വിവരാവകാശ നിയമം

മുസാഫിര്‍

2018 ഏപ്രില്‍ 07 1439 റജബ് 20

ആസൂത്രണ കമ്മിറ്റിക്ക് ഭരണഘടനാവ്യവസ്ഥ

ഒരു ധനകാര്യ കമ്മീഷന് വ്യവസ്ഥ ഭരണഘടനയില്‍ നേരത്തെയുണ്ടായിരുന്നു. ഒരു സംസ്ഥാന ധനകാര്യ കമ്മീഷന്‍ കുടി പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ക്ക് വ്യവസ്ഥ ചെയ്യപ്പെട്ടതായി നാം മനസ്സിലാക്കിയിട്ടുണ്ട്. ആസൂത്രണത്തെ സംബന്ധിച്ച് ഒരു വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പെടുത്തുകയും ചെയ്തു. അത് ഇപ്രകാരമാണ്: ''ഓരോ സംസ്ഥാനത്തിലും ഓരോ ജില്ലയിലെയും പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കുന്ന വികസന പദ്ധതികള്‍ ഒന്നിച്ചു ചേര്‍ത്ത് ജില്ലക്ക് മുഴുവനായി ഒരു വികസന പദ്ധതി തയ്യാറാക്കാന്‍ ജില്ലാതലത്തില്‍ ഒരു ജില്ലാ ആസൂത്രണ കമ്മിറ്റി രൂപവല്‍ക്കരിക്കണം.'' 

നേരത്തെ ആസൂത്രണ പദ്ധതികളെ സംബന്ധിച്ച് ഭരണഘടനയില്‍ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ ആസൂത്രണ കമ്മീഷന്‍ തുടര്‍ച്ചയായി രൂപീകരിക്കപ്പെടുകയുണ്ടായി. പഞ്ചവത്സര പദ്ധതികള്‍ ഒന്നിനു പുറകെ ഒന്നായി രൂപകല്‍പന ചെയ്ത് നടപ്പിലാക്കി. ഇവയെല്ലാം കേന്ദ്രതലത്തില്‍ നിന്നായിരുന്നുവെന്ന് മാത്രം. പദ്ധതികള്‍ക്ക് രൂപംെകാടുക്കുന്നതും അതിന് പണം കണ്ടെത്തുന്നതും സംസ്ഥാനങ്ങളുടെ വിഹിതം നിശ്ചയിക്കുന്നതും എല്ലാം യൂണിയന്‍ തലത്തിലായിരുന്നു. അധികാര കേന്ദ്രീകരണത്തിന്റെ ഉദാഹരണമാണത്. ആ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ് രാഷ്ട്ര പുനര്‍നിര്‍മാണത്തിലെ മര്‍മപ്രധാനമായ വികസനമേഖലയിലും വികേന്ദ്രീകരണ രംഗത്തും രാജ്യം ഭരണഘടനാപരമായ ഒരു വിപ്ലവം നടത്തിയതായി മനസ്സിലാവുക.  

 

വികസനം അടിത്തട്ടില്‍നിന്ന്

പഞ്ചായത്ത് സംവിധാനത്തിന്റെ അടിത്തട്ടിലുള്ളതാണ് ഗ്രാമസഭകള്‍. കേരള പഞ്ചായത്തിരാജ് നിയമത്തില്‍ ഗ്രാമസഭകളുടെ ചുമതലകളില്‍ അതത് പ്രദേശത്തിന്റെ വികസനാവശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമസഭകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സമാഹരിച്ച് ഗ്രാമപഞ്ചായത്തുകള്‍ ഓരോ വര്‍ഷവും അടുത്ത  വര്‍ഷത്തേക്കുള്ള വികസനപദ്ധതികള്‍ക്ക് രൂപം നല്‍കണം. ഗ്രാമ പഞ്ചായത്തുകളുടെ വികസന പദ്ധതികള്‍ സമാഹരിച്ച് ബ്ലോക്ക് പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളുടെത് സമാഹരിച്ച് ജില്ലാ പഞ്ചായത്തുകളും വികസനപദ്ധതികള്‍ക്ക് രൂപംനല്‍കണം. മുനിസിപ്പാലിറ്റി തലത്തില്‍ ഒരു പദ്ധതി തയ്യാറാക്കണം. ജില്ലാപഞ്ചായത്തിന്റെയും ജില്ലയിലെ മുനിസിപ്പാലിറ്റികളുടെയും വികസന പദ്ധതികള്‍ സമാഹരിച്ച് ജില്ലക്ക് മുഴുവനായി ഒരു പദ്ധതിക്ക് രൂപംകൊടുക്കുകയാണ് ജില്ലാ ആസൂത്രണ കമ്മിറ്റിയുടെ ഭരണഘടനാപരമായ ചുമതല. 

 

വിവരാവകാശ നിയമം

സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍വകലാശാലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഇതര പൊതുസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും കാര്യങ്ങള്‍ രേഖാമൂലം അറിയുവാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്ന് പ്രഖ്യാപിക്കുന്ന വിവരാവകാശ നിയമം 2005ല്‍ നിലവില്‍ വന്നു. കേന്ദ്ര നിയമമാണിത്. എന്തുവിധത്തിലുള്ള വിവരങ്ങളും രേഖകളുമാണ് വേണ്ടതെന്ന് കാണിച്ച് ബന്ധപ്പെട്ട സ്ഥാപനത്തിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ് ഹരജി കൊടുക്കേണ്ടത്. വിവരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാതിരുന്നാല്‍ ഉദ്യോഗസ്ഥര്‍ പിഴയടക്കേണ്ടിവരും.

രേഖകളും വിവരങ്ങളും രഹസ്യമാക്കിവെച്ചുകൊണ്ട് അഴിമതിയും ക്രമക്കേടുകളും നടത്തുന്ന ദുഃസ്ഥിതിക്ക് വിരാമമിടുക എന്നതുകൂടി വിവരാവകാശ നിയമത്തിന്റെ ലക്ഷ്യമാണ്. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ രഹസ്യങ്ങള്‍ വേണ്ട എന്നതാണ് ഈ നിയമത്തിന്റെ പൊതുവായ നിലപാട്. എന്നാല്‍ രാജ്യസുരക്ഷ, കേസനേ്വഷണം, വ്യാപാര രഹസ്യങ്ങള്‍, കോടതി വിലക്കിയ കാര്യങ്ങള്‍, വ്യക്തിയുടെ സ്വകാര്യത തടങ്ങിയ ഒരുകൂട്ടം കാര്യങ്ങള്‍ക്ക് വിവരാവകാശം ബാധകമല്ല. അത്തരം കാര്യങ്ങളില്‍ വിവരങ്ങള്‍ ലഭിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടാവുകയില്ല എന്നര്‍ഥം. നിയമത്തിന്റെ 8ാം വകുപ്പിലാണ് ഇവ പറഞ്ഞിട്ടുള്ളത്.