സൂറ: അഹ്സാബ്, ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ഡിസംബർ 14, 1446 ജു. ഉഖ്റാ 13
അധ്യായം: 33, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
22. സത്യവിശ്വാസികൾ സംഘടിത കക്ഷികളെ കണ്ടപ്പോൾ ഇപ്രകാരം പറഞ്ഞു: ‘ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്.’ അതവർക്ക് വിശ്വാസവും അർപ്പണവും വർധിപ്പിക്കുക മാത്രമെ ചെയ്തുള്ളൂ.
23. സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷൻമാരുണ്ട്. ഏതൊരു കാര്യത്തിൽ അല്ലാഹുവോട് അവർ ഉടമ്പടി ചെയ്തുവോ, അതിൽ അവർ സത്യസന്ധത പുലർത്തി. അങ്ങനെ അവരിൽ ചിലർ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരിൽ ചിലർ (അത്) കാത്തിരിക്കുന്നു. അവർ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.
24. സത്യവാൻമാർക്ക് തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നൽകുവാൻ വേണ്ടി. അവൻ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കിൽ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാൻ വേണ്ടിയും. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
25. സത്യനിഷേധികളെ അവരുടെ ഈർഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവർ നേടിയില്ല. സത്യവിശ്വാസികൾക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.
26. വേദക്കാരിൽനിന്ന് അവർക്ക് (സത്യനിഷേധികൾക്ക്) പിന്തുണ നൽകിയവരെ അവരുടെ കോട്ടകളിൽനിന്ന് അവൻ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളിൽ അവൻ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരിൽ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരുവിഭാഗത്തെ നിങ്ങൾ തടവിലാക്കുകയും ചെയ്യുന്നു.
27. അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങൾ (മുമ്പ്) കാലെടുത്തുവച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങൾക്കവൻ അവകാശപ്പെടുത്തിത്തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

22) ഭയത്തിന്റെ സന്ദർഭത്തിൽ കപട വിശ്വാസികളുടെ അവസ്ഥയാണ് ഇതുവരെ പറഞ്ഞത്. ഇനി വിശ്വാസികളുടെ അവസ്ഥയാണ് പറയുന്നത്. (സത്യവിശ്വാസികൾ സംഘടിത ശക്തികളെ കണ്ടപ്പോൾ) സംഘടിച്ച കക്ഷികൾ അവരുടെ താമസസ്ഥലങ്ങളിൽ ഇറങ്ങുകയും ഭയം അവസാനിക്കുകയും ചെയ്തു. (ഇത്അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു). അല്ലാഹു മറ്റൊരിടത്ത് പറയുന്നു:
أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم ۖ مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّهِ ۗ أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ ٢١٤
“നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവർക്കുണ്ടായതുപോലുള്ള അനുഭവങ്ങൾ നിങ്ങൾക്കും വന്നെത്താതെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാനാകുമെന്ന് നിങ്ങൾ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് ദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവരുടെ ആത്മാവ് പിടിച്ചുകുലുക്കപ്പെടുകയും ചെയ്തു. എന്നാൽ അല്ലാഹുവിന്റെ സഹായം അടുത്ത് തന്നെയുണ്ട്’’ (2:214).
(അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്) തിരിഞ്ഞോടുകയില്ലെന്ന് കപടവിശ്വാസികൾ അല്ലാഹുവോട് കരാർ ചെയ്തു. അവർ ലംഘിക്കുകയും ചെയ്തു. സത്യവിശ്വാസികൾ അത് പാലിച്ചു.
(സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില വിശ്വാസികളുണ്ട്) ഏതൊരു കാര്യത്തിൽ അല്ലാഹുവോട് അവർ ഉടമ്പടി ചെയ്തുവോ അതിൽ അവർ സത്യസന്ധത പുലർത്തി. അതായത് അവരത് പൂർത്തിയാക്കി. അവന്റെ തൃപ്തിക്കായി അവർ ജീവൻ നൽകി. അവനെ അനുസരിക്കുന്നതിൽ അവർ പിടിച്ചുനിന്നു. (അങ്ങനെ അവരിൽ ചിലർ രക്തസാക്ഷിത്വത്തിലൂടെ തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി) അവരുടെ ആഗ്രഹവും ലക്ഷ്യവും നിറവേറ്റി. തങ്ങളുടെ ബാധ്യത നിറവേറ്റുന്നതിനായി അതിൽ വീഴ്ച വരുത്താതെ അവർ അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടു. (അവരിൽ ചിലർ കാത്തിരിക്കുന്നു) മറ്റുള്ളവർ ഇപ്പോഴും തങ്ങളുടെ കർത്തവ്യങ്ങൾ നിറവേറ്റുവാൻ കാത്തിരിക്കുകയാണ്. കാരണം അവർ ഇതിനകം തന്നെ അവരുടെ ചുമതലകൾ നിർവഹിക്കുന്നതിലും കരാർ പാലിക്കുന്നതിലും ഏർപ്പെട്ടിരിക്കുകയാണ്. പക്ഷേ, അവർ ഇതുവരെ അത് പൂർത്തിയാക്കിയിട്ടില്ല. ഈ ആളുകൾ അത് പൂർത്തിയാക്കാനായി ആഗ്രഹിക്കുന്നു. അത് നേടാനായി കഠിനമായി പരിശ്രമിക്കുന്നു. (അവർ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല) മറ്റുള്ളവർ മാറ്റിയതുപോലെ. മറിച്ച്, അവർ കരാറിൽ തന്നെ തുടരുന്നു. തെറ്റുകയോ മാറുകയോ ചെയ്തിട്ടില്ല. ഇവരാണ്‌യഥാർഥ പുരുഷന്മാർ. മറ്റുള്ളവർക്ക് പുരുഷ രൂപങ്ങളേയുള്ളൂ. അവർക്ക് പുരുഷസ്വഭാവങ്ങൾ കുറവായതിനാൽ ബാഹ്യമായി മാത്രമെ അവർ പുരുഷന്മാരാകൂ.
24) (സത്യസന്ധന്മാർക്ക് തങ്ങളുടെ സത്യസന്ധതക്കുള്ള പ്രതിഫലം അല്ലാഹു നൽകുവാൻ വേണ്ടി) അവരുടെ വാക്കിലും നിലപാടിലും അല്ലാഹുമായുള്ള പെരുമാറ്റത്തിലും ഉള്ളും പുറവും ഒന്നാണ്. അല്ലാഹു പറഞ്ഞു:
هَٰذَا يَوْمُ يَنفَعُ ٱلصَّٰدِقِينَ صِدْقُهُمْ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا
“അല്ലാഹു പറയും: ഇത് സത്യവാന്മാർക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവർക്ക് താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുണ്ട്. അവരതിൽ എന്നെന്നും നിത്യവാസികളായിരിക്കും’’ (5:119).
ഈ കുഴപ്പങ്ങളും പരീക്ഷണങ്ങളും പ്രകമ്പനങ്ങളുമെല്ലാം കള്ളം പറയുന്നതിൽ നിന്ന് സത്യം പറയുന്നവരെ വ്യക്തമാക്കാനാണ്. അങ്ങനെ സത്യവാന്മാർക്ക് അവരുടെ സത്യതയ്ക്ക് പ്രതിഫലം ലഭിക്കുന്നു. (കപട വിശ്വാസികളെ ശിക്ഷിക്കുകയോ ചെയ്യുന്നു) പരീക്ഷണങ്ങൾ വരുമ്പോൾ അവരുടെ മനസ്സും പ്രവർത്തനങ്ങളും മാറും. അല്ലാഹുവോട് ചെയ്ത കരാർ അവർ പാലിച്ചിട്ടുമില്ല. (അവൻ ഉദ്ദേശിക്കുന്നപക്ഷം) അവരെ ശിക്ഷിക്കുകയും അവൻ അവരെ സന്മാർഗത്തിലാക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്തതിനാൽ അവരിൽ ഒരു നൻമയുമില്ലെന്ന് അവൻ മനസ്സിലാക്കി. അതിനാൽ അവൻ അവർക്ക് അതിനുള്ള പ്രാപ്തി നൽകിയില്ല. (അല്ലെങ്കിൽ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാൻ വേണ്ടിയും) പശ്ചാത്താപത്തിനും ഖേദിച്ചു മടങ്ങാനും അവസരം ഉണ്ടാക്കാനും. ഇത് അല്ലാഹുവിന്റെ ഔദാര്യത്തിൽ ഏറ്റവും മികച്ചതാണ്. അതുകൊണ്ടാണ് ഈ വചനത്തിന്റെ അവസാനത്തിൽ പാപമോചനത്തെയും ഔദാര്യത്തെയും ഗുണം ചെയ്യുന്നതിനെയും അറിയിക്കുന്ന അവന്റെ നാമങ്ങൾ വന്നത്. (തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു) തങ്ങളുടെ സ്വന്തങ്ങളോട് അമിതമായി അവർ എത്ര തന്നെ തെറ്റ് ചെയ്താലും തെറ്റ് ചെയ്തവർക്ക് പൊറുത്തുകൊടുക്കുന്നവൻ; അവർ പശ്ചാത്തപിച്ച് വന്നാൽ. (കരുണാനിധിയുമാകുന്നു) അവരോട്. അവർക്ക് പശ്ചാത്തപിക്കാൻ അവസരം കൊടുത്തും അതവരിൽ നിന്ന് സ്വീകരിച്ചു അവർ ചെയ്ത തെറ്റുകൾ മറച്ചുവെച്ചും അവൻ കാരുണ്യം കാണിക്കുന്നു.
25) (സത്യനിഷേധികളെ അവരുടെ ഈർഷ്യതയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു) യാതൊരു ഗുണവും അവർ നേടിയില്ല. അവർ പരാജിതരായി മടങ്ങി. അവർ ആഗ്രഹിച്ചതൊന്നും അവർ നേടിയില്ല. അവരുടെ ഈർഷ്യതയും കോപവും കഴിവും ഉണ്ടായിട്ടും മുസ്‌ലിംകളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം അവർ നേടിയില്ല. അവർ തങ്ങളുടെ അംഗസംഖ്യയിൽ വഞ്ചിതരായി. അവർ ധാരാളം കക്ഷികളുണ്ടെന്നതിൽ അവർ അഭിമാനിച്ചു. എണ്ണത്തിലും വണ്ണത്തിലും അവർ സന്തോഷിച്ചു. അപ്പോൾ അല്ലാഹു വലിയൊരു കാറ്റ് അവർക്കുനേരെ അയച്ചു; ശക്തമായ കാറ്റ്. അത് അവരുടെ കേന്ദ്രങ്ങളെ കുലുക്കി. അവരുടെ കൂടാരങ്ങൾ തകർത്തു. അവരുടെ പാചക പാത്രങ്ങൾ മറിച്ചിട്ടു. വലിയ അസ്വസ്ഥത സൃഷ്ടിച്ചു. അവരുടെ ഹൃദയങ്ങളിൽ ഭയം ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ അവർ നിരാശരായി. അല്ലാഹു തന്റെ വിശ്വാസികളായ അടിമകൾക്ക് നൽകിയ സഹായമായിരുന്നു അത്.
(സത്യവിശ്വാസികൾക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി) ഭൗതികമായ കാരണങ്ങളും അല്ലാഹുവിന്റെ തീരുമാനങ്ങളും ഉണ്ടായപ്പോൾ. (അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു) അവനെ ഒരാളും അതിജയിക്കില്ല. അവനോട് സഹായം ചോദിക്കുന്നവൻ വിജയിച്ചു. അവൻ ഉദ്ദേശിച്ച ഒരു കാര്യവും നടക്കാതിരിക്കില്ല. അല്ലാഹു ശക്തിയും പ്രതാപവും നൽകി സഹായിച്ചല്ലാതെ ഒരു വ്യ ക്തിയും തന്റെ ശക്തി പ്രയോജനപ്പെടില്ല.
26) (അവർക്ക് പിന്തുണ നൽകിയവരെ ഇറക്കിവിട്ടു) അവരെ സഹായിച്ചവരെ. (വേദക്കാരിൽ നിന്നും) അതായത് ജൂതന്മാരിൽ. (അവരുടെ കോട്ടകളിൽനിന്ന്) അവൻ ഇറക്കി. അവർ പരാജപ്പെടുകയും ചെയ്തു. (അവരുടെ ഹൃദയങ്ങളിൽ അവൻ ഭയം ഇടംകൊടുക്കുകയും ചെയ്യും) യുദ്ധം ചെയ്യാൻ കഴിയാത്തവിധം അവരുടെ ഹൃദയങ്ങളിൽ ഭയം ഇട്ടു. അങ്ങനെ അവർ കീഴടങ്ങുകയും അപമാനിതരാവുകയും ചെയ്തു. (അവരിൽ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു) പോരാളികളായ പുരുഷന്മാരെ. (ഒരു വിഭാഗത്തെ നിങ്ങൾ തടവിലാക്കുകയും ചെയ്തു) അവരല്ലാത്ത സ്ത്രീകളെയും കുട്ടികളെയും.
27) (നിങ്ങൾക്കവൻ അവകാശപ്പെടുത്തിത്തരികയും ചെയ്തു) നിങ്ങൾക്ക് യുദ്ധാനന്തര സ്വത്തായി നൽകി. (അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങൾ മുമ്പ് കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു പ്രദേശവും) മുമ്പ് ആ ഭൂമി അതിന്റെ മഹത്ത്വം കൊണ്ട് ആ നാട്ടുകാർക്ക് ഏറെ പ്രിയങ്കരമായിരുന്നു. അവിടെ നിങ്ങൾക്ക് ഇതുവരെ കാലുകുത്താനായിരുന്നില്ല. ഇപ്പോൾ അതിന് സൗകര്യം നൽകി. ആ നാടിനെയും നാട്ടുകാരെയും നിങ്ങൾ പരാജയപ്പെടുത്തി. അവരുടെ സ്വത്തുക്കൾ നിങ്ങൾ അധീനപ്പെടുത്തി. അവരെ നിങ്ങൾ വധിച്ചു. അവരെ ബന്ധനസ്ഥരാക്കി. (അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു) അവനൊരു കാര്യത്തിനും അശക്തനല്ല. അവന്റെ കഴിവിൽനിന്ന് അവൻ നിശ്ചയിക്കുന്നതൊക്കെ നിങ്ങൾക്കുവേണ്ടി നിശ്ചയിക്കുക യും ചെയ്യുന്നു.
മദീനയിൽ നിന്ന് വളരെ അകലെയുള്ള ഒരു പട്ടണത്തിൽ താമസിച്ചിരുന്ന ബനൂഖുറൈദ എന്ന ജൂതഗോത്രമായിരുന്നു ഈ വിഭാഗം. നബിﷺ മദീനയിലേക്ക് പലായനം ചെയ്തപ്പോൾ അവരുമായി ഒരു ഉടമ്പടിയുണ്ടാക്കി. നബിﷺ അവരുമായി യുദ്ധം ചെയ്യില്ലെന്നും അവർ നബിയോട് യുദ്ധം ചെയ്യില്ലെന്നും ഒരു മാറ്റവും വരുത്താതെ അവർ അവരുടെ മതത്തിൽ തുടരുമെന്നുമായിരുന്നു ആ കരാർ. എന്നാൽ ഖന്ദക്വ് ദിനത്തിൽ അല്ലാഹുവിന്റെ ദൂതനെതിരെ സഖ്യകക്ഷികൾ സംഘടിച്ചത് കണ്ടപ്പോൾ മുസ്‌ലിംകളുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ എണ്ണം വളരെ കൂടുതലാണെന്ന് അവർ വിചാരിച്ചു. അതിനാൽ പ്രവാചകനെയും വിശ്വാസികളെയും അവർ ഉന്മൂലനം ചെയ്യുമെന്ന് അവർ കണക്കുകൂട്ടി. ഈ ആശയം അവരുടെ ചില നേതാക്കൾ കളവ് പറഞ്ഞ് പിന്തുണച്ചു. അപ്പോൾ അവരും പ്രവാചകനും തമ്മിലുള്ള കരാർ അവർ ലംഘിച്ചു. ബഹുദൈവാരാധകരുടെ പക്ഷം ചേർന്ന പ്രവാചകനെതിരെ യുദ്ധം ചെയ്തു.
അല്ലാഹു ബഹുദൈവാരാധകരെ പരാജയപ്പെടുത്തിയപ്പോൾ അല്ലാഹുവിന്റെ ദൂതൻ ഈ ജൂതന്മാരോട് യുദ്ധം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സഅദ്ബ്‌നു മുആദിന്റെ വിധി അംഗീകരിക്കുന്നതുവരെ അദ്ദേഹം അവരെ കോട്ടകളിൽ ഉപരോധിച്ചു. അങ്ങനെ അദ്ദേഹം വിധി പറഞ്ഞു. അവരുടെ പുരുഷന്മാരായ യോദ്ധാക്കളെ കൊല്ലാനും സ്ത്രീകളെയും കുട്ടികളെയും ബന്ധികളാക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനുമായിരുന്നു അദ്ദേഹം വിധിച്ചത്. അങ്ങനെ അല്ലാഹു തന്റെ ദൂതന്റെയും വിശ്വാസികളുടെയും മേൽ അവന്റെ അനുഗ്രഹം പൂർത്തിയാക്കുകയും അവർക്ക് ധാരാളം അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്തു. അവരുടെ ശത്രുക്കൾ അപമാനിക്കപ്പെടുകയും അവരിൽ ചിലർ കൊല്ലപ്പെടുകയും ചിലർ ബന്ധിക്കളാക്കപ്പെടുകയും ചെയ്യുന്ന സന്തോഷം അവർക്ക് നൽകുകയും ചെയ്തു. കാരണം അല്ലാഹു തന്റെ വിശ്വാസികളായ ദാസന്മാരോട് നിരന്തരം ദയ കാണിക്കുന്നു.
