മനുഷ്യാവകാശ കോടതികള്‍

മുസാഫിര്‍

2018 ഏപ്രില്‍ 21 1439 ശഅബാന്‍ 03

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട കുറ്റം മാത്രം കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. ഒരു സെഷന്‍സ് ജഡ്ജിയെ അത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകമായി നിയോഗിക്കുകയാണ് ചെയ്യുന്നത്.

കുട്ടികളുടെ അവകാശങ്ങള്‍

കുട്ടികളെ സ്‌നേഹിക്കുന്ന ഭരണഘടനയാണ് നമ്മുടേത്. അവര്‍ക്കുവേണ്ടി പ്രത്യേകം വ്യവസ്ഥയാകാം എന്ന് 15ാം അനുഛേദത്തില്‍ പറയുന്നുണ്ട്. 24ാം അനുഛേദം ബാലവേല നിരോധിക്കുന്നു. നിര്‍ദേശക തത്ത്വങ്ങളില്‍ ചിലത് കുട്ടികളുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവും പരിരക്ഷിക്കേണ്ടതിനെക്കുറിച്ച് പറയുന്നു. കൊച്ചുകുട്ടികളെ മുതിര്‍ന്നവര്‍ തങ്ങളുടെ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തരുതെന്ന് '39 (ഇ)' അനുഛേദത്തില്‍ സൂചനയുണ്ട്.

1989ല്‍ ബാലാവകാശങ്ങളെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായി. അതുവരെയുണ്ടായ പ്രഖ്യാപനങ്ങള്‍ പലതും അതില്‍ ക്രോഡീകരിക്കപ്പെട്ടു. 1993ലെ മനുഷ്യാവകാശങ്ങെള സംബന്ധിച്ച വിയന്നാ കണ്‍വെന്‍ഷനും ബാലാവകാശങ്ങളെ അംഗീകരിച്ചു.

പൊതുവെ പറഞ്ഞാല്‍ സംരക്ഷണത്തിനുള്ള അവകാശമാണ് കുട്ടികളുടെ പ്രാഥമികമായ അവകാശം. ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഇന്ത്യ 1992 ഡിസംബറില്‍ അംഗീകരിച്ചു. പിന്നീട് ബാലനീതിക്കു വേണ്ടി പ്രത്യേക നിയമം തന്നെ നിര്‍മിച്ചു; 2000ലെ 'ബാലനീതി നിയമം.'

സാധാരണ ക്രിമിനല്‍ നിയമവും ക്രിമിനല്‍ നടപടിക്രമവും അല്ല കുട്ടികളുടെ കാര്യത്തില്‍ വേണ്ടത് എന്ന് ഈ നിയമം പറയുന്നു. കുട്ടിക്കുറ്റവാളികളുടെ കാര്യത്തില്‍ പ്രതേ്യക ബോര്‍ഡും നിരീക്ഷണ ഗൃഹങ്ങളും സ്ഥാപിക്കണമെന്ന് ഈ നിയമം പറയുന്നു. അതിലുപരി ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികള്‍ക്കു വേണ്ടി പ്രത്യേക കമ്മിറ്റികളും ബാലഭവനങ്ങളും ഏര്‍െപടുത്തണമെന്ന് നിയമം പറയുന്നു. അനാഥരായ കുട്ടികളെ അങ്ങെന നിയമം സനാഥരാക്കുന്നു. ഒപ്പം രക്ഷാകര്‍ത്താക്കളുണ്ടായിട്ടും ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളെയും കലാപങ്ങളിലും ദുരന്തങ്ങളിലും പെട്ടുപോകുന്ന കുട്ടികളെയും രക്ഷിക്കാന്‍ നിയമഹസ്തം നീളുന്നു. കുട്ടികളുടെ ശരിയായ പുനരധിവാസത്തെക്കുറിച്ചും സമൂഹവുമായി അവരെ കോര്‍ത്തിണക്കേണ്ടതിനെക്കുറിച്ചും നിയമം പറയുന്നു.

ഈ നിയമം വേണ്ടരീതിയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് തെരുവില്‍ ഇന്ന് കാണപ്പെടുന്ന ബാല്യങ്ങള്‍.

2002 ഡിസംബര്‍ 12ാം തീയതി പാര്‍ലമെന്റ് ഭരണഘടന ഭേദഗതി ചെയ്ത് അതില്‍ '21 എ' എന്ന ഒരു അനുഛേദം മൂന്നാം ഭാഗത്തില്‍ കൂട്ടിച്ചേര്‍ത്തു. '21 എ' കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചാണ് പറയുന്നത്. 

6 വയസ്സിനും 14 വയസ്സിനും ഇടയ്ക്കുള്ള എല്ലാ കുുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം രാഷ്ട്രം ഏര്‍പാട് ചെയ്തു കൊടുക്കണം. അതെങ്ങനെ വേണമെന്ന് രാഷ്ട്രത്തിന് നിയമം മുഖേന നിര്‍ണയിക്കാം.