ഗ്രാമസഭയുടെ ചുമതലകള്‍

മുസാഫിര്‍

2018 മാര്‍ച്ച് 31 1439 റജബ് 13

ഗ്രാമസഭയുടെ ചുമതലകള്‍ എന്തൊക്കെയെന്ന് കേരള പഞ്ചായത്തിരാജ് അക്കമിട്ട് പറഞ്ഞിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു:

1. ഗ്രാമത്തിന്റ വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സഹായം നല്‍കുക. അവയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുക.

2. പഞ്ചായത്തിലെ വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ സൗഹൃദവും ഐക്യവും വളര്‍ത്തുക.

3. സാമൂഹികക്ഷേമ പരിപാടികള്‍ക്ക് വേണ്ടി ശ്രമദാനം സ്വീകരിക്കുക. സാധനങ്ങളോ പണമോ ആയിട്ടുള്ള സംഭാവനകള്‍ സമാഹരിക്കുക. 

4. ഗ്രാമത്ത സംബന്ധിച്ച വികസന പദ്ധതികളുടെ നിര്‍വഹണത്തില്‍ സഹായിക്കുക.

5. തങ്ങളുടെ പ്രദേശത്തെ സംബന്ധിച്ച് വികസന പദ്ധതികളുടെയും കേഷമപദ്ധതികളുടെയും നിര്‍വഹണത്തിനായി ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ സഹായിക്കുക. 

6. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനു വേണ്ട നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവയുടെ നിര്‍വഹണത്തിന് സഹായിക്കുകയും ചെയ്യുക.

ഗ്രാമജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്നവയാണ് മേല്‍പറഞ്ഞ ചുമതലകള്‍. ഇന്ത്യന്‍ ഭരണഘടന രൂപകല്‍പന ചെയ്യുന്ന ജനാധിപത്യ സംവിധാനത്തിലെ ഉജ്ജ്വലമായ വഴിത്തിരിവാണ് ഇതുവഴി ഉണ്ടായിട്ടുള്ളത്. ഗ്രാമസഭകള്‍ക്ക് പഞ്ചായത്തിരാജ് ഭേദഗതികള്‍ ഭരണഘടനാ പദവി നല്‍കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

 

വാര്‍ഡുകമ്മിറ്റികള്‍

മൂന്നു ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള ഏതൊരു മുനിസിപ്പാലിറ്റിയിലും ഓരോ വാര്‍ഡിലും ഓരോ വാര്‍ഡ് കമ്മിറ്റി രൂപീകരിക്കണം. വാര്‍ഡ് കമ്മിറ്റിയില്‍ താഴെ പറയുന്ന വിഭാഗത്തില്‍നിന്ന് ഓരോ ആളെ നാമനിര്‍ദേശം ചെയ്യണം:

1. വാര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ തലവന്മാര്‍.

2. വാര്‍ഡിലെ ഹൗസിംഗ് കോളനികളിലെ താമസക്കാരുടെ സംഘടനകളുടെ പ്രസിഡന്റുമാര്‍.

3. പിന്നാക്ക വിഭാഗക്കാരുടെ വികസന സൊസൈറ്റികളുടെ പ്രസിഡന്റുമാര്‍.

4. പ്രധാന വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍.

5. വ്യാപാരി സംഘടനകളുടെ പ്രതിനിധികള്‍.

6. അംഗീകൃത തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികള്‍.

7. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിയന്‍ ചെയര്‍മാന്‍മാര്‍.

8. കലാകായിക സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍.

9. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍.

10. സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍.

11. പൗരന്മാരുടെ മൂന്ന് പ്രതിനിധികള്‍.

ചെയര്‍പേഴ്‌സണ്‍/ചെയര്‍മാന്‍ വാര്‍ഡിലെ കൗണ്‍സിലറുമായി ആലോചിച്ചു വേണം ഇങ്ങനെ നാമനിര്‍ദേശം ചെയ്യാന്‍.