മനുഷ്യാവകാശങ്ങള്‍

മുസാഫിര്‍

2018 ഏപ്രില്‍ 14 1439 റജബ് 27

ലോകപ്രസിദ്ധ സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ മാര്‍ക്വസിനെക്കുറിച്ച് വായനക്കാര്‍ കേട്ടിട്ടുണ്ടാകും. മാര്‍ക്വസ് നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു:''ഒരാള്‍ എങ്ങനെ മരിക്കണമെന്ന് മറ്റൊരാള്‍ക്ക് തീരുമാനിക്കാന്‍ കഴിയാത്ത ലോകം ഉണ്ടാകണം. അതാണ് എന്റെ സ്വപ്‌നം.''

യുദ്ധത്തിലാകട്ടെ, അക്രമത്തിലാകട്ടെ, ലഹളകളിലാകട്ടെ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന അവസ്ഥ ഇല്ലാതാകണം എന്നര്‍ഥം. ജീവിക്കാനുള്ള മൗലികാവകാശത്തെക്കുറിച്ച് ഭരണഘടന അനുഛേദം 21ല്‍ പറയുന്നുണ്ട്. അതൊരു മനുഷ്യാവകാശം കൂടിയാണ്. മൗലികാവകാശങ്ങള്‍ പലതും മനുഷ്യാവകാശങ്ങള്‍ കൂടിയാണ്. എന്നാല്‍ മൗലികാവകാശങ്ങളെക്കാള്‍ വിപുലവും വിശാലവുമാണ് മനുഷ്യാവകാശങ്ങളുടെ മേഖല.

''മനുഷ്യാവകാശങ്ങള്‍ എന്നാല്‍ ജീവന്‍, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ് എന്നിവയെ സംബന്ധിച്ച് ഓരോ മനുഷ്യനും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ അഥവാ ഇന്ത്യയിലെ കോടതികള്‍ക്ക് നടപ്പാക്കാവുന്ന അന്താരാഷ്ട്ര കരാറുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന അവകാശങ്ങള്‍ എന്നാണ് അര്‍ഥം.'' 

1986ലെ മനുഷ്യാവകാശ നിയമത്തിലെ നിര്‍വചനമാണ് മേലുദ്ധരിച്ചത്. അമേരിക്കന്‍ ഐക്യനാടുകളിലെ ഭരണഘടനയില്‍ ഇപ്രകാരമുള്ള ഏതാനും അവകാശങ്ങള്‍ വ്യവസ്ഥ ചെയ്തു വെച്ചിട്ടുണ്ട്; 'ബില്‍ ഓഫ് റൈറ്റ്‌സ്' എന്ന പേരില്‍. അതിനുശേഷം നിര്‍മിക്കപ്പെട്ട മറ്റു രാജ്യങ്ങളിലെ ഭരണഘടനകളിലും ഈ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. ബ്രിട്ടനില്‍ ഒരു ലിഖിത ഭരണഘടനയില്ല. ബ്രിട്ടീഷ് ജനത രാജാവിനെക്കൊണ്ട് ഒപ്പിടുവിച്ച മാഗ്നകാര്‍ട്ടയിലുള്ളത് മനുഷ്യാവകാശങ്ങളാണ്. ബ്രിട്ടനിലെ നിയമവ്യവസ്ഥയുടെ അടിത്തറയായ സാമാന്യ നിയമങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ ഉള്‍പ്പെടും. ഇവയെ മറികടക്കാന്‍ രാജാവിനോ (രാജ്ഞിക്കോ) പാര്‍ലമെന്റിനോ അധികാരമില്ല. കീഴ്‌വഴക്കം ലംഘിക്കപ്പെട്ട ചരിത്രമില്ല. മനുഷ്യാവകാശങ്ങള്‍ എന്ന പേര് പ്രചാരണത്തില്‍ വന്നത് ഐക്യരാഷ്ട്രസഭ പ്രവര്‍ത്തനമാരംഭിച്ചതോടെയാണ്. ഐക്യരാഷ്ട്രസഭയുടെ 1948ലെ മനുഷ്യാവകാശ പ്രഖ്യാപനം മനുഷ്യാവകാശങ്ങളുടെ ഒരു ആധികാരിക രേഖയാണ്.

 

1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമം

മിക്ക മനുഷ്യാവകാശങ്ങളെയും ഇന്ത്യന്‍ ഭരണഘടന മൗലികാവകാശങ്ങള്‍ എന്ന നിലയില്‍ സംരക്ഷിക്കുന്നുണ്ടെന്ന് നാം കണ്ടു. അക്കാര്യം ഉറപ്പുവരുത്താനുള്ള ബാധ്യത സുപ്രീംകോടതിക്കും ഹൈക്കോടതികള്‍ക്കും ഉണ്ട്. ഇക്കാര്യത്തില്‍ കോടതികള്‍ ജാഗരൂകരാണ്. ഇങ്ങനെയൊക്കെയുണ്ടെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ ഏറിക്കൊണ്ടിരിക്കുന്നു; ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന പല സമ്മേളനങ്ങളിലും ഈ കാര്യത്തില്‍ അംഗരാഷ്ട്രങ്ങള്‍ക്കുള്ള ഉത്കണ്ഠ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഒരു സ്ഥാപനത്തിന്റെ ആവശ്യകത എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. അക്കാര്യത്തില്‍ ഇന്ത്യയുടെ ഒരു പ്രധാന കാല്‍വയ്പാണ് 1993ലെ മനുഷ്യാവകാശ നിയമം.

 

മനുഷ്യാവകാശ കമ്മീഷനുകള്‍

കേന്ദ്രസര്‍ക്കാര്‍ ഒരു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കണം. ഓരോ സംസ്ഥാന സര്‍ക്കാരും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കണം. നിയമത്തിലെ ഈ അനുശാസനമനുസരിച്ച് രൂപവല്‍കരിക്കപ്പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്നു.

 

അന്വേഷണത്തിനു ശേഷം

അന്വേഷണത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി കമ്മീഷന് ബോധ്യപ്പെട്ടാല്‍ തുടര്‍ന്നെടുക്കേണ്ട നടപടികള്‍ താഴെ പറയുന്നവയാണ്.

1. കുറ്റം ചെയ്ത ആള്‍ക്കെതിരെ കമ്മീഷന്‍ യുക്തമാണെന്ന് കരുതുന്ന നടപടിയെടുക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരിനോടോ അധികൃതരോടോ ശുപാര്‍ശ ചെയ്യുക.

2. നിര്‍ദേശമോ ഉത്തരവോ തേടി സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കുക.

3. ലംഘനത്തിനിരയായ വ്യക്തിക്ക് അഥവാ അയാളുടെ കുടുംബത്തിന് ആവശ്യമാണെന്ന് കമ്മീഷന്‍ കരുതുന്ന ഇടക്കാലാശ്വാസം കൊടുക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരിനോടോ അധികൃതരോടോ ശുപാര്‍ശ ചെയ്യുക.

4. റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി ബന്ധപ്പെട്ട സര്‍ക്കാരിനോ അധികൃതര്‍ക്കോ അയച്ചുകൊടുക്കുക. ഒരുമാസത്തിനുള്ളില്‍ അതിന്മേല്‍ എടുത്ത നടപടിയെ സംബന്ധിച്ച് മറുപടി ആരായുക. മനുഷ്യാവകാശ ലംഘനം നടന്നാല്‍ ചോദിക്കാനാളുണ്ട് എന്ന ഒരവസ്ഥ ഇപ്പോഴുണ്ട്. ഇതുതന്നെ വലിയ ഒരു നേട്ടമാണ്.