സൂറ: ഫാത്വിർ(സ്രഷ്ടാവ്), ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ആഗസ്റ്റ് 10, 1446 സ്വഫർ 06
അധ്യായം: 35, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
11. അല്ലാഹു നിങ്ങളെ മണ്ണിൽനിന്നും പിന്നീട് ബീജകണത്തിൽനിന്നും സൃഷ്ടിച്ചു. പിന്നെ അവൻ നിങ്ങളെ ഇണകളാക്കി. അവന്റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗർഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീർഘായുസ്സ് നൽകപ്പെട്ട ആൾക്കും ആയുസ്സ് നീട്ടിക്കൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സിൽ കുറവുവരുത്തപ്പെടുന്നതോ; ഒരു രേഖയിൽ ഉള്ളത് അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീർച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു.
12. രണ്ടു ജലാശയങ്ങൾ സമമാവുകയില്ല. ഒന്ന് കുടിക്കാൻ സുഖമുള്ള ഹൃദ്യമായ ശുദ്ധജലം, മറ്റൊന്ന് കയ്‌പ്പുറ്റ ഉപ്പുവെള്ളവും. രണ്ടിൽനിന്നും നിങ്ങൾ പുത്തൻമാംസം എടുത്ത് തിന്നുന്നു. നിങ്ങൾക്ക് ധരിക്കുവാനുള്ള ആഭരണം (അതിൽനിന്ന്) പുറത്തെടുക്കുകയും ചെയ്യുന്നു. അതിലൂടെ കപ്പലുകൾ കീറിക്കടന്നുപോകുന്നതും നിനക്ക് കാണാം. അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്നും നിങ്ങൾ തേടിപ്പിടിക്കുവാൻ വേണ്ടിയും നിങ്ങൾ നന്ദികാണിക്കുവാൻ വേണ്ടിയുമത്രെ അത്.
13. രാവിനെ അവൻ പകലിൽ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ (തന്റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധിവരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങൾ പ്രാർഥിക്കുന്നുവോ അവർ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.
14. നിങ്ങൾ അവരോട് പ്രാർഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പോലെ നിനക്ക് വിവരം തരാൻ ആരുമില്ല.

11). ഇവിടെ അല്ലാഹു മനുഷ്യസൃഷ്ടിയെക്കുറിച്ചാണ് പറയുന്നത്. മണ്ണിൽ നിന്ന് ബീജകണം; ശേഷം വിവിധ ഘട്ടങ്ങളിലൂടെ അത് മുന്നോട്ടുപോകുന്നു. (പിന്നെ അവൻ നിങ്ങളെ ഇണകളാക്കി) നിങ്ങളുടെ വളർച്ച ഘട്ടംഘട്ടമായി തുടർന്നുകൊണ്ടിരുന്നു. അങ്ങനെ നിങ്ങൾ ഇണകളായിത്തീർന്നു. പുരുഷൻ സ്ത്രീയെ വിവാഹം കഴിക്കുന്നു. വിവാഹത്തിന്റെ ഉദ്ദേശ്യം സന്താനങ്ങൾ ഉണ്ടാവലാണ്. വിവാഹം സന്താനങ്ങളുണ്ടാകാനാണെങ്കിലും അതെപ്പോഴും അല്ലാഹുവിന്റെ ഇച്ഛക്കും വിധിക്കും അവന്റെ അറിവിനും വിധേയമാണ്.
(അവന്റെ അറിവോടെയല്ലാതെ ഒരു സ്ത്രീയും ഗർഭം ധരിക്കുന്നില്ല) അപ്രകാരം തന്നെ മനുഷ്യന്റെ വളർച്ചയുടെ ഘട്ടങ്ങളെല്ലാം അവന്റെ അറിവോടെ തന്നെ. (ഒരു ദീർഘായുസ്സ് നൽകപ്പെട്ട ആൾക്കും ആയുസ്സ് നീട്ടി കൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സിൽ കുറവ് വരുത്തപ്പെടുന്നതോ) ആർക്കെങ്കിലും ദീർഘായുസ്സ് നൽകപ്പെട്ടിട്ടുണ്ടെങ്കിൽ; (കൂടാതെ) അല്ലാഹുവിന്റെ അറിവ് അനുസരിച്ച് മാത്രം. മനുഷ്യൻ എത്തേണ്ട ആയുസ്സ് കുറയുന്നില്ല. അവൻ ആയുസ്സ് കുറയാൻ കാരണമാകുന്ന പ്രവർത്തനങ്ങളിൽ പ്രവേശിപ്പിച്ചാലല്ലാതെ. വ്യഭിചാരം, മാതാപിതാക്കളെ വിഷമിപ്പിക്കൽ, കുടുംബബന്ധം മുറിക്കൽ തുടങ്ങിയവയെല്ലാം ആയുസ്സ് കുറക്കുമെന്ന് പറഞ്ഞ കാരണങ്ങളിൽ പെട്ടതാണ്.
ചുരുക്കത്തിൽ, ആയുസ്സ് കൂടുന്നതിനും കുറയുന്നതിനുമെല്ലാം കാരണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാം അല്ലാഹുവിന്റെ അറിവോടുകൂടിയാണ്. അതെല്ലാം (ഒരു രേഖയിൽ) സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് സംഭവിക്കുന്നതെല്ലാം അതിൽ ഉൾക്കൊള്ളുന്നു; അവന്റെ ജീവിതത്തിലെ മുഴുവൻ സമയങ്ങളിൽ സംഭവിക്കുന്നതും. (തീർച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു) ഇത്രയധികം വിവരങ്ങൾ സൂക്ഷ്മമായി അറിയലും അത് മുഴുവൻ രേഖപ്പെടുത്തലും അവന് യാതൊരു പ്രയാസവുമുള്ള കാര്യമല്ല.
ഉയിർത്തെഴുന്നേൽപിനെ സ്ഥാപിക്കുന്ന ഈ മൂന്ന് തെളിവുകളും ബുദ്ധിപരമാണ്. ഈ വചനങ്ങളിൽ അതാണ് അല്ലാഹു ഉണർത്തുന്നത്. നിർജീവതയ്ക്ക് ശേഷം ഭൂമിയെ ജീവിപ്പിക്കൽ, ഭൂമിക്ക് ജീവൻ നൽകുന്നവൻ, മരിച്ചവർക്ക് ജീവൻ നൽകുന്നത്, മനുഷ്യൻ വളർച്ചയുടെ ഘട്ടങ്ങളിലൂടെ കടന്നുപോകും, അവനെ ഉണ്ടാക്കിയവൻ ഒരു ഘട്ടത്തിൽനിന്ന് മറ്റൊരു ഘട്ടത്തിലേക്ക് അവനെ എത്തിക്കും, അങ്ങനെ പടിപടിയായി നിർണിത അവസ്ഥയിലേക്ക് അവനെത്തും. ഇതെല്ലാം ചെയ്യുന്ന അല്ലാഹു പുനഃസൃഷ്ടിക്ക് ഏറെ കഴിവുള്ളവനാകുന്നു. അതവന് നിസ്സാരമത്രെ. സർവലോകങ്ങളുടെയും മുഴുവൻ ഭാഗങ്ങളും സൂക്ഷ്മമായി അവനറിയുന്നു. ഹൃദയത്തിലുള്ളതും ഉദരത്തിലുള്ള ഗർഭസ്ഥ ശിശുക്കളെക്കുറിച്ചും അവൻ അറിയും. ആയുസ്സിന്റെ കുറവും വർധനയും അവനറിയും. എല്ലാം രേഖയിൽ ഉണ്ട്. ഇതെല്ലാം എളുപ്പമാണവന്. അതിനാൽ മരിച്ചവരെ തിരിച്ചു കൊണ്ടുവരൽ എത്രയോ എളുപ്പമാണ്. അല്ലാഹു അനുഗ്രഹ പൂർണനാണ്. തന്റെ ദാസന്മാർക്ക് ഇഹത്തിലും പരത്തിലും നന്മയുണ്ടാക്കുന്ന കാര്യങ്ങൾ അവൻ പറഞ്ഞുതന്നു.
12). ഇവിടെ അല്ലാഹു തന്റെ കഴിവിനെയും അറിവിനെയും കാരുണ്യത്തെയും കുറിച്ചാണ് പറയുന്നത്. എല്ലാ മനുഷ്യരുടെയും ഗുണത്തിനായി അവൻ രണ്ടു ജലാശയങ്ങൾ ഉണ്ടാക്കി. പക്ഷേ, അവന് അവയെ ഒരുപോലെ ആക്കിയില്ല. അത് കുടിക്കുന്നവർക്കും നട്ടു പിടിപ്പിക്കുന്നവർക്കും കൃഷി ചെയ്യുന്നവർക്കും പ്രയോജനമാകേണ്ട ശുദ്ധവും ഹൃദ്യവുമായ വെള്ളം നിറഞ്ഞ നദികൾ ഉണ്ടാവണമെന്ന് ജനങ്ങളുടെ താൽപര്യങ്ങൾ ആവശ്യപ്പെട്ടു. കയ്പ്പുറ്റ ഉപ്പുവെള്ളവും ഉണ്ടാകണം. അന്തരീക്ഷവായു കടലിൽ ചത്തടങ്ങുന്ന ജീവികളാൽ ദുർഗന്ധം നിറഞ്ഞതാവാതിരിക്കാൻ കാരണം അത് ഒഴുകാത്തതാണല്ലോ. ഉപ്പുരസം അതിന്റെ മാറ്റത്തെ തടുക്കുന്നു. അതുമൂലം അതിലെ ജീവികൾ അത്യധികം രുചികരവുമാകുന്നു. (എല്ലാറ്റിൽ നിന്നും) ഉപ്പുള്ളതും ശുദ്ധവുമായ ജലാശയങ്ങളിൽനിന്നും.
(നിങ്ങൾ പുത്തൻ മാസം എടുത്ത് തിന്നുന്നു) കടലിൽനിന്നും പെട്ടെന്ന് പിടിക്കാവുന്ന മത്സ്യമാണ് ഉദ്ദേശ്യം. (നിങ്ങൾക്ക് ധരിക്കാവുന്ന ആഭരണം പുറത്തെടുക്കുകയും ചെയ്യുന്നു) മുത്തുകളും പവിഴങ്ങളും അവയല്ലാതെ കാണപ്പെടുന്ന മറ്റു വസ്തുക്കളും. ഇതെല്ലാം മനുഷ്യന് ഏറ്റവും വലിയ പ്രയോജനം നൽകുന്നു.

ജലാശയങ്ങളുടെ മറ്റൊരു ഗുണം കപ്പലുകൾ, ബോട്ടുകൾ തുടങ്ങിയ ജലവാഹനങ്ങളെ വഹിക്കാൻ അതിനെ സൗകര്യപ്പെടുത്തി എന്നതാണ്. അങ്ങനെ കടലിനെ കീറിമുറിച്ച് ഒരു പ്രദേശത്തു നിന്ന് മറ്റൊരു പ്രദേശത്തേക്ക് സഞ്ചരിക്കുന്നു. യാത്രക്കാരെയും അവരുടെ ചരക്കുകളെയും വഹിച്ച് അത് സഞ്ചരിക്കുന്നു. അതിലൂടെ അല്ലാഹുവിന്റെ ധാരാളം അനുഗ്രഹങ്ങൾ നേടാനാവുന്നു. അതാണ് അല്ലാഹു പറയുന്നത്: (അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽനിന്നും നിങ്ങൾ തേടിപ്പിടിക്കാൻ വേണ്ടിയും നിങ്ങൾ നന്ദി കാണിക്കാൻ വേണ്ടിയുമത്രെ അത്).
13). ഈ അനുഗ്രഹങ്ങളിൽ മറ്റൊന്ന് അല്ലാഹു രാത്രിയെ പകലിലും പകലിനെ രാത്രിയിലും പ്രവേശിപ്പിക്കുന്നു എന്നതാണ്. ഇതിനെ അതിലും അതിനെ ഇതിലും പ്രവേശിപ്പിക്കുന്നു. രണ്ടിൽ ഒന്ന് വരുമ്പോൾ മറ്റേത് പോകുന്നു. ഒന്ന് വർധിക്കുമ്പോൾ മറ്റേത് കുറയുന്നു. അങ്ങനെ രണ്ടും സമമാകുന്നു. അതങ്ങനെ നിലനിൽക്കുന്നത് മനുഷ്യരുടെയും ജീവികളുടെയും മരങ്ങളുടെയും കൃഷികളുടെയും ഗുണത്തിന് ആവശ്യമാണ്.
സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തി തരുന്നതിലൂടെ വെളിച്ചം, പ്രകാശം, ചലനം, നിശ്ചലത, അല്ലാഹുവിന്റെ ഔദാര്യം അന്വേഷിച്ച് അടിമകൾ ഇറങ്ങൽ, പഴങ്ങൾ പാകമാകൽ, അവയിൽ ഉണ ങ്ങേണ്ടവ ഉണങ്ങൽ എന്നീ സൗകര്യങ്ങളെല്ലാം സാധ്യമാകുന്നു. സൂര്യന്റെയും ചന്ദ്രന്റെയും സാന്നിധ്യമില്ലെങ്കിൽ അനിവാര്യമായ ഈ ആവശ്യങ്ങൾ നിറവേറാതെ അവർ പ്രയാസപ്പെടുമായിരുന്നു
(അവയോരോന്നും നിശ്ചിതമായ ഒരു പരിധിവരെ സഞ്ചരിക്കുന്നു) സൂര്യനും ചന്ദ്രനും അതിന്റെ ഭ്രമണപഥത്തിലൂടെ അല്ലാഹു ഉദ്ദേശിക്കുന്ന അത്ര സഞ്ചരിക്കുന്നു. അവധി എത്തിയാൽ, അന്ത്യനാൾ അടുത്താൽ അവയുടെ സഞ്ചാരം നിലയ്ക്കും. സ്ഥാനം നഷ്ടപ്പെടും. ചന്ദ്രന് ഗ്രഹണം ബാധിക്കും. സൂര്യൻ ആവരണം ചെയ്യപ്പെടും. നക്ഷത്രങ്ങൾ ചിന്നിച്ചിതറും. മഹത്തായ തന്റെ സൃഷ്ടിപ്പുകളെ കുറിച്ചും അതുൾക്കൊള്ളുന്ന അവന്റെ പൂർണതയെയും കാരുണ്യത്തെയും കുറിക്കുന്ന പാഠങ്ങളും പരാമർശിച്ചശേഷം അല്ലാഹു പറയുന്നു: (അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം) ഈ പറയപ്പെട്ട സൃഷ്ടികളെല്ലാം അവൻ ഒറ്റയ്ക്ക് സൃഷ്ടിച്ചതാണ്. എല്ലാറ്റിന്റെയും ഉടമസ്ഥനായ ഏകനായ ആരാധ്യൻ. (അവനു പുറമെ ആരോട് നിങ്ങൾ പ്രാർഥിക്കുന്നുവോ) ബിംബങ്ങളും പ്രതിരൂപങ്ങളും. (അവർ ഒരു ഈത്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല) അൽപമാകട്ടെ അധികമാകട്ടെ യാതൊന്നും ഉടമപ്പെടുത്തുന്നില്ല. ഏറ്റവും നിസ്സാരമായ ഈത്തപ്പനക്കുരുവിന്റെ പാടപോലും അവരുടെ കൈവശം ഇല്ല എന്ന് പറയുമ്പോൾ യാതൊന്നും അവരുടെ ഉടമസ്ഥതയിൽ ഇല്ല എന്നർഥം. അപ്പോൾ എങ്ങനെയാണ് ആകാശഭൂമിയിൽ ഒന്നും ഉടമപ്പെടുത്താത്തവരെ വിളിച്ച് പ്രാർഥിക്കുന്നത്?
14). ഇതോടൊപ്പം (നിങ്ങൾ അവരോട് പ്രാർഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല) കാരണം അവർ ജീവനില്ലാത്തവരോ മരിച്ചവരോ ആല്ലെങ്കിൽ തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കുന്നതിൽ വ്യാപൃതരായ മലക്കുകളോ ആണ്. (അവർ കേട്ടാലും) കേൾക്കുമെന്ന് സങ്കൽപിച്ചാൽ തന്നെയും (നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല). കാരണം അവർ ഒന്നും ഉടമപ്പെടുത്തുന്നില്ല. അവരിൽ ഭൂരിഭാഗവും ആരാധിക്കുന്നവരുടെ ആരാധനയിൽ തൃപ്തമല്ല. അതിനാൽ അല്ലാഹു പറയുന്നു: (ഉയിർത്തെഴുന്നേൽപ്പ് നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളിയാക്കിയത് അവർ നിഷേധിക്കുന്നതുമാണ്) അതായത് അവർ നിങ്ങളിൽനിന്ന് ഒഴിഞ്ഞുമാറും. അവർ പറയുന്നു:
سُبْحَـٰنَكَ أَنتَ وَلِيُّنَا مِن دُونِهِم
“നീ എത്ര പരിശുദ്ധൻ! നീയാ ണ് ഞങ്ങളുടെ രക്ഷാധികാരി’’ (34:41).
(സൂക്ഷ്മജ്ഞാനമുള്ളവനെപ്പോലെ നിനക്ക് വിവരം തരാൻ ആരുമില്ല) അതായത്, സൂക്ഷ്മമായി അറിയുന്ന അല്ലാഹുവിനെക്കാൾ സത്യസന്ധമായി കാര്യങ്ങൾ അറിയിച്ചുതരുന്ന ഒരാളുമില്ല. അവൻ അറിയിച്ചുതരുന്ന കാര്യങ്ങൾ കണ്ണുകൾ കൊണ്ട് കണ്ടപോലെയാണ്. അതിൽ യാതൊരു സംശയവുമില്ല. അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹനെന്നും അവനല്ലാതെ മറ്റാർക്കും ആരാധനക്ക് അവകാശമില്ലെന്നും ഈ വാക്കുകൾ തെളിയിക്കുന്നു. അവനല്ലാത്തവരെ ആരാധിക്കുന്നത് വെറുതെയാണ്. യാതൊരു പ്രയോജനവും ആരാധിക്കുന്നവന് ലഭിക്കില്ല.

