വിവരസാങ്കേതിക നിയമം

മുസാഫിര്‍

2018 സെപ്തംബര്‍ 08 1439 ദുല്‍ഹിജ്ജ 27

വിവരസാങ്കേതികവിദ്യയുടെ ഉപയോഗം സുരക്ഷിതവും ഭദ്രവും ആക്കുവാനും നിയന്ത്രിക്കുവാനും വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റില്‍ 2000ല്‍ നടപ്പാക്കിയ നിയമമാണ് 'വിവരസാങ്കേതിക നിയമം 2000.'

സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്ക് കര്‍ശനമായ നിയമനടപടികളും ശിക്ഷയും ഉറപ്പാക്കുന്ന നിയമങ്ങള്‍ ഇതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമത്തിലെ 9ാം അധ്യായത്തിലും 11ാം അധ്യായത്തിലും വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ പ്രകാരം കുറ്റം ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ കഠിനതടവും 2 ലക്ഷം രൂപ വരെ പിഴയും അതുമല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ശിക്ഷവിധിക്കാം എന്ന് പറയുന്നുണ്ട്.

മറ്റൊരാളുടെ കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്കോ ഫയലിലേക്കോ പ്രോഗ്രാം വഴി അതിക്രമിച്ചുകയറി അത് തനിയെ മറ്റു ഫയലുകളിലേക്കോ ശൃംഖലയിലുള്ള മറ്റു കമ്പ്യൂട്ടറുകളിലേക്കോ പ്രവേശിക്കുകയും അതിലുള്ള വിവരങ്ങള്‍ നശിപ്പിക്കുകയോ മാറ്റി മറിക്കുകയോ ചെയ്യുന്നത് ഈ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നതു പ്രകാരം 3 വര്‍ഷം വരെ കഠിനതടവോ 2 ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്ന കുറ്റമാകുന്നു.

അശ്ലീലം കലര്‍ന്ന ഉള്ളടക്കം ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് 3 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമാണ്. കുറ്റവാളി ഇത്തരത്തിലുള്ള കുറ്റകൃത്യത്തിലേര്‍പെടുന്നത് ആദ്യത്തെ തവണയാണെങ്കില്‍ മേല്‍പറഞ്ഞ ശിക്ഷയും തുടര്‍ന്നും പ്രസ്തുത കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെങ്കിലും 5 വര്‍ഷംവരെ തടവും 10 ലക്ഷം രൂപ വരെ പിഴയും എന്ന നിലയിലേക്ക് ശിക്ഷയുടെ പരിധി വര്‍ധിക്കുന്നതുമാണ്.

ഐ.ടി നിയമപ്രകാരമുള്ള കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനോ സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ന്യായമായ സംശയം തോന്നുന്ന പക്ഷം പ്രസ്തുത ഉദ്യോഗസ്ഥന് പൊതുസ്ഥലങ്ങളില്‍ പ്രവേശിച്ച് കുറ്റവാളികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനും വാറന്റില്ലാതെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു.

രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക ഭദ്രതയും പൊതുസംവിധാനങ്ങളും ഉറപ്പുവരുത്തുന്ന ഈ നിയമത്തിലെ 70ാം വകുപ്പില്‍ പറയുന്ന സുരക്ഷാസംവിധാനങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്ന രീതിയിലുള്ള സൈബര്‍ അതിക്രമങ്ങളും സൈബര്‍ ഭീകരാക്രമണങ്ങളും നടത്തി സമൂഹത്തില്‍ ജനങ്ങള്‍ക്ക് മരണമോ മരണത്തിനു കാരണമായേക്കാവുന്ന തരത്തിലുള്ള മാരകമായ മുറിവുകളോ അടിയന്തിര സര്‍വീസുകള്‍ നശിപ്പിച്ച് ജനജീവിതം തന്നെ ദുഃസ്സഹമാക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കുന്ന നിയമങ്ങളും ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുവെന്നത് എടുത്തു പറയേണ്ടതാണ്.

വിവര വിനിമയ സാങ്കേതിക വിദ്യകളുടെ സുരക്ഷിതമായ ഉപയോഗം

കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഇ-മെയില്‍, മൊബൈല്‍ ഫോണ്‍, ഫോണ്‍ക്യാമറ, ചാറ്റിങ്ങ് ഇവയൊക്കെ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെയും സംഭാഷണങ്ങളുടെയും ഭാഗമാണ്. വിവര-വിനിമയ രംഗത്തുണ്ടായ ഈ കുതിച്ചുചാട്ടം ലോകത്തെ തന്നെ ഒരു ഗ്രാമമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഭരണം, വിദ്യാഭ്യാസം, സാമ്പത്തിക രംഗം, ആരോഗ്യം തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നമുക്ക് കാണാനാവും. എന്നാല്‍ എല്ലാ കാര്യങ്ങളുടേതുംപോലെ ഈ നവസാങ്കേതിക വിദ്യകളും നമ്മുടെ ജീവിതങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ തെറ്റായി ഉപയോഗിക്കപ്പെടുന്നു. മനുഷ്യബന്ധങ്ങളില്‍ നവസാങ്കേതിക വിദ്യകള്‍ മാറ്റംകൊണ്ടുവന്നിട്ടുണ്ടെന്ന് പറയുമ്പോഴും ഇവയുടെ തെറ്റായ ഉപയോഗം കൊണ്ട് സ്വകാര്യതയില്‍ കടന്നുകയറ്റം ഉണ്ടാവുകയും സുരക്ഷിതത്വം നഷ്ടമാവുകയും ചെയ്യുന്നതായി നമുക്ക് കാണാം.

സൈബര്‍ കുറ്റകൃത്യങ്ങള്‍

വിവര വിനിമയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചോ അവയെ ലക്ഷ്യംെവച്ചോ നടത്തുന്ന കുറ്റകൃത്യങ്ങളെയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നു പറയുന്നത്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറകള്‍ തുടങ്ങിയവയാണ് സൈബര്‍ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങള്‍.

ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമൊക്കെ പല കുറ്റകൃത്യങ്ങള്‍ക്കായും ഉപയോഗിക്കുന്നു. കമ്പ്യൂട്ടര്‍ പോലുള്ള നൂതന സാങ്കേതിക ഉപകരണങ്ങളുടെ ഒരു പ്രത്യേകത, ചെറിയ ഇടത്തില്‍ ധാരാളം വിവരം ശേഖരിച്ചു വെക്കാന്‍ കഴിയും എന്നതാണ്. അങ്ങനെ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും സാധിക്കുന്നു.

വിവരസാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നവരില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉണ്ടാകും. ഇവയുടെ സങ്കീര്‍ണതകള്‍ വ്യക്തമായി മനസ്സിലാക്കാത്ത ധാരാളം പേര്‍ ഇവരില്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പെട്ടെന്ന് ഇരകളാകുന്നത് കൂടുതലും ഈ വിഭാഗത്തില്‍ പെടുന്നവരായിരിക്കും. സൈബര്‍ ലോകത്ത് വ്യക്തിപരമായ വിവരങ്ങള്‍ എളുപ്പം ലഭ്യമാണ്. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹിക ശൃംഖലകള്‍ വഴി ഇത്തരം വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും ആര്‍ക്കും ലഭ്യമാകും. ഇവയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് വളമാകുന്നു.

പ്രധാനപ്പെട്ട ചില സൈബര്‍ കുറ്റകൃത്യങ്ങള്‍

സൈബര്‍ കുറ്റകൃത്യങ്ങളെ പല രീതികളില്‍ തരംതിരിക്കാറുണ്ട്.

1. വ്യക്തികള്‍ക്കെതിരായുള്ള കുറ്റങ്ങള്‍ (സൈബര്‍ അതിക്രമം).

2. സാമ്പത്തിക കുറ്റങ്ങള്‍ (ക്രെഡിറ്റ് കാര്‍ഡ് വിവര മോഷണം മുതലായവ).

3. ഭരണകൂടത്തിനെതിരെ (സൈബര്‍ ഭീകരാക്രമണം, നിയമപരമല്ലാത്ത പ്രവൃത്തികള്‍).