സബോര്‍ഡിനേറ്റ് ജഡ്ജിമാര്‍

മുസാഫിര്‍

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23

ജില്ലാ ജഡ്ജിയുടെ തൊട്ടുതാഴെയുള്ള കോടതി സബോര്‍ഡിനേറ്റ് ജഡ്ജിയുടെ കോടതികളാണ്. സബ്‌കോടതികള്‍ എന്ന ചുരുക്കപ്പേരിലും അവ അറിയപ്പെടുന്നു. സിവില്‍ കേസുകളില്‍ തര്‍ക്കവിഷയത്തിന്റെ മൂല്യം പത്ത് ലക്ഷം രൂപയില്‍ അധികം വന്നാല്‍ സബ്‌കോടതിക്കാണ് വിചാരണാധികാരം. ജില്ലാകോടതിക്കും ഇതേ അധികാരമുണ്ട്. കേരളത്തില്‍ ജില്ലാകോടതികള്‍ ഈ വിഭാഗത്തില്‍ പെട്ട കേസുകള്‍ കൈകാര്യം ചെയ്യാറില്ല. അതുകൊണ്ട് തര്‍ക്കവിഷയത്തിന്റെ മൂല്യം പത്ത്‌ലക്ഷം രൂപയില്‍ കൂടുതല്‍ എത്രയായാലും സബ്‌കോടതിയിലാണ് കേസ് കൊടുക്കേണ്ടത്. 

സബ്‌കോടതിയിലും അസിസ്റ്റന്റ്  സെഷന്‍സ് കോടതിയിലും ഒരേ ആളെ തന്നെയാണ് ജഡ്ജിയായി നിയമിക്കാറ്. അസിസ്റ്റന്റ് സെഷന്‍സ് കോടതിക്ക് മരണശിക്ഷയും ജീവപര്യന്തം തടവും 10 വര്‍ഷം കവിയുന്ന തടവും ഒഴികെയുള്ള എല്ലാ ശിക്ഷകളും നല്‍കാന്‍ അധികാരമുണ്ട്.


മുന്‍സിഫ് കോടതികള്‍

സിവില്‍ കോടതികളില്‍ ഏറ്റവും താഴെ തട്ടിലുള്ളതാണ് മുന്‍സിഫ് കോടതികള്‍. തര്‍ക്കവിഷയം പത്ത് ലക്ഷം രൂപയില്‍ കവിയാത്ത എല്ലാ കേസുകളും മുന്‍സിഫ് കോടതികളിലാണ് ബോധിപ്പിക്കേണ്ടത്. മുന്‍സിഫ് കോടതി വിധികള്‍ക്കെതിരെ ജില്ലാകോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കാവുന്നതാണ്. ഏതെല്ലാം വില്ലേജുകളാണ് ഓരോ സബ്‌കോടതിയുടെയും മുന്‍സിഫ് കോടതിയുടെയും അധികാര പരിധിയില്‍ എന്ന് സര്‍ക്കാര്‍ വിജ്ഞാപനം മുഖേന തീരുമാനിക്കണം. മുന്‍സിഫ്മാരില്‍നിന്ന് സീനിയോറിറ്റി അടിസ്ഥാനത്തില്‍ പ്രമോഷന്‍ നല്‍കിയാണ് സബോര്‍ഡിനേറ്റ് ജഡ്ജിമാരെ നിയമിക്കുക. 


 

മജിസ്‌ട്രേറ്റ് കോടതികള്‍

ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികളാണ് മജിസ്‌ട്രേറ്റ് കോടതികള്‍. ദേഹോപദ്രവം, കളവ്, അശ്രദ്ധമായി വാഹനമോടിച്ചോ മറ്റോ പരിക്കേല്‍പിക്കല്‍ മുതലായ, ഇന്ത്യന്‍ പീനല്‍കോഡിലെ ഒട്ടേറെ കുറ്റങ്ങള്‍ക്ക് വിചാരണാധികാരം മജിസ്‌ട്രേറ്റ് കോടതികള്‍ക്കാണെന്ന് ക്രിമിനല്‍ നടപടിയിനത്തിലെ ഒരു പട്ടികയില്‍ കൊടുത്തിട്ടുണ്ട്. ഓരോ ജില്ലയിലും ഒരു മജിസ്‌േട്രറ്റിനെ ചീഫ് ജുഡിഷ്യല്‍ മജിസ്‌േട്രറ്റായി നിയമിക്കും. ഏതെല്ലാം പോലീസ് സ്‌റ്റേഷനുകളുടെ അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് ഓരോ മജിസ്‌േട്രറ്റ് കോടതിയുടെയും അധികാരപരിധിയെന്ന് സര്‍ക്കാര്‍ വിജ്ഞാപനം മുഖേന പ്രഖ്യാപിക്കണം. ഒരു മജിസ്‌േട്രറ്റിന് പരമാവധി മൂന്നു വര്‍ഷം തടവും 10,000 രൂപയില്‍ കവിയാത്ത പിഴയും ശിക്ഷയായി വിധിക്കാന്‍ അധികാരമുണ്ട്. ചീഫ് ജുഡീഷ്യല്‍ മജിസ്‌േട്രറ്റിന് മരണശിക്ഷയും ജീവപര്യന്തം തടവും ഏഴ് വര്‍ഷം കവിയുന്ന തടവും ഒഴികെ ഏത് ശിക്ഷയും നല്‍കാം. മജിസ്‌േട്രറ്റ് കോടതി കല്‍പിച്ച ശിക്ഷക്കെതിരെ സെഷന്‍സ് കോടതിയില്‍ അപ്പീലുണ്ട്. 

ഇന്ത്യയില്‍ കൊല്‍ക്കൊത്ത, മുംബൈ, ചെന്നൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങള്‍ മെട്രോപോളിറ്റന്‍ നഗരങ്ങളെന്ന പേരില്‍ അറിയപ്പെടുന്നു. മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റുമാര്‍ക്ക് പകരം മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റുമാരാണ്. അതുപോലെ ഒരുചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റും. പേരിലേ വ്യത്യാസമുള്ളൂ. അധികാരങ്ങള്‍ ഒന്നുതന്നെയാണ്.  


 

ട്രൈബ്യൂണലുകള്‍

കാലതാമസം ഒഴിവാക്കിക്കൊണ്ട് പെട്ടെന്ന് തീരുമാനിക്കേണ്ട വിഭാഗത്തില്‍ പെട്ട കേസുകളുണ്ട്. വാഹനാപകടത്തില്‍ പരിക്കുപറ്റി അവശനായിത്തീര്‍ന്ന ആള്‍ക്കുള്ള നഷ്ടപരിഹാരം പോലുള്ള കാര്യങ്ങള്‍ക്ക് ട്രൈബ്യൂണലുകളാണ് ഇന്നുള്ളത്. ട്രൈബ്യൂണലുകള്‍ കോടതികളല്ല. പക്ഷേ, അവിടെ ഹര്‍ജി എഴുതിക്കൊടുക്കണം. വാദിയും എതിര്‍വാദിയുമുണ്ട്. തെളിവെടുപ്പ് നടക്കും. പ്രശ്‌നത്തില്‍ തീര്‍പ്പുകല്‍പിച്ചുകൊണ്ട് വിധിയെഴുതും. അതിനെതിരെ കക്ഷികള്‍ക്ക് അപ്പീല്‍ നല്‍കാന്‍ വ്യവസ്ഥയുമുണ്ട്. പക്ഷേ, സിവില്‍ നടപടി നിയമത്തിലെ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ബാധകമല്ല. അതിനുപകരം ചട്ടങ്ങള്‍ മുഖേന നിര്‍ദേശിച്ചിരിക്കുന്ന ലളിതമായ നടപടികളാണുള്ളത്. തൊഴില്‍ തര്‍ക്കങ്ങള്‍ മുഴുവനും കൈകാര്യം ചെയ്യുന്നത് ട്രൈബ്യൂണലുകളാണ്. ലേബര്‍ കോടതി എന്ന പേരിലുള്ളതും ഒരു ട്രൈബ്യൂണല്‍ തന്നെ.  

0
0
0
s2sdefault