ഹൈക്കോടതി

മുസാഫിര്‍

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16

റിട്ടുകള്‍ പലതരം

ഹേബിയസ് കോര്‍പസ്, മാന്‍ഡമസ്, ക്വോവാറന്റോ, പ്രൊഹിബിഷന്‍, സെര്‍ഷ്യോറാറി എന്നീ അഞ്ചുതരം റിട്ടുകളുണ്ട്. അവയില്‍ ഹേബിയസ് കോര്‍പസ്, മാന്‍ഡമസ് എന്നിവയെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. ബാക്കിയുള്ളവ കൂടി വിവരിക്കാം.

ക്വോവാറന്റോ റിട്ടുകള്‍

തനിക്ക് അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാള്‍ കയറിപ്പറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ മറ്റോ ചെയ്താല്‍ അതിനെതിരെ അതില്‍ പരാതിയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പ്രതിവിധിയാണ് ക്വോവാറാന്റോ റിട്ട്. നിയമസഭയില്‍ അംഗമല്ലാത്ത ഒരാളെ മന്ത്രിയാക്കാം. പക്ഷേ, ആറു മാസത്തിനുള്ളില്‍ അയാള്‍ നിയമസഭാംഗത്വം നേടണം. എങ്കിലേ മന്ത്രിസ്ഥാനത്ത് തുടരാന്‍ അവകാശമുള്ളൂ. അംഗത്വം നേടാതെ ഒരാള്‍ 6 മാസത്തിനപ്പുറവും മന്ത്രിയായി തുടര്‍ന്നാല്‍ ഏതൊരു പൗരനും  ക്വോവാറാന്റോ റിട്ടിനു വേണ്ടി അപേക്ഷിക്കാവുന്നതാണ്. അയാളുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതായി കോടതി വിധിക്കും. 

പ്രൊഹിബിഷന്‍ റിട്ടുകള്‍

ഇവ സുപ്രീം കോടതിയും ഹൈക്കോടതികളും കീഴ്‌കോടതികള്‍ക്ക് നല്‍കുന്ന നിരോധന ഉത്തരവുകളാണ്. ഒരു പ്രശ്‌നം ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കവെ അതേ പ്രശ്‌നം ഒരു കീഴ്‌കോടതി പരിഗണിക്കുന്നു എന്ന് വെക്കുക. അപ്പോള്‍ കീഴ്‌കോടതിയോട് കേസ് വിചാരണ അഥവാ കേസ് പരിഗണന നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതിക്ക് ആവശ്യപ്പെടാം. അതിനായി പ്രൊഹിബിഷന്‍ റിട്ട് പുറപ്പെടുവിക്കുകയും ചെയ്യാം. 

കീഴ്‌കോടതിക്ക് പുറമെ മറ്റ് അധികാരികള്‍ അവരുടെ പരിധി ലംഘിക്കുന്ന പക്ഷം ആവശ്യമെങ്കില്‍ ഉചിതമായ സന്ദര്‍ഭങ്ങളില്‍ പ്രൊഹിബിഷന്‍ റിട്ടുകള്‍ പുറപ്പെടുവിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.


സെര്‍ഷ്യോറാറി റിട്ടുകള്‍

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിയമവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ ആയ ഉത്തരവ് പുറപ്പടുവിച്ചു എന്ന് വെക്കുക. ഹൈക്കോടതിക്ക് അതില്‍ ഇടപെട്ട് ആ ഉത്തരവ് റദ്ദാക്കാം. ഉദാ: സഥലത്തെ ഒരു പൊതുവഴി ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവര്‍ ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയെന്ന് വെക്കുക. ഹൈക്കോടതിക്ക് സെര്‍ഷ്യോറാറി ഉപയോഗിച്ച് അത് റദ്ദാക്കാം.


കീഴ്‌ക്കോടതികള്‍

ഹൈക്കോടതിയുടെ തൊട്ടു താഴെയുള്ളത് ജില്ലാകോടതികളും സെഷന്‍സ് കോടതികളുമാണ്. ജില്ലാകോടതി ഒരു സിവില്‍ കോടതിയും സെഷന്‍സ് കോടതി ഒരു ക്രിമിനല്‍ കോടതിയുമാണ്. ഓരോ ജില്ലയിലും ഓരോ ജില്ലാകോടതിയും സെഷന്‍സ് കോടതിയും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കണം. ഈ രണ്ടു കോടതികള്‍ക്കും കൂടി ഒരു ജഡ്ജിയാണ്; ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി. ഏതെങ്കിലും ജില്ലയില്‍ ആവശ്യമായി വന്നാല്‍ ഒന്നിലധികം ജില്ലാ കോടതികളും സെഷന്‍സ് കോടതികളും സ്ഥാപിക്കാവുന്നതാണ്. അഡീഷനല്‍ ജില്ലാകോടതി, അഡീഷണല്‍ സെഷന്‍സ് കോടതി എന്നാണ് അവയ്ക്ക് പറയുക.

ജില്ലാ-സെഷന്‍സ് ജഡ്ജിയുടെ തൊട്ടുതാഴെയായി സബോര്‍ഡിനേറ്റ് ജഡ്ജിമാരെയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമാരെയും നിയമിച്ചിരിക്കുന്നു. ക്രിമിനല്‍ കേസുകളാണ് സെഷന്‍സ് കോടതിയുടെ അധികാര പരിധിയില്‍ വരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഏതെല്ലാം വകുപ്പുകളനുസരിച്ചുള്ള കുറ്റങ്ങളാണ് സെഷന്‍സ് കോടതിയില്‍ വിസ്തരിക്കേണ്ടതെന്ന് കാണിക്കുന്ന ഒരു പട്ടിക ക്രിമിനല്‍ നടപടി നിയമത്തിലുണ്ട്. കൊലപാതകം, രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളുടെ വിചാരണാധികാരം സെഷന്‍സ് കോടതികള്‍ക്കാണ്. ജീവപര്യന്തം തടവും മരണശിക്ഷയുമാണ് ഇന്ത്യയില്‍ നിലവിലുള്ള ശിക്ഷകളില്‍ ഏറ്റവും കൂടിയത്. ഇത് രണ്ടും നല്‍കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമുണ്ട്. ജില്ലാകോടതികള്‍ക്കും സെഷന്‍സ് കോടതികള്‍ക്കും അവയ്ക്ക് താഴെയുള്ള കോടതികളില്‍നിന്നുള്ള അപ്പീലുകള്‍ വിചാരണ ചെയ്യാന്‍ അധികാരമുണ്ട്.