സൂറ: സ്സബഅ്‌, ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 ഒക്ടോബർ 05, 1446 റ. ആഖിർ 02

അധ്യായം: 34, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَجَعَلْنَا بَيْنَهُمْ وَبَيْنَ ٱلْقُرَى ٱلَّتِى بَـٰرَكْنَا فِيهَا قُرًۭى ظَـٰهِرَةًۭ وَقَدَّرْنَا فِيهَا ٱلسَّيْرَ ۖ سِيرُوا۟ فِيهَا لَيَالِىَ وَأَيَّامًا ءَامِنِينَ (١٨) فَقَالُوا۟ رَبَّنَا بَـٰعِدْ بَيْنَ أَسْفَارِنَا وَظَلَمُوٓا۟ أَنفُسَهُمْ فَجَعَلْنَـٰهُمْ أَحَادِيثَ وَمَزَّقْنَـٰهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّكُلِّ صَبَّارٍۢ شَكُورٍۢ (١٩) وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًۭا مِّنَ ٱلْمُؤْمِنِينَ (٢٠) وَمَا كَانَ لَهُۥ عَلَيْهِم مِّن سُلْطَـٰنٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِٱلْـَٔاخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّۢ ۗ وَرَبُّكَ عَلَىٰ كُلِّ شَىْءٍ حَفِيظٌۭ (٢١)

18. അവർക്കും (സബഅ് ദേശക്കാർക്കും) നാം അനുഗ്രഹം നൽകിയ (സിറിയൻ) ഗ്രാമങ്ങൾക്കുമിടയിൽ തെളിഞ്ഞ് കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി. അവിടെ നാം യാത്രയ്ക്ക് താവളങ്ങൾ നിർണയിക്കുകയും ചെയ്തു. രാപകലുകളിൽ നിർഭയരായിക്കൊണ്ട് നിങ്ങൾ അതിലൂടെ സഞ്ചരിച്ച് കൊള്ളുക (എന്ന് നാം നിർദേശിക്കുകയും ചെയ്തു).

19. അപ്പോൾ അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രാതാവളങ്ങൾക്കിടയിൽ നീ അകലമുണ്ടാക്കണമേ. അങ്ങനെ തങ്ങൾക്കുതന്നെ അവർ ദ്രോഹം വരുത്തിവച്ചു. അപ്പോൾ നാം അവരെ കഥാവശേഷരാക്കികളഞ്ഞു. അവരെ നാം സർവത്ര ഛിന്നഭിന്നമാക്കി. ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാൾക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്.

20. തീർച്ചയായും തന്റെ ധാരണ ശരിയാണെന്ന് ഇബ്‌ലീസ് അവരിൽ തെളിയിച്ചു. അങ്ങനെ അവർ അവനെ പിന്തുടർന്നു; ഒരു സംഘം സത്യവിശ്വാസികളൊഴികെ.

21. അവന് (ഇബ്‌ലീസിന്) അവരുടെ മേൽ യാതൊരധികാരവും ഉണ്ടായിരുന്നില്ല. പരലോകത്തിൽ വിശ്വസിക്കുന്നവരെ അതിനെപ്പറ്റി സംശയത്തിൽ കഴിയുന്നവരുടെ കൂട്ടത്തിൽനിന്ന് നാം തിരിച്ചറിയുവാൻ വേണ്ടി മാത്രമാണിത്. നിന്റെ രക്ഷിതാവ് ഏതു കാര്യവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.

 

(18). (അവർക്കും-സബഅ് ദേശക്കാർക്കും- നാം അനുഗ്രഹം നൽകിയ -സിറിയൻ- ഗ്രാമങ്ങൾക്കുമിടയിൽ തെളിഞ്ഞ് കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി. അവിടെ നാം യാത്രയ്ക്ക് താവളങ്ങൾ നിർണയിക്കുകയും ചെയ്തു) അതായത് വാസസ്ഥല ങ്ങൾ. ഒരു നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാർക്ക് ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് എത്തിച്ചേരാൻ കഴിയുന്ന വിധത്തിൽ തുല്യ അകലത്തിലാണ്  താവളങ്ങൾ സ്ഥിതി ചെയ്തിരുന്നത്. (രാപകലുകളിൽ നിർഭയരായിക്കൊണ്ട് നിങ്ങൾ അതിലൂടെ സഞ്ചരിച്ച് കൊള്ളുക) ഈ വഴികളിൽ സുരക്ഷിതമായി, മോഷണമോ കവർച്ചയോ ഭയപ്പെടാതെ, യാത്രക്കാർക്ക് രാത്രിയിലും പകലും ഏതു സമയത്തും യാത്ര ചെയ്യാമെന്നത് അവർക്ക് അല്ലാഹു ചെയ്തുകൊടുത്ത വലിയ അനുഗ്രഹമാണ്.

(19). ആ ശിക്ഷ അവർക്ക് വന്നപ്പോൾ അവർ ഒരുമിച്ചായിരുന്നതിന് ശേഷം വിവിധ ഭാഗങ്ങളിലേക്ക് അവർ ചിതറിപ്പോയി. അല്ലാഹു അവരെ ജനങ്ങൾക്ക് രാക്കഥ പറയാനുള്ള ഒരു കഥയാക്കി മാറ്റി. അവർ ഒരു പഴഞ്ചൊല്ലാക്കി മാറ്റി. ‘സബഅ്കാരെ പോലെ ചിതറിപ്പോയി’ എന്ന് പറയാറുണ്ട്. അവർക്ക് എന്ത് സംഭവിച്ചുവെന്ന് എല്ലാവരും സംസാരിക്കുകയും ചെയ്തു. എന്നാൽ അവരിൽനിന്ന് ആരും പാഠം പഠിച്ചില്ല. (ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാൾക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്) വിഷമകരവും പ്രയാസകരവുമായ കാര്യങ്ങളിൽ അങ്ങേയറ്റം അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സഹിക്കുകയും ക്ഷമിക്കുകയും ചെയ്യും. അതിൽ തന്നിഷ്ടം പ്രകടിപ്പിക്കില്ല.മറിച്ച് അതിൽ ക്ഷമിക്കും. അല്ലാഹു നൽകുന്ന അനുഗ്രങ്ങൾക്ക് അങ്ങേയറ്റം നന്ദി കാണിക്കുകയും ചെയ്തു. അതംഗീകരിക്കുകയും അവ നൽകിയവനെ സ്തുതിക്കുകയും അവന് അനുസരണയുള്ളവനായി തീരുകയും ചെയ്യും.

ഇങ്ങനെ പലതും സംഭവിച്ചതായി അവൻ കേട്ടാൽ അല്ലാഹുവിന്റെ അനുഗ്രഹത്തിന് അവർ കാണിച്ച നന്ദികേടാണ് ആ ശിക്ഷയ്ക്ക് കാരണമെന്ന് അവൻ മനസ്സിലാക്കും. അവരെ പോലെ പ്രവർത്തിക്കുന്നവർക്ക് അതേ വിധി നേരിടേണ്ടിവരുമെന്നും അവൻ മനസ്സിലാക്കുന്നു. അല്ലാഹുവിന് നന്ദി ചെയ്യുന്നത് അനുഗ്രങ്ങളെ സംരക്ഷിക്കുകയും ശിക്ഷയിൽനിന്ന് തടുക്കുകയും ചെയ്യുമെന്ന് അവൻ മനസ്സിലാക്കുന്നു. അല്ലാഹുവിന്റെ ദൂതന്മാർ സത്യം പറഞ്ഞതാണെന്നും പ്രതിഫലം സത്യമാണെന്നും അവർ മനസ്സിലാക്കും. അതിന്റെ ചില മാതൃകകൾ ഈ ലോകത്ത് അവൻ കണ്ടിട്ടുണ്ട്.

(20). ഇബ്‌ലീസ് തന്റെ രക്ഷിതാവിനോട് പറഞ്ഞ പ്രതീക്ഷകൾ സബഅ് ജനതയിലും സത്യമായിട്ടുണ്ട്.

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ٨٢ إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ٨٣

   “അവൻ (ഇബ്‌ലീസ്) പറഞ്ഞു: നിന്റെ പ്രതാപമാണ് സത്യം. അവരെ മുഴുവൻ ഞാൻ വഴിതെറ്റിക്കുകതന്നെ ചെയ്യും. അവരിൽ നിന്റെ നിഷ്‌കളങ്കരായ ദാസന്മാർ ഒഴികെ’’ (38:82-83).

ഇബ്‌ലീസിന്റെ ഭാഗത്തുനിന്നുള്ള ഈ പ്രതീക്ഷ ഉറപ്പായ ഒരു അറിവായിരുന്നില്ല. കാരണം, അവന് അദൃശ്യമായ കാര്യങ്ങൾ അറിയുമായിരുന്നില്ല. അവരെ മുഴുവൻ വഴി തെറ്റിക്കാൻ കഴിയും എന്ന വിവരം അല്ലാഹുവിൽ നിന്ന് അവന് ലഭിച്ചിട്ടുമില്ല. ഈ ആളുകളും അവരെ പോലെയുള്ളവരും ഇബ്‌ലീസിന്റെ പ്രതീക്ഷ സത്യമാക്കിയവരാണ്. അവൻ അവരെ വിളിച്ചു പ്രലോഭിപ്പിച്ചു. അങ്ങനെ അവരെ പിഴപ്പിച്ചു. (അങ്ങനെ അവർ അവനെ പിന്തുടർന്നു, ഒരു സംഘം സത്യവിശ്വാസികൾ ഒഴികെ) അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കാത്തവൻ ഇബ്‌ലീസിന്റെ പ്രേരണയിൽ പെടില്ല. ശരിക്കും സബഇന്റെ കഥാവിവരണം (ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാൾക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്) എന്ന വചനം മുതൽ ഇബ്‌ലീസിനെ പൻപറ്റുന്ന എല്ലാ മനുഷ്യരെക്കുറിച്ചുള്ള പൊതുവായ പരാമർശമാവാം.

(21). തുടർന്ന് അല്ലാഹു പറയുന്നു: (അവന് ഉണ്ടായിരുന്നില്ല) അതായത്, ഇബ്‌ലീസിന്. (അവരുടെ മേൽ യാതൊരധികാരവും) അതായത് താൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അവരെ നിർബന്ധിക്കാൻ അവന് അവരുടെ മേൽ യാതൊരു നിയന്ത്രണമോ അധികാരമോ ഇല്ലായിരുന്നു.

എന്നാൽ ആദമിന്റെ സന്തതികളിൽ അവന് കുറച്ച് സ്വാധീനവും ശക്തിയും ഉണ്ടായിരിക്കണമെന്ന് അല്ലാഹുവിന്റെ യുക്തി തീരുമാനിച്ചു. (പരലോകത്തിൽ വിശ്വസിക്കുന്നവരെ അതിനെ പറ്റി സംശയത്തിൽ കഴിയുന്നവരുടെ കൂട്ടത്തിൽനിന്ന് നാം തിരിച്ചറിയാൻ വേണ്ടി മാത്രമാണിത്) അതായത് ഒരു പരീക്ഷണത്തിലൂടെ, ആരാണ് ആത്മാർഥതയുള്ളവരെന്നും പിശാച് സംശയങ്ങൾ ഉണ്ടാക്കുമ്പോഴും പരീക്ഷണങ്ങൾ വരുമ്പോഴും ശരിയായ വിശ്വാസത്തോടെ ഉറച്ചുനിൽക്കുന്നത് ആരാണെന്നറിയാനും ഉറച്ചുനിൽക്കാതെ നിസ്സാരമായ സംശയങ്ങളുണ്ടാകുമ്പോൾ പോ ലും പതറിപ്പോകുന്നത് ആരെന്നറിയാനുമാണിത്.

തന്റെ അടിമകളെ പരീക്ഷിക്കാൻ അല്ലാഹു നിശ്ചയിക്കുന്ന പരീക്ഷണങ്ങളിലൂടെ നല്ലതും ചീത്തയും വേർതിരിയുന്നു. (നിന്റെ രക്ഷിതാവ് ഏതൊരു കാര്യവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു) അവൻ തന്റെ അടിമകളെയും അവരുടെ പ്രവർത്തികളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവർ ചെയ്യുന്ന എല്ലാറ്റിനും അവൻ അവർക്ക് പ്രതിഫലം നൽകും.