സേവനാവകാശ നിയമം

മുസാഫിര്‍

2018 നവംബര്‍ 24 1440 റബിഉല്‍ അവ്വല്‍ 16

കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്നത് പതിവു കാഴ്ചകളില്‍ പെട്ടതാണ്. വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കാനായി ഉദ്യോഗസ്ഥര്‍ക്ക് 'കൈമടക്ക്' നല്‍കുന്ന സംഭവങ്ങള്‍ പുതുമയുള്ളതല്ല. സര്‍ക്കാര്‍ ഓഫീസുകളിലെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കാന്‍ പാര്‍ലമെന്റ് 2005ല്‍ വിവരാവകാശ നിയമം നിര്‍മിച്ചു. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് കേരള നിയമസഭ സേവനാവകാശ നിയമം പാസ്സാക്കിയത്. 2012 നവംബര്‍ 1 മുതല്‍ ഈ നിയമം സംസ്ഥാനത്ത് നടപ്പിലായതോടെ സേവനം പൗരന്റെ അവകാശമാക്കിക്കൊണ്ടുള്ള നിയമം നിര്‍മിച്ച 13ാമത്തെ സംസ്ഥാനമായി കേരളം മാറി. സേവനാവകാശം ഇന്ത്യയില്‍ ആദ്യമായി പാസ്സാക്കിയ സംസ്ഥാനം (2010ല്‍) മധ്യപ്രദേശ് ആണ്. 

പൗരാവകാശ രേഖ

പൗരനും സര്‍ക്കാരും തമ്മിലുള്ള ഉടമ്പടിയാണ് പൗരാവകാശ രേഖ (ഇശശ്വേലി രവമൃലേൃ). സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുക എന്നത് സര്‍ക്കാരുദ്യോഗസ്ഥന്റെ ചുമതലയാണ്. ഗുണനിലവാരമുള്ള സേവനം സമയബന്ധിതമായി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 1991ല്‍ ബ്രിട്ടനില്‍ സിറ്റിസണ്‍ ചാര്‍ട്ടര്‍ പ്രോഗ്രാം അവിഷ്‌കരിച്ചത്. 1997ല്‍ ഈ പരിഷ്‌കാരം ഇന്ത്യയും സ്വീകരിച്ചു.

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പൗരാവകാശ രേഖ പ്രസിദ്ധീകരിക്കണമെന്ന് 1999 ഡിസംബര്‍ 21ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പൗരാവകാശ രേഖയില്‍ വിളംബരം ചെയ്ത ഒരു സേവനം സമയപരിധിക്കകം അപേക്ഷകന് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വാഗ്ദത്ത ലംഘനമായി കണക്കാക്കും. എന്നാല്‍ വാഗ്ദാനം ലംഘിച്ച ഉദ്യോഗസ്ഥനെ ശിക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തിക്കൊണ്ട് സേവനത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ ശിക്ഷിക്കാന്‍ കൂടിയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സേവനാവകാശ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയത്. സേവനാവകാശ നിയമപ്രകാരം അപേക്ഷ നല്‍കേണ്ടത് അതാത് ഓഫീസുകൡ തന്നെയാണ്. ഉദാഹരണത്തിന് വരുമാനസര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ വില്ലേജ് ഓഫീസിലാണ് നല്‍കേണ്ടത്. വില്ലേജ് ഓഫീസറാണ് ഡസിഗ്നേറ്റ് ഓഫീസര്‍. അദ്ദേഹം അപേക്ഷ സ്വീകരിച്ച ഉടനെ രസീത് അപേക്ഷകന് നല്‍കണം. ആറ് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. വില്ലേജ് ഓഫീസറുടെ ഒന്നാം അപ്പീല്‍ അധികാരി തഹസില്‍ദാരാണ്. രണ്ടാം അപ്പീല്‍ അധികാരി ആര്‍.ഡി.ഒ. നിശ്ചിത ദിവസത്തിനകം സേവനം ലഭിച്ചില്ലെങ്കിലാണ് അപ്പീല്‍.

മതിയായതും യുക്തിസഹവുമായ കാരണമില്ലാതെ സേവനം നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് രണ്ടാം അപ്പീല്‍ അധികാരിക്ക് ബോധ്യപ്പെട്ടാല്‍ 500 രൂപ മുതല്‍ 5000 രൂപ വരെ പിഴചുമത്താം. ന്യായമായ കാരണമില്ലാതെ ഉദ്യോഗസ്ഥന്‍ വിവരം നിഷേധിച്ചാലും ഈ ശിക്ഷ ലഭിക്കും. സേവനം നല്‍കുന്നതില്‍ ഉദ്യോഗസ്ഥന്‍ കാലതാമസം വരുത്തുകയാണെങ്കില്‍ സേവനം വൈകിക്കുന്ന ഓരോദിവസത്തിനും 250 രൂപ നിരക്കില്‍ പരമാവധി 5000 രൂപ വരെ പിഴചുമത്താന്‍ കഴിയും. ഇതേ വീഴ്ച ഒന്നാം അപ്പീല്‍ അധികാരിയാണ് വരുത്തുന്നതെങ്കിലും 500 രൂപ മുതല്‍ 5000 വരെ പിഴ ചുമത്താം.

സേവനത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥനോ ഒന്നാം അപ്പീല്‍ അധികാരിയോ മതിയായ കാരണമില്ലാതെ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് രണ്ടാം അപ്പീല്‍ അധികാരിക്ക് ബോധ്യമായാല്‍ സര്‍വീസ് ചട്ടപ്രകാരം അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ എന്നിവ സേവന അവകാശ ഉദ്യോഗസ്ഥന്‍, അപ്പീല്‍ അധികാരികള്‍ എന്നിവര്‍ ആരൊക്കെയെന്ന് ആറുമാസത്തിനകം വിജ്ഞാപനം ചെയ്യണം. (ഇതുപ്രകാരം നിരവധി വകുപ്പുകള്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്). ആവശ്യപ്പെട്ട സേവനം നല്‍കാന്‍ നിര്‍വാഹമില്ലെങ്കില്‍ ഇക്കാര്യം രേഖാമൂലം നിശ്ചിത സമയത്തിനകം തന്നെ ഉദ്യോഗസ്ഥന്‍ അപേക്ഷകനെ അറിയിക്കണം.

അപേക്ഷ നിരസിക്കപ്പെട്ടാല്‍ ഒന്നാം അപ്പീലധികാരി മുമ്പാകെ 30 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കണം. യഥാസമയം അപ്പീല്‍ സമര്‍പ്പിക്കാതിരുന്നതിന് തക്കതായ കാരണങ്ങളുണ്ടെങ്കില്‍ അപ്പീല്‍ അധികാരിക്ക് ബോധ്യമായാലും അപേക്ഷ പരിഗണിക്കാം.

ന്യായമായ കാരണമില്ലാതെയാണ് ഉദ്യോഗസ്ഥന്‍ സമയപരിധിക്കുള്ളില്‍ സേവനം നല്‍കാതിരുന്നതെന്ന് ബോധ്യമായാല്‍ ശിക്ഷ വിധിക്കാന്‍ രണ്ടാം അപ്പീല്‍ അധികാരിക്കും കഴിയും. അപ്പീല്‍ അധികാരിയുടെ നിര്‍ദേശം ഉദ്യോഗസ്ഥന്‍ നടപ്പിലാക്കാതിരുന്നാല്‍ ഒന്നാം അപ്പീല്‍ സമര്‍പ്പിക്കാതെ തന്നെ നേരിട്ട് രണ്ടാം അപ്പീല്‍ അധികാരിയെ അപേക്ഷകന് സമീപിക്കാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ഒന്നാം അപ്പീല്‍ അധികാരിയോ സേവന അവകാശ നിയമപ്രകാരമുള്ള ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് രണ്ടാം അപ്പീല്‍ അധികാരിക്ക് ബോധ്യമായാല്‍ വകുപ്പുതല ശിക്ഷാ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യാനും അധികാരമുണ്ട്.

സേവനാവകാശ നിയമത്തിന്റെ സവിശേഷതകള്‍

1. സമൂഹത്തിന്റെ സുസ്ഥിരമായ വികസനത്തിന് അനിവാര്യമാണ് കാര്യക്ഷമമായ ഭരണം. സുതാര്യതയും പ്രതിബദ്ധതയും പ്രതികരണ സ്വഭാവവും ജനാധിപത്യത്തിന്റെ അവശ്യഘടകങ്ങളാണ്.

2. ഭരണരംഗത്തെ സുതാര്യതയാണ് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതയും പ്രതികരണവുമാണ് സേവനാവകാശ നിയമം ഉറപ്പുവരുത്തേണ്ടത്.

3. ഫലപ്രദവും സമയബന്ധിതവുമായ സേവനം പൗരന് ഉറപ്പുനല്‍കുന്നു.

4. അപേക്ഷ നിരസിച്ചാല്‍ അതിനുള്ള കാരണം എഴുതി നല്‍കണം. അക്കാര്യം അപേക്ഷകനെ അറിയിച്ചിരിക്കണം.

5. അപേക്ഷയ്ക്ക് രസീത് നല്‍കിയിരിക്കണം. ഏതെങ്കിലും രേഖ അപേക്ഷകന്‍ ഹാജരാക്കേണ്ടതുണ്ടെങ്കില്‍ അക്കാര്യവും വ്യക്തമാക്കിയിരിക്കണം.

6. വിവരം നല്‍കേണ്ട സമയപരിധിയില്‍നിന്ന് പൊതു അവധി ദിവസങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു.

7. എന്തെല്ലാം സേവനങ്ങള്‍ എത്ര ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്നും അത് ലഭ്യമാക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും വ്യക്തമാക്കുന്ന ബോര്‍ഡ് ഓഫീസില്‍ പ്രദര്‍ശിപ്പിക്കണം.

8. 30 ദിവസത്തിനുള്ളില്‍ ഒന്നാം അപ്പീല്‍.

9. അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതിന് ഫീസില്ല.

10. 60 ദിവസത്തിനകം രണ്ടാം അപ്പീല്‍.

11. രേഖ ലഭ്യമാക്കേണ്ട സമയ പരിധിതന്നെയാണ് രണ്ടാം അപ്പീലുകള്‍ തീര്‍പ്പുകല്‍പിക്കേണ്ടത്.

12. അപ്പീല്‍ അധികാരികള്‍ക്ക്  സിവില്‍കോടതിയുടെ അധികാരമുണ്ട്.