സൂറ: അഹ്സാബ്, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 നവംബർ 16, 1446 ജു. ഊലാ 14
അധ്യായം: 33, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
1. (നബിയേ,) നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു സർവജ്ഞനും യുക്തിമാനുമാകുന്നു.
2. നിനക്ക് നിന്റെ രക്ഷിതാവിങ്കൽനിന്ന് ബോധനം നൽകപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
3. അല്ലാഹുവെ നീ ഭരമേൽപിക്കുകയും ചെയ്യുക. കൈകാര്യകർത്താവായി അല്ലാഹു തന്നെ മതി.
4. യാതൊരു മനുഷ്യന്നും അവന്റെ ഉള്ളിൽ അല്ലാഹു രണ്ടു ഹൃദയങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങൾ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവൻ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക് ചേർത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രൻമാരെ അവൻ നിങ്ങളുടെ പുത്രൻമാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ കൊണ്ടു നിങ്ങൾ പറയുന്ന വാക്ക് മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവൻ നേർവഴി കാണിച്ചുതരികയും ചെയ്യുന്നു.
5. നിങ്ങൾ അവരെ (ദത്തുപുത്രൻമാരെ) അവരുടെ പിതാക്കളിലേക്ക് ചേർത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും നീതിപൂർവകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങൾ അറിയില്ലെങ്കിൽ അവർ മതത്തിൽ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാൽ നിങ്ങൾ ചെയ്തു പോയതിൽ നിങ്ങൾക്ക് കുറ്റമില്ല. പക്ഷേ, നിങ്ങളുടെ ഹൃദയങ്ങൾ അറിഞ്ഞുകൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു). അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

(1-2) അല്ലാഹു പ്രവാചകത്വം നൽകി അനുഗ്രഹിച്ചവരേ, വഹ്‌യ് നൽകി പ്രവാചകനാക്കുകയും മറ്റു സൃഷ്ടികളിൽ ശ്രേഷ്ഠത നൽകപ്പെടുകയും ചെയ്തവരേ, താങ്കളുടെ നാഥനെ ഭയപ്പെട്ടുകൊണ്ട് താങ്കൾക്ക് നൽകിയ അനുഗ്രഹത്തിന് നന്ദി ചെയ്യുക. അത് മറ്റുള്ളവരെക്കാൾ താങ്കൾക്ക് അനുയോജ്യമായതാണ്. അല്ലാഹുവിന്റെ കൽപനാ വിരോധങ്ങൾ നന്നായി പാലിക്കുക. അവന്റെ സന്ദേശം പ്രചരിപ്പിക്കുക. അവന്റെ ദാസന്മാർക്ക് അവന്റെ വഹ്‌യ് നൽകുക. എല്ലാവരോടും ഗുണകാംക്ഷ പുലർത്തുക.
അത് ചെയ്യുന്നതിൽനിന്ന് ഒന്നും താങ്കളെ തടയില്ല. അതിൽനിന്ന് താങ്കളെ പിന്തിരിപ്പിക്കാൻ ഒന്നിനുമാവില്ല. അല്ലാഹുവിനോടും ദൂതനോടും ശത്രുത പ്രകടിപ്പിക്കുന്ന ഒരു ശത്രുവിനെയും നീ അനുസരിക്കരുത്. തന്റെ അവിശ്വാസം മറച്ചുവെച്ച് പുറത്ത് വിശ്വാസിയായി നടിച്ച കപടവിശ്വാസിയെയും നീ അനുസരിക്കരുത്. ഇവരാണ് യഥാർഥ ശത്രുക്കൾ. അതിനാൽ ഭക്തിക്ക് തുരങ്കം വെക്കുന്നതും അതിനെതിരായതുമായ കാര്യങ്ങളിലും നീ അവരെ അനുസരിക്കരുത്. പകരം(താങ്കളുടെ രക്ഷിതാവിൽനിന്ന് താങ്കൾക്ക് ബോധനം നൽകപ്പെടുന്നത് പിൻപറ്റുക) കാരണം അത് മാർഗദർശനവും കാരുണ്യവുമാണ്. അതുമൂലം താങ്കളുടെ രക്ഷിതാവിന്റെ പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യുക. തീർച്ചയായും അവൻ (നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു) അറിയുന്നതിനനുസരിച്ച് നല്ലതോ ചീത്തയോ പ്രതിഫലമായി നൽകും.
3) അവരുടെ വഴിപിഴച്ച ഇച്ഛകൾക്കും ആഗ്രഹങ്ങൾക്കും വഴങ്ങിയില്ലെങ്കിൽ അവരിൽനിന്ന് നിങ്ങൾക്ക് എന്തെങ്കിലും ദോഷം സംഭവിക്കുമെന്നോ ആളുകളെ സൻമാർഗത്തിലേക്ക് നയിക്കാൻ തടസ്സമുണ്ടാകുമെന്നോ താങ്കൾ കരുതുന്നുവെങ്കിൽ ആ ധാരണ മനസ്സിൽനിന്ന് ഒഴിവാക്കുക. അതിനെ പ്രതിരോധിക്കാൻ അല്ലാഹുവിൽ ഭരമേൽപിക്കുന്നതിലൂടെ കഴിയും. അതായത് ഉപകാരമോ ഉപദ്രവമോ മരിപ്പിക്കാനോ ജീവിപ്പിക്കാനോ ഉയിർത്തെഴുന്നേൽപിക്കാനോ അധികാരമില്ലാത്തവർക്ക് പകരം അല്ലാഹുവിൽ ഭരമേൽപിക്കുക. അവരുടെ ഉപദ്രവങ്ങളിൽനിന്നെല്ലാം താങ്കളെ സംരക്ഷിക്കുമെന്ന് വിശ്വസിക്കുക; ഏത് അവസ്ഥയായിരുന്നാലും. താങ്കളോട് അവൻ നിർദേശിച്ച ഈ ദീനിന്റെ സംസ്ഥാപനത്തിന് അവൻ താങ്കളെ സഹായിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക.
(കൈകാര്യ കർത്താവായി അല്ലാഹു തന്നെ മതി) കാര്യങ്ങൾ അവനെ ഏൽപിക്കുക. അതവൻ നിർവഹിക്കും; തന്റെ ദാസന് ഏറ്റവും നല്ലതാകുന്ന രൂപത്തിൽ. തന്റെ ദാസന് ഏറ്റവും നല്ലതേതാണെന്ന് അവനറിയാം. ദാസനറിയില്ലെങ്കിലും ആ നന്മ തന്റെ ദാസന് എത്തിച്ചുകൊടുക്കാൻ അവന് കഴിയും. തന്റെ ദാസനോട് അവനെക്കാളും അവന്റെ മാതാപിതാക്കളെക്കാളും മറ്റാരെക്കാളും കാരുണ്യമുള്ളവനാണ് അല്ലാഹു. പ്രത്യേകിച്ചും തന്റെ പ്രത്യേകക്കാരായ ദാസന്മാർക്ക്. അവരെ അവൻ പ്രത്യേകം പരിപാലിച്ചുകൊണ്ടിരിക്കുന്നു. അവന്റെ പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. അവന്റെ കാര്യങ്ങൾ തന്നിലേക്ക് ഏൽപിക്കണമെന്ന് പറഞ്ഞ സ്ഥിതിക്ക് പ്രത്യേകിച്ചും അത് നിർവഹിച്ചുകൊടുക്കാമെന്ന് അവൻ വാഗ്ദത്തം ചെയ്തതുമാണ്. ഒരു വ്യക്തി അപ്രകാരം അല്ലാഹുവിൽ ഭരമേൽപിച്ചാൽ എല്ലാ കാര്യവും എളുപ്പമാകും. പ്രയാസങ്ങൾ ലളിതമാകും. അപകടങ്ങൾ നിസ്സാരമാകും. വിഷമങ്ങൾ നീങ്ങിപ്പോകും. ആവശ്യങ്ങൾ നിറവേറ്റപ്പെടും. അനുഗ്രഹങ്ങൾ ഇറങ്ങും. ശിക്ഷകൾ തടയും. ദുരന്തങ്ങൾ നീങ്ങും. ഇതൊക്കെ എങ്ങനെ സംഭവിക്കുമെന്ന് ചോദിക്കരുത്. തന്റെ എല്ലാ കാര്യവും യജമാനനെ ഏൽപിച്ച ദുർബലനായ അടിമക്ക് ഒരുകൂട്ടം ജനങ്ങൾക്ക് നേടാനാവാത്തത് നേടാൻ കഴിയും. ഏറ്റവും കഠിനശക്തിയുള്ളവർക്ക് ബുദ്ധിമുട്ടുള്ളത് അല്ലാഹു അവന് എളുപ്പമാക്കും. അല്ലാഹുവിൽ ശരണം.
4) അല്ലാഹു ഇവിടെ തന്റെ അടിമകളെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുന്നതിനെ വിലക്കുകയാണ്. അവർ പറയുന്നതുപോലെ അല്ലാഹു അവരെ ആക്കിയിട്ടില്ല. അത്തരം വാക്കുകൾ തെറ്റായ ഫലങ്ങളിലേക്ക് എത്തിക്കുന്ന നുണകളും കെട്ടുകഥകളുമാണ്. യഥാർഥമല്ലാത്ത എല്ലാതരം സംസാരങ്ങളും ഇതിൽപ്പെടും. ഇതൊരു പൊതുതത്ത്വമാണ്. എന്നാൽ ഇത് നടക്കുന്ന കാര്യമായതുകൊണ്ടും വിശദീകരണം ആവശ്യമുള്ളത് കൊണ്ടും ഇതിനെ പ്രത്യേകമായി പരാമർശിക്കുന്നു. (യാതൊരു മനുഷ്യനും അവന്റെ ഉള്ളിൽ അല്ലാഹു രണ്ട് ഹൃദയങ്ങൾ ഉണ്ടാക്കിയിട്ടില്ല) അത് സംഭവിക്കില്ല. അതിനാൽ ആരുടെയെങ്കിലും ഉള്ളിൽ രണ്ട് ഹൃദയങ്ങളുണ്ടെന്ന് പറയുന്നത് സൂക്ഷിക്കുക. കാരണം അത് അല്ലാഹുവിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് കള്ളം പറയലായിരിക്കും. (നിങ്ങൾ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവൻ ആക്കിയിട്ടില്ല) ‘നീ എനിക്ക് എന്റെ ഉമ്മയുടെ പുറം പോലെ’ അല്ലെങ്കിൽ ‘ഉമ്മയെപ്പോലെ’ എന്ന് തന്റെ ഭാര്യമാരോട് പറയുക എന്നത്. അവരെ (നിങ്ങളുടെ ഉമ്മമാർ) അല്ലാഹു ആക്കിയിട്ടില്ല. ഉമ്മമാർ നിങ്ങൾക്ക് ജന്മം നൽകിയവരാണ്. നിങ്ങളുടെ ബന്ധത്തിൽ ഏറ്റവും പവിത്രതയുള്ളതും വിവാഹം കഴിക്കുന്നതിൽ ഏറ്റവും വിലക്കപ്പെട്ടതും അവരാണ്. നിങ്ങളുടെ ഭാര്യമാരാകട്ടെ, നിങ്ങൾക്ക് അനുവാദമുള്ള സ്ത്രീകളാണ്.
(1) “ഒരു വ്യക്തിയുടെ ഹൃദയത്തിൽ വിശ്വാസവും അവിശ്വാസവും സന്മാർഗവും ദുർമാർഗവും പശ്ചാത്താപവും പാപം ചെയ്യാനുള്ള താൽപര്യവും ഒന്നിച്ചുണ്ടാക്കലും എന്നതാണ് രണ്ട് ഹൃദയമില്ല എന്നതിന്റെ വിവക്ഷ. ഒന്ന് വിശ്വാസത്തിനും മറ്റൊന്ന് അവിശ്വാസത്തിനും’’ (ഖുർതുബി).
അപ്പോൾ ഇങ്ങനെയാണ് ഈ രണ്ട് വൈരുധ്യങ്ങളെ സാദൃശ്യപ്പെടുത്തുന്നത്? ഇക്കാര്യം അനുവദനീയമല്ല. അല്ലാഹു പറയുന്നു:
الَّذِينَ يُظَاهِرُونَ مِنكُم مِّن نِّسَائِهِم مَّا هُنَّ أُمَّهَاتِهِمْ ۖ إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ الْقَوْلِ وَزُورًا ۚ
“നിങ്ങളുടെ കൂട്ടത്തിലെ തങ്ങളുടെ ഭാര്യമാരെ മാതാക്കൾക്ക് തുല്യമായി പ്രഖ്യാപിക്കുന്നവർ അവർ ഭാര്യമാർ അവരുടെ മാതാക്കളിലും അവരുടെ മാതാക്കൾ അവരെ പ്രസവിച്ച സ്ത്രീകൾ അല്ലാതെ മറ്റാരുമല്ല. തീർച്ചയായും അവർ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്’’ (58:2). (നിങ്ങളിലേക്ക് ചേർത്ത് വിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്മാരെ അവൻ നിങ്ങളുടെ പുത്രന്മാർ ആക്കിയിട്ടുമില്ല) ദത്തെടുക്കപ്പെട്ട പുത്രൻ എന്നത് തന്റെ പുത്രനല്ലാത്ത ഒരാളെ തന്നിലേക്ക് ചേർത്ത് തന്റെ പുത്രൻ എന്ന് വിളിക്കലാണ്. അതല്ലെങ്കിൽ ദത്തെടുത്തതിനാൽ ആ പേരിടുക. ഇത് ജാഹിലിയ്യ കാലത്തെ ഒരു സ്രമ്പദായമായിരുന്നു; അതായത് ഇസ്‌ലാമിന്റെ തുടക്കത്തിൽ. എന്നാൽ അല്ലാഹു ഈ ആചാരം നിർത്തലാക്കാനും ഇല്ലാതാക്കാനും ഉദ്ദേശിച്ചു. ആദ്യം അല്ലാഹു അത് മോശമായ ഒരു കാര്യമാണെന്ന് വ്യക്തമാക്കി. കാരണം അത് അസത്യവും കളവുമാണ്. കളവോ അസത്യമോ ഇസ്‌ലാമിക ശരീഅത്തിൽ കാണിച്ചു. അവന്റെ അടിമകൾ അത്തരം കാര്യങ്ങൾ ചെയ്യരുത്.
അതിനാൽ അല്ലാഹു നമ്മോട് പറയുന്ന നിങ്ങളുടേതെന്ന് നിങ്ങൾ അവകാശപ്പെടുന്ന ദത്തുപുത്രന്മാരെ അല്ലാഹു നിങ്ങളുടെ യഥാർഥ മക്കളാക്കിയിട്ടില്ല. കാരണം നിങ്ങളുടെ യഥാർഥ പുത്രന്മാർ നിങ്ങൾക്ക് ജനിച്ചവരും നിങ്ങളിൽനിന്നുണ്ടായവരുമാണ്. എന്നാൽ ഈ ദത്തുപുത്രന്മാർ അവർ മറ്റുള്ളവരിൽ ജനിച്ചവരാണ്. അല്ലാഹു ഒരാളെ മറ്റൊരാളെപ്പോലെ ആക്കിയിട്ടില്ല.
(അത്) അതായത് ദത്തുപുത്രനെക്കുറിച്ച് നിങ്ങൾ പറയുന്ന കാര്യങ്ങൾ എന്റെ മകനാണെന്ന് അവകാശപ്പെടുന്നവന്റെ മകനായി കണക്കാക്കുക. അല്ലെങ്കിൽ അവൻ ഇന്നവന്റെ മകനെന്ന് പറയുക. (അതൊക്കെ വായകൊണ്ട് നിങ്ങൾ പറയുന്ന വാക്ക് മാത്രമാകുന്നു) വസ്തുതയോ അർഥമോ ഇല്ലാത്ത വാക്കുകൾ. (അല്ലാഹു സത്യം പറയുന്നു) അതായത് ഉറപ്പുള്ളതും സത്യവുമായത്. അതിനാൽ അവന്റെ വാക്കും നിയമവും പിന്തുടരാൻ അവൻ നിങ്ങളോട് നിർദേശിക്കുന്നു. കാരണം അവന്റെ വചനം സത്യമാണ്. അവന്റെ നിയമവും സത്യമാണ്. തെറ്റായ വാക്കുകളും പ്രവൃത്തികളും ഒരുതരത്തിലും അവനിൽ ആരോപിക്കാനാവില്ല. അത് അവനിൽനിന്ന് വന്ന മാർഗനിർദേശങ്ങളല്ല. അവൻ നേരായ പാതയിലേക്കും സത്യത്തിന്റെ വഴികളിലേക്കും മാത്രമെ നയിക്കുകയുള്ളൂ.
അതവന്റെ ഉദ്ദേശ്യപ്രകാരം സംഭവിച്ചതാണെങ്കിലും അവന്റെ ഉദ്ദേശ്യത്തിൽ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നു.
5) അതിനാൽ അവൻ തെറ്റായ കാര്യങ്ങൾ ഉപേക്ഷിക്കണമെന്ന് വ്യക്തമായി പറയുന്നു. തെറ്റായ വാക്കും അതിൽപെടും. (നിങ്ങൾ അവരെ വിളിക്കുക) അതായത് ദത്തുപുത്രന്മാരെ. (അവരുടെ പിതാക്കളിലേക്ക് ചേർത്ത്) അവരെ ജനിപ്പിച്ച പിതാവിന്റെ പേരിൽ. (അതാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും നീതിപൂർവകമായിട്ടുള്ളത്) അതാണ് കൂടുതൽ ഉചിതം. കൂടുതൽ നീതിയും ശരിയും ആയിട്ടുള്ളത്. (ഇനി അവരുടെ പിതാക്കളെ നിങ്ങൾ അറിയില്ലെങ്കിൽ) അവരുടെ യഥാർഥ പിതാവ് ആരാണെന്ന്. (അവർ മതത്തിൽ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു) അല്ലാഹുവിന്റെ മതത്തിൽ അവൻ നിങ്ങളുടെ സഹോദരന്മാരും ആത്മമിത്രങ്ങളുമാണ്. അതിനാൽ അവരെ വിശ്വാസത്തിൽ മിത്രങ്ങളെന്നും സഹോദരങ്ങളെന്നും വിളിക്കുക. അവരെ അവരുടെ വളർത്തു പിതാക്കൾക്ക് മക്കളാക്കുന്നത് നിർത്തേണ്ടത് അനിവാര്യമാണ്. അത് തെറ്റാണ്.
അവരെ അവരുടെ യഥാർഥ പിതാക്കന്മാരിലേക്ക് ചേർത്ത് വിളിക്കുമ്പോൾ അവരെ അറിയുമെങ്കിൽ അവരിലേക്കുതന്നെ ചേർത്ത് വിളിക്കണം. ഇനി അവർ അറിയപ്പെടുന്നവരല്ലെങ്കിൽ അവരെക്കുറിച്ച് അറിയാവുന്നതനുസരിച്ച് അവരെ വിളിക്കുന്നതിലേക്ക് നാം പരിമിതപ്പെടുത്തണം. അതായത്, അവർ വിശ്വാസത്തിലെ സഹോദരന്മാരും സഖ്യകക്ഷികളുമാണ്. പിതാക്കൾമാരെ അറിയില്ലെന്നത് നിങ്ങൾ ചെയ്യുന്ന പ്രവൃത്തിക്ക് ന്യായമല്ലാത്തത് ഉചിതമല്ല. അതിലൂടെ പ്രശ്‌നം പരിഹരിക്കാനാവില്ല. (അബദ്ധവശാൽ നിങ്ങൾ ചെയ്തുപോയതിൽ നിങ്ങൾക്ക് കുറ്റമില്ല) അതായത് ഒരാളെ ദത്തെടുത്തവനിലേക്ക് ചേർത്ത് വിളിക്കുന്ന നാക്കിൽപിഴ സംഭവിച്ചാലോ, അതിന് പ്രശ്‌നമോ ശിക്ഷിക്കപ്പെടലോ ഇല്ല. അതല്ലെങ്കിൽ പിതാവാകുന്നത് ധരിച്ചു വിളിച്ചു. (പക്ഷേ,) നിങ്ങൾ ശിക്ഷിക്കപ്പെടും. (നിങ്ങളുടെ ഹൃദയങ്ങൾ അറിഞ്ഞുകൊണ്ടു ചെയ്തത്) അനുവദനീയമല്ലാത്ത സംസാരം. (അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു) അവൻ നിങ്ങളോട് ക്ഷമിക്കുകയും കരുണ കാണിക്കുകയും ചെയ്യും. കഴിഞ്ഞുപോയതിന് അവൻ ശിക്ഷിക്കുന്നില്ല. നിങ്ങൾക്ക് തെറ്റുപറ്റിയതിന് അവൻ മാപ്പ് തന്നു. അതിനെ ശരിയായ വിധി പറഞ്ഞുതന്ന് നിങ്ങളോട് കരുണ കാണിച്ചും നിങ്ങളുടെ ഇഹലോക ജീവിതവും പരലോക ജീവിതവും നന്നാക്കാൻ വേണ്ടി; അവനാണ് സ്തുതി.

