ബാലനീതി നിയമം

മുസാഫിര്‍

2018 ഒക്ടോബര്‍ 06 1440 മുഹര്‍റം 25

ഒരു രാഷ്ട്രത്തിന്റെ ഭാവി കുട്ടികളിലാണ്. കുട്ടികളെ സംരക്ഷിക്കുകയും അവരുടെ സര്‍വതോന്മുഖമായ വികാസം ഉറപ്പുവരുത്തുകയും ചെയ്യാനുള്ള ബാധ്യത സമൂഹത്തിനുണ്ട്. നമ്മുടെ ഭരണഘടനയിലെ അനുഛേദങ്ങള്‍ കുട്ടികളുടെ കാര്യത്തില്‍ ഭരണകൂടത്തിനുള്ള ഉത്തരവാദിത്വത്തിന് അടിവരയിടുന്നു. പല അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ പാര്‍ലമെന്റ് 2000ല്‍ ബാലനീതി നിയമം പാസാക്കിയത്. 1986ലെ ബാലനീതിനിയമത്തെ രാജ്യം സമഗ്രമായി പൊളിച്ചെഴുതി.

ബാലനീതി ബോര്‍ഡുകള്‍ സ്ഥാപിക്കാനും വഴിതെറ്റിപ്പോകുന്ന കുട്ടികള്‍ക്കായി നിരീക്ഷണനിലയങ്ങള്‍ സ്ഥാപിക്കാനും ബാലക്ഷേമസമിതികള്‍ രൂപവത്കരിക്കാനും നിയമം വ്യവസ്ഥചെയ്യുന്നു. കുട്ടികള്‍ കുറ്റം ചെയ്താല്‍ അവരെ സാധാരണ പോലീസ് അറസ്റ്റു ചെയ്ത്, സാധാരണ കോടതിയില്‍ വിചാരണ ചെയ്തുകൂടാ. അവര്‍ക്കുവേണ്ടി പ്രത്യേക പോലീസ് ഉണ്ടാവണം. അവരെ വിചാരണ ചെയ്യേണ്ടത് ബാലനീതി ബോര്‍ഡാണ്. അവരെ നിയമം കുട്ടിക്കുറ്റവാളികള്‍ എന്നുപോലുമല്ല വിശേഷിപ്പിക്കുന്നത്; നിയമവുമായി സംഘര്‍ഷത്തിലുള്ള കുട്ടികള്‍ എന്നു മാത്രമാണ്. അറസ്റ്റുചെയ്യപ്പെട്ടാല്‍, അതെത്ര വലിയ കുറ്റമായാലും കുട്ടികള്‍ ജാമ്യത്തിനര്‍ഹരാണ്. ആ വിവരം രക്ഷിതാക്കളെ അറിയിക്കണം. കൗണ്‍സിലിംഗ്, സാമൂഹികസേവനം, നല്ലനടപ്പ്, പ്രത്യേക ഭവനത്തിലെ താമസം, സുരക്ഷിതമായിടത്ത് പാര്‍പ്പിക്കല്‍ തുടങ്ങിയവയ്ക്ക് ഉത്തരവിട്ടുകൊണ്ടാണ് വഴിതെറ്റുന്ന കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്.

കുറ്റംചെയ്തതോ പീഡനത്തിന് ഇരയായതോ ആയ കുട്ടികളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്ന മാധ്യമങ്ങള്‍ കുറ്റംചെയ്തതായി പരിഗണിക്കപ്പെടും. അതിന് 1000 രൂപവരെ പിഴ ശിക്ഷയാകാം എന്നും നിയമം പറയുന്നു.

കുട്ടികളോട് ക്രൂരത കാണിക്കുന്നതിനെതിരെയും അവരെ സംരക്ഷിക്കാതിരിക്കുന്നതിനെതിരിലും അവരെ യാചകവൃത്തിക്ക് ഉപയോഗിക്കുന്നതിനെതിരെയും അവര്‍ക്ക് മയക്കുമരുന്നും മറ്റും നല്‍കുന്നതിനെതിരെയും അവരെക്കൊണ്ട് ജോലിചെയ്യിക്കുന്നതിനെതിരെയും നിയമത്തില്‍ വ്യവസ്ഥകളുണ്ട്.