സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 16
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ജനുവരി 20, 1445 റജബ് 8
അധ്യായം: 39, ഭാഗം 16 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
71. സത്യനിഷേധികൾ കൂട്ടംകൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവർ അതിന്നടുത്തു വന്നാൽ അതിന്റെ വാതിലുകൾ തുറക്കപ്പെടും. നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങൾ ഓതിക്കേൾപിക്കുകയും നിങ്ങൾക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾക്ക് താക്കീത് നൽകുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തിൽനിന്നുതന്നെയുള്ള ദൂതന്മാർ നിങ്ങളുടെ അടുക്കൽ വന്നിട്ടില്ലേ എന്ന് അതിന്റെ (നരകത്തിന്റെ) കാവൽക്കാർ അവരോട് ചോദിക്കുകയും ചെയ്യും. അവർ പറയും: അതെ. പക്ഷേ, സത്യനിഷേധികളുടെ മേൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുപോയി.
72. (അവരോട്) പറയപ്പെടും: നിങ്ങൾ നരകത്തിന്റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതിൽ നിത്യവാസികളായിരിക്കും. എന്നാൽ അഹങ്കാരികളുടെ പാർപ്പിടം എത്ര ചീത്ത!
73. തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവർ സ്വർഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങൾ തൂറന്നുവെക്കപ്പെട്ട നി ലയിൽ അവർ അതിന്നടുത്ത് വരുമ്പോൾ അവരോട് അതിന്റെ കാവൽക്കാർ പറയും: നിങ്ങൾക്ക് സമാധാനം. നിങ്ങൾ സംശുദ്ധരായിരിക്കുന്നു. അതിനാൽ നിത്യവാസികളെന്ന നിലയിൽ നിങ്ങൾ അതിൽ പ്രവേശിച്ചുകൊള്ളുക.
74. അവർ പറയും: നമ്മളോടുള്ള തന്റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വർഗത്തിൽനിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വർഗ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോൾ പ്രവർത്തിച്ചവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!
75. മലക്കുകൾ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീർത്തനം ചെയ്തുകൊണ്ട് സിംഹാസനത്തിന്റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക് കാണാം. അവർക്കിടയിൽ സത്യപ്രകാരം വിധികൽപിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്ന് പറയപ്പെടുകയും ചെയ്യും.

71). സൃഷ്ടിക്കുകയും ഉപജീവനം നൽകുകയും നിയന്ത്രിക്കു കയും ചെയ്യുന്ന തന്റെ പടപ്പുകൾക്കിടയിൽ അവൻ വിധി പറയുമെന്നാണ് അല്ലാഹു പറയുന്നത്. ഇഹലോകത്ത് അവരെ അവൻ ഒരുമിച്ചുകൂട്ടി. പരലോകത്തും അവൻ ഒരുമിച്ചുകൂട്ടും. പ്രതിഫലം നൽകുമ്പോൾ അവൻ അവരെ വേർതിരിക്കും. ഇഹലോകത്ത് വിശ്വാസിയും അവിശ്വാസിയുമായി വേർതിരിച്ചതുപോലെയും ധർമനിഷ്ഠയുടെയും അധാർമികതയുടെയും അടിസ്ഥാനത്തിൽ വേർതിരിക്കൽ പോലെയും. അല്ലാഹു പറയുന്നു: (സത്യനിഷേധികൾ കൂട്ടംകൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും) പ്രയാസകരമായി തെളിച്ചുകൊണ്ടുപോകും. ബലവന്മാരായ മലക്കുകൾ ചാട്ടവാറുകൾകൊണ്ട് അടിച്ചു വേദനിപ്പിക്കും. ഏറെ പ്രയാസമായ തടങ്കലിൽ മോശമായ സ്ഥലത്ത് എല്ലാ ദുരന്തങ്ങളും ഒത്തുചേരുന്ന നരകത്തിലാണത്. ഒരു സന്തോഷത്തിനും അവിടെ അവസരമില്ല.
يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا
“അവർ നരകാഗ്നിയിലേക്ക് ശക്തിയായ പിടിച്ചു തള്ളപ്പെടുന്ന ദിവസം’’ (52:13). പ്രവേശിക്കാൻ വിസമ്മതിക്കുന്നതുകൊണ്ടാണ് അങ്ങനെ ബലത്തോടുകൂടി തള്ളിവിടുന്നത്.
അതിലേക്ക് അവരെ കൊണ്ടുപോകുന്നത് (കൂട്ടം കൂട്ടമായി). വ്യത്യസ്ത സംഘങ്ങൾ, ഓരോ കൂട്ടത്തിലും അവർ പരസ്പരം തിന്മക ളാൽ സമാനരായിരിക്കും. അവർ പരസ്പരം ശപിച്ചുകൊണ്ടിരിക്കുകയും ചിലർ ചിലരിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യും. (അങ്ങനെ അവർ അതിനടുത്ത് വന്നാൽ) അതെ, അതിന്റെ മുറ്റത്തെത്തിയാൽ. (തുറക്കപ്പെടും) അവർ വരുമ്പോൾ അവരുടെ ആഗമനത്തെ സ്വീകരിക്കാൻ. (അതിന്റെ കാവൽക്കാർ അവരോട് ചോദിക്കും) നിത്യദുരന്തത്തിന്റെ ആശംസകൾ അവർ അവർക്ക് നേരും; അനന്തമായ ശിക്ഷയും. അവർ ചെയ്ത തിന്മകളിൽ അവരെ ആസ്വാദകരാക്കി. ആ പ്രവർത്തനങ്ങളാണ് അവരെ ഇവിടെ എത്തിച്ചത്.
(നിങ്ങളുടെ കൂട്ടത്തിൽനിന്നുള്ള ദൂതന്മാർ നിങ്ങളുടെ അടുക്കൽ വന്നിട്ടില്ലേ?) നിങ്ങളിൽപെട്ട, നിങ്ങൾക്കറിയാവുന്ന, അവരുടെ സത്യസന്ധത നിങ്ങൾക്ക് ബോധ്യപ്പെട്ടവർ. നിങ്ങൾക്ക് അവരെ സ്വീകരിക്കാമായിരുന്നു. (നിങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങൾ ഓതിക്കേൾപ്പിക്കുകയും) അവരിൽ അല്ലാഹു ഏൽപിച്ച വ്യക്തമായ പ്രമാണവും ദൃഢമായ സത്യവും ഉൾക്കൊള്ളണം. (ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾക്ക് താക്കീത് നൽകുന്നു) ആ ദിനത്തിലെ ശിക്ഷയെ ഭയപ്പെടുകയും നിർബന്ധമായി അവരെ പിൻപറ്റുകയും സൂക്ഷ്മത കൈക്കൊള്ളുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ നിങ്ങൾ വിപരീത പാതയാണ് സ്വീകരിക്കുന്നത്.
(അവർ പറയും) അവരുടെ തെറ്റുകൾ അംഗീകരിച്ചുകൊണ്ടുതന്നെ. അല്ലാഹുവിന്റെ തെളിവ് അവർക്കെതിരാണ്. (അതെ), വ്യക്തമായ തെളിവും ദൃഷ്ടാന്തവുമായി ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതന്മാർ വന്നിരുന്നു. ശരിയായി അവർ ഞങ്ങൾക്ക് വിശദീകരിച്ചു തരികയും ചെയ്തു. ഈ ദിവസത്തിന്റെ ഭയാനകതയെക്കു റിച്ച് ഞങ്ങൾക്ക് അവർ താക്കീത് നൽകി. (പക്ഷേ, സത്യനിഷേധികളുടെമേൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുപോയി) അവരുടെ നിഷേധമാണ് അതിന്റെ കാരണം. ശിക്ഷയുടെ വചനം അവരുടെമേൽ പുലർന്നു. അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുന്നവരും പ്രവാചകന്മാർ കൊണ്ടുവരുന്നത് നിഷേധിക്കുന്നവരു മായ സർവരുടെയും കാര്യമിതാണ്. അവർക്കെതിരെ വന്ന തെളിവും അവരുടെ കുറ്റങ്ങളും അവരേറ്റെടുത്തു.
72). (പറയപ്പെടും) അവരെ നിന്ദ്യരും നിസ്സാരരുമാക്കുന്നവിധം. (നിങ്ങൾ നരകത്തിന്റെ വാതിലുകളിലൂടെ പ്രവേശിക്കുക) ഓരോ വിഭാഗവും അവർക്ക് അനുയോജ്യമായ കവാടങ്ങളിലൂടെ പ്രവേശിക്കും. അവരുടെ പ്രവർത്തനങ്ങൾക്ക് അനുസൃതവുമായ വാതിലുകളിൽ. (അതിൽ നിത്യവാസികളായിരിക്കും) എക്കാലത്തും അവിടംവിട്ട് അവർ പോകില്ല. ഒരു സമയത്തും ശിക്ഷ അവർക്ക് ഒരിടവേള നൽകില്ല. അവർ തിരിഞ്ഞുനോക്കപ്പെടില്ല. (എന്നാൽ, അഹങ്കാരികളുടെ പാർപ്പിടം എത്ര ചീത്ത) ചീത്ത സങ്കേതം. നരകമാണാ സങ്കേതം. സത്യത്തോടു കാണിച്ച അഹങ്കാരത്തിന്റെ ഫലമായി പ്രവർത്തനങ്ങൾക്കനുസരിച്ച പ്രതിഫലം നിന്ദ്യതയും അപമാനവും അവഗണനയും.
73). തുടർന്ന് പറയുന്നത് സ്വർഗക്കാരെ കുറിച്ചാണ്. (തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവർ നയിക്കപ്പെടും) അവന്റെ ഏകത്വം അംഗീകരിച്ചും അവന്റെ കൽപനകൾ അനുസരിച്ചുമുള്ള ആദരവിന്റെയും അഭിമാനത്തിന്റെയും നടത്തം. (ശ്രേഷ്ഠരായ സംഘമായി അവർ ഒരുമിച്ചുകൂട്ടപ്പെടും). (സ്വർഗത്തിലേക്ക് കൂട്ടംകൂട്ടമായി) സന്തോഷിച്ചാഹ്ലാദിച്ചുകൊണ്ട്. ഓരോ സംഘവും അവർക്ക് പറ്റിയവരോടൊപ്പം, അവരുടെ പ്രവർത്തനങ്ങളിൽ സമാനതകളുണ്ടാകും. (അവർ അതിനടുത്ത് വരുമ്പോൾ) ആ സന്തോഷ പരിസരങ്ങളിൽ അവരെത്തിയാൽ, ആ പരിശുദ്ധ ഭവനങ്ങളിൽ. അവിടുത്തെ സുഖസന്നാഹം. കാറ്റും അവർക്കുമേൽ അടിച്ചുവീശും. ആ അനുഗ്രഹങ്ങളോട് അവർ അടുത്തു. (തുറന്നുവെക്കപ്പെട്ടു) അവർക്കുവേണ്ടി. (കവാടങ്ങൾ) ആദരിക്കാനായി തുറന്നു. പടപ്പുകളിൽ ആദരണീയരായ (അതിന്റെ കാവൽക്കാർ അവരോട് പറയും) നിങ്ങൾക്ക് സ്വാഗതം. നിങ്ങൾക്ക് മംഗളം. (നിങ്ങൾക്ക് സമാധാനം) എല്ലാ ദുരന്തങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും. (നിങ്ങൾ സംശുദ്ധരായിരിക്കുന്നു) നിങ്ങളുടെ ഹൃദയങ്ങൾ പരിശുദ്ധമായി. അല്ലാഹുവിനെ സ്‌നേഹിച്ചും ഭയപ്പെട്ടും നിങ്ങളുടെ നാവുകൾ അവനെ സ്മരിച്ചും നിങ്ങളുടെ ശരീരാവയവഹങ്ങൾ അവനെ അനുസരിച്ചും നിങ്ങൾ സംശുദ്ധരായതിനാൽ. (നിത്യവാസികളെന്ന നിലയിൽ നിങ്ങളതിൽ പ്രവേശിച്ചുകൊള്ളുക) അത് വിശിഷ്ട വീടാണ്. വിശിഷ്ടരെ മാത്രമെ അതിൽ അനുവദിക്കൂ.
നരകം പറഞ്ഞപ്പോൾ: (അതിന്റെ കവാടങ്ങൾ തുറക്കപ്പെടും) എന്നാണ്. സ്വർഗം പറഞ്ഞപ്പോഴാകട്ടെ (തുറന്നുവെക്കപ്പെടുകയും ചെയ്യും). ഈ പ്രയോഗത്തിലെ വ്യത്യാസം; നരകം എത്തുമ്പോഴാണ് തുറക്കുന്നത്. കാത്തിരിപ്പോ സാവകാശമോ ഇല്ല. അവരുടെ മുമ്പിൽ വെച്ചാണ് തുറക്കുന്നത്. അവരെത്തിക്കഴിഞ്ഞ ശേഷം. അതിന്റെ ചൂടും ശിക്ഷയുടെ കാഠിന്യവുമാണ് കാരണം.
(എന്നാൽ, സ്വർഗം. അത് ഉന്നതവും വിലയേറിയതുമാണ്. എല്ലാവർക്കും അതിൽ എത്തിപ്പെടാനാവില്ല. അതിന് തക്കതായ കാരണമുണ്ടാവണം. ആദരണീയരായ ശിപാർശകരും ആവശ്യമാണ്. അവർ എത്തി എന്നതല്ല തുറക്കാൻ കാരണം. മുഹമ്മദ് നബിﷺയുടെ അല്ലാഹുവിലേക്കുള്ള ശിപാർശ അവൻ സ്വീകരിക്കണം. നരകത്തിനും സ്വർഗത്തിനും വാതിലുകളുണ്ടെന്നും അത് തുറക്കപ്പെടുകയും അടക്കപ്പെടുകയും ചെയ്യുമെന്നും ഈ വചനങ്ങൾ വ്യക്തമാക്കുന്നു. അവയ്ക്ക് കാവൽക്കാരുമുണ്ട്. അവ രണ്ടും പ്രത്യേക ഭവനങ്ങളാണ്. രണ്ടിലും അവകാശികൾ മാത്രമെ പ്രവേശിക്കൂ. മറ്റു സ്ഥലങ്ങളും വീടുകളും പോലെയല്ല)
74). (അവർ പറയുകയും ചെയ്യും) അതിലവർ പ്രവേശിക്കുമ്പോൾ. അതിൽ സ്ഥിരവാസികളാകുമ്പോൾ അതിനവരെ അർഹരാക്കിയ രക്ഷിതാവിനെ അവർ വാഴ്ത്തും. അവർക്ക് അതിന് അനുഗ്രഹവും അതിലേക്ക് മാർഗം കാണിക്കുകയും ചെയ്തവന്. (തന്റെ വാഗ്ദാനം സത്യമായി പാലിച്ച അല്ലാഹുവിന് സ്തുതി) പ്രവാചകന്മാരുടെ നാവിലൂടെ അവൻ ഞങ്ങൾക്ക് ഉറപ്പു നൽകി; ഞങ്ങൾ വിശ്വസിക്കുകയും നല്ലവരാവുകയും ചെയ്താൽ സ്വർഗം തരാമെന്ന്്. അതവൻ പൂർത്തിയാക്കി. (ഈ ഭൂമി നമുക്ക് അവകാശപ്പെടുത്തി) സ്വർഗഭൂമി. (സ്വർഗത്തിൽനിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം) അതിൽ ഏത് സ്ഥലത്തും നമുക്ക് ഇറങ്ങാം. അതെങ്ങനെ യും അനുഭവിക്കാം. ഒന്നും നമ്മെ തടയുന്നില്ല.
(അപ്പോൾ പ്രവർത്തിച്ചവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!) കുറഞ്ഞ കാലം അവർ തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കാൻ ക ഠിന പരിശ്രമം നടത്തി. അതിനാൽ വലിയ നേട്ടവും ലഭിച്ചു; അവശേഷിക്കുന്നതും സുസ്ഥിരമായതും.
ഈ ഭവനം യഥാർഥത്തിൽ പ്രശംസിക്കപ്പെടേണ്ടതുതന്നെ. തന്റെ സൃഷ്ടികളിൽ ചിലരെപ്രത്യേകം ആദരിക്കാനുള്ളതാണത്. ഔദാര്യവാൻ അവർക്ക് നൽകിയ വിരുന്ന്. അവനതിനെ ഉന്നതവും മനോഹരവുമാക്കി നിർമിച്ചു. തന്റെ അനുഗ്രഹങ്ങളാൽ കവചിതമാക്കി. ദുഃഖിതനെ സന്തോഷിപ്പിക്കും. വിഷമങ്ങളെല്ലാം നീങ്ങും.

75). (മലക്കുകളെ നിനക്ക് കാണാം) ആ മഹത്തായ ദിനത്തെ നിരീക്ഷിക്കുന്നവന്. (സിംഹാസനത്തിന് ചുറ്റും വലയം ചെയ്യുന്നതായി) തങ്ങളുടെ രക്ഷിതാവിന് സേവനം ചെയ്യുന്നവരായി. സിംഹാസനത്തിന് ചുറ്റും ഒരുമിച്ചുകൂടിയവരായി, അവന്റെ മഹത്ത്വത്തിന് കീഴൊതുങ്ങിയവരായി, അവന്റെ പൂർണത അംഗീകരിച്ചവരായി, അവന്റെ സൗന്ദര്യത്തിൽ മുഴുകിയവരായി. (തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പരിശുദ്ധിയെ പ്രകീർത്തിച്ചുകൊണ്ട്) അവന്റെ മഹത്ത്വത്തിന് യോജിക്കാത്തതിൽനിന്നെല്ലാം അവനെ പരിശുദ്ധപ്പെടുത്തി. ബഹുദൈവവിശ്വാസികൾ അവനിൽ ചേർത്തതിൽ നിന്നും ചേർക്കാത്തതിൽനിന്നുമെല്ലാം.
(അവർക്കിടയിൽ സത്യപ്രകാരം വിധി കൽപിക്കപ്പെടും) സൃഷ്ടികളിൽ ആദികാലക്കാർക്കും പിൽക്കാലക്കാർക്കുമിടിയിൽ. (സത്യ പ്രകാരം) ആശയക്കുഴപ്പങ്ങളില്ലാത്ത, സത്യം സ്വീകരിച്ചവർക്ക് സംശയമില്ലാത്ത.
(ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്ന് പറയുകയും ചെയ്യും) ഇവിടെ, പറയുന്നതാരാണെന്ന് പറഞ്ഞില്ല. എല്ലാവരും പറയുമെന്നർഥം. അവർ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കും; സ്വർഗ-നരകക്കാരെ വേർതിരിക്കുന്നതിലെ അവന്റെ യുക്തിയെ. അവന്റെ ഔദാര്യത്തെയും നീതിയെയും അവർ പുകഴ്ത്തും.

