ഉപഭോക്താവും നിയമവും

മുസാഫിര്‍

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04

ഷോപ്പിംഗ് അനിവാര്യമായ ഒരു ജീവിതചര്യയാണിന്ന് മിക്കവര്‍ക്കും. അത്രയധികം സാധനങ്ങള്‍ ഓരോരുത്തര്‍ക്കും ആവശ്യമുണ്ട്. അവ ഉല്‍പാദിപ്പിക്കാന്‍ ഉല്‍പാദകര്‍, വിതരണം ചെയ്യാന്‍ കച്ചവടക്കാര്‍. ആവശ്യമുള്ള സാധനങ്ങള്‍ വീട്ടിലെത്തിച്ചുതരുന്ന വിതരണക്കാരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. 

അങ്ങാടികളില്‍ എവിടെയും ആദായവില്‍പനക്കാരുടെ പരസ്യങ്ങളാണ്. വിതണക്കാര്‍ വെച്ചുനീട്ടുന്ന വിലക്കിഴിവുകളും സമ്മാനങ്ങളും തവണപദ്ധതികളും ആവശ്യമില്ലാത്ത സാധനങ്ങള്‍ ആവശ്യമില്ലാത്ത അളവില്‍ വാങ്ങിക്കൂട്ടുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സാധനങ്ങള്‍ വാങ്ങുന്നവരായി മാറിയിരിക്കയാണ് എല്ലാവരും. അതുകാരണം സാധന ഉല്‍പാദകരെയും വിതരണക്കാരെയും എല്ലാ കാര്യങ്ങളിലും എപ്പോഴും ആശ്രയിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാകുന്നു. ഉല്‍പാദകരുടെയും വിതരണക്കാരുടെയും സാമ്രാജ്യം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സ്ഥിതിവിശേഷമാണ് ഉപഭോക്തൃസംസ്‌കാരം.

വീട്ടിലും ജോലിസ്ഥലത്തും യാത്രയ്ക്കിടയിലും ഫോണ്‍ വിളിക്കാനുള്ള സൗകര്യം എല്ലാവര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരാവശ്യമായിത്തീര്‍ന്നിരിക്കുന്നു. വാഹനങ്ങള്‍ പെരുകിപ്പെരുകി പൊതുനിരത്തുകള്‍ മനുഷ്യജീവന് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. വഴി സൗകര്യങ്ങളുള്ള പ്രദേശങ്ങളിലെല്ലാം നിരന്തരമായ കെട്ടിട നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തിക്കൊണ്ടിരിക്കുന്നു. കെട്ടിടങ്ങളുടെ ചുറ്റുമതിലുകള്‍ക്കും ചുമരുകള്‍ക്കും മറ്റും വര്‍ണശബളിമ നല്‍കാന്‍ പലതരം ചായങ്ങളും ലഭ്യമാണ്. കെട്ടിട ഉടമകളുടെ കീശ കാലിയാക്കുന്നതോടൊപ്പം അവ കെട്ടിടത്തിനകത്തെ വായു മലിനമാക്കുകയും ചെയ്യുന്നുണ്ട് എന്നത് മറ്റൊരു കാര്യം.

പണവും പണ്ടവും വീടുകളില്‍ സൂക്ഷിക്കുന്നത് അപകടമാണ്. അതിനാല്‍ ബാങ്കുകളെ ആശ്രയിക്കാതെ തരമില്ല. ഇങ്ങനെ എത്രയോ കാര്യങ്ങള്‍ക്ക് മറ്റുള്ളവരുടെ സേവനം ഓരോരുത്തര്‍ക്കും ആവശ്യമാണ്. സാധനങ്ങള്‍ വാങ്ങുമ്പോഴും സേവനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോഴും ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നതിനെതിരെയുള്ള നിയമങ്ങളാണ് ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍.

പ്രവര്‍ത്തിക്കാത്ത വാച്ച് വിറ്റ ഒരു വ്യാപാരിക്കെതിരെ കോടതയില്‍ കേസ് കൊടുത്ത ഒരാള്‍ക്ക് ഹൈക്കോടതിവരെ പോകേണ്ടിവന്ന ഒരു ഉദാഹരണം നിയമ റിപ്പോര്‍ട്ടുകളിലുണ്ട്. വാച്ചിന്റെ വില തിരിച്ചുകിട്ടാന്‍ വിധി കിട്ടി. പക്ഷേ, അതിന് ഏഴുകൊല്ലം പിടിച്ചു! വാച്ചിന്റെ വിലയുടെ എത്രയോ ഇരട്ടി പണം അയാള്‍ക്ക് മുടക്കേണ്ടതായും വന്നു. ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകിട്ടാന്‍ പാകത്തിലുള്ള നടപടികളാണ് 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലുള്ളത്.