സൂറ: സ്സബഅ്, ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 സെപ്തംബർ 28, 1446 റ. അവ്വൽ 25
അധ്യായം: 34, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
13. അദ്ദേഹത്തിനുവേണ്ടി ഉന്നത സൗധങ്ങൾ, ശിൽപങ്ങൾ, വലിയ ജലസംഭരണിപോലെയുള്ള തളികകൾ, നിലത്ത് ഉറപ്പിച്ച് നിർത്തിയിട്ടുള്ള പാചക പാത്രങ്ങൾ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവർ (ജിന്നുകൾ) നിർമിച്ചിരുന്നു. ദാവൂദ് കുടുംബമേ, നിങ്ങൾ നന്ദിപൂർവം പ്രവർത്തിക്കുക. തികഞ്ഞ നന്ദിയുള്ളവർ എന്റെ ദാസൻമാരിൽ അപൂർവമത്രെ.
14. നാം അദ്ദേഹത്തിന്റെമേൽ മരണം വിധിച്ചപ്പോൾ അദ്ദേഹത്തിന്റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതൽ മാത്രമാണ് അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി അവർക്ക് (ജിന്നുകൾക്ക്) അറിവ് നൽകിയത്. അങ്ങനെ അദ്ദേഹം വീണപ്പോൾ, തങ്ങൾക്ക് അദൃശ്യകാര്യം അറിയാമായിരുന്നെങ്കിൽ അപമാനകരമായ ശിക്ഷയിൽ തങ്ങൾ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന് ജിന്നുകൾക്ക് ബോധ്യമായി.
15. തീർച്ചയായും സബഅ് ദേശക്കാർക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തിൽ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതായത്, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങൾ. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തിൽനിന്ന് നിങ്ങൾ ഭക്ഷിക്കുകയും അവനോട് നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും!
16. എന്നാൽ അവർ പിന്തിരിഞ്ഞുകളഞ്ഞു. അപ്പോൾ അണക്കെട്ടിൽനിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങൾക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും അൽപം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങൾ നാം അവർക്ക് നൽകുകയും ചെയ്തു.
17. അവർ നന്ദികേട് കാണിച്ചതിന് നാം അവർക്ക് പ്രതിഫലമായി നൽകിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ?

13). അവരുടെ നിർമാണങ്ങൾ, സുലൈമാൻ(അ) ഉദ്ദേശിക്കുന്നതെല്ലാം അവർ ഉണ്ടാക്കിക്കൊണ്ടിരുന്നു. (ഉന്നതമായ സൗധങ്ങൾ) കെട്ടിയുണ്ടാക്കപ്പെടുന്ന എല്ലാ കെട്ടിടങ്ങളുമാണത്. വലിയ എടുപ്പുകളെ കുറിച്ചാണ് പറയുന്നത്. (ശിൽപങ്ങൾ) അതായത് മൃഗങ്ങളുടെയും നിർജീവ വസ്തുക്കളുടെയും പ്രതിമകൾ ഉണ്ടാക്കി. അതിന്നവർക്ക് നല്ല വൈദഗ്ധ്യവും കഴിവും ഉണ്ടായിരുന്നു. (വലിയ ജലസംഭരണി പോലെയുള്ള തളികകൾ) വലിയ കുളങ്ങൾ പോലെയാണിത്. അതവർക്ക് ഭക്ഷണം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് സുലൈമാൻ നബി(അ) നിർമിച്ചുകൊടുത്തത്. അത് അദ്ദേഹത്തിന് മറ്റാർക്കും ആവശ്യമില്ലാത്ത വിധം അത്യാവശ്യമായിരുന്നു. വലിയ പാചക പാത്രങ്ങൾ (ഉറപ്പിച്ചു നിർത്തിയ) അതായത് അതിന്റെ വലുപ്പംകൊണ്ട് അത് അവിടെനിന്ന് നീക്കാൻ കഴിയുമായിരുന്നില്ല. ഈ അനുഗ്രങ്ങൾ എടുത്തു പറയുമ്പോൾ അവരോട് നന്ദി ചെയ്യാനും കൽപിക്കുന്നു: (ദാവൂദ് കുടുംബമേ, നിങ്ങൾ നന്ദിപൂർവം പ്രവർത്തിക്കുക).
ദാവൂദ് നബിയുടെ മക്കളും കുടുംബവും ഇതിൽ ഉൾപ്പെടും. കാരണം, അനുഗ്രഹങ്ങൾ അവരിൽ എല്ലാവർക്കും ലഭിക്കുകയും പ്രയോജനപ്പെടുകയും ചെയ്തിട്ടുണ്ട്. (നന്ദിയോടെ) അല്ലാഹു അവർക്ക് നൽകിയതിന്. (തികഞ്ഞ നന്ദിയുള്ളവർ എന്റെ ദാസന്മാരിൽ അപൂർവമത്രെ) അതായത്, അല്ലാഹു തന്റെ അനുഗ്രഹങ്ങളിൽനിന്ന് തങ്ങളെ അനുഗ്രഹിച്ചതിനോടും തങ്ങളിൽനിന്ന് ദോഷം തടഞ്ഞതിനും അവരിൽ അധികപേരും അല്ലാഹുവിനോട് നന്ദിയുള്ളവരല്ല. ആ നിലയ്ക്ക് നന്ദി ചെയ്യാൻ അവർ ബാധ്യസ്ഥരാണ്. നന്ദി എന്നാൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അംഗീകരിക്കലാണ്. അത് സ്വീകരിക്കുമ്പോൾ അതിലേക്കുള്ള ആവശ്യം പ്രകടിപ്പിക്കുന്നു. അല്ലാഹുവിനെ കൂടുതൽ അനുസരിക്കുകയും തെറ്റുകളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യുക.
(14). എല്ലാതരം നിർമാണങ്ങളും പിശാചുക്കൾ സുലൈമാനു വേണ്ടി തുടർന്നു. അദൃശ്യശക്തികളെക്കുറിച്ചും മറഞ്ഞിരിക്കുന്നവയെക്കുറിച്ചും തങ്ങൾക്ക് അറിവുണ്ടെന്ന് പറഞ്ഞ് അവർ ആളുകളെ വഞ്ചിച്ചിരുന്നു. അവരുടെ ഈ വാദം കളവാണെന്ന് കാണിച്ചുകൊടുക്കാൻ അല്ലാഹു തീരുമാനിച്ചു. അവർ അവരുടെ ജോലിയിൽ തുടർന്നു. സുലൈമാൻ നബി(അ)ക്ക് അല്ലാഹു മരണം വിധിച്ചു. തന്റെ ഊന്നുവടിയിന്മേൽ അദ്ദേഹം മരിച്ചു ചാരിക്കിടക്കുമ്പോൾ അവർ അദ്ദേഹത്തിന്റെ അരികിലൂടെ കടന്നുപോയിരുന്നു. അദ്ദേഹം ജീവനോടെയിരിക്കുന്നു എന്ന് അവർ വിചാരിച്ചു. അദ്ദേഹത്തെ അവർക്ക് ഭയമായിരുന്നു. ഒരു വർഷത്തോളം ഭൂമിയിലെ ഒരു ജീവി ആ വടി നശിപ്പിക്കുന്നതുവരെ അവർ അദ്ദേഹത്തിന് വേണ്ടി ജോലി തുടർന്നുകൊണ്ടിരുന്നു എന്ന് പറയപ്പെടുന്നു. അത് ഒടിഞ്ഞുവീഴുന്നതുവരെ അത് തിന്നുകൊണ്ടിരുന്നു. അങ്ങനെ സുലൈമാൻ നബി(അ) താഴെ വീണു. പിശാചുക്കൾ ചിതറിപ്പോയി. മനുഷ്യർക്ക് മനസ്സിലായി, തീർച്ചയായും ജിന്ന് (തങ്ങൾക്ക് അദൃശ്യകാര്യം അറിയാമായിരുന്നെങ്കിൽ അപമാനകരമായ ശിക്ഷയിൽ തങ്ങൾ കഴിഞ്ഞുകൂടേണ്ടിവരില്ലായിരുന്നു എന്ന് ജിന്നുകൾക്ക് ബോധ്യമായി) ആ ജോലി അത്രയും പ്രയാസകരമായിരുന്നു. അവർക്ക് അദൃശ്യമറിയാമായിരുന്നെങ്കിൽ സുലൈമാൻ നബി(അ)ന്റെ മരണം അവരറിയുമായിരുന്നു; അവരുടെ പ്രയാസകരമായ ജോലിയിൽനിന്ന് രക്ഷപ്പെടാൻ. അവർക്കതറിയാൻ അത്രയും താൽപര്യമുണ്ടായിരുന്നു.
(15). യമനിലുണ്ടായിരുന്ന ഒരു പ്രസിദ്ധ ഗോത്രമാണ് ‘സബഅ്.’ മഅ്‌രിബ് ദേശത്തായിരുന്നു അവർ താമസിച്ചിരുന്നത്. ജനങ്ങളോട് പൊതുവെയും അറബികളോട് പ്രത്യേകിച്ചും അല്ലാഹു കാണിച്ച ഒരു കാരുണ്യമാണ് അറബികളുടെ പരിസരങ്ങളിൽ ജീവിച്ചിരുന്നവർ നശിപ്പിക്കപ്പെട്ട കഥകൾ ക്വുർആൻ വിവരിക്കുന്നു എന്നത്. അതിന്റെ അവശിഷ്ടങ്ങൾ ഇന്നും കാണാം. ജനങ്ങൾ അവരുടെ വർത്തമാനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നുണ്ട്. അത് കൂടുതൽ സത്യമായിത്തീരാനും ഉൽബോധനമാകാനും അതുമൂലം സാധിക്കുന്നു. അല്ലാഹു പറയുന്നു: (തീർച്ചയായും സബഅ് ദേശക്കാർക്ക് തങ്ങളുടെ അധിവാസകേന്ദ്രത്തിൽ ഉണ്ട്) അതായത് അവർ താമസിച്ച സ്ഥലത്ത്. (ദൃഷ്ടാന്തം) അല്ലാഹു അവർക്ക് അനുഗ്രഹങ്ങൾ നൽകിയതും ആപത്തുക്കളിൽനിന്നും രക്ഷിച്ചതുമാണ് ഇവിടെ അനുഗ്രഹം കൊണ്ടുദ്ദേശ്യം. അത് അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവന് നന്ദി ചെയ്യാനും അനിവാര്യമാക്കി. തുടർന്ന് ആ ദൃഷ്ടാന്തം എന്താണെന്ന് അല്ലാഹു വിശദീകരിക്കുന്നു:

(അതായത്, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ട് തോട്ടങ്ങൾ) ധാരാളം മഴ ലഭിക്കുന്ന ഒരു വലിയ താഴ്‌വര അവർക്കുണ്ടായിരുന്നു. വെള്ളം ശേഖരിക്കാൻ അവർ വലിയ അണക്കെട്ടുകൾ നിർമിച്ചു. അതിലേക്ക് ധാരാളം അരുവികൾ ഒഴുകിയെത്തി. വെള്ളം അതിൽ നിറഞ്ഞു. ഇടതും വലതും ഉള്ള താഴ്‌വരകളിലേക്കെല്ലാം അതിൽനിന്ന് അവർ വെള്ളം വിതരണം ചെയ്തു. ആ രണ്ട് കൂറ്റൻ തോട്ടങ്ങൾ അവർക്ക് മതിയായ ഫലങ്ങളും വിളകളും നൽകി. അവർക്ക് വളരെയധികം സന്തോഷം നൽകി. അതിനാൽ തങ്ങൾക്ക് ലഭിച്ച നിരവധി അനുഗ്രഹങ്ങൾക്കു നന്ദി ചെയ്യാൻ അല്ലാഹു അവരോട് നിർദേശിച്ചു. ആ രണ്ട് തോട്ടങ്ങൾ മുഖേന അവർക്ക് കിട്ടിയ മറ്റു നേട്ടങ്ങൾ:
*അവരുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും നൽകിയത് ആ രണ്ടു തോട്ടങ്ങളായിരുന്നു.
*അല്ലാഹു അവരുടെ ഭൂമി സമൃദ്ധമാക്കിയതിനാൽ അവിടെയുള്ള നല്ല കാലാവസ്ഥയും സുഭിക്ഷമായ ഉപജീവനവും ലഭിച്ചു.
*ഇനി അവർ അവനോട് നന്ദി കാണിക്കുകയാണെങ്കിൽ അവൻ അവരോട് ക്ഷമിക്കുമെന്നും കരുണ കാണിക്കുമെന്നും ഉറപ്പ് നൽകി (നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും).
*അവരുടെ കച്ചവടത്തിനും ഉപജീവനത്തിനും അവർ അനുഗൃഹീതമായ ഒരു ദേശത്ത് എത്തണമെന്ന് അല്ലാഹുവിന് അറിയാമായിരുന്നു. ഈ ഗ്രാമം ‘സൻആഅ്’ ആയിരുന്നു എന്ന് പൂർവികരായ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് ശാം ആയിരുന്നെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഭയമില്ലാതെ സുരക്ഷിതമായ ആ നാട്ടിൽ എത്തിച്ചേരാനുള്ള മാർഗങ്ങളും അവൻ സൗകര്യപ്പെടുത്തി. അതിനും അവർക്കുമിടയിൽ ധാരാളം പട്ടണങ്ങളുണ്ടായിരുന്നു. അതിനാൽ അവർ യാത്ര ചെയ്യുമ്പോൾ ഭക്ഷണസാധനങ്ങൾ കൊണ്ടുപോകാൻ ബുദ്ധിമുട്ടേണ്ടിവന്നില്ല.
അതാണ് അല്ലാഹു പറഞ്ഞത്: (അവർക്കും സബഅ് ദേശക്കാർക്കും നാം അനുഗ്രഹങ്ങൾ നൽകിയ-സിറിയൻ-ഗ്രാമങ്ങൾക്കിടയിൽ തെളിഞ്ഞ് കാണാവുന്ന ചില ഗ്രാമങ്ങളും നാം ഉണ്ടാക്കി. അവിടെ നാം യാത്രക്ക് താവളങ്ങൾ ഉണ്ടാക്കുകയും ചെയ്തു) അവർക്ക് മനസ്സിലാക്കാൻ കഴിയുന്ന യാത്രാതാവളങ്ങൾ രാത്രിയിൽ ചുറ്റിത്തിരിയാതെ അവർക്ക് നിശ്ചയിക്കാമായിരുന്നു. (നിർഭയരായി) രാത്രിയും പകലും നിർഭയത്വത്തോടെ സഞ്ചരിക്കാൻ അവർക്ക് സാധിച്ചു. നിർഭയത്വമെന്നത് അവർക്ക് അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമായിരിക്കുന്നു.
(16) അനുഗ്രഹം തന്നവനെ ആരാധിക്കുന്നതിൽനിന്നും അവർ തിരിഞ്ഞുകളഞ്ഞു. അനുഗ്രഹങ്ങളെ അവർ അവഗണിച്ചു. എളുപ്പം സഞ്ചരിക്കാൻ കഴിഞ്ഞിരുന്ന ആ ഗ്രാമങ്ങൾ തമ്മിൽ അകലങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ എന്നുവരെ അവർ ആഗ്രഹിച്ചു. അല്ലാഹുവിൽ അവിശ്വസിച്ചും അവന്റെ അനുഗ്രഹത്തിന് നന്ദികേട് കാണിച്ചും (അവർ അവരോട് അക്രമം ചെയ്തു) അതിനാൽ അവരെ അഹങ്കാരികളാക്കിയ അനുഗ്രഹങ്ങളെ എടുത്തുകളഞ്ഞ് അവരെ അല്ലാഹു ശിക്ഷിച്ചു. (അണക്കെട്ടിൽനിന്നുള്ള ജലപ്രവാഹം) അവരുടെ മേൽ അയച്ചു. ഒരു മഹാപ്രളയം അവൻ അവർക്കെതിരെ അയച്ചു. അവരുടെ തോട്ടങ്ങൾ നശിപ്പിക്കുകയും ചെയ്തു. അങ്ങനെ അത് മനോഹരമായ ചെടികളും ഫലവും നിറഞ്ഞ ആ തോട്ടങ്ങൾ നശിപ്പിക്കുകയും പകരം യാതൊരു പ്രയോജനവുമില്ലാത്ത മരങ്ങൾ ഉണ്ടാക്കുകയും ചെയ്തു. അതാണ് അല്ലാഹു പറഞ്ഞത്: (അവരുടെ ആ രണ്ട് തോട്ടങ്ങൾക്ക് പകരം രണ്ട് തോട്ടങ്ങളെ നൽകി) അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലാത്ത രണ്ടെണ്ണം. (കയ്‌പുള്ള കായ്കനികളും കാറ്റാടി മരവും അൽപം ചില വാകമരങ്ങളും ഉള്ള) ഇതെല്ലാം പരിചിതങ്ങളായവയാണ്.
(17) അവർ ചെയ്തതിന് തത്തുല്യമായ പ്രതിഫലം. നന്മ നിറഞ്ഞ നന്ദിക്ക് പകരം ചീത്തയായ നിഷേധം പകരമാക്കിയതിനുള്ള പ്രതിഫലം. നേരത്തെ പറഞ്ഞ അനുഗ്രങ്ങൾക്കെല്ലാം പകരം. അതാണ് അല്ലാഹു പറഞ്ഞത്: ‘അവർ നന്ദികേട് കാണിച്ചതിന് നാം പ്രതിഫലമായി നൽകിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന് നേരെയല്ലാതെ നാം ശിക്ഷാ നടപടി എടുക്കുമോ?’ ശിക്ഷ നൽകുന്നത് അല്ലാഹുവിനെ നിഷേധിച്ചവർക്കും നന്ദികെട്ടവർക്കും മാത്രമാണ്.

