസന്‍സ് കൊടുക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. 1980ല്‍ പാര്‍ലമെന്റ് വനസംരക്ഷണ നിയമം പാസാക്കി.

1986ല്‍ പരിസ്ഥിതി സംരക്ഷണനിയമവും പാസാക്കി. അങ്ങനെ ജൈവമണ്ഡലത്തിന്റെ എല്ലാ ഘടകങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ പര്യാപ്തമായ നിയമങ്ങള്‍ ഇന്ത്യയും നിര്‍മിച്ച് നടപ്പിലാക്കി.

പരിസ്ഥിതി എന്നാല്‍?

1986ലെ പരിസ്ഥിതി നിയമത്തില്‍ 'പരിസ്ഥിതി'യെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ''പരിസ്ഥിതി എന്നതില്‍ ജലം, വായു, ഭൂമി എന്നിവയും ജലം, വായു, ഭൂമി, വസ്തുക്കള്‍ എന്നിവയ്ക്കിടയില്‍ നിലനില്‍ക്കുന്ന അന്യോന്യ ബന്ധങ്ങളും ഉള്‍പ്പെടും.''

ജലം, വായു, ഭൂമി എന്നിവയെയും ഭൂമിയില്‍നിന്നും ജലത്തില്‍നിന്നും ലഭിക്കുന്ന വസ്തുക്കളെയും ആശ്രയിച്ചാണല്ലോ മനുഷ്യനും സസ്യങ്ങളും ജന്തുക്കളും എല്ലാം ജീവന്‍ നിലനിര്‍ത്തുന്നത്. 'പരിസ്ഥിതി പ്രശ്‌നം' ഉന്നയിക്കപ്പെട്ടപ്പോഴൊക്കെ ജീവിതത്തിനുള്ള അവകാശവുമായി ബന്ധപ്പെടുത്തിയാണ് അക്കാര്യം സുപ്രീംകോടതി പരിഗണിച്ചത്. ശുദ്ധവായുവും ശുദ്ധജലവും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അതുകാരണം വായുമലിനീകരണവും ജലമലിനീകരണവും ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമായിട്ടാണ് സുപ്രീംകോടതി കണ്ടത്. ആളുകള്‍ താമസിക്കുകയോ ജോലിചെയ്യുകയോ പോക്കുവരവിനുപയോഗിക്കുകയോ ചെയ്യുന്ന സ്ഥലം മലിനീകരിക്കപ്പെട്ടാലും മതി അത് ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമായിട്ടുവേണം കാണാന്‍. പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വിലപ്പെട്ട സംഭാവന മേല്‍പറഞ്ഞ പ്രകാരമുള്ള സമീപനം തന്നെയാണ് എന്ന് പറയാം.

ജലമലിനീകരണത്തിനെതിരെയുള്ള നിയമം

ജലമലിനീകരണത്തിനെതിരെ പാര്‍ലമെന്റ്പാസാക്കിയ നിയമത്തെ ചുരുക്കത്തില്‍ 1974ലെ ജലനിയമം (വാട്ടര്‍ ആക്റ്റ്) എന്ന് പറയാം. ബ്രാക്കറ്റില്‍ നിയമത്തിന്റെ ഉദ്ദേശ്യംകൂടി പേരിനോടു ചേര്‍ത്തിട്ടുണ്ടെന്നുമാത്രം. അങ്ങനെയാണ് അതിന്റെ പേര് 1974ലെ ജല (മലിനീകരണ നിരോധന നിയന്ത്രണ) നിയമമായത്. ഇതേമട്ടില്‍ തന്നെയാണ് 1981ലെ വായുനിയമത്തിന്റെ കാര്യം. 1981ലെ വായു (മലിനീകരണ നിരോധന നിയന്ത്രണ) നിയമം എന്നാണതിന്റെ പൂര്‍ണമായ പേര്. ജലനിയമം എന്നും വായുനിയമം എന്നും പറയുന്നതായിരിക്കും സൗകര്യം. ജലനിയമത്തിനും വായുനിയമത്തിനും പൊതുവിലുള്ളതാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍. ജലനിയമപ്രകാരം രൂപവല്‍ക്കരിച്ച മലിനീകരണ നിയന്ത്രണബോര്‍ഡുകള്‍ക്കു തന്നെയാണ് വായുനിയമപ്രകാരമുള്ള അധികാരവും. ഇതേ ബോര്‍ഡുകള്‍തന്നെ പിന്നീടുവന്ന പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെയും പരിധിയില്‍ വരുന്നു. ഒരു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും സംസ്ഥാന മലിനീകരണ നിരോധന ബോര്‍ഡുകളും സ്ഥാപിക്കണമെന്നാണ് നിയമങ്ങളിലെ നിര്‍ദേശം. അതനുസരിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുണ്ട്.

ബോര്‍ഡിന്റെ അനുവാദമില്ലാതെ ഒരാളും ഒരു ജലപ്രവാഹത്തിലും മലിനജലം ഒഴുക്കരുത് എന്നാണ് നിയമം അനുശാസിക്കുന്നത്. നേരിട്ട് ഒഴുക്കുന്നതിനു മാത്രമല്ല നിരോധനം. ഭൂമിയിലേക്ക് ഒഴുക്കി അത് ജലത്തിലെത്താന്‍ ഇടയായാല്‍ മതി. സുപ്രീംകോടതിയിലെത്തിയ ഒരു കേസില്‍ ഒരു രാസവ്യവസായശാല മലിനജലം ഒരു കുന്നിന്‍ മുകളില്‍ പമ്പ്‌ചെയ്ത് എത്തിക്കുകയായിരുന്നു ചെയ്തത്. മഴ പെയ്തപ്പോള്‍ അത് മഴവെള്ളത്തില്‍ കലര്‍ന്ന് നദികളിലെത്തി; നദീജലം മലിനീകരിച്ചു. അത് ജലനിയമത്തിന്റെ നിരോധനത്തിന്റെ പരിധിയില്‍ പെടും. സുപ്രീംകോടതി മലിനീകരണത്തിനെതിരെ വിധിപറഞ്ഞു.

ജലനിയമത്തിലെ മറ്റൊരു വിലക്ക് വ്യവസായങ്ങളെ സംബന്ധിച്ചാണ്. മലിനീകരണബോര്‍ഡിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങാതെ ജലം ഉപയോഗിക്കുകയും ഉപയോഗിച്ച ജലം പുറന്തള്ളുകയും ചെയ്യുന്ന ഒരു വ്യവസായം തുടങ്ങാന്‍ പാടില്ല. ഒരു നദിയില്‍നിന്ന് വ്യവസായശാല എടുക്കുന്ന ജലത്തിന്റെ തോതനുസരിച്ച് നികുതി കൊടുക്കണം. ഉപയോഗിച്ചുകഴിഞ്ഞ മലിനീകരിക്കപ്പെട്ട ജലം ശുദ്ധീകരിച്ച് ബോര്‍ഡ് നിര്‍ദേശിക്കുന്ന നിലവാരമുള്ളതാക്കിയ ശേഷമേ പുറംതള്ളാന്‍ പാടുള്ളൂ. പുറംതള്ളുന്നത് ബോര്‍ഡ് നിര്‍ദേശിക്കുന്ന സ്ഥലത്തു മാത്രമെ പാടുള്ളൂ.

മേല്‍പറഞ്ഞ നിബന്ധനകള്‍ ലംഘിക്കുന്ന വ്യവസായശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബോര്‍ഡിന് വിപുലമായ അധികാരങ്ങളുണ്ട്. മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതികൊടുത്ത് നിരോധന ഉത്തരവ് നേടാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ നദികളും തടാകങ്ങളും മറ്റു ജലപ്രവാഹങ്ങളും മലിനീകരിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ വിപുലമായ അധികാരങ്ങള്‍ ബോര്‍ഡുകള്‍ക്കുണ്ട്. ഒരു വ്യവസായശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍വരെ ബോര്‍ഡിന് കല്‍പിക്കാം.