ജാതി, മതം, വിവേചനം

മുസാഫിര്‍

2018 ജനുവരി 27 1439 ജുമാദില്‍ ഊല 10

മുസാഫിര്‍

നിയമസമത്വം എന്ന് മാത്രം പറയുമ്പോള്‍ അത് സാമാന്യമായ ഒരാശയം മാത്രമെ ആകുന്നുള്ളൂ. അതോടൊപ്പം വിവേചനത്തിന് വിലക്ക് കല്‍പിക്കുകയും വേണം. 'എല്ലാവരും നിയമത്തിന്റെ മുമ്പില്‍ തുല്യരാണ്. നിയമത്തിന്റെ തുല്യ സംരക്ഷണത്തിന് അര്‍ഹരുമാണ്.' ഇങ്ങനെയാണ് മനുഷ്യാവകാശ പ്രഖ്യാനത്തിലെ വാക്കുകള്‍. നമ്മുടെ ഭരണഘടനയില്‍ വിവേചനമരുതെന്ന് പറയുന്നതോടൊപ്പം മതം, ജാതി, വര്‍ഗം, ലിംഗം, ജനനസ്ഥലം എന്നിവയുടെ പേരില്‍ വിവേചനം അരുതെന്ന് എടുത്ത് പറഞ്ഞിരിക്കുന്നു. (അനു 15(1))

മതേതരത്വം

നമ്മുടെ രാഷ്ട്രത്തിന്റെ ആധാരശിലയാണ് മതേതരത്വം. നാനാമതങ്ങളുള്ള രാജ്യമാണ് ഇന്ത്യ. നാനാതരം ജീവിതരീതികള്‍; നാനാതരം സംസ്‌കാരങ്ങള്‍. 'നാനാത്വത്തില്‍ ഏകത്വം'- ഇതാണ് നമ്മുടെ മാര്‍ഗവും ലക്ഷ്യവും.

മതേതരത്വം ഭരണഘടനയുടെ ആധാരശിലയാണെന്നതിന് ആമുഖം തന്നെ തെളിവ്. 1976ലെ ഭേദഗതിയിലൂടെയാണ് ആമുഖത്തില്‍ മതേതരത്വം കൂടി ചേര്‍ത്തത്. മതപരമായ സ്വാതന്ത്ര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മത്തിന്റെ പേരില്‍ ആരും ആരെയും പീഡിപ്പിക്കരുത്. വിവേചനം കാട്ടരുത്. വിദ്വേഷം സൃഷ്ടിക്കരുത്. മതേതരത്വം കേവലം ഒരു ചിന്താഗതി മാത്രമല്ല; ഇന്ത്യയുടെ നയവും നിയമവുമാണ്. നമുക്ക് ഔദ്യോഗിക മതം ഇല്ല. വിശ്വാസത്തിന്റെയും ആരാധനയുടെയും സ്വാതന്ത്യമാണ് നാം ആഘോഷിക്കുന്നത്. ഭരണഘടനയുടെ 25 മുതല്‍ 28 വരെയുള്ള അനുച്ഛേദങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. രാഷ്ട്രത്തിന്റെ ഔദേ്യാഗിക മതങ്ങള്‍ ഇന്നിന്നവയാണെന്ന് പറയുന്ന ഭരണഘടനയാണ് പല രാജ്യങ്ങളിലുമുള്ളത്. നാം അവരെക്കാള്‍ മുന്നോട്ട് പോയവരാണ്. മതേതരത്വം നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ ഉള്‍ക്കരുത്താണ്. അതിനാല്‍ മതത്തിന്റെ പേരില്‍ ചോരചിന്താന്‍ പാടില്ല. മതേതരത്വം തകരുന്നു എന്നുവെച്ചാല്‍ ഇന്ത്യ തകരുന്നു എന്നാണര്‍ഥം. അങ്ങനെ സംഭവിച്ചു കൂടാ.


തൊട്ടുകൂടായ്മ

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് പല സ്ഥലങ്ങളിലും മനുഷ്യരെ രണ്ടാംകിടക്കാരായി കാണുന്ന സമ്പ്രദായം തുടരുന്നുണ്ട്. പ്രശ്‌നം 'തൊട്ടുകൂടായ്മ' എന്ന അനാചാരമാണ്. കേരളത്തില്‍ ഇന്ന് ഇതിന് അറുതിവന്നിട്ടുണ്ട്. എന്നാല്‍ ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും ജാതിയുടെ പേരിലുള്ള വിവേചനം തുടരുന്നുണ്ട്. ചിലയിടങ്ങളില്‍ കിണറ്റില്‍നിന്നും വെള്ളം കുടിച്ചതിന്റെ പേരില്‍ കിണര്‍ അശുദ്ധമാക്കി എന്നാരോപിച്ച് താഴ്ന്ന ജാതിക്കാരെ കൂട്ടത്തോടെ കൊലചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചായപ്പീടികകളില്‍ മറ്റള്ളവരോടൊപ്പമിരുന്ന് ഭക്ഷണ പാനീയങ്ങള്‍ കഴിക്കാന്‍ കീഴ്ജാതിക്കാരെ അനുവദിച്ചിരുന്നില്ല. അവര്‍ക്ക് പുറത്ത് മണ്‍പാത്രങ്ങളില്‍ ഭക്ഷണം കൊടുക്കുകയായിരുന്നു പതിവ്. അത് നിലത്തുവെച്ച് കൊടുക്കുകയേയുള്ളൂ. കേരളത്തിലും പണ്ട് ചില പ്രധാന ക്ഷേത്രങ്ങളില്‍ താണജാതിക്കാര്‍ക്ക് കടക്കാന്‍ പാടില്ലായിരുന്നു. ക്ഷേത്ര പരിസരത്തുള്ള പൊതുവഴികള്‍ പോലും അവര്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഇതിനെതിരെയായിരുന്നു വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും മറ്റും നടന്നത്. ഇതൊന്നും ഈ നാട്ടില്‍ ഇനി ആവര്‍ത്തിക്കരുത് എന്ന ഉദ്ദേശ്യത്തോടെ രൂപം കൊടുത്തതാണ് വിവേചനത്തിനതിരെയുള്ള മേല്‍ ഉദ്ധരിച്ച വ്യവസ്ഥകള്‍. ഇത്രയും കൊണ്ട് മതിവരാെത നമ്മുടെ ഭരണഘടനാ ശില്‍പികള്‍ തൊട്ടുകൂടായ്മയെ സംബന്ധിച്ച് ഒരു പ്രത്യേക അനുച്ഛേദം തന്നെ ഭാഗം മൂന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അത് ഇപ്രകാരമാണ്:

''തൊട്ടുകൂടായ്മ ഇല്ലായ്മ ചെയ്തിരിക്കുന്നു. ഏതെങ്കിലും രൂപത്തിലുള്ള അതിന്റെ ആചരണം നിരോധിച്ചിരിക്കുന്നു. ഇനിമേല്‍ അതിന്റെ ആചരണം ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമാണ്'' (അനുച്ഛേദം 17). 

ഈ നിലയിലുള്ള ഒരു പ്രത്യേക നിയമം അധികം താമസിയാതെ പാര്‍ലമെന്റ് പാസാക്കി, 1955 ലെ സിവില്‍ അവകാശനിയമം. പക്ഷേ, അത് വിചാരിച്ച ഫലം ചെയ്തില്ല. 1969ല്‍ കുറെ കൂടി കര്‍ശനമായ ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന ഒരു നിയമം പാസാക്കി. അതനുസരിച്ച് മേല്‍ വിവരിച്ച വിവേചനങ്ങള്‍ ഗുരുതരമായ കുറ്റമാണ്. കുറ്റം ആരോപിക്കപ്പെട്ടവര്‍ക്ക് ജാമ്യം പോലും ലഭിക്കുക എളുപ്പമല്ല.