റാഗിങ്ങ് നിരോധന നിയമം

മുസാഫിര്‍

2018 സെപ്തംബര്‍ 01 1439 ദുല്‍ഹിജ്ജ 20

റാഗിങ്ങ് തടയുന്നതിനു വേണ്ടി കേരളത്തില്‍ നിലവിലുള്ള ദി കേരള പ്രൊഹിബിഷന്‍ ഓഫ് റാഗിങ്ങ് ആക്ട് 1998 ഒരു ദ്വിതല സംവിധാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംവിധാനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവനില്‍ ചില ചുമതലകള്‍ നിക്ഷിപ്തമാണ്. അദ്ദേഹം തനിക്ക് ലഭിച്ച റാഗിങ്ങ് സംബന്ധമായ പരാതിയിന്‍മേല്‍ നടത്തുന്ന അന്വേഷണം വളരെ പ്രധാനപ്പെട്ടതാണ്. അന്വേഷണത്തില്‍ പരാതി കഴമ്പുള്ളതാണെന്ന് ബോധ്യപ്പെട്ടാല്‍ പരാതി പോലീസിന് കൈമാറണം. ബാക്കി അന്വേഷണത്തിനും തുടര്‍ന്നുള്ള കോടതി നടപടികള്‍ക്കും പോലീസാണ് ചുമതല വഹിക്കുന്നത്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് മാനസികമോ ശാരീരികമോ ആയ ഉപദ്രവം ഉണ്ടാക്കുകയോ ആ വിദ്യാര്‍ഥിയില്‍ ഭീതിയോ ജാള്യതയോ വേവലാതിയോ നാണക്കേടോ ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയോ ചെയ്താല്‍ അയാളെ റാഗ് ചെയ്തതായി പറയാം. ഒരു വിദ്യാര്‍ഥിയെ കളിയാക്കുക, ആക്ഷേപിക്കുക, അയാളെ പരിഹാസപാത്രമാക്കുന്ന രീതിയിലുള്ള തമാശകള്‍ കാണിക്കുക തുടങ്ങിയവയെല്ലാം സാധാരണഗതിയില്‍ റാഗിങ്ങിന്റെ നിര്‍വചനത്തില്‍ വരുന്ന പ്രവൃത്തികളാണ്. റാഗിങ്ങ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ വച്ചോ, പുറത്ത് വച്ചോ എവിടെവച്ച് നടന്നാലും നിയമവിരുദ്ധമായ നടപടിയാണ്.

റാഗിങ്ങ് നടത്തുന്ന വ്യക്തിക്ക് രണ്ട് കൊല്ലം വരെ തടവുശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്നതാണ്. കൂടാതെ ആ വിദ്യാര്‍ഥിയെ അയാള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും ഡിസ്മിസ് ചെയ്യുന്നതും അയാള്‍ക്ക് മറ്റേതൊരു സ്ഥാപനത്തിലും അടുത്ത മൂന്ന് കൊല്ലത്തേക്ക് പ്രവേശനം ലഭിക്കാത്തതുമാണ്.

ഏതെങ്കിലും ഒരു വിദ്യാര്‍ഥിയോ രക്ഷകര്‍ത്താവോ മാതാപിതാക്കളോ അധ്യാപകരോ റാഗിങ്ങ് സംബന്ധിച്ച് രേഖാമൂലം പരാതി ഉന്നയിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവന്‍ ആ പരാതിയിന്‍മേല്‍ പരാതി ലഭിച്ച് ഏഴ് ദിവസത്തിനകം അന്വേഷണം നടത്തേണ്ടതാണ്. പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ കുറ്റാരോപിതനായ വിദ്യാര്‍ഥിയെ സസ്‌പെന്റ് ചെയ്യുകയും റാഗിങ്ങ് സംബന്ധിച്ചുള്ള പരാതി പോലീസിന് കൈമാറുകയും ചെയ്യണം. പരാതിയില്‍ കഴമ്പില്ലെങ്കില്‍ പരാതി ഉന്നയിച്ച വിദ്യാര്‍ഥിയെ രേഖാമൂലം അക്കാര്യം അറിയിക്കേണ്ടതുമാണ്. മേല്‍പറഞ്ഞ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അദ്ദേഹം റാഗിങ്ങിന് പ്രേരകമായ രീതിയില്‍ പ്രവര്‍ത്തിച്ചതായി ഗണിച്ചുകൊണ്ട് റാഗിങ്ങ് നടത്തിയ വ്യക്തിക്ക് നല്‍കാവുന്ന തടവുശിക്ഷയ്ക്കും പിഴയ്ക്കും അര്‍ഹനാകുന്നതാണ്.

കേരള റാഗിങ്ങ് നിരോധന നിയമം കൂടാതെ റാഗിങ്ങ് തടയുന്നത് സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി ഒരു കേസിന്റെ വിധിന്യായത്തില്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. റാഗിങ്ങ് ഉണ്ടായതിനു ശേഷം അച്ചടക്ക നടപടി എടുക്കുന്നതിനെക്കാള്‍ റാഗിങ്ങിന് എതിരായുള്ള വികാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിരന്തരമായ കര്‍മ പരിപാടികളിലൂടെ വളര്‍ത്തിയെടുക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ റാഗിങ്ങ് തടയുന്ന കാര്യത്തില്‍ നിഷ്‌ക്രിയമായ സ്ഥാപനങ്ങളുടെ അഫിലിയേഷന്‍ റദ്ദ് ചെയ്യുന്നതിനെക്കുറിച്ചും സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നതിനെപ്പറ്റിയും സുപ്രീം കോടതി നിര്‍ദേശങ്ങളില്‍ പരാമര്‍ശമുണ്ട്.

റാഗിങ്ങ് സംബന്ധമായ നിയമസഹായത്തിന് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും യു.ജി.സിക്കും ഹെല്‍പ്‌ലൈന്‍ ലഭ്യമാണ്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി

നിയമസഹായ ഭവന്‍, ഹൈക്കോര്‍ട്ട് കോമ്പൗണ്ട്,

എറണാകുളം, കൊച്ചി-682031.

ടെലി/ഫാക്‌സ്: 0484-2396717

ഇ-മെയില്‍: kelsakerala@gmail.com, website: www.kelsa.gov.in

കെല്‍സയുടെ 24 മണിക്കൂര്‍ ഹൈല്‍പ്‌ലൈന്‍-9846 700 100

യു.ജി.സി യുടെ 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍-1800 180 5522

ഇ-മെയില്‍: helpline@antiragging.net