എന്താണ് മൗലികാവകാശങ്ങള്‍?

മുസാഫിര്‍

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25

നിങ്ങള്‍ അടുത്ത വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നു. ഒരു പ്രത്യേകതരം സിലബസാണ് നിങ്ങള്‍ പഠിക്കുന്നത്. നിങ്ങള്‍ പഠിക്കുന്ന പാഠ്യഭാഗങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികള്‍ പഠിക്കുന്നു. അവരെല്ലാം ഒരേ പരീക്ഷ എഴുതുന്നു. ഒരേ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുന്നു. ഉത്തരകടലാസുകള്‍ ഒരേ രീതിയിലുള്ള മൂല്യ നിര്‍ണയത്തിന് വിധേയമാകുന്നു. ഭരണഘടന പറയുന്ന സമത്വത്തിനുള്ള അവകാശം ആണ് ഇത് ഉറപ്പുവരുത്തുന്നത്. നേരെമറിച്ച് ഒരേതരം വിദ്യാഭ്യാസം നേടിയ കുട്ടികള്‍ക്ക് വിവിധതരം ചോദ്യങ്ങളടങ്ങിയ വിവിധതരം പരീക്ഷകള്‍ നടത്തിയാലോ? ചിലര്‍ക്ക് എളുപ്പമുള്ള ചോദ്യങ്ങള്‍ കിട്ടും. വേറേ ചിലര്‍ക്ക് ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍. അവിടെ അസമത്വം ഉണ്ടാകും. എന്നുവെച്ചാല്‍ സമത്വത്തിനായുള്ള മൗലികാവകാശം നിഷേധിക്കപ്പെടും.

ജോലിക്കായുള്ള ഒരു മത്സര പരീക്ഷയുടെ കാര്യം എടുക്കുക. അതില്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഒരു ലിസ്റ്റ് തയ്യാറാക്കാം. ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ ലിസ്റ്റിനു മുകളിലുണ്ടാകും. കുറഞ്ഞ മാര്‍ക്കുള്ളവര്‍ താഴെ. ഉയര്‍ന്ന മാര്‍ക്കുള്ളയാള്‍ക്ക് ജോലികൊടുക്കാതെ കുറഞ്ഞ മാര്‍ക്കുള്ളവര്‍ക്ക് ജോലി കൊടുക്കാമോ? സാധാരണഗതിയില്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് നിയമത്തിനുമുന്നിലെ തുല്യതയ്ക്ക്, അതായത് നിയമസമത്വത്തിന് എതിരായിരിക്കും. എന്നാല്‍, സാമൂഹികമായും മറ്റും പിന്നോക്കക്കാരായ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായ ആനുകൂല്യമുണ്ട്. പതിറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെട്ടുപോരുന്ന പിന്നോക്കവിഭാഗങ്ങളെ മറ്റുള്ളവര്‍ക്കൊപ്പം എത്തിക്കാന്‍ വേണ്ടിയാണിങ്ങനെ ചെയ്യുന്നത്. സംവരണം എന്നാണിതിനു പറയുക. സംവരണം, സമത്വത്തിനായുള്ള പരിശ്രമത്തിന്റെ ഭാഗമാണ് എന്നര്‍ഥം. സംവരണത്തിന്റെ അടിസ്ഥാനത്തില്‍ പിറകിലുള്ള ഒരാള്‍ക്ക് മുകളിലുള്ളയാളെ അപേക്ഷിച്ച് തൊഴില്‍സാധ്യത കൂടുതലായി ഉണ്ടാകും. 

എന്താണ് നിയമസമത്വം? നന്നായി പഠിക്കുന്ന കുട്ടിക്കും പഠിക്കാത്ത കുട്ടിക്കും ഒരുപോലെ മാര്‍ക്ക് നല്‍കണമെന്നാണോ? അല്ല, പഠിക്കാനുള്ള അവസരം എല്ലാവര്‍ക്കും തുല്യമായി നല്‍കണമെന്നാണ്. അതായത് സമന്മാര്‍ക്കിടയിലാണ് സമത്വം.

നാട്ടിലും നഗരത്തിലും ആളുകള്‍ സംഘടിച്ച് ജാഥയായി പോകുന്നത് കാണാം. തൊഴിലാളികള്‍ സംഘടിക്കാറുണ്ട്. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സംഘടിക്കാറുണ്ട്. യുവജനങ്ങളും സ്ത്രീകളും മറ്റും സംഘടനകള്‍ രൂപീകരിക്കാറുണ്ട്. അത് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും പ്രതിഷേധം ഭരണാധികാരികളെ അറിയിക്കാനുമുള്ള ഒരു ഉപാധിയാണ്. ആയുധങ്ങളില്ലാതെ സമാധാനപരമായി യോഗം ചേരുക എന്നത് പൗരന്റെ മൗലിക അവകാശമാണ്. (19ാം അനുച്ഛേദം). എന്നാല്‍ ഒരാളുടെ മൗലിക അവകാശത്തിന്റെ ഉപയോഗം മറ്റൊരാളിന്റെ മൗലിക അവകാശത്തെ നിഷേധിക്കുന്ന വിധത്തിലാവരുത്. അതുകൊണ്ടാണ് ജാഥയും പ്രകടനങ്ങളും നടത്താന്‍ അവകാശമുള്ളപ്പോള്‍ തന്നെ അത് അപരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ പാടില്ലെന്ന വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്.

നേരെ വിപരീതമായൊരു അവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ചെറിയ കൂലിമാത്രം കൊടുത്ത് ഒരു മുതലാളി തൊഴിലാളിയെ ചൂഷണം ചെയ്തു എന്നുവെയ്ക്കുക. ന്യായമായ കൂലി കിട്ടാന്‍വേണ്ടി സംഘടിക്കാന്‍ തൊഴിലാളികള്‍ തീരുമാനിക്കുന്നു. അപ്പോള്‍ തൊഴിലാളികള്‍ സംഘടിക്കാന്‍ പോലും പാടില്ല എന്ന നിലയില്‍ ഒരു നിയമം വന്നാലോ? എന്തു കഷ്ടമായിരിക്കും തൊഴിലാളികളുടെ സ്ഥിതി?

എന്നാല്‍, അങ്ങനെയൊരു നിയമം വരില്ല. നമ്മുടെ ഭരണഘടന നിലനില്‍ക്കുന്നിടത്തോളം. സംഘടിക്കുവാനുള്ള അവകാശം മൗലികാവകാശമാണല്ലോ. അതിനെതിരായ നിയമം ഭരണഘടനാവിരുദ്ധമായിരിക്കും. ഭരണഘടനയ്‌ക്കെതിരായ നിയമം നിര്‍മിക്കാന്‍ ആര്‍ക്കും അവകാശമില്ല. അത്തരം നിയമങ്ങളുണ്ടെങ്കില്‍ അവ റദ്ദാക്കാന്‍ സുപ്രീംകോടതിക്കും ഹൈക്കോടതികള്‍ക്കും അധികാരമുണ്ട്.

പഠിക്കാനോ തൊഴില്‍ ചെയ്യാനോ കച്ചവടത്തിനോ നിങ്ങള്‍ ഇന്ത്യയിലെ മറ്റൊരു നാട്ടിലെത്തുന്നു എന്ന് കരുതുക. അവിടെ നിങ്ങള്‍ വീടുവെച്ചോ വീട് വാടകയ്ക്ക് വാങ്ങിയോ താമസിക്കുന്നു. 'അതു പറ്റില്ല. നിങ്ങള്‍ ഈ നാട്ടുകാരനല്ല. ഇവിടെനിന്നും നിങ്ങള്‍ വിട്ടുപോകണം' എന്ന് ആ നാട്ടിലുള്ളവര്‍ പറഞ്ഞാലോ?

അങ്ങനെ പറയാന്‍ ആര്‍ക്കും അധികാരമില്ല. ഇന്ത്യയിലെവിടെയും താമസിക്കാനും ജീവിതം കെട്ടിപ്പടുക്കാനും നിങ്ങള്‍ക്കവകാശമുണ്ട്. അത് ഭരണഘടന നല്‍കുന്ന മറ്റൊരു മൗലികാവകാശമാണ്.