നിരത്ത് നിയമങ്ങള്‍

മുസാഫിര്‍

2018 ആഗസ്ത് 25 1439 ദുല്‍ഹിജ്ജ 13

മോട്ടോര്‍ വാഹന നിയമങ്ങളുടെ ഒരു പ്രധാന ഭാഗമായ നിരത്തുനിയമങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. കാല്‍നടക്കാര്‍ റോഡിന്റെ വശംചേര്‍ന്ന് നടക്കണം. ഫുട്പാത്തുണ്ടെങ്കില്‍ അവയിലൂടെ മാത്രമെ റോഡ് മുറിച്ചുകടക്കാവൂ. വാഹനങ്ങള്‍ ഓടിക്കുന്നവരും നിയമങ്ങള്‍ അനുസരിക്കണം. അവയില്‍ ചിലത് താഴെ കൊടുക്കുന്നു:

1. കഴിയുന്നത്ര ഇടതുവശം ചേര്‍ന്ന് ഓടിക്കണം.

2. എതിര്‍വശത്തുനിന്നു വരുന്ന വാഹനങ്ങളെ വലതുവശത്തുകൂടെ കടന്നുപോകാന്‍ അനുവദിക്കണം.

3. ഒരേ ദിശയിലോടുന്ന വാഹനങ്ങളില്‍ ഒന്ന് മറ്റൊന്നിനെ മറികടക്കുന്നത് വലതുവശത്തുകൂടെ വേണം.

4. മറ്റു വാഹനങ്ങള്‍ക്ക് അസൗകര്യമാണെന്നു കണ്ടാല്‍ ഒരു വാഹനം അതേ ദിശയിലോടുന്ന മറ്റൊരു വാഹനത്തെ മറികടക്കരുത്.

5. വളവ്, മൂല, കയറ്റത്തിന്റെ ഉച്ചി എന്നിവയെ സമീപിക്കുമ്പോള്‍ മറികടക്കരുത്.

6. പിന്നിലുള്ള വാഹനം തന്റെ വാഹനത്തെ മറികടക്കാന്‍ തുടങ്ങിയാല്‍ മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവര്‍ മറ്റൊരു വാഹനത്തെ മറികടക്കരുത്.

7. മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവര്‍ സമ്മത ആംഗ്യം കാണിച്ചെങ്കിലേ മറികടക്കാവൂ.

8. ഒരു വാഹനം തന്റെ വാഹനത്തെ മറികടക്കുമ്പോഴോ കടന്നുപോകുമ്പോഴോ വാഹനത്തിന്റെ വേഗം വര്‍ധിപ്പിക്കരുത്.

9. ഫയര്‍ സര്‍വീസ് വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവയ്ക്ക് മറികടക്കാനും കടന്നുപോകാനും പാകത്തില്‍ നിരത്തിന്റെ വശത്തേക്ക് മാറിക്കൊടുക്കണം.

10. വേഗം കുറയ്ക്കുക, നിര്‍ത്തുക, വശങ്ങളിലേക്ക് തിരിയുക ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് നിയമപ്രകാരം ആംഗ്യങ്ങള്‍ കാണിക്കണം. അല്ലെങ്കില്‍ സിഗ്നല്‍ കൊടുക്കണം.

11. വാഹനം നിരത്തില്‍ നിര്‍ത്തിയിടുന്നത് നിരത്തുപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാകാത്തവിധത്തിലായിരിക്കണം.

12. നിരത്തിലുള്ള ട്രാഫിക് അടയാളങ്ങളിലെ സൂചന അനുസരിക്കണം.

13. നിവൃത്തിയില്ലാത്ത ഘട്ടങ്ങളില്‍ മാത്രമെ പെട്ടെന്ന് ബ്രേക്കിടാന്‍ പാടുള്ളൂ.

14. കയറ്റംകയറുന്ന വാഹനങ്ങള്‍ക്ക് പരിഗണന കൊടുക്കണം.

15. വാഹനം പിന്നോട്ട് എടുക്കുന്നതിനുമുമ്പ് സുരക്ഷിതത്വം ഉറപ്പുവരുത്തണം.

16. അനായവശ്യമായി ഹോണടിക്കരുത്.

വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ ഇവ പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. ഓടുന്ന വാഹനങ്ങളില്‍ വെറുതെയിരിക്കുമ്പോള്‍ ചെയ്യാവുന്ന ഒരു ജോലിയാണിത്. ഡ്രൈവര്‍ ഈ നിയമം ശ്രദ്ധിക്കാതെയാണ് ഓടിക്കുന്നതെന്നു കണ്ടാല്‍ ഉടനെ ഇടപെടുക. നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. അത് ഒരു ഡ്രൈവറുടെ ഇഷ്ടാനിഷ്ടത്തിന് വിട്ടുകൊടുക്കേണ്ട കാര്യമല്ല. വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അധികം അപകടങ്ങളും ഉണ്ടാകുന്നത്. കൂട്ടിയിടിക്കുന്നത് ഈ നിയമങ്ങള്‍ ലംഘിക്കുന്നതുകൊണ്ടും. അതുകൊണ്ട് അത് ഒഴിവാക്കാന്‍ ആവശ്യമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്ന മുന്നറിയിപ്പ് നല്‍കാന്‍  മടിക്കേണ്ടതില്ല. നിയമം എല്ലാവര്‍ക്കും വേണ്ടിയാണ്. അത് പാലിക്കാന്‍ ആവശ്യപ്പെടാന്‍ അതിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് മാത്രമല്ല അവകാശം; അതിന്റെ ഗുണഭോക്താക്കള്‍ക്കുമുണ്ട്.

ചിഹ്നങ്ങള്‍ ശ്രദ്ധിക്കുക

റോഡിലൂടെ യാത്രചെയ്യുമ്പോള്‍ വശങ്ങളിലായി കാണുന്ന അടയാളങ്ങളോടുകൂടിയ ബോര്‍ഡുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. സ്‌കൂള്‍ കൂട്ടി ഓടുന്ന ചിത്രം, എയര്‍ഹോണ്‍ വരച്ച് അത് ഒരിരട്ടവരകൊണ്ട് ക്രോസ്‌ചെയ്ത ചിത്രം, ക്രോസ്‌ചെയ്യാത്ത എയര്‍ഹോണിന്റെ ചിത്രം എന്നിങ്ങനെ പലതും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. മുമ്പില്‍ വിദ്യാലയങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഡ്രൈവര്‍ പതുക്കെ ഓടിക്കണം എന്നുമുള്ള സൂചനയാണ് സ്‌കൂള്‍ കുട്ടിയുടെ ചിത്രം നല്‍കുന്നത്. ക്രോസ്‌ചെയ്ത എയര്‍ഹോണിന്റെ അര്‍ഥം എയര്‍ഹോണ്‍ അടിക്കരുത് എന്നാണ്. വനങ്ങള്‍ക്കിടയിലൂടെ പോകുന്ന റോഡുകളില്‍ ഇടയ്ക്കിടെ ഇത്തരം ബോര്‍ഡുകള്‍ കാണാം. ക്രോസ്‌ചെയ്യാത്ത ഹോണിന്റെ അര്‍ഥം നിര്‍ബന്ധമായും ഹോണ്‍ അടിക്കണം എന്നാണ്. മേല്‍പറഞ്ഞ വിധത്തിലുള്ള ഒട്ടേറെ ചിഹ്നങ്ങള്‍ 1988ലെ മോട്ടോര്‍ വാഹന നിയമത്തിന്റെ 1ാം പട്ടികയിലുണ്ട്.