സൂറ: ഫാത്വിർ(സ്രഷ്ടാവ്), ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ആഗസ്റ്റ് 17, 1446 സ്വഫർ 13
അധ്യായം: 35, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
15. മനുഷ്യരേ, നിങ്ങൾ അല്ലാഹുവിന്റെ ആശ്രിതൻമാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യർഹനുമാകുന്നു.
16. അവൻ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവൻ നീക്കം ചെയ്യുകയും പുതിയൊരു സൃഷ്ടിയെ അവൻ കൊണ്ടുവരികയും ചെയ്യുന്നതാണ്.
17. അത് അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല.
18. പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരംകൊണ്ട് ഞെരുങ്ങുന്ന ഒരാൾ തന്റെ ചുമട് താങ്ങുവാൻ (ആരെയെങ്കിലും) വിളിക്കുന്നപക്ഷം അതിൽനിന്ന് ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല; (വിളിക്കുന്നത്) അടുത്ത ബന്ധുവിനെയാണെങ്കിൽ പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തിൽത്തന്നെ ഭയപ്പെടുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുന്നവർക്ക് മാത്രമെ നിന്റെ താക്കീത് ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്നപക്ഷം തന്റെ സ്വന്തം നൻമക്കായിത്തന്നെയാണ് അവൻ വിശുദ്ധി പാലിക്കുന്നത്. അല്ലാഹുവിങ്കലേക്കാണ് മടക്കം.
19. അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല.
20. ഇരുളുകളും വെളിച്ചവും (സമമാവുകയില്ല).
21. തണലും ചൂടുള്ള വെയിലും (സമമാവുകയില്ല).
22. ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ കേൾപിക്കുന്നു. നിനക്ക് ക്വബ്‌റുകളിലുള്ളവരെ കേൾപിക്കാനാവില്ല.
23. നീ ഒരു താക്കീതുകാരൻ മാത്രമാകുന്നു.

15). ഇവിടെ അല്ലാഹു മുഴുവൻ ജനങ്ങളെയുമാണ് അഭിസംബോധന ചെയ്യുന്നത്. അവരുടെ യഥാർഥ അവസ്ഥ അവൻ വിശദീകരിക്കുന്നു. അവർ എല്ലാ വിധത്തിലും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരാണ്. അവരെ ഉണ്ടാക്കാൻ അവൻ വേണം. അവനുണ്ടാക്കിയില്ലെങ്കിൽ അവരില്ല. അവർക്ക് കഴിവും അവയവങ്ങളും നൽകാൻ അവൻ വേണം. അതില്ലെങ്കിൽ അവർക്കൊന്നും ചെയ്യാനാകില്ല. ഭക്ഷണവും സർവാനുഗ്രഹങ്ങളും നൽകാനും അവൻ വേണം. അവന്റെ ഔദാര്യവും നന്മയും സൗകര്യപ്പെടുത്തലും ഇല്ലെങ്കിൽ അവന് ഭക്ഷണമോ അനുഗ്രഹമോ ഇല്ല. ദോഷങ്ങളെ തടുക്കാനും ബുദ്ധിമുട്ടുകൾ നീക്കാനും അവൻ വേണം. അവനത് തടുക്കുകയും പ്രയാസങ്ങൾ നീക്കിക്കൊടുക്കുകയും ചെയ്തില്ലെങ്കിൽ അവർക്ക് അതിൽതന്നെ കഴിയേണ്ടിവരും. അവരുടെ സംസ്‌കരണത്തിന് ആവശ്യമായതും അവൻ അവർക്ക് നൽകണം. അവർ അവനിലേക്ക് മടങ്ങിച്ചെല്ലുകയും അവനെ സ്‌നേഹിക്കുകയും അവനെ മാത്രം ആരാധിക്കുകയും വേണം. ഇതിനായി അവൻ അവരെ സഹായിക്കുകയും അവരെ നയിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവർ നശിക്കുകയും ആത്മീയമായും മാനസികമായും എല്ലാം കാര്യങ്ങളിലും കുഴപ്പത്തിലാവുകയും ചെയ്യും.
അവർക്ക് അറിയാത്തത് പഠിപ്പിച്ചുകൊടുക്കാനും ഗുണകരമായ പ്രവർത്തനങ്ങൾ അറിയിച്ചു കൊടുക്കാനും അവനെ ആവശ്യമാണ്. അവൻ പഠിപ്പിച്ചില്ലെങ്കിൽ അവരൊന്നും പഠിക്കില്ല. അവന്റെ സഹായമില്ലെങ്കിൽ അവർക്കൊന്നും കഴിയില്ല. എല്ലാ നിലയ്ക്കും അവനിലേക്ക് അവർ ആവശ്യക്കാരാണ്; വ്യത്യസ്തമായ അവരുടെ ആവശ്യങ്ങളെക്കുറിച്ച് അവർ ബോധവാന്മാരാണെങ്കിലും അല്ലെങ്കിലും.
എന്നാൽ അവരിൽ സന്മാർഗം പ്രാപിക്കുന്നവൻ തന്റെ മതപരവും ഐഹികവുമായ എല്ലാ കാര്യങ്ങളിലും അല്ലാഹുവിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരം മനസ്സിലാക്കുകയും അറിയുകയും ചെയ്യുന്നു. അവൻ അവന് കീഴ്‌പ്പെടുകയും കണ്ണിമവെട്ടുന്ന സമയം പോലും തന്റെ കാര്യം തന്നെ ഏൽപിക്കരുതെന്നും എല്ലാ കാര്യത്തിലും തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ആശയം എല്ലായ്‌പ്പോഴും അവനോടൊപ്പമുണ്ട്. മാതാവിന് തന്റെ കുട്ടിയോടുള്ളതിനെക്കാൾ തന്നോട് സ്‌നേഹമുള്ള തന്റെ രക്ഷിതാവിന്റെ സ്‌നേഹത്തിന് ഇതിനാൽ അവൻ യോഗ്യനാണ്.
(അല്ലാഹുവാകട്ടെ, സ്വയം പര്യാപ്തനും സ്തുത്യർഹനുമാകുന്നു) എല്ലാ നിലയ്ക്കും അവൻ സ്വയം പര്യാപ്തനാണ്. അതിനാൽ സൃഷ്ടികൾക്ക് ആവശ്യമുള്ളത് അവനാവശ്യമില്ല. അതവന്റെ വിശേഷണങ്ങളുടെ പൂർണത കൊണ്ടാണ്. അവന്റെതെല്ലാം പൂർണതയുടെയും മഹത്ത്വത്തിന്റെയും വിശേഷണങ്ങളാണ്. ഇഹത്തിലും പരത്തിലും തന്റെ സൃഷ്ടികളുടെ ആവശ്യങ്ങൾ അവൻ നിറവേറ്റിക്കൊടുക്കുന്നു എന്നത് അവന്റെ സ്വയം പര്യാപ്തതയിൽ പെട്ടതാണ്. അല്ലാഹു എല്ലാ അർഥത്തിലും (സ്തുത്യർഹനാണ്). അവന്റെ സാരാംശത്തിലും നാമങ്ങളിലും; കാരണം അവ വളരെ മനോഹരമാണ്. അവന്റെ ഗുണങ്ങളിൽ; കാരണം അവ വളരെ ഉന്നതമാണ്. അവന്റെ പ്രവൃത്തികളിൽ; കാരണം അവ ഉദാരത, ദയ, നീതി, ജ്ഞാനം, കരുണ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. അവന്റെ കൽപനകളിലും നിരോധനങ്ങളിലും അവൻ സ്തുതിക്കപ്പെടേണ്ടവനാണ്. ഔദാര്യവും അനുഗ്രഹവും നീതിപൂർവകമായ പ്രതിഫലവും നൽകുന്നതിനാലും, അവന്റെ ഐശ്വര്യത്തിലും അവൻ സ്വയം പര്യാപ്തനായതിലും സ്തുത്യർഹനാകുന്നു.
16). (അവൻ ഉദ്ദേശിക്കുന്നപക്ഷം നിങ്ങളെ അവൻ നീക്കം ചെയ്യുകയും പുതിയൊരു സൃഷ്ടിയെ അവൻ കൊണ്ടുവരികയും ചെയ്യുന്നതാണ്) ഇവിടെ ഉദ്ദേശിക്കുന്നത് ഒരുപക്ഷേ, അവൻ ഉദ്ദേശിക്കുകയാണെങ്കിൽ നിങ്ങളെ മുഴുവൻ നശിപ്പിച്ച് നിങ്ങളെക്കാൾ അല്ലാഹുവിന് വിധേയമാകുന്ന മറ്റൊരു ജനതയെ കൊണ്ടുവരുമെന്നാണ്. ഇത് അവരെ നശിപ്പിക്കുമെന്ന താക്കീതാണ്. അവന്റെ ഇച്ഛാശക്തിക്ക് അത് ചെയ്യാൻ കഴിയാത്തതല്ലെന്ന് അവരോട് പറയുന്നു. ഉയിർത്തെഴുന്നേൽപിനെ സ്ഥാപിക്കലാകാം മറ്റൊരുദ്ദേശ്യം. എന്നാൽ മനുഷ്യന്റെ മരണശേഷം ഒരു പുതിയ സൃഷ്ടിയായി പുനരുജ്ജീവിപ്പിക്കുന്നതുൾപ്പെടെ

എല്ലാ കാര്യങ്ങളിലും അല്ലാഹുവിന്റെ ഇഷ്ടം എല്ലായ്‌പ്പോഴും നടക്കുന്നുവെന്നും. അതിനല്ലാഹു നിശ്ചയിച്ച ഒരു സമയ പരിധിയുണ്ട്. അത് വൈകുകയോ നേരത്തെയാവുകയോ ഇല്ല.
17). (അത് അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല) തടസ്സപ്പെടുത്താനോ പരാജയപ്പെടുത്താനോ കഴിയില്ല.
18). ഈ പറഞ്ഞ ആശയം തന്നെയാണ് ഇനി പറയുന്ന വചനത്തിന് ശേഷം പറയുന്നത്: (പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുന്നതല്ല) അതായത്, ഉയിർത്തെഴുന്നേൽപ് നാളിൽ ഓരോരുത്തനും അവൻ ചെയ്തതിന്റെ പ്രതിഫലം ലഭിക്കും. ഒരാളും മറ്റൊരാളുടെ പാപം ചുമക്കുകയില്ല. (ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാൾ വിളിച്ചാൽ) അതായത്, കുറ്റങ്ങളുടെയും തെറ്റുകളുടെയും ഭാരംകൊണ്ട് പ്രയാസപ്പെടുന്ന ഒരാൾ. (തന്റെ ചുമട് താങ്ങാൻ) തന്റെ ഭാരങ്ങളിൽനിന്ന് കുറച്ച് വഹിച്ചു സഹായിക്കാൻ ആവശ്യപ്പെട്ട്. (അതിൽ നിന്ന് ഒട്ടും ഏറ്റെടുക്കപ്പെടുകയില്ല; അടുത്ത ബന്ധുവാണെങ്കിൽ പോലും) ഒരു ബന്ധുവും മറ്റൊരു ബന്ധുവിന്റെത് വഹിക്കില്ല. സുഹൃത്ത് സുഹൃത്തിനെയും ഉറ്റവർ ഉറ്റവരെയും സഹായിക്കുന്ന ഇഹലോകത്തെ പോലെയല്ല പരലോകം. തന്റെ മാതാപിതാക്കളിൽനിന്നോ ബന്ധുക്കളിൽനിന്നോ തനിക്ക് വല്ലതും കിട്ടാനുണ്ടായിരുന്നെങ്കിൽ എന്ന് ഒരാൾ ആഗ്രഹിക്കും. (തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ നിലയിൽതന്നെ ഭയപ്പെടുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുന്നവർക്ക് മാത്രമെ എന്റെ താക്കീത് ഫലപ്പെടുകയുള്ളൂ) ഈ മുന്നറിയിപ്പുകൾ പ്രയോജനപ്പെടുന്നത് അദൃശ്യമായി അല്ലാഹുവിനെ ഭയപ്പെടുന്നവർക്കാണ്. സ്വകാര്യതയിലും പരസ്യത്തിലും ദൃശ്യത്തിലും അദൃശ്യത്തിലും അവനെ ഭയപ്പെടുന്നവരാണ് അവർ. നമസ്‌കാരത്തെ അതിന്റെ നിയമങ്ങളും അടിസ്ഥാനങ്ങളും നിർബന്ധങ്ങളും ഭയഭക്തിയും പാലിച്ചു നിർവഹിക്കുന്നവരാ ണിവർ. അല്ലാഹുവിനെ ഭയപ്പെടുന്ന ഒരാൾ ശിക്ഷ ലഭിക്കുമോ എന്ന ഭയത്താലാണ് നമസ്‌കരിക്കുന്നത്. ശിക്ഷ ലഭിക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും അവൻ ഓടി അകലുന്നു. നമസസ്‌കാരം നന്മയിലേക്ക് ക്ഷണിക്കുകയും തിന്മയെയും മ്ലേച്ഛ പ്രവർത്തികളെയും തടയുകയും ചെയ്യുന്നു.
(വല്ലവനും വിശുദ്ധി പാലിക്കുന്നപക്ഷം തന്റെ സ്വന്തം നന്മയ്ക്കായി തന്നെയാണ് അവൻ വിശുദ്ധി പാലിക്കുന്നത്) ലോകമാന്യത, അഹങ്കാരം, കളവ്, വഞ്ചന, കുതന്ത്രം, ചതി, കാപട്യം തുടങ്ങിയ തെറ്റുകളിൽനിന്നും തന്റെ മനസ്സിനെ ശുദ്ധീകരിച്ചവൻ. മനുഷ്യരോടുള്ള ഗുണകാംക്ഷ, സൗമ്യത, വിനയം, ആത്മാർഥത, സത്യസന്ധത തുടങ്ങിയ സ്വഭാവഗുണങ്ങൾ സ്വീകരിച്ചു. വിദ്വേഷം, അസൂയ പോലുള്ള ചീത്ത കാര്യങ്ങളിൽനിന്ന് മനസ്സ് രക്ഷപ്പെടുകയും വേണം. സംസ്‌കരണത്തിന്റെ പ്രയോജനം ആ വ്യക്തിക്കുതന്നെയാണ് ലഭിക്കുന്നത്. അത് ചെയ്തവന് ഒരിക്കലും നഷ്ടം വരില്ല. (അല്ലാഹുവിലേക്കാണ് മടക്കം) അവൻ എല്ലാ മനുഷ്യർക്കും അവർ മുൻകൂട്ടി അയച്ചതനുസരിച്ച് പ്രതിഫലം നൽകുകയും അവർ ചെയ്തതിനൊക്കെയും അവരോട് കണക്ക് ചോദിക്കുകയും ചെയ്യും. ചെറുതും വലുതുമായ ഒന്നും ക്ലിപ്തപ്പെടുത്താതെ പോകില്ല.
19-23). ഇവിടെ അല്ലാഹു നമ്മോട് പറയുന്നത് വിപരീതങ്ങൾ തുല്യമല്ല എന്നാണ്. അല്ലാഹുവിന്റെ യുക്തി താൽപര്യപ്പെടുന്നതും തന്റെ ദാസന്മാരിൽ പ്രകൃതിയിൽ നിശ്ചയിച്ചതും ഈ തത്ത്വമാണ്. (അന്ധൻ) കാഴ്ച നഷ്ടപ്പെട്ടവൻ. കാഴ്ചയുള്ളവനും ഇല്ലാത്തവനും, ഇരുളും വെളിച്ചവും, തണലും ചൂടുള്ള വെയിലും, ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. സത്യവിശ്വാസിയും അവിശ്വാസയും സമമാവുകയില്ല. നേർവഴി പ്രാപിച്ചവനും വഴിപിഴച്ചവനും, അറിവുള്ളവനും അറിവില്ലാത്തവനും, സ്വർഗവാസിയും നരകവാസിയും, ഹൃദയം മരിച്ചവനും ജീവനുള്ളവനും തുല്യരാവുകയില്ല. ഈ വ്യത്യാസങ്ങൾ എത്രമാത്രമുണ്ടെന്ന് അല്ലാഹുവിന് മാത്രമെ അറിയൂ.
കാര്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുകയും അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്താൽ അതിൽ നല്ലത് കരസ്ഥമാക്കാൻ അവർ പരിശ്രമിക്കണം. ദൃഢനിശ്ചയമുള്ള മനുഷ്യൻ തനിക്ക് ഏറ്റവും അനുയോജ്യമായത് സ്വയം തിരഞ്ഞെടുക്കണം. (തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ കേൾപ്പിക്കുന്നു) ഇവിടെ കേൾക്കൽ എന്നത് ഒരാൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന രീതിയിലുള്ള കേൾവി യെ സൂചിപ്പിക്കുന്നു. കാരണം, അല്ലാഹു തന്നെയാണ് വഴികാട്ടിയാകുന്നത്.
(നിനക്ക് ക്വബ്‌റിലുള്ളവരെ കേൾപിക്കാനാവില്ല) അതായത് ഹൃദയം മരിച്ചവരെ; ക്വബ്‌റുകളിൽ കഴിയുന്നവർക്ക് നിങ്ങളുടെ വിളി പ്രയോജനപ്പെടാത്തതു പോലെ. ധാർഷ്ട്യത്തോടെ പിന്തിരിയുന്നവർക്കും അത് പ്രയോജനപ്പെടുകയില്ല. എന്നാൽ താങ്കളുടെ ദൗത്യം മുന്നറിയിപ്പു നൽകലും പ്രബോധനവും മാത്രമാണ്; ജനങ്ങളത് സ്വീകരിച്ചാലും ഇല്ലെങ്കിലും. അതാണ് അല്ലാഹു പറഞ്ഞത്: (നീ ഒരു താക്കീതുകാരൻ മാത്രമാകുന്നു).

