സൂറ: ഫാത്വിർ(സ്രഷ്ടാവ്), ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ആഗസ്റ്റ് 24, 1446 സ്വഫർ 20
അധ്യായം: 35, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
24. തീർച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവുംകൊണ്ടാണ്. ഒരു സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരൻ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.
25. അവർ നിന്നെ നിഷേധിച്ചുതള്ളുന്നുവെങ്കിൽ അവർക്ക് മുമ്പുള്ളവരും നിഷേധിച്ചുതള്ളിയിട്ടുണ്ട്. അവരിലേക്കുള്ള ദൂതൻമാർ പ്രത്യക്ഷലക്ഷ്യങ്ങളും ന്യായപ്രമാണങ്ങളും വെളിച്ചം നൽകുന്ന ഗ്രന്ഥവും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി.
26. പിന്നീട് നിഷേധിച്ചവരെ ഞാൻ പിടികൂടി. അപ്പോൾ എന്റെ രോഷം എങ്ങനെയുള്ളതായിരുന്നു!
27. നീ കണ്ടില്ലേ; അല്ലാഹു ആകാശത്തുനിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അതുമുഖേന വ്യത്യസ്ത വർണങ്ങളുള്ള പഴങ്ങൾ നാം ഉൽപാദിപ്പിച്ചു. പർവതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകൾ. കറുത്തിരുണ്ടവയുമുണ്ട്.
28. മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വർണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസൻമാരിൽനിന്ന് അറിവുള്ളവർ മാത്രമാകുന്നു. തീർച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
29. തീർച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും നാം കൊടുത്തിട്ടുള്ളതിൽനിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവർ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.
30. അവർക്ക് അവരുടെ പ്രതിഫലങ്ങൾ അവൻ പൂർത്തിയാക്കി കൊടുക്കുവാനും അവന്റെ അനുഗ്രഹത്തിൽനിന്ന് അവൻ അവർക്ക് കൂടുതലായി നൽകുവാനും വേണ്ടി. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു.
31. നിനക്ക് നാം ബോധനം നൽകിയ ഗ്രന്ഥം തന്നെയാകുന്നു സത്യം; അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്. തീർച്ചയായും അല്ലാഹു തന്റെ ദാസൻമാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.

(24). (തീർച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവുംകൊണ്ടാണ്) സത്യവുമായി മാത്രമെ അയക്കുകയുള്ളൂ. ദൂതന്മാർക്കു ശേഷം ആളുകൾക്ക് മാർഗദർശനത്തിനും അറിവിനും ഉള്ള വഴി നഷ്ടപ്പെട്ടപ്പോൾ താങ്കളുടെ നിയോഗം അനിവാര്യമായി. അപ്പോൾ ലോകത്തിന് കാരുണ്യവുമായി താങ്കളെ നിയോഗിച്ചു. നേരായ വഴികളും ശരിയായ മതവും കൊണ്ട് നാം താങ്കളെ നിയോഗിച്ചു എന്നത് അസത്യമല്ല. അതുപോലെ തന്നെ മഹത്തായ ഉൽബോധനങ്ങൾ ഉൾക്കൊള്ളുന്ന ക്വുർആനുമായി നാം താങ്കളെ നിയോഗിച്ചു. (സന്തോഷവാർത്ത അറിയിക്കുന്നവനായി) താങ്കളെ അനുസരിക്കുന്നവർക്ക് ഇഹത്തിലും പരത്തിലുമുള്ള പ്രതിഫലത്തെ കുറിച്ചുള്ള സന്തോഷവാർത്ത.
(താക്കീതുകാരൻ) നിങ്ങളോട് അനുസരണക്കേട് കാണിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ ശിക്ഷയുണ്ട്. താങ്കൾ പ്രവാചകന്മാരിൽ ആദ്യത്തേതല്ല, മുമ്പും പ്രവാചകന്മാർ ഉണ്ടായിട്ടുണ്ട്. (ഒരു സമുദായവും ഇല്ല) കഴിഞ്ഞ സമൂഹങ്ങളിലോ പിന്നിട്ട തലമുറകളിലോ. (ഒരു താക്കീതുകാരൻ കഴിഞ്ഞുപോകാത്ത) അല്ലാഹുവിന് അവർക്കെതിരെ തെളിവുണ്ടാകാൻ.
لِّيَهْلِكَ مَنْ هَلَكَ عَنۢ بَيِّنَةٍ وَيَحْيَىٰ مَنْ حَىَّ عَنۢ بَيِّنَةٍ
“അതായത് നശിച്ചവർ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് നശിക്കാനും ജീവിച്ചവർ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് ജീവിക്കുവാനും വേണ്ടി’’ (8:42).
(25). ഈ മുശ്‌രിക്കുകൾ; പ്രവാചകരേ, താങ്കളെ കളവാക്കുകയാണെങ്കിൽ കളവാക്കപ്പെടുന്ന ആദ്യത്തെ ദൂതനൊന്നുമല്ല താങ്കൾ. (അവർക്ക് മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്. അവരിലേക്കുള്ള ദൂതന്മാർ പ്രത്യക്ഷ തെളിവുകളുമായി വന്നപ്പോൾ) സത്യവും അവർ പറഞ്ഞതിനെ സത്യപ്പെടുത്തുന്നതുമായ തെളിവുകൾ. (ന്യായ പ്രമാണവും) ധാരാളം മതവിധികൾ ഉൾക്കൊള്ളുന്ന രേഖപ്പെടുത്തപ്പെട്ട സമ്പൂർണ ഗ്രന്ഥങ്ങൾ. നീതിപൂർണമായ അതിലെ മതവിധികളും സത്യമായ അതിലെ അറിവുകളും പ്രകാശിക്കുന്നതാണ്. സംശയങ്ങളിൽനിന്നോ പ്രവാചകന്മാർ കൊണ്ടുവന്നതിലെ ന്യൂനതകൊണ്ടോ ഉണ്ടായതല്ല അവരുടെ നിഷേധം. മറിച്ച് അത് അവരുടെ അക്രമവും ധിക്കാരവും മൂലമാണ്.
(26) വ്യത്യസ്ത ശിക്ഷകൾ കൊണ്ട് (പിന്നീട് നിഷേധിച്ചവരെ നാം പിടികൂടി). (എന്റെ രോഷം എങ്ങനെയുള്ളതായിരുന്നു) അവരോട് അത് ഏറ്റവും മോശമായ ശിക്ഷയും ശക്തമായ രോഷവും ആയിരുന്നു. അങ്ങനെ വേദനാജനകമായ ശിക്ഷയും അപമാനവും അവർക്കുണ്ടായതു പോലെ നിങ്ങൾക്കും സംഭവിക്കാതിരിക്കാ ൻ വേണ്ടി ഈ മാന്യനായ ദൂതനെ നിഷേധിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക.
(27). ഇവിടെ അല്ലാഹു തന്റെ സൃഷ്ടികളെയും അവയുടെ വിപരീതങ്ങളെയും പരാമർശിക്കുന്നു. അവയുടെ ഉത്ഭവത്തിന്റെയും സത്തയുടെയും അടിസ്ഥാനം ഒന്നുതന്നെയാണെങ്കിലും അവയിൽ കാണാവുന്നതും നന്നായി അറിയാവുന്നതുമായ വ്യതിയാനങ്ങളും വ്യത്യാസങ്ങളും കാണാവുന്നതാണ്. ഇതെല്ലാം തന്റെ ദാസന്മാർക്ക് അവന്റെ ശക്തിയും മഹത്തായ ജ്ഞാനവും മനസ്സിലാക്കി കൊടുക്കാനാണ്.
ഈ ഉദാഹരണങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു: അല്ലാഹു ആകാശത്തുനിന്ന് മഴ ചൊരിഞ്ഞു. അതുകൊണ്ട് പലതരം ചെടികൾ മുളപ്പിച്ചു. അത് കാഴ്ചക്കാർക്ക് ദൃശ്യമാണ്. ഒരേ വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നുമാണ് ഇവയെല്ലാം. മറ്റൊന്ന് പർവതങ്ങളാണ്. അവയെ അല്ലാഹു ഭൂമിക്ക് ആണികളാക്കി. അവ പരസ്പരം കോർത്തിണങ്ങിയതായി കാണാം. എന്നാൽ അവയെല്ലാം ഒറ്റ പർവതമാണ്. അതിൽ വ്യത്യസ്ത നിറങ്ങളുണ്ട്. വെളുത്ത പാതകളുണ്ട്. വെളുത്ത വഴികളുണ്ട്. മഞ്ഞയും ചുവപ്പുമുണ്ട്. അതിൽ കറുത്തിരുണ്ടവയുമുണ്ട്; കഠിനമായ കറുപ്പുള്ളത്.
(28). മനുഷ്യർക്കും മൃഗങ്ങൾക്കും ജീവികൾക്കും ഇടയിൽ പലതരം ഉണ്ട്; നിറങ്ങൾ, ഇനങ്ങൾ. കണ്ണുകൾക്ക് കാണാവുന്ന രൂപങ്ങൾ. ഇവയുടെയെല്ലാമാകട്ടെ അടിസ്ഥാനവും അവ നിർമിക്കപ്പെട്ട ധാതുവും ഒന്നാണ്. എന്നിട്ടും ഇവ തമ്മിലുള്ള വ്യത്യാസം അല്ലാഹുവിന്റെ ദൈവികമായ ഹിതങ്ങളാണ്. ബുദ്ധിപരമായ തെളിവാണിത്. ഓരോന്നിനും അവൻ പ്രത്യേകം പ്രത്യേകം ഗുണങ്ങളും നിറങ്ങളും നൽകി അവയെ അങ്ങനെ സൃഷ്ടിച്ചു എന്നത് അവന്റെ കഴിവിനെയും ശക്തിയെയും തെളിയിക്കുന്നു. അവന്റെ കരുണയും യുക്തിയും മറ്റൊരു തെളിവാണ്. ഈ വൈജാത്യങ്ങളിൽ കാണുന്ന ചില പ്രയോജനങ്ങൾ; വഴിയറിയാനും മനുഷ്യർക്ക് പരസ്പരം തിരിച്ചറിയാനും ഇതുമൂലം സാധിക്കും. അല്ലാഹുവിന്റെ വിശാലമായ അറിവിനും ഇത് തെളിവാകുന്നു. ക്വബ്‌റിലുള്ളവരെ അവൻ ഉയിർത്തെഴുന്നേൽപ്പിക്കുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
എന്നാൽ അശ്രദ്ധനായവൻ ഇതിനെയും ഇതുപോലുള്ള കാര്യങ്ങളെയും അശ്രദ്ധമായാണ് കാണുന്നത്. അവനിൽ അത് യാതൊരു ചിന്തയും ഉണ്ടാക്കുന്നില്ല. മറിച്ച് അതിൽ നിന്ന് പ്രയോജനം നേടുന്നവൻ അല്ലാഹുവിനെ ഭയപ്പെടുന്നവരാണ്. അതിലുള്ള യുക്തി അവൻ ശരിയായ ചിന്തയിലൂടെ മനസ്സിലാക്കുന്നു. അതാണ് അല്ലാഹു പറയുന്നത്: (അല്ലാഹുവിനെ ഭയപ്പെടുന്നവർ അവന്റെ ദാസന്മാരിൽനിന്ന് അറിവുള്ളവർ മാത്രമാണ്) ഒരു വ്യക്തിയെ കുറിച്ച് എത്രത്തോളം അറിയുന്നുവോ അത്രയധികം അവൻ അവനെ ഭയപ്പെടും. ഈ ഭയം അവനെ തെറ്റുകളിൽനിന്ന് വിട്ടുനിൽക്കാനും താൻ ഭയപ്പെടുന്നവരെ കണ്ടുമുട്ടാൻ തയ്യാറെടുക്കാനും പ്രേരിപ്പിക്കുന്നു. ഇതെല്ലാം അറിവിന്റെ മഹത്ത്വങ്ങളാണ്. ഇത് അല്ലാഹുവിനെ ഭയപ്പെടാൻ ഒരാളെ പ്രേരിപ്പിക്കുന്നു. അവനെ ഭയപ്പെടുന്നവർ അവനെ ആദരിക്കുന്നവരാണ്.
رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ لِمَنْ خَشِىَ رَبَّهُۥ
“അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു; അവൻ അവനെയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവൻ തന്റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്’’(98:8).
(അല്ലാഹു പ്രതാപിയും) ശക്തിയിൽ അവൻ പരിപൂർണനാണ്. പരസ്പരം വൈരുധ്യമുള്ള ഈ സൃഷ്ടിജാലങ്ങൾ അവന്റെ ശക്തിയുടെ തെളിവാണ്. (ഏറെ പൊറുക്കുന്നവരും ആകുന്നു) ഖേദിച്ച് മടങ്ങുന്നവരുടെ പാപങ്ങളെ.
29). (തീർച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും) അതിലെ കൽപനകൾ അനുസരിക്കുന്നതിലൂടെയും അതിലെ വിലക്കുകൾ ഉപേക്ഷിക്കുന്നതിലൂടെയും അതിലുള്ളത് അവർ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്നു. അതിനെതിരായി ഒരാളുടെ വാക്കിനും അവർ പ്രാധാന്യം നൽകില്ല. അർഥങ്ങൾ പഠിച്ചുകൊണ്ട് അതിലെ വാക്കുകൾ അവർ പാരായണം ചെയ്യുന്നു; അതിലെ ആശയങ്ങൾ മനസ്സിലാക്കിക്കൊണ്ടും. പാരായണത്തെ പ്രത്യേകമായി പരാമർശിച്ചശേഷം നമസ്‌കാരത്തെക്കുറിച്ച് പൊതുവായി പറയുന്നു. നമസ്‌കാരം മതത്തിന്റെ അടിത്തറയാണ്. മുസ്‌ലിംകളുടെ പ്രകാശമാണത്. അത് ഈമാനിന്റെ അളവുകോലും ഇസ്‌ലാമിനെ അംഗീകരിക്കുന്നതിന്റെ തെളിവുമാണ്.
സകാത്ത് നൽകൽ, പ്രായച്ഛിത്തങ്ങൾ, നേർച്ചകൾ, ദാനധർമങ്ങൾ, അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും സാധുക്കൾക്കും വേണ്ടി ചെലവഴിക്കൽ എന്നിവയെക്കുറിച്ചും പരാമർശിക്കുന്നു.
(രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവർ) എല്ലാ സമയത്തും. (അവർ ആശിക്കുന്നു) അത് ചെയ്യുന്നതിലൂടെ. (ഒരിക്കലും നഷ്ടംവരാത്ത ഒരു കച്ചവടമാകുന്നു) ഒരിക്കലും നഷ്ടം വരാത്ത, കേടുപറ്റാത്തത്. മാത്രവുമല്ല, അത് കച്ചവടങ്ങളിൽ ശ്രേഷ്ഠമായതും ഉന്നതവുമായ കച്ചവടമാണ്. അതിലേറ്റവും വലുത് അല്ലാഹുവിന്റെ തൃപ്തിയാണ്. അവന്റെ ഉന്നതമായ പ്രതിഫലം നേടി അവന്റെ കോപത്തിൽനിന്നും ശിക്ഷയിൽ നിന്നും രക്ഷനേടുന്നതാണ്. ഇതിനായി അവർ ആത്മാർഥമായി പ്രവർത്തിക്കുന്നു. ദുരുദ്ദേശ്യങ്ങളോ പിഴച്ച ലക്ഷ്യങ്ങളോ അവർക്കില്ല.
30). അവർ പ്രതീക്ഷിക്കുന്നത് അവർ നേടിയെടുക്കുമെന്ന് അല്ലാഹു നമ്മോട് പറയുന്നു. (അവർക്ക് അവരുടെ പ്രതിഫലങ്ങൾ അവൻ പൂർത്തിയാക്കി കൊടുക്കാനും) പ്രവർത്തനത്തിന്റെ കുറവും കൂടുതലും ഗുണവും ഗുണമില്ലായ്മയും കണക്കാക്കി പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകാൻ. (അവന്റെ അനുഗ്രഹത്തിൽനിന്ന് അവൻ അവർക്ക് കൂടുതലായി നൽകുവാനും) അവരുടെ പ്രതിഫലങ്ങളിൽ കൂടുതലായി. (തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു) അല്ലാഹു അവരുടെ തിന്മകൾ ക്ഷമിക്കുകയും കുറഞ്ഞ നന്മകളും സ്വീകരിക്കുകയും ചെയ്യും.
31). ഇവിടെ അല്ലാഹു പറയുന്നത്, അവൻ തന്റെ ദൂതന് ഇറക്കിയ ഗ്രന്ഥം (അത് തന്നെയാകുന്നു സത്യം) എന്നാണ്. കാരണം അത് സത്യങ്ങൾ മാത്രം അടങ്ങിയതാണ്. അതിനാൽ അതിനെക്കുറിച്ച് നിങ്ങളുടെ ഹൃദയങ്ങളിൽ യാതൊരു പ്രയാസവും തോന്നരുത്. മടുപ്പോ അവഗണനയോ ഉണ്ടാവരുത്. അത് സത്യമാണെങ്കിൽ അതിലുള്ള ദൈവിക നിയമങ്ങളും അദൃശ്യകാര്യങ്ങളും അവയല്ലാത്തും സംഭവ്യമാണെന്നുറപ്പാണ്. അതിനാൽ അതിലെ വാക്യങ്ങളിൽ യാതൊരു വൈരുധ്യവും കാണുക സാധ്യമല്ല. (അതിന്റെ മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതായിട്ട്) വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും അത് മുൻകൂട്ടി പ്രവചിച്ചു, അത് പുലർന്നപ്പോൾ മുൻഗ്രന്ഥങ്ങൾ അതിനെക്കുറിച്ച് പറഞ്ഞത് സത്യമാണെന്ന സ്ഥിരീകരിച്ചു. അതുകൊണ്ട് മുൻ വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്ന ഒരാൾക്കും ക്വുർആനിനെ അവിശ്വസിക്കുന്നതോടുകൂടി അവന്റെ ഈമാൻ നഷ്ടമായി. കാരണം, ആ ഗ്രന്ഥങ്ങളിൽ ക്വുർആനിനെ പരാമർശിച്ചിട്ടുണ്ട്. അതിൽ പറയുന്ന കാര്യങ്ങൾ ക്വുർആനിൽ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നു.
(അല്ലാഹു തന്റെ ദാസന്മാരെ പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു) അവൻ ഓരോ സമുദായത്തിനും വ്യക്തിക്കും അവന്റെ സാഹചര്യത്തിൽ അനുയോജ്യമായത് നൽകുന്നു. അതിനാൽ പൂർവിക മതനിയമങ്ങൾ ആ കാലത്തേക്കും സമയത്തേക്കും മാത്രം യോജിക്കന്നതാണ്. അതിനാൽ അല്ലാഹു തുടരെ തുടരെ ദൂതന്മാരെ അയച്ചുകൊണ്ടേയിരുന്നു; അവരുടെ അവസാനത്തെ ദൂതനായി മുഹമ്മദ് നബി ﷺ നിയോഗിതനാകുന്നതുവരെ. അങ്ങനെ അന്ത്യനാൾ വരെ മനുഷ്യർക്ക് നല്ലതും ഉചിതവുമായ ഈ ശരീഅത്ത് അദ്ദേഹം കൊണ്ടുവന്നു. അത് എല്ലാ സമയത്തും നല്ലതിലേക്ക് നയിക്കുന്നു. ചിന്തയിലും യുക്തിയിലും മികച്ചവരും ഏറ്റവും സൗമ്യമായ സ്വഭാവത്തിൽ ഉള്ളവരും സംസ്‌കരിക്കപ്പെട്ടവരും ആയതിനാൽ, അല്ലാഹു അവരെ തെരഞ്ഞെടുത്തു. അവൻ അവർക്ക് ഇസ്്‌ലാം മതത്തെ തിരഞ്ഞെടുത്ത് നൽകുയും ചെയ്തു. മതഗ്രന്ഥങ്ങളെ കാത്തുരക്ഷിക്കുന്ന ഒരു ഗ്രന്ഥം അ വർക്ക് അനന്തരമായി നൽകി.

