ക്രിമിനല്‍ നിയമ ഭേദഗതികള്‍

മുസാഫിര്‍

2018 ഡിസംബര്‍ 22 1440 റബീഉല്‍ ആഖിര്‍ 14

2013ലെ ക്രിമിനല്‍ നിയമ ഭേദഗതികളെ പരിചയപ്പെടാം:

ഇന്ത്യന്‍ ശിക്ഷാനിമ ഭേദഗതികള്‍ (IPC)

1) സ്വയം പ്രതിരോധം (Private defense) ഏതെല്ലാം സാഹചര്യങ്ങളില്‍ അവകാശമായി  ഉന്നയിക്കാം എന്നു പ്രഖ്യാപിക്കുന്ന Indian Penal Codeലെ നൂറാം വകുപ്പിലാണ് ആദ്യ ഭേദഗതി. ആസിഡ് ഉപയോഗിച്ചുള്ള ആക്രമണത്തെ ഇതിലെ ഏഴാം സാഹചര്യമായി ഭേദഗതി മുഖേന പുതിയതായി ഉള്‍പ്പെപടുത്തിയിരിക്കുന്നു. ആസിഡ് ഒഴിച്ച് ദാരുണമായി ക്ഷതമേല്‍പിക്കപ്പെടുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധാവകാശം ഉന്നയിക്കാമെന്ന് ഇത് അനുശാസിക്കുന്നു.

2) സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാരുടെ കുറ്റകൃത്യങ്ങളെ സംബന്ധിച്ച 166ാം വകുപ്പിലാണ് അടുത്ത ഭേദഗതി. ഇതിലെ 166A അനുസരിച്ച് ഒരു അന്വേഷണത്തിന്റെ ഭാഗമായി നിയമപരമായി വിലക്കപ്പെട്ട ഒരു സ്ഥലത്ത് പ്രവേശിക്കുകയോ പ്രസ്തുത അന്വേഷണം നടത്തുന്നതു സംബന്ധിച്ച് നിയമവിലക്കുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയോ, വകുപ്പ് 326A, 326B, 354, 354B, 370, 370A, 376,376A, 367B, 376C, 376D, 376E, 509 വകുപ്പുകള്‍ പ്രകാരമുള്ള വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വിസമ്മതിക്കുകയോ ചെയ്ത പബ്ലിക് ഓഫീസര്‍ക്ക് 6 മാസം മുതല്‍ 2 വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കും എന്നതാണ് ഭേദഗതി.

3) ബലാല്‍സംഗ കേസുകളില്‍ ഇരയുടെ വ്യക്തിത്വം പുറത്തുവിടുന്ന മാധ്യമങ്ങള്‍ക്കുള്ള ശിക്ഷയെ സംബന്ധിച്ച വകുപ്പിന്റെ പരിധിക്കുള്ളില്‍ Section 376E കൂടി ഉള്‍പെടുത്തുന്നതാണ് അടുത്ത ഭേദഗതി. Section 376E ആവര്‍ത്തിച്ച് ബലാല്‍സംഗ കുറ്റങ്ങള്‍ നടത്തുന്നതിനെക്കുറിച്ചാണ്.

4) ദാരുണമായ ക്ഷതങ്ങളെ സംബന്ധിച്ച 326 IPC വകുപ്പിനു ശേഷം 326A, 326B എന്നിവ കൂട്ടിച്ചേര്‍ത്താണ് അടുത്ത ഭേദഗതി. ആസിഡ് ഉപയോഗിച്ച് ദാരുണമായ ക്ഷതങ്ങളേല്‍പിക്കുന്ന കുറ്റത്തിന് പത്തു വര്‍ഷത്തില്‍ കുറയാത്ത തടവും പിഴയും ശിക്ഷ ഭേദഗതി പ്രഖ്യാപിക്കുന്നു. പിഴ ഇരയുടെ ചികിത്സാ ചെലവിന് പര്യാപ്തമെന്ന് ഉറപ്പുവരുത്തണമെന്നും പിഴ ഇരയ്ക്കു നേരിട്ടുനല്‍കണമെന്നും ഈ വകുപ്പ് പറയുന്നു. ദാരുണമായ ക്ഷതമേല്‍പിക്കണമെന്ന ഉദ്ദേശത്തോടെ ആസിഡ് എറിയുന്ന കുറ്റത്തിനും അപ്രകാരം എറിയാന്‍ ശ്രമിക്കുന്ന കുറ്റത്തിനും അഞ്ചുവര്‍ഷത്തില്‍ കുറയാത്തതും ഏഴുവര്‍ഷത്തില്‍ കൂടാത്തതുമായ തടവും പിഴയും ഭേദഗതി നിര്‍ദേശിക്കുന്നു.

5) സ്ത്രീയുടെ ചാരിത്ര്യത്തെ നശിപ്പിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്ന കയ്യേറ്റം സംബന്ധിച്ച 354 IPCഇയിലാണ് അടുത്ത ഭേദഗതി. ഇതിന്റെ ശിക്ഷ രണ്ടു വര്‍ഷത്തില്‍ നിന്നു അഞ്ചു വര്‍ഷം തടവും പിഴയുമായി വര്‍ധിപ്പിച്ചിരിക്കുന്നു. കൂടാതെ 354A,B,C,D എന്നീ വകുപ്പുകള്‍ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് പുരുഷന്റെ, താഴെ പറയുന്നവയില്‍ ഏതെങ്കിലും പ്രവര്‍ത്തി ലൈംഗിക പീഡനമാകുന്നു:

(1) സ്ത്രീയോട് അവരുടെ ഇഷ്ടത്തിനെതിരായി ശാരീരികമായി തൊടുകയോ, ലൈംഗിക ചെയ്തികള്‍ നടത്തുകയോ ചെയ്യുക.

(2) ലൈംഗിക കാര്യങ്ങള്‍ ചെയ്യുവാന്‍ അവളോടാവശ്യപ്പെടുക.

(3) അവളുടെ താല്‍പര്യത്തിനെതിരായി അശ്ലീലസാഹിത്യം കാണിക്കുക.

(4) ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ നടക്കുക.

1 മുതല്‍ 3 വരെയുള്ള ലൈംഗിക പീഡനങ്ങള്‍ക്കു മൂന്നുവര്‍ഷം വരെ കഠിനതടവും പിഴയും 4ന് ഒരു വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.

354B വകുപ്പുപ്രകാരം ഒരു പുരുഷന്‍ കുറ്റകരമായ സമ്മര്‍ദം ചെലുത്തി സ്ത്രീയെ വിവസ്ത്രയാക്കുവാന്‍ ശ്രമിച്ചാല്‍ മൂന്നു മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ നിഷ്‌കര്‍ഷിക്കുന്നു.

354C ഒളിഞ്ഞുനോട്ടം, സ്ത്രീയുടെ രഹസ്യകാര്യങ്ങളെ ഒളിഞ്ഞുനോക്കുകയോ ഫോട്ടോയെടുക്കുകയോ ചെയ്യുന്ന പുരുഷന് ആദ്യ തവണ ഒരു വര്‍ഷത്തില്‍ കുറയാത്തതും മൂന്നു വര്‍ഷം വരെയുള്ള തടവും പിഴയും ശിക്ഷ ലഭിക്കാവുന്നതുമാകുന്നു. ഇപ്രകാരം ചെയ്യുന്നതിന് സ്ത്രീകളുടെ സമ്മതം വാങ്ങിയിട്ടുണ്ടെങ്കില്‍ പോലും മൂന്നാമതൊരാളെ അതു കാണുന്നതിന് അവര്‍ സമ്മതിച്ചിട്ടില്ലെങ്കില്‍ അപ്രകാരം കാണിക്കുന്നതും ഈ വകുപ്പിനു കീഴില്‍ ശിക്ഷാര്‍ഹമാണ്.

354D സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അവളെ പിന്തുടരുകയും അവളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്, അല്ലെങ്കില്‍ അവളെ ഇമെയില്‍, ഇന്റര്‍നെറ്റ്, മറ്റു ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുഖേന പിന്തുടരുന്നത് എന്നിവ കുറ്റകരമാക്കി. ആദ്യതവണ മൂന്നു വര്‍ഷം വരെ തടവും പിഴയും ആവര്‍ത്തിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയും ലഭിക്കാം. എന്നാല്‍ ഈ ചെയ്തി ഏതെങ്കിലും കുറ്റം തടയുന്നതിനോ കണ്ടുപിടിക്കുന്നതിനോ ആയിരുന്നുവെന്നും ഏതെങ്കിലും നിയമം അനുശാസിക്കുന്ന രീതിയില്‍ പിന്തുടര്‍ന്നതായിരുന്നുവെന്നും പ്രത്യേക സാഹചര്യത്തില്‍ ഈ പിന്തുടരല്‍ പ്രായോഗികവും നീതിയുക്തവുമായിരുന്നുവെന്നും തെളിയിക്കാനായാല്‍ കുറ്റവാളിക്കു രക്ഷപ്പെടാം.

6. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട 370 IPC വകുപ്പിലാണ് അടുത്ത ഭേദഗതി. ചൂഷണം, നിയമനം, കടത്തല്‍, അഭയം നല്‍കല്‍, സ്വീകരിക്കല്‍ എന്നീ ഉദ്ദേശങ്ങളോടെ ഭീഷണി, ബലം, ചതി, വഞ്ചന, അധികാര ദുര്‍വിനിയോഗം, പണം നല്‍കല്‍ എന്നിവ ഉപയോഗിച്ച് മനുഷ്യരെ കടത്തിയാല്‍ 7 മുതല്‍ 10 വര്‍ഷം വരെ തടവും പഴയും ചുമത്താവുന്ന കുറ്റമാണ്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ആളുകളെ കടത്തുന്നത് പത്തു വര്‍ഷം മുതല്‍ ജീവപര്യന്തം കഠിനതടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കടത്തുന്നത് മൈനറിനെയാണെങ്കില്‍ ശിക്ഷ പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെയും, പിഴയും. ഒന്നില്‍ കൂടുതല്‍ മൈനറാണെങ്കില്‍ പതിനാലു വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെയുമുള്ള കഠിനതടവും പിഴയുമാകുന്നു. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ ജീവപര്യന്തംവരെ തടവും പിഴയും ലഭിക്കും. പൊതുസേവകനോ പോലീസ് ഓഫീസറോ ഈ കുറ്റം ചെയ്താല്‍ മേല്‍പറഞ്ഞ, ജീവിതാന്ത്യംവരെയുള്ള തടവും പിഴയും ശിക്ഷ ലഭിക്കും. കടത്തിയ വ്യക്തിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയാല്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കഠിനതടവും പിഴയുമാണ് ശിക്ഷ.

7. ബലാല്‍സംഗവുമായി ബന്ധപ്പെട്ട 375, 376 IPC വകുപ്പുകളിലാണ് അടുത്ത ഭേദഗതി. 

376(2) വകുപ്പനുസരിച്ച് ഒരു പോലീസ് ഓഫീസര്‍, ഒരു പബ്ലിക്ക് സെന്‍വെന്റ്, ഒരു സായുധന സേനാംഗം എന്നിവരോ ഒരു ആശുപത്രി മാനേജ്‌മെന്റോ ജീവനക്കാരോ, ജയില്‍, റിമാന്റ് ഹൗസ് എന്നിവയിലെ അധികാരികളോ ജീവനക്കാരോ ബന്ധുവോ, രക്ഷകര്‍ത്താവോ, ടീച്ചറോ, വിശ്വാസവും അധികാരവും ഉള്ളയാളോ ഒരു സ്ത്രീയ ബലാല്‍സംഗം ചെയ്താല്‍ അതിന്റെ ഗൗരവം കൂടുതലായതിനാല്‍ ശിക്ഷ 10 വര്‍ഷം മുതല്‍ ജീവിതാവസാനം വരെ കഠിനതടവും പിഴയുമായിരിക്കും. ഇതേ ശിക്ഷ ഒരു ഗര്‍ഭിണിയെയോ, 16 വയസ്സില്‍ താഴെയുള്ളവളെയോ, സമ്മതം നല്‍കാന്‍ ശേഷിയില്ലാത്തവളെയോ കീഴ്‌പെടുത്തിയോ മാനസിക, ശാരീരിക വൈകല്യമുള്ളവളെയോ, വര്‍ഗീയ ലഹളയിലോ ബലാല്‍സംഗം ചെയ്യുന്നവര്‍ക്കും ലഭിക്കും. സ്ത്രീയെ ശാരീരികമായി ക്ഷതമേല്‍പിക്കുകയോ അംഗവൈകല്യം വരുത്തുകയോ ജീവനു ഭീഷണിയാകത്തക്കരീതിയിലോ ബലാല്‍സംഗം ചെയ്താലും ഇതേ ശിക്ഷ ലഭിക്കും. 376A വകുപ്പനുസരിച്ച് ബലാല്‍സംഗത്തിനിടയില്‍ സ്ത്രീയെ അക്രമിച്ച് വധിക്കുകയോ, ജീവച്ഛവമാക്കുകയോ ചെയ്താല്‍ 20 വര്‍ഷം മുതല്‍ ജീവിതാന്ത്യംവരെ കഠിനതടവോ വധശിക്ഷയോ ലഭിക്കാവുന്നതാണ്.

376B പ്രകാരം കോടതിവിധി അനുസരിച്ചോ അല്ലാതെയോ വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയുമായി സംഭോഗം നടത്തിയാല്‍ രണ്ടു മുതല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം. സംഭോഗം എന്നാല്‍ 375ാം വകുപ്പിലെ (a) to (b) വിഭാഗങ്ങളില്‍ ഉള്‍പ്പെടും.

376C തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത, ഒരു പബ്ലിക് സെര്‍വന്റ് അല്ലെങ്കില്‍ മറ്റു അധികാര സ്ഥാനത്തുള്ളയാള്‍ തന്റെ ഓഫീസിലുള്ളതോ പരിസരത്തുള്ളതോ ആയ സ്ത്രീയുമായി സംഭോഗത്തിലേര്‍പ്പെട്ടാല്‍ അത് 5 മുതല്‍ 10 വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന ശിക്ഷയാണ്.

376D കൂട്ടബലാല്‍സംഗം: ഒന്നില്‍ കൂടുതല്‍ ആളുകള്‍ പൊതു ഉദ്ദേശത്തോടെ ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്താല്‍ 20 വര്‍ഷം മുതല്‍ ജീവിതാന്ത്യം വരെ കഠിനതടവും പിഴയും ശിക്ഷലഭിക്കാം. ഇതിലെ പിഴ ഇരയുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും വിനിയോഗിക്കണം.

376E ആവര്‍ത്തിച്ച് ബലാല്‍സംഗം കുറ്റം ചെയ്യുന്നവര്‍ക്ക് മരണം വരെ കഠിനതടവോ വധശിക്ഷയോ പിഴയും ശിക്ഷ ലഭിക്കും.

8. സ്ത്രീയെ വാക്കുകൊണ്ടോ ആംഗ്യംകൊണ്ടോ അപമാനിക്കുന്നവരെ സംബന്ധിച്ച് 509 IPCയില്‍ ഭേദഗതിവഴി ശിക്ഷ മൂന്നു വര്‍ഷം വരെ തടവും പിഴയുമായി വര്‍ധിപ്പിച്ചിട്ടുണ്ട്.