നിയമവും സാമൂഹ്യപരിഷ്‌ക്കരണവും

മുസാഫിര്‍

2018 ഒക്ടോബര്‍ 13 1440 സഫര്‍ 02

അടിമത്തവും തൊട്ടുകൂടായ്മയും

മനുഷ്യന്‍ മനുഷ്യനെ അടിമയാക്കി നിലനിര്‍ത്തുന്ന സമ്പ്രദായം പല രാജ്യങ്ങളിലും നിലനിന്നിരുന്നു. ഇത് അവസാനിപ്പിച്ചത് നിയമനിര്‍മാണത്തിലൂടെയാണ്. ഇന്ത്യയില്‍ തൊട്ടുകൂടായ്മ എന്ന അനാചാരത്തിനെതിരെ ഭരണഘടനയില്‍ അതിശക്തമായ ഭാഷയിലുള്ള ഒരു വ്യവസ്ഥയുണ്ട്. തൊട്ടുകൂടായ്മയുടെ ആചരണം ശിക്ഷാര്‍ഹമായ ഗുരുതരമായ ഒരു കുറ്റമാക്കുന്ന നിയമവും ഇന്ത്യയില്‍ പ്രാബല്യത്തിലുണ്ട്. വിധവാവിവാഹം നിയമവിധേയമാക്കാന്‍ നിയമം നിര്‍മിക്കുകയാണ് രാജ്യം ചെയ്തത്. സതി സമ്പ്രദായം അവസാനിപ്പിക്കാന്‍ സതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ആചാരങ്ങളും ആഘോഷങ്ങളും കഠിനശിക്ഷയര്‍ഹിക്കുന്ന കുറ്റമാക്കുന്ന ഒരു നിയമം ഇന്ത്യയില്‍ നിലവിലുണ്ട്. 

1961ലെ സ്ത്രീധന നിരോധന നിയമം

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാക്കുന്ന ഒരു നിയമമാണ്1961ലെ സ്ത്രീധനനിരോധന നിയമം. ഈ കുറ്റം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത തടവും പതിനയ്യായിരം രൂപയോ സ്ത്രീധന തുകയോ ഏതാണ് കൂടുതലെങ്കില്‍ അത്രയും രൂപ പിഴയും ആണ്. എന്താണ് സ്ത്രീധനം? അത് ആര്‍ ആര്‍ക്ക് കൊടുക്കുന്നതാണ്? വിവാഹസമയത്ത് വധുവിനെ സര്‍വാഭരണ വിഭൂഷിതയായിട്ടാണല്ലോ പലരും വരന്റെ കയ്യില്‍ ഏല്‍പിക്കാറ്. മറ്റു പല സമ്മാനങ്ങളും കൊടുക്കാറുണ്ട്. ഇവയൊന്നും സ്ത്രീധനമല്ലെന്ന് നിര്‍വചനത്തില്‍ പ്രത്യേകം പറയുന്നുണ്ട്. ഇങ്ങനെ കൊടുക്കുന്നത് വിവാഹം കഴിക്കുന്നതിന് പ്രതിഫലമായിട്ടാകരുത് എന്നു മാത്രം. 

സ്ത്രീധനമരണം

1860ല്‍ നടപ്പിലാക്കിയ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ അടുത്തിടെ ഏതാനും പുതിയ കുറ്റങ്ങള്‍ കൂടി ചേര്‍ക്കുകയുണ്ടായി. അവയിലൊന്നാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം. പൊള്ളലേറ്റോ മറ്റുവിധത്തില്‍ ശാരീരികമായ പരിക്കുകളേറ്റോ ഒരു സ്ത്രീ വിവാഹശേഷം ഏഴുവര്‍ഷത്തിനുള്ളില്‍ മരിക്കുന്നു. മരണത്തിന് മുമ്പ് അവളുടെ ഭര്‍ത്താവോ, ഭര്‍ത്താവിന്റെ ബന്ധുക്കളോ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് അവളെ ശല്യം ചെയ്തതിന് തെളിവുണ്ട് എന്ന് വിചാരിക്കുക. ഇങ്ങനെ വന്നാല്‍ അവളുടെ മരണം സ്ത്രീധന മരണമാണ്. ഭര്‍ത്താവോ, ഭര്‍ത്താവിന്റെ ബന്ധുക്കളോ അവളുടെ മരണത്തിന് കാരണക്കാരാണെന്ന് കരുതപ്പെടും. ഈ കുറ്റം തെളിഞ്ഞാല്‍ കുറഞ്ഞത് ഏഴുവര്‍ഷം തടവുശിക്ഷ നല്‍കണമെന്നാണ് നിയമം. പരമാവധി ജീവപര്യന്തം തടവുവരെ നല്‍കാം.

ഗാര്‍ഹികപീഡന സംരക്ഷണ നിയമം

അനവധി പീഡനങ്ങളുടെയും നിശ്ശബ്ദ സഹനങ്ങളുടെയും സാക്ഷിയായി എരിഞ്ഞടങ്ങുന്ന ചിതപോലെയുള്ള ഒരു കെട്ടിടം മാത്രമാണ് ഇന്ന് വീടുകളില്‍ പലതും. മദ്യപിച്ചു ലക്കുകെട്ടു വന്ന് ഭാര്യയെ വഴക്കുപറയുകയും തല്ലുകയും ചെയ്യുന്ന ഭര്‍ത്താവ്. സ്ഥിരം വഴക്കടിക്കുന്ന അമ്മായിയമ്മയും മരുമകളും. പ്രായമായ മാതാപിതാക്കളെ അവഗണിക്കുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്യുന്ന മക്കള്‍, ഇതിനെല്ലാം ഭയപ്പാടോടെ മുകസാക്ഷികളായി നില്‍ക്കേണ്ടിവരികയും ചിലപ്പോള്‍ മാതാപിതാക്കളുടെ രണ്ടുപേരുടെയും തമ്മിലുള്ള പകയുടെ ബലിയാടുകളാകേണ്ടിയും വരുന്ന നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍...

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നിയമപരമായ പരിഹാരം ഉറപ്പുവരുത്തുന്നതിനായാണ് ഗാര്‍ഹികപീഡനത്തില്‍നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം പാസാക്കപ്പെട്ടത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കുടുംബത്തിലെ പുരുഷനോ പുരുഷന്മാരോ, സ്ത്രീയോടു ചെയ്യുന്ന പീഡനം മാത്രമാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. എന്നാല്‍ പീഡിപ്പിക്കുന്ന വ്യക്തി ഒരു സ്ത്രീയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണെങ്കില്‍, അക്കൂട്ടത്തിലെ സ്ത്രീകള്‍/സ്ത്രീ മറ്റൊരു സ്ത്രീയ്‌ക്കെതിരെ കാണിക്കുന്ന പീഡനങ്ങളും ഈ നിയമപരിധിക്കുള്ളില്‍ വരും (ഉദാ: അമ്മായിഅമ്മ, നാത്തൂന്‍ തുടങ്ങിയ സ്ത്രീകള്‍). ഈ നിയമപ്രകാരം കുടുംബത്തിലെ ഒരു സ്ത്രീക്ക് മാനസികവും ശാരീരികവും സാമ്പത്തികവും ലൈംഗികവുമായ പീഡനം ഏല്‍ക്കേണ്ടിവരുന്നുവെങ്കില്‍ പരിഹാരത്തിനായി കോടതിയെ സമീപിക്കാവുന്നതാണ്.

പീഡനം തുടരുന്നതില്‍നിന്ന് പീഡിപ്പിക്കുന്ന വ്യക്തിയെ വിലക്കുക, സ്ത്രീയെ പീഡനം അനുഭവിക്കുന്ന വീട്ടില്‍ നിന്നു മാറ്റിത്താമസിപ്പിക്കുവാനുള്ള ഏര്‍പാടുകള്‍ ചെയ്യുക, പീഡനത്തിനിരയായ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ഉത്തരവുകള്‍ കോടതിയില്‍ നിന്നും ലഭിക്കാവുന്നതാണ്. ഈ ഉത്തരവുകള്‍ പീഡിപ്പിക്കുന്നയാള്‍ക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുന്ന തരത്തിലല്ലെങ്കിലും ഉത്തരവുകള്‍ ലംഘിക്കുന്നത് ജയില്‍ശിക്ഷ അനുഭവിക്കുവാനിടയാകാവുന്ന കുറ്റകൃത്യമാണ്.