മലിനീകരണത്തിനെതിരെയുള്ള നിയമങ്ങള്‍

മുസാഫിര്‍

2018 ദുല്‍ക്വഅദ 08 1439 ജൂലായ് 21

ഏതാണ്ട് ജലനിയമത്തിന്റെ അതേ ചട്ടക്കൂട്ടിലാണ് വായുനിയമവും രൂപപ്പെടുത്തിയിരിക്കുന്നത്. വായുമലിനീകരണത്തില്‍ ശബ്ദമലിനീകരണവും ഉള്‍പെടുത്തിയിരിക്കുകയാണ്. പ്രധാനമായും വ്യവസായശാലകളുടെ പ്രവര്‍ത്തനത്തെയാണ് വായുനിയമം നിയന്ത്രിക്കുന്നത്. പുകക്കുഴല്‍ ആവശ്യമായുള്ള വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ബോര്‍ഡിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങണം. വാതകം പുറത്തുവിടുന്നതിനു മുമ്പ് ബോര്‍ഡ് നിര്‍ദേശിക്കുന്ന രൂപത്തില്‍ ശുദ്ധീകരിച്ച് ബോര്‍ഡ് നിര്‍ദേശിക്കുന്ന നിലവാരമുള്ളതാക്കണം. 

വായുമലിനീകരണത്തെ സംബന്ധിച്ച് ഇന്ത്യയിലുണ്ടായിട്ടുള്ള ഏറ്റവും വലിയ കേസ് ഭോപ്പാല്‍ വാതകദുരന്തം സംബന്ധിച്ചതായിരുന്നു. ദുരന്തത്തിനിരയായ അവിടത്തെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകച്ചോര്‍ച്ച കാരണം ആയിരക്കണക്കിനാളുകളാണ് മരണപ്പെട്ടത്. അവരുടെആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അമേരിക്കയിലുള്ള കമ്പനി മേധാവികള്‍ സമ്മതിക്കുകയാണുണ്ടായത്.

മോട്ടോര്‍ വാഹനങ്ങളാണ് വായുമലിനീകരണ കാര്യത്തില്‍ വ്യവസായങ്ങളെക്കാള്‍ മുന്നില്‍. മോട്ടോര്‍ വാഹന ചട്ടങ്ങൡ തന്നെ അത് നിയന്ത്രിക്കാനെടുക്കേണ്ട മുന്‍കരുതല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനു പുറമെ മലിനീകരണ ബോര്‍ഡിനും വാഹനങ്ങള്‍ പുറത്തുവിടുന്ന പുകയുടെ നിലവാരം നിര്‍ദേശിക്കാന്‍ അധികാരമുണ്ട്. ഇപ്പോള്‍ പുകവലിക്കെതിരെയും നടപടികള്‍ക്ക് വ്യവസ്ഥയുണ്ട്. 

സമഗ്രനിയമം 1986ല്‍

ജലം, വായു നിയമങ്ങള്‍ക്ക് ശേഷം എല്ലാവിധ മലിനീകരണങ്ങളെയും കണക്കിലെടുക്കുന്ന ഒരു നിയമമുണ്ടായത് 1986ലാണ്. അതാണ് 'പരിസ്ഥിതി സംരക്ഷണ നിയമം.' മണ്ണിന്റെ മലിനീകര കാര്യം ഉദാഹരണമായെടുക്കുക. രാസപദാര്‍ഥങ്ങളുടെ (വളം, കീടനാശിനി) അമിതമായ ഉപയോഗം മണ്ണിനെ മലിനീകരിക്കും. ആണവമലിനീകരമാണ് മാരകമായ മറ്റൊരു വിപത്ത്. ഇതെല്ലാം പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരും. പരിസ്ഥിതി ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ 86ലെ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഉത്തരവുകളും നിര്‍ദേശങ്ങളും ലംഘിച്ച് മലിനീകരണം തുടരുന്ന വ്യവസായങ്ങള്‍ പൂട്ടിയിടാന്‍ നിയമത്തിലെ 15ാം വകുപ്പനുസരിച്ച് മലിനീകരണ നിയന്ത്രണബോര്‍ഡിന് അധികാരമുണ്ട്. 

വനസംരക്ഷണ നിയമം

1980ലെ വനസംരക്ഷണനിയമം നടപ്പാക്കുന്നത്‌വരെ സംസ്ഥാന നിയമങ്ങളായിരുന്നു വനസംരക്ഷണത്തിന്റെ ചുമതല നിര്‍വഹിച്ചിരുന്നത്. കേരളത്തിന്റെ റിസര്‍വ് വനങ്ങള്‍ മുഖേനയായിരുന്നു വനങ്ങള്‍ സംരക്ഷിക്കപ്പെട്ടിരുന്നത്. റിസര്‍വ് വനത്തില്‍ പ്രവേശിക്കുന്നതും മരം മുറിച്ച്കടത്തുന്നതും വനവിഭവങ്ങള്‍ ശേഖരിക്കുന്നതും മറ്റും കേന്ദ്ര വനനിയമം നിരോധിക്കുന്നുണ്ട്.1980ലെ വനസംരക്ഷണ നിയമത്തിലെ പ്രധാന വ്യവസ്ഥ റിസര്‍വ് വനം റിസര്‍വ് വനമല്ലാതാക്കാന്‍ കേന്ദ്രത്തിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങണമെന്നതാണ്. വനം ഏതൊരു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെസമ്മതം വാങ്ങണം. ഇങ്ങനെ ഇന്ത്യയില്‍ അവശേഷിച്ച വനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ സംരക്ഷണം നല്‍കുന്ന ഒരു നിയമമാണ് 1980ലെ വനസംരക്ഷണ നിയമം.

വന്യജീവിസംരക്ഷണ നിയമം

1972ലെ വന്യജീവിസംരക്ഷണ നിയമം വന്യമൃഗങ്ങള്‍ക്കും വനസസ്യങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നു. സംരക്ഷണം നല്‍കുന്ന വന്യജന്തുക്കളുടെ പട്ടികകളും വനസസ്യങ്ങളുടെ ഒരു പട്ടികയും പ്രസ്തുത നിയമത്തിലുണ്ട്. ഓരോ പട്ടികയിലും ധാരാളം ജന്തുക്കളുടെ പേരുകളുണ്ട്. ആന, സിംഹം, മാന്‍, പലയിനം കുരങ്ങുകള്‍, കണ്ടാമൃഗം, മയില്‍,തത്ത, വേഴാമ്പല്‍ മുതലായ പക്ഷിമൃഗാദികളും മൂര്‍ഖന്‍ മുതലായ ഉരഗങ്ങളും പട്ടികയില്‍ ഉള്‍പെടും. പട്ടികയിലെ മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍, (ഉദാ. ആനക്കൊമ്പ്, ആനവാല്‍, പുലിനഖം) ക്രയവിക്രയം ചെയ്യുന്നത് പരിപൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.