പൊതുസ്ഥലങ്ങളിലെ പുകവലി

മുസാഫിര്‍

2018 സെപ്തംബര്‍ 29 1440 മുഹര്‍റം 18

പുകവലിയും പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും അതിഗുരുതരമായ ആഘാതമാണ് മനുഷ്യശരീരത്തിന് ഏല്‍പിക്കുന്നത്. പൊതുസ്ഥലങ്ങളിലുള്ള പുകവലി ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല സഹജീവിയുടെ കൂടി ആരോഗ്യത്തെ ഹനിക്കുന്നതാണെന്നത് ശ്‌സ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ അതു സംബന്ധിച്ച് ഒരു അവബോധം ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു.

പൊതുസ്ഥലങ്ങളിലെ പുകവലിയും പ്രായപൂര്‍ത്തിയാകാത്തവരുടെ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും നിയമം മൂലം നിരോധിച്ചിരിക്കുന്ന രാജ്യമാണ് നമ്മുടേത്. 2003ലെ, സിഗരറ്റിന്റെയും മറ്റു പുകയില ഉല്‍പന്നങ്ങളുടെയും വ്യാപാരവും മറ്റും നിയന്ത്രിക്കല്‍ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചിട്ടുണ്ട്. നിയമത്തിലെ ആറാം വകുപ്പ് പ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും വില്‍പന പരസ്യം ചെയ്യുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 150 മീറ്റര്‍ ചുറ്റളവില്‍ അത്തരം ഉല്‍പന്നങ്ങളുടെ വില്‍പനയും പരസ്യം ചെയ്യലും ശിക്ഷാര്‍ഹമായ കുറ്റമാണ്.

മുരളിദേവ്‌റ കേസിലെ സുപ്രീംകോടതി വിധിയും രാമകൃഷ്ണന്‍ കേസിലെ കേരള ഹൈക്കോടതി വിധിയും പൊതുസ്ഥലങ്ങളിലെ പുകവലി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന പൊതുശല്യമായിട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

2008 ഒക്ടോബര്‍ 2ാം തീയതി ഗാന്ധിജയന്തി ദിനത്തില്‍ നടപ്പില്‍വന്ന പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിക്കല്‍ ചട്ടങ്ങള്‍ 2003ലെ പുകയില ഉല്‍പന്നങ്ങളെ സംബന്ധിച്ചുള്ള കേന്ദ്രനിയമത്തിന്റെ വകുപ്പുകള്‍ ഫലപ്രദമായി നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്.

പൊതുജനങ്ങള്‍ക്ക് പ്രവേശനം സാധ്യമായ ഏതുസ്ഥലവും പൊതുസ്ഥലം എന്നതിന്റെ നിര്‍വചനത്തില്‍ വരും. ഓഡിറ്റോറിയം, ആശുപത്രി, റെയില്‍വെ വിശ്രമകേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, ഹോട്ടലുകളും പൊതുഭക്ഷ്യകേന്ദ്രങ്ങളും, പൊതുഓഫീസുകള്‍, കോടതികെട്ടിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, ബസ്, ട്രെയിന്‍ തുടങ്ങിയ പൊതുഗതാഗതമാര്‍ഗങ്ങള്‍, ജോലിസ്ഥലങ്ങള്‍, വ്യാപാരസമുച്ചയങ്ങള്‍, സിനിമാഹാളുകള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദനീയമായ പൊതുസ്ഥലങ്ങളാണ്. എന്നാല്‍ നിയമത്തില്‍ അനുശാസിക്കുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയ, പുകവലി അനുവദനീയമായ സ്ഥലങ്ങളും പൊതുജന സാന്നിധ്യമില്ലാത്ത തുറസ്സായ സ്ഥലങ്ങളും പുകവലി നിരോധിത സ്ഥലങ്ങളായി കണക്കാക്കപ്പെടുന്നില്ല.

പൊതുസ്ഥലങ്ങളുടെയോ പൊതുസ്ഥാപനങ്ങളുടെയോ നടത്തിപ്പുകാരും ചുമതലപ്പെട്ടവരും ഇത്തരത്തില്‍ പുകവലി നിരോധനം ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരാണ്. കൂടാതെ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിത ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും ഇവര്‍ക്ക് ബാധ്യതയുണ്ട്.

നിയമത്തില്‍ പുകവലി അനുവദനീയമായ സ്ഥലങ്ങള്‍ (Smoking area) എങ്ങനെ സജ്ജീകരിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. പുകവലി അനുവദനീയസ്ഥലങ്ങള്‍ (Smoking area) എന്ന് ഇംഗ്ലീഷിലും പ്രാദേശികഭാഷയിലും രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിച്ച് നാലുഭാഗത്തും ഭിത്തി പണിത് വേര്‍തിരിച്ച ഇത്തരം സ്ഥലങ്ങളില്‍ സാധാരണയായി അടഞ്ഞുകിടക്കുന്ന സ്വയം നിയന്ത്രിത വാതിലും വായുസഞ്ചാരം പ്രാപ്യമാക്കുന്ന സാങ്കേതിക സംവിധാനങ്ങളും ഏര്‍പെടുത്താന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നു. പൊതു സ്ഥലങ്ങളിലെ പുകവലിയും നിയമവിരുദ്ധമായ പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയും 200 രൂപ വരെ പിഴശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

പൊതുസ്ഥലങ്ങളിലെ പുകവലി കണ്ടെത്തി പിഴ ചുമത്താന്‍ താഴെ പറയുന്ന ഉദ്യോഗസ്ഥന്മാരെ അവരുടെ അധികാര പരിധിയില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

1. കേന്ദ്ര-സംസ്ഥാന നികുതി വകുപ്പുകളിലെയും ആരോഗ്യം, ഗതാഗതം എന്നീ വകുപ്പുകളിലെയും ഇന്‍സ്‌പെക്ടര്‍ പദവിയിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥന്മാര്‍ അവരുടെ പരിധിയിലുള്ള പൊതുസ്ഥലങ്ങളില്‍.

2. റെയില്‍വെ സ്റ്റേഷനുകളിലും പരിധിയിലും ബന്ധപ്പെട്ട സ്റ്റേഷന്‍ മാസ്റ്റര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍മാസ്റ്റര്‍, സ്റ്റേഷന്‍ ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥന്മാര്‍.

3. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഗസറ്റഡ് പദവിയോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍, തുല്യപദവിയില്‍ സ്വയം ഭരണ/പോതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്മാര്‍, ബന്ധപ്പെട്ട സര്‍ക്കാര്‍, സ്വയംഭരണ/പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിധിയില്‍.

4. സര്‍ക്കാര്‍-സ്വകാര്യആശുപത്രികളില്‍ അതിന്റെ ഡയറക്ടര്‍/മെഡിക്കല്‍ സൂപ്രണ്ട് അല്ലെങ്കില്‍ ആശുപത്രി ഭരണാധികാരി.

5. പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ് മാസ്റ്ററോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥന്മാര്‍.

6. സ്വകാര്യസ്ഥാപനങ്ങളിലും മറ്റ് ജോലിസ്ഥലങ്ങളിലും അവിടുത്തെ സ്ഥാപനമേധാവി/ഉന്നതാധികാരി അല്ലെങ്കില്‍ മാനേജര്‍ (മനുഷ്യവിഭവം).

7. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പാള്‍/ഹെഡ്മാസ്റ്റര്‍ അല്ലെങ്കില്‍ അധ്യാപകര്‍.

8. ഗ്രന്ഥശാലകളിലും വായനശാലകളിലും ലൈബ്രേറിയന്‍/അസിസ്റ്റന്റ് ലൈബ്രേറിയന്‍/ഭരണചുമതലയുള്ള മറ്റ് ജീവനക്കാര്‍.

9. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും വിമാനത്താവള മാനേജര്‍/എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യാ ഉദ്യോഗസ്ഥര്‍, വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളിലെയും ഉദ്യോഗസ്ഥര്‍, കൂടാതെ പൊതുജനാരോഗ്യം അല്ലെങ്കില്‍ ആരോഗ്യസേവന വകുപ്പുകളിലെ ഡയറക്ടര്‍മാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരില്‍  ഭരണചുമതലയുള്ള ഉദ്യോഗസ്ഥര്‍, പുകയില വിരുദ്ധസെല്ലിന്റെ ജില്ലാ സംസ്ഥാനതലത്തിലുള്ള നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പ്രത്യേക അധികാരപരിധികളില്ലാതെ എല്ലാ പൊതുസ്ഥലങ്ങളിലും അധികാരപരിധിയുള്ള സ്ഥലങ്ങളിലും പുകവലി നിരോധന നടപടികള്‍ക്കും പിഴചുമത്തുന്നതിനും ചുമതലപ്പെട്ടവരാണ്.

ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന്മാരോട് നിസ്സഹകരിക്കുന്നവരെയും സ്വന്തം പേരോ മേല്‍വിലാസമോ വെളിപ്പെടുത്തുവാന്‍ വിസ്സമ്മതിക്കുന്നവരെയും തടഞ്ഞുവച്ച് ഉടനടി അടുത്തുള്ള മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി നിയമനടപടികള്‍ക്ക് വിധേയമാക്കാനും ഈ ഉദ്യോഗസ്ഥന്മാര്‍ക്ക് അധികാരമുണ്ട്.