സൂറ: സ്വാഫ്ഫാത്ത്, ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ഏപ്രിൽ 06, 1445 റമദാൻ 27
അധ്യായം: 37, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
11. ആകയാൽ (നബിയേ,) നീ അവരോട് (ആ നിഷേധികളോട്) അഭിപ്രായം ആരായുക: സൃഷ്ടിക്കാൻ ഏറ്റവും പ്രയാസമുള്ളത് അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീർച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണിൽനിന്നാകുന്നു.
12. പക്ഷേ, നിനക്ക് അത്ഭുതം തോന്നി. അവരാകട്ടെ പരിഹസിക്കുകയും ചെയ്യുന്നു.
13. അവർക്ക് ഉപദേശം നൽകപ്പെട്ടാൽ അവർ ആലോചിക്കുന്നില്ല.
14. അവർ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തമാശയാക്കിക്കളയുന്നു.
15. അവർ പറയും; ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്.
16. (അവർ പറയും:) മരിച്ച് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാൽ ഞങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുക തന്നെ ചെയ്യുമോ?
17. ഞങ്ങളുടെ പൂർവപിതാക്കളും (ഉയിർത്തെഴുന്നേൽപിക്കപ്പെടുമോ?)
18. പറയുക: അതെ. (അന്ന്) നിങ്ങൾ അപമാനിതരാകുകയും ചെയ്യും.
19. എന്നാൽ അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവർ (എഴുന്നേറ്റുനിന്ന്) നോക്കുന്നു.
20. അവർ പറയും: അഹോ! ഞങ്ങൾക്ക് കഷ്ടം! ഇത് പ്രതിഫലത്തിന്റെ ദിനമാണല്ലോ!
21. (അവർക്ക് മറുപടി നൽകപ്പെടും:) അതെ; നിങ്ങൾ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന നിർണായകമായ തീരുമാനത്തിന്റെ ദിവസമത്രെ ഇത്.

11. ഈ മഹത്തായ സൃഷ്ടിപ്പുകളെ വിവരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (നീ അവരോട് അഭിപ്രായം ആരായുക) മരണാനന്തരമുള്ള സൃഷ്ടിപ്പിനെ നിഷേധിക്കുന്നവരോട്.
(സൃഷ്ടിക്കാൻ ഏറ്റവും പ്രയാസമുള്ളത് അവരെയാണോ) മരണശേഷം ഉണ്ടാക്കുവാൻ ഏറ്റവും പ്രയാസമുള്ള സൃഷ്ടി ഇവരാണോ. (അതല്ല, നാം സൃഷ്ടിച്ചിട്ടുള്ളവരെയാണോ) ഇവിടെയുള്ള മറ്റു സൃഷ്ടികളിൽ. അവർ സമ്മതിച്ചേ പറ്റൂ. ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് മനുഷ്യ സൃഷ്ടിപ്പിനെക്കാൾ എത്രയോ വലുതാണ്.
അപ്പോൾ ഉയിർത്തെഴുന്നേൽപ് അവർ സമ്മതിച്ചേ പറ്റൂ. മനുഷ്യന്റെ സൃഷ്ടിപ്പിന്റെ തുടക്കം കളിമണ്ണിൽനിന്നുമാണ്. അതാണ് പ്രയാസം എന്ന് ചിന്തിച്ചാൽ മനസ്സിലാകും. അതാണ് അല്ലാഹു പറഞ്ഞത്: (തീർച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണിൽ നിന്നുമാകുന്നു). കുറച്ചുകൂടി ശക്തമായി അല്ലാഹു പറയുന്നു:
وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن صَلْصَـٰلٍ مِّنْ حَمَإٍ مَّسْنُونٍ (٢٦)
“കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാൽ) മുഴക്കമുണ്ടാക്കുന്ന കളിമൺ രൂപത്തിൽനിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരി ക്കുന്നു’’ (15:26).
12. (പക്ഷേ, നിനക്ക് അത്ഭുതം തോന്നി) ഓ പ്രവാചകരേ, അല്ലെങ്കിൽ ഓ മനുഷ്യരേ, ശരിയായ തെളിവും മഹത്തായ ദൃഷ്ടാന്തവും ഞാനവർക്ക് കാണിച്ചുകൊടുത്തിട്ടും ഉയിർത്തെഴുന്നേൽപിനെ നിഷേധിക്കുന്നവരേ, അത് സത്യമാണ്. അവിടെ നിഷേധത്തിന് സ്വീകാര്യതയില്ല. അതിനെക്കാളൊക്കെ ആശ്ചര്യകരമായത് (അവർ പരിഹസിക്കുകയും ചെയ്യുന്നു) എന്നതാണ്. വെറും നിഷേധം മാത്രമല്ല, സത്യമായ വാക്കിനെ അവർ പരിഹസിക്കുക കൂടി ചെയ്തു.
13,14. ‘യസ്തസ്ഖിറൂൻ’ എന്ന വാക്ക് വീണ്ടും അത്ഭുതത്തെ അറിയിക്കുന്നതാണ്. (അവർക്ക് ഉപദേശം നൽകപ്പെട്ടാൽ) പ്രകൃതിപരമായും ബുദ്ധിപരമായും അവർക്ക് മനസ്സിലാക്കാവുന്ന കാര്യങ്ങൾ. അവരത് ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പക്ഷേ, (അവർ ആലോചിക്കുന്നില്ല) അതിനെക്കുറിച്ച്. അറിവില്ലായ്മയാണ് കാരണമെങ്കിൽ അവരുടെ ബുദ്ധിശൂന്യതയ്ക്ക് ഏറ്റവും വലിയ തെളിവാണിത്. അവരുടെ പ്രകൃതിയിൽ അംഗീകരിക്കാവുന്ന ബുദ്ധിപരവും യാതൊരു സംശയവുമില്ലാത്തതാണ് അവരോട് പറഞ്ഞത്. ഇനി അജ്ഞത നടിക്കുകയാണെങ്കിൽ അവരുടെ കാര്യം അത്ഭുതം തന്നെ.
ബുദ്ധിയുള്ളവർ അംഗീകരിക്കുന്ന തെളിവുകൾ അവരോട് പറയുമ്പോൾ അവരതിനെ പരിഹസിക്കുകയും അതിലവർ അത്ഭുതപ്പെടുകയും ചെയ്യുക എന്നത് ആശ്ചര്യകരം തന്നെ.
15. സത്യം വന്നപ്പോൾ അവർ പറഞ്ഞ വാക്കും ആശ്ചര്യകരമാണ.് (ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്) ഉന്നതവും ഉദാത്തവുമായ ഒരു കാര്യത്തെ, അതായത് സത്യത്തെ അവർ ഏറ്റവും മോശമായ കാര്യത്തെ പോലെയാക്കി.
16,17. മറ്റൊരത്ഭുതം; ആകാശ ഭൂമികളുടെ രക്ഷിതാവിന്റെ കഴിവിനെ അവർ തുലനപ്പെടുത്തിയത് എല്ലാ നിലയ്ക്കും ന്യൂനതകളുള്ള മനുഷ്യ കഴിവിനോടാണ്. അതാണവർ അത്ഭുതത്തോടെ ചോദിച്ചത്: (മരിച്ച് മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാൽ ഞങ്ങൾ ഉയിർത്തെഴുന്നേല്പിക്കപ്പെടുകതന്നെ ചെയ്യുമോ?)
18. അവർക്ക് പറയാനുള്ളത് ഇത് മാത്രമായിരുന്നതിനാൽ അല്ലാഹു തന്റെ ദൂതനോട് അവർക്ക് മറുപടി പറയാൻ കൽപിച്ചു; അവരെ ഭയപ്പെടുത്താൻ ഉതകുന്ന മറുപടി. (പറയുക: അതെ) നിങ്ങൾ പുനരുദ്ധരിക്കും. നിങ്ങൾ മാത്രമല്ല, നിങ്ങളുടെ പൂർവ പിതാക്കളും. (നിങ്ങൾ അപമാനിതരാവുകയും ചെയ്യും) നിന്ദ്യരായി, നിസ്സാരരായി. നിങ്ങൾക്ക് അതിനെ തടയാനാകില്ല. അല്ലാഹുവിന്റെ കഴിവിനെ മറികടക്കാനുമാവില്ല.
19. (എന്നാൽ അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും) ഇസ്‌റാഫീൽ കാഹളത്തിൽ ഊതും. (അപ്പോഴതാ) ക്വബ്‌റുകളിൽനിന്ന് അവർ എഴുന്നേറ്റ് വരുന്നു. അവർ ആദ്യം സൃഷ്ടിക്കപ്പെട്ട പോലെ അവർ ഉയിർത്തെഴുന്നേൽക്കും. ശരീരം മുഴുവനും നഗ്നരും നഗ്‌നപാദരും ചേലാകർമം ചെയ്യപ്പെടാത്തവരുമായി. ആ സമയം അവർ തങ്ങളുടെ ഖേദവും അപമാനവും നഷ്ടവും കാണിക്കും. അവർ നാശമെന്ന് വിളിക്കും.
20. (അവർ പറയും: അഹോ, ഞങ്ങൾക്ക് കഷ്ടം. ഇത് പ്രതിഫലത്തിന്റെ ദിനമാണല്ലോ) ഇത് ന്യായവിധിയുടെ ദിനമാണ്. പ്രവർത്തനങ്ങൾക്ക് പ്രതിഫലം ലഭിക്കുന്ന ദിനം. ഇഹലോകത്ത് അവർ പരിഹസിച്ചതിനെ അവർ അംഗീകരിക്കും.
21. എന്നാൽ അവരോട് പറയപ്പെടും: (നിർണായകമായ തീരുമാനത്തിന്റെ ദിവസമത്രെ ഇത്) മനുഷ്യർക്കിടയിലും അവരുടെ രക്ഷിതാവിനുമിടയിലുള്ള അവകാശങ്ങളിലും കടമകളിലും അവ ർക്കും മറ്റു സൃഷ്ടികൾക്കുമിടയിലുള്ള കടമകളിലും അവർക്കിടയിലുള്ള ഭിന്നതകളിലും തീരുമാനം കൽപിക്കപ്പെടുന്ന ദിനം.

