ഉപഭോക്തൃ തര്‍ക്കപരിഹാര വേദികള്‍

മുസാഫിര്‍

2018 ദുല്‍ക്വഅദ 29 1439 ആഗസ്ത് 11

ദേശീയതലത്തില്‍ ഒരു ഉപഭോക്തൃ തര്‍ക്കപരിഹാര നാഷണല്‍ കമ്മീഷന്‍, സംസ്ഥാനതലത്തില്‍ ഓരോ ഉപഭോക്തൃ തര്‍ക്കപരിഹാര സംസ്ഥാന കമ്മീഷന്‍, ജില്ലകള്‍ തോറും ഉപഭോക്തൃ തര്‍ക്കപരിഹാര ജില്ലാ ഫോറങ്ങള്‍ ഇങ്ങനെ മൂന്നുതരം സ്ഥാപനങ്ങളാണ് ഈ നിയമപ്രകാരമുള്ളത്. 

ഇരുപത് ലക്ഷം രൂപയില്‍ കവിയാത്ത തര്‍ക്കങ്ങള്‍ക്ക് പരാതി കൊടുക്കേണ്ടത് ജില്ലാ ഫോറത്തിലും ഇരുപത് ലക്ഷത്തിലധികവും ഒരു കോടി കവിയാത്തതുമാണെങ്കില്‍ സംസ്ഥാന കമ്മീഷനിലും ഒരു കോടിയില്‍ അധികമാണെങ്കില്‍ ദേശീയ കമ്മീഷനിലുമാണ് പരാതി കൊടുക്കേണ്ടത്. 

പരാതി എഴുതിക്കൊടുക്കണമെന്ന് മാത്രമെ നിയമം നിഷ്‌കര്‍ഷിക്കുന്നുള്ളൂ. നിശ്ചിത മാതൃകയൊന്നും ഇല്ല. അഭിഭാഷകനെ ഏര്‍പെടുത്തണമെന്ന് നിര്‍ബന്ധമില്ല. എതിര്‍കക്ഷിയുടെ മേല്‍വിലാസം എഴുതണം. തര്‍ക്കവിഷയം 100 ഗ്രാം ചായപ്പൊടിയാണെന്ന് വിചാരിക്കുക. അത് ആരില്‍നിന്ന് വാങ്ങിയെന്നും വില എത്ര കൊടുത്തെന്നും എന്ന് വാങ്ങിയെന്നും പരാതിയിലെഴുതല്‍ നിര്‍ബന്ധം. മായം ചേര്‍ത്തതായി കണ്ടതാണെങ്കില്‍ അതെഴുതണം. തൂക്കക്കുറവാണ് പരാതിയെങ്കില്‍ അതാണ് എഴുതേണ്ടത്.

ജില്ലാഫോറം പരാതി കച്ചവടക്കാരന് അയച്ചുകൊടുക്കും. ഒരു മാസത്തിനുള്ളില്‍ മറുപടി ബോധപ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് മറുപടിയുടെ ഒരു പകര്‍പ്പ് പരാതിക്കാരന് നേരിട്ടയക്കാനും നിര്‍ദേശിക്കും. കച്ചവടക്കാരന്‍ മറുപടി അയച്ചാലും ഇല്ലെങ്കിലും 30 ദിവസത്തെ അവധി കഴിഞ്ഞാല്‍ തര്‍ക്കവിചാരണക്ക് ഒരു തീയതി നിശ്ചയിച്ച് ഇരുകക്ഷികള്‍ക്കും നോട്ടീസയക്കും. നിശ്ചിത തീയതിയില്‍ വിചാരണ നടക്കും. പരാതി കൊടുത്ത ആള്‍ക്ക് പറയാനുള്ളത് നേരിട്ട് ഫോറം മുമ്പാകെ പറഞ്ഞാല്‍ മതി. എതിര്‍കക്ഷി ഹാജറുണ്ടെങ്കില്‍ അയാള്‍ പറയുന്നതും കേള്‍ക്കും. മറ്റു തെളിവുകളുണ്ടെങ്കില്‍ അതും ഹാജറാക്കാം. കേസ് വിധി പറയാന്‍ ഒരു ദിവസം നിശ്ചയിക്കും. നിശ്ചിത ദിവസം വിധിപറയും. വിധി എതിര്‍കക്ഷിക്കെതിരാണെങ്കില്‍ അത് അനുസരിക്കാതിരുന്നാല്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതുകൊണ്ട് വിധി അനുസരിക്കാന്‍ എതിര്‍കക്ഷികള്‍ നിര്‍ബന്ധിതരാകും. 

ഉപഭോക്തൃ വേദികള്‍ക്ക് മറ്റു കോടതികളുമായുള്ള പ്രധാന വ്യത്യാസം തെളിവിന്റെ കാര്യത്തിലുള്ള സമീപനമാണ്. തെളിവ് നിയമം എന്ന ഒരു പ്രത്യേക നിയമമുണ്ട്. ആ നിയമത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള തെളിവുകള്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കേണ്ട ആവശ്യം ഉപഭോക്തൃ തര്‍ക്കപരിഹാര വേദികള്‍ക്കില്ല. കേസ് കേള്‍ക്കുന്ന, അതിന്റെ പ്രസിഡന്റിനും അംഗങ്ങള്‍ക്കും ബോധ്യപ്പെട്ടാല്‍ മതി.

ജില്ലാ ഫോറത്തിന്റെ പ്രസിഡന്റ് ജില്ലാ ജഡ്ജിയായി നിയമിക്കപ്പെടാന്‍ യോഗ്യതയുള്ള ആളായിരിക്കണം. പ്രസിഡന്റിന് പുറമെയുള്ള രണ്ട് അംഗങ്ങള്‍ക്ക് പ്രത്യേക യോഗ്യതകളൊന്നും നിശ്ചയിച്ചിട്ടില്ല. ഉപഭോക്തൃ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള അറിവും അവയില്‍ താല്‍പര്യവും ഉണ്ടായാല്‍ മതി. സംസ്ഥാന കമ്മീഷന്റെ പ്രസിഡന്റ് ഉദ്യോഗത്തിലിരിക്കുന്നതോ റിട്ടയര്‍ ചെയ്തതോ ആയ ജഡ്ജിയായിരിക്കണം. ദേശീയ കമ്മീന്റെ ചെയര്‍മാന്‍ സുപ്രീം കോടതി ജഡ്ജിയോ റിട്ടയര്‍ ചെയ്ത സുപ്രീം കോടതി ജഡ്ജിയോ ആയിരിക്കണം.