ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം

മുസാഫിര്‍

2018 ഡിസംബര്‍ 08 1440 റബീഉല്‍ അവ്വല്‍ 30

ബാല്യവും കൗമാരവുമെല്ലാം ജീവിത്തിലെ ഏറ്റവും അനുഗൃഹീതവും നിര്‍ണായകവുമായ കാലഘട്ടമാണ്. പൂമൊട്ടുകള്‍ നാളെയുടെ സുന്ദര പുഷ്പങ്ങളായി തീരുന്നത് പോലെ കുഞ്ഞുങ്ങളാണ് നാളെയുടെ പൗരന്മാരും രാജ്യത്തിന്റെ സമ്പത്തും. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിരവധി നിയമങ്ങള്‍ രാജ്യം നിര്‍മിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയും അന്താരാഷ്ട്ര പ്രമാണങ്ങളും ഈ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ നിയമത്തിന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കുമ്പോഴും നിരവധിയായ ചൂഷണങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വിധേയരാകണ്ടിവരുന്നു. കുഞ്ഞുങ്ങളെ മാനസികവും ശാരീരികവുമായി ഏറെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ബാലലൈംഗിക ചൂഷണം. ഈ പശ്ചാത്തലത്തില്‍ നിലവിലുള്ള നിയമങ്ങളെ ശക്തിപ്പെടുത്താനും കുട്ടികള്‍ക്ക് ഫലപ്രദമായ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുമായി ഇന്ത്യന്‍ പാര്‍ലമെന്റ് 'ലൈഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം 2012' എന്ന പേരില്‍ (Protection of children from sexual offences Act, 2012) ഒരു നിയമത്തിന് 2012 ജൂണ്‍ 19 ന് രൂപം കൊടുക്കുകയും പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു.

കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഈ വകുപ്പുകള്‍ക്ക് ചില അപര്യാപ്തതകള്‍ ഉണ്ടായിരുന്നു. ഇവ പൂര്‍ണമായും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണം മാത്രമല്ല മുതിര്‍ന്നവര്‍ക്ക് കൂടി ബാധകമാകുന്ന വിധത്തിലായിരുന്നു വിഭാവനം ചെയ്തിരുന്നത്. വ്യവസ്ഥകളില്‍ പലതും സ്ത്രീകളെ മാത്രം ഉദ്ദേശിച്ചുള്ളവയായിരുന്നു. എന്നാല്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ബാല ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികള്‍ക്ക് നിയമസംരക്ഷണവും നീതിയും ഉറപ്പാക്കുന്ന രീതിയിലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് 2012ല്‍ 'ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം' നിര്‍മിച്ചിട്ടുള്ളത്.

പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഈ നിയമപ്രകാരമുള്ള സംരക്ഷണം നല്‍കുന്നത്. ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക, കുറ്റവാളികള്‍ക്ക് കഠിനശിക്ഷ നല്‍കുക, കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് പ്രത്യേക കോടതികള്‍ സ്വീകരിക്കുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രത്യേകതകള്‍. ഈ നിയമത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ 'കുട്ടി' (Child) എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ലൈംഗികമായ ഏഴ് കുറ്റകൃത്യങ്ങളാണ് ഈ നിയമത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. ലൈംഗികമായി കുട്ടികളെ ഉപയോഗിക്കുകയോ അവരുടെ ശരീരഭാഗങ്ങളിള്‍ വടിയോ കൂര്‍ത്ത വസ്തുക്കളോ പ്രവേശിപ്പിക്കുകയോ ചെയ്യുന്നത് ഏഴ് വര്‍ഷത്തില്‍ കുറയാത്തതും പരമാവധി ജീവപര്യന്തം തടവുശിക്ഷയും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ലൈംഗിക ചിന്തയോടെ കുട്ടിയുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും ലൈംഗിക ചിന്തയോടെ കുട്ടികളെ തങ്ങളുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിപ്പിക്കുകയോ സ്പര്‍ശിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നതും ലൈംഗികാതിക്രമമാണ്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണിത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പലപ്പോഴുമുണ്ടാകുന്നത് അവരുടെ സംരക്ഷണ ചുമതലയുള്ളവരില്‍ നിന്നു തന്നെയാണ് എന്നതാണ് ഏറെ ഖേദകരമായിട്ടുള്ള ഒരു യാഥാര്‍ഥ്യം. അനാഥാലയങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍, പ്രൊട്ടക്ഷന്‍ ഹോമുകള്‍, ഒബ്‌സര്‍വേഷന്‍ ഹോമുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ നടത്തിപ്പുകാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റു ബന്ധുമിത്രാദികള്‍... ആരുമാകട്ടെ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതോ അതിന് ശ്രമിക്കുന്നതോ ചുരുങ്ങിയത് പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. മാനസിക-ശാരീരിക വൈകല്യമുള്ള കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യുന്നതിനും ജീവപര്യന്തം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്നതാണ്. കുട്ടികളില്‍ എച്ച്.ഐ.വി. അണുബാധയ്ക്ക് കാരണമാവുകയോ പെണ്‍കുട്ടിയാണെങ്കില്‍ ഗര്‍ഭിണിയാവുകയോ ചെയ്യുന്ന സംഭവങ്ങളിലും ചുരുങ്ങിയത് ജീവപര്യന്തം തടവുശിക്ഷയും പിഴയും നിയമം ഉറപ്പാക്കുന്നു.

ബാലസൗഹാര്‍ദപരമായ നടപടിക്രമങ്ങളാണ് ഈ നിയമത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള വിചാരണ വേഗത്തില്‍ തീര്‍പ്പാക്കാനും ബാലസൗഹൃദ അന്തരീക്ഷത്തില്‍ നടത്താനുമായി പ്രത്യേക സെഷന്‍സ് കോടതികള്‍ സ്ഥാപിക്കാനോ അല്ലെങ്കില്‍ കുട്ടികള്‍ക്കായുള്ള മറ്റേതെങ്കിലും കോടതികള്‍ പ്രത്യേക കോടതിയായി പരിഗണിക്കാനോ നിയമം അനുശാസിക്കുന്നു. കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വിധത്തിലുള്ളതും കുട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുന്ന വിധത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകളും നിയമം വിലക്കുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തല്‍, അന്വേഷണം, വിചാരണ എന്നിവയും തികച്ചും ബാലസൗഹാര്‍ദ അന്തരീക്ഷത്തില്‍ സജ്ജീകരിക്കേണ്ടതുണ്ട്. മൊഴി രേഖപ്പെടുത്തുന്നത് കുട്ടിയുടെ വീട്ടിലോ അല്ലെങ്കില്‍ കുട്ടിക്ക് കൂടുതല്‍ അഭികാമ്യമെന്ന് തോന്നുന്ന മറ്റേതെങ്കിലും സ്ഥലത്ത് വച്ചോ ആയിരിക്കണം. കഴിവതും സബ്ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു വനിത പോലീസ് ഉദ്യോഗസ്ഥയെ മൊഴി രേഖപ്പെടുത്താന്‍ ചുമതലപ്പെടുത്തുന്നതാണ് അഭികാമ്യമെന്ന് നിയമം പറയുന്നു. കുട്ടിയെ യാതൊരു കാരണവശാലും പോലീസ് സ്റ്റേഷനില്‍ രാത്രി നിര്‍ത്താന്‍ പാടുള്ളതല്ല. മൊഴി രേഖപ്പെടുത്തുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിക്കാന്‍ പാടുള്ളതല്ല. മൊഴിയെടുക്കുമ്പോള്‍ കുറ്റവാളിയുമായി കുട്ടിക്ക് യാതൊരു വിധത്തിലുള്ള സമ്പര്‍ക്കത്തിലേര്‍പ്പെടേണ്ടിവരുന്ന സാഹചര്യങ്ങളും ഉണ്ടാകാതിരിക്കാന്‍ കരുതലുണ്ടാകണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. കുട്ടി പറയുന്ന കാര്യങ്ങള്‍ മൊഴിയായി രേഖപ്പെടുത്തണം. ആവശ്യമെങ്കില്‍ ഒരു വ്യാഖ്യാതാവിന്റെയോ പരിഭാഷകന്റെയോ വിദഗ്ധന്റെയോ സഹായം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് തേടാവുന്നതാണ്. വൈകല്യങ്ങള്‍ ഉള്ള കുട്ടിയാണെങ്കില്‍ കുട്ടിയുടെ വിനിമയ രീതികള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആരുടെയെങ്കിലും (സ്‌പെഷ്യല്‍ അധ്യാപകരുടെയോ മറ്റോ) സഹായം തേടേണ്ടതാണ്. മെഡിക്കല്‍ പരിശോധന നടത്തേണ്ടത് മാതാപിതാക്കളുടെയോ അല്ലെങ്കില്‍ കുട്ടിക്ക് വിശ്വാസമുള്ള ആരുടെയെങ്കിലുമോ സാന്നിധ്യത്തിലായിരിക്കണം. ആക്രമണത്തിന് ഇരയായത് പെണ്‍കുട്ടിയാണെങ്കില്‍ ഒരു വനിത ഡോക്ടര്‍ ആയിരിക്കണം മെഡിക്കല്‍ പരിശോധന നടത്തേണ്ടത്. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളും മറ്റു വിശദാംശങ്ങളും കുട്ടിയുടെ ഭാവിയെയും താല്‍പര്യങ്ങളെയും വിരുദ്ധമായി ബാധിക്കുന്ന വിധത്തില്‍ മാധ്യമങ്ങളിലൂടെ വരുന്നില്ലായെന്ന് ഉറപ്പാക്കേണ്ടതും പൊലീസ് ഉദ്യോഗസ്ഥരാണ്.

മുപ്പത് ദിവസത്തിനുള്ളില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കോടതി കുറ്റവിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഏതെങ്കിലും ഒരു കാര്യം തെളിയിക്കുന്നതിലേക്കായി നിരന്തരം കുട്ടി വിളിച്ചുവരുത്തപ്പെടുന്നില്ല എന്ന് കോടതി ഉറപ്പാക്കും. ആക്രമണ സ്വഭാവത്തോടുകൂടിയുള്ള ചോദ്യങ്ങളും സ്വഭാവഹത്യയും കുട്ടി നേരിടുന്നില്ല എന്നും ഉറപ്പാക്കേണ്ടത് കോടതിയുടെ ചുമതലയാണ്. രഹസ്യ സ്വഭാവമുള്ള ഇന്‍കാമറ നടപടിക്രമങ്ങളിലൂടെയൊയിരിക്കും കോടതി വിചാരണ നടത്തുക.

കുറ്റകൃത്യങ്ങള്‍ക്ക് മാത്രമല്ല കുറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കും ഈ നിയമം ശിക്ഷ നല്‍കുന്നു. കുറ്റകൃത്യം ചെയ്തില്ല എന്ന കാരണത്താല്‍ കുറ്റം ചെയ്യാനുള്ള ശ്രമത്തിനുള്ള ശിക്ഷയില്‍ നിന്ന് ഒഴിവാകില്ല. കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമം കടുത്തശിക്ഷ ശുപാര്‍ശ ചെയ്യുന്നു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ ബാലനീതി നിയമപ്രകാരമുള്ള വിചാരണയും ശിക്ഷയുമായിരിക്കും നല്‍കുക. ബാലലൈംഗിക ചൂഷണം ഇന്ന് ഒരു ദുഃഖകരമായ യാഥാര്‍ഥ്യവും നമ്മുടെ സമൂഹത്തിനും സംസ്‌കാരത്തിനുമുണ്ടായ ധാര്‍മികാധഃപതനത്തിനും നേര്‍ക്കുള്ള ചൂണ്ടുപലകയുമാണ്. അമൂല്യവും പകരം വയ്ക്കാനില്ലാത്തതുമായ ബാല്യം കുഞ്ഞുങ്ങള്‍ക്ക് ഉറപ്പാക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന സമൂഹത്തിന്റെ കടമയുടെ പ്രതിഫലനമാണ് 'ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം 2012.'