സൂറ: സ്വാഫ്ഫാത്ത്, ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 ജൂൺ 01, 1445 ദുൽഖഅദ് 24

അധ്യായം: 37, ഭാഗം 10 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِنَّ إِلْيَاسَ لَمِنَ ٱلْمُرْسَلِينَ (١٢٣) إِذْ قَالَ لِقَوْمِهِۦٓ أَلَا تَتَّقُونَ (١٢٤) أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ ٱلْخَـٰلِقِينَ (١٢٥) ٱللَّهَ رَبَّكُمْ وَرَبَّ ءَابَآئِكُمُ ٱلْأَوَّلِينَ (١٢٦) فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ (١٢٧) إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ (١٢٨) وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ (١٢٩) سَلَـٰمٌ عَلَىٰٓ إِلْ يَاسِينَ (١٣٠) إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ (١٣١) إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ (١٣٢) وَإِنَّ لُوطًا لَّمِنَ ٱلْمُرْسَلِينَ (١٣٣) إِذْ نَجَّيْنَـٰهُ وَأَهْلَهُۥٓ أَجْمَعِينَ (١٣٤) إِلَّا عَجُوزًا فِى ٱلْغَـٰبِرِينَ (١٣٥) ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ (١٣٦) وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ (١٣٧) وَبِٱلَّيْلِ ۗ أَفَلَا تَعْقِلُونَ (١٣٨) وَإِنَّ يُونُسَ لَمِنَ ٱلْمُرْسَلِينَ (١٣٩) إِذْ أَبَقَ إِلَى ٱلْفُلْكِ ٱلْمَشْحُونِ (١٤٠) فَسَاهَمَ فَكَانَ مِنَ ٱلْمُدْحَضِينَ (١٤١) فَٱلْتَقَمَهُ ٱلْحُوتُ وَهُوَ مُلِيمٌ (١٤٢) فَلَوْلَآ أَنَّهُۥ كَانَ مِنَ ٱلْمُسَبِّحِينَ (١٤٣) لَلَبِثَ فِى بَطْنِهِۦٓ إِلَىٰ يَوْمِ يُبْعَثُونَ (١٤٤) فَنَبَذْنَـٰهُ بِٱلْعَرَآءِ وَهُوَ سَقِيمٌ (١٤٥) وَأَنۢبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ (١٤٦)

123. ഇൽയാസും ദൂതൻമാരിലൊരാൾ തന്നെ.

124. അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

125. നിങ്ങൾ ബഅ്‌ലിനെ വിളിച്ച് പ്രാർഥിക്കുകയും ഏറ്റവും നല്ല സൃഷ്ടികർത്താവിനെ വിട്ടുകളയുകയുമാണോ?

126. അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂർവപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ.

127. അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചുകളഞ്ഞു. അതിനാൽ അവർ (ശിക്ഷയ്ക്ക്) ഹാജരാക്കപ്പെടുകതന്നെ ചെയ്യും.

128. അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസൻമാർ ഒഴികെ.

129. പിൽകാലക്കാരിൽ അദ്ദേഹത്തിന്റെ സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

130. ഇൽയാസിന് സമാധാനം!

131. തീർച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തർക്ക് നാം പ്രതിഫലം നൽകുന്നത്.

132. തീർച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസൻമാരുടെ കൂട്ടത്തിലാകുന്നു.

133. ലൂത്വും ദൂതൻമാരിലൊരാൾ തന്നെ.

134. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുക ളെയും മുഴുവൻ നാം രക്ഷപ്പെടുത്തിയ സന്ദർഭം (ശ്രദ്ധേയമത്രെ).

135. പിൻമാറി നിന്നവരിൽപ്പെട്ട ഒരു കിഴവിയൊഴികെ.

136. പിന്നെ മറ്റുള്ളവരെ നാം തകർത്തുകളഞ്ഞു.

137. തീർച്ചയായും നിങ്ങൾ രാവിലെ അവരുടെ അടുത്തുകൂടി കടന്നുപോവാറുണ്ട്;

138. രാത്രിയിലും. എന്നിട്ടും നിങ്ങൾ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ?

139. യൂനുസും ദൂതൻമാരിലൊരാൾ തന്നെ.

140. അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ സന്ദർഭം (ശ്രദ്ധേയമത്രെ).

141. എന്നിട്ട് അദ്ദേഹം (കപ്പൽ യാത്രക്കാരോടൊപ്പം) നറുക്കെടുപ്പിൽ പങ്കെടുത്തു. അപ്പോൾ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപോയി.

142. അങ്ങനെ അദ്ദേഹം ആക്ഷേപത്തിന് അർഹനായിരിക്കെ ആ വൻമത്സ്യം അദ്ദേഹത്തെ വിഴുങ്ങി.

143. എന്നാൽ അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കിൽ

144. ജനങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസംവരെ അതിന്റെ വയറ്റിൽതന്നെ അദ്ദേഹത്തിന് കഴിഞ്ഞുകൂടേണ്ടി വരുമായിരുന്നു.

145. എന്നിട്ട് അദ്ദേഹത്തെ അനാരോഗ്യവാനായ നിലയിൽ തുറന്ന സ്ഥലത്തേക്ക് നാം തള്ളി

146. അദ്ദേഹത്തിന്റെ മേൽ നാം യഖ്ത്വീൻ വൃക്ഷം മുളപ്പിക്കുകയും ചെയ്തു.

(123-126). ഇവിടെ അല്ലാഹു തന്റെ അടിമയും ദൂതനുമായ ഇൽയാസിനെ പ്രശംസിക്കുന്നു; അദ്ദേഹത്തിന് പ്രവാചകത്വവും പ്രബോധനവും ഏൽപിച്ചതും. തന്റെ ജനതയോട് സൂക്ഷ്മതയോടെ ജീവിക്കാൻ അദ്ദേഹം ഉപദേശിച്ചു; അല്ലാഹുവിനെ മാത്രം ആരാധിക്കാനും ‘ബഅ്ൽ’ എന്ന ബിംബത്തെ ഉപേക്ഷിക്കാനും. സൃഷ്ടിക്കുകയും ആ സൃഷ്ടിപ്പ് നന്നാക്കുകയും ചെയ്ത, അവരെ ഏറ്റവും നന്നായി പരിപാലിക്കുന്ന അല്ലാഹുവിനുള്ള ആരാധനയാണ് അവർ ഉപേക്ഷിച്ചത്. എത്ര അനുഗ്രഹങ്ങളാണ് അവൻ അവർക്ക് നൽകിയത്! അതും അവരെ ഓർമിപ്പിച്ചു.

അല്ലാഹുവിനെ വിട്ട്, ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത, സൃഷ്ടിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്യാത്ത, തിന്നാത്ത, സംസാരിക്കാത്തവയെ നിങ്ങൾ എങ്ങനെ ആരാധിക്കും? ഇതിനെക്കാളും വലിയൊരു വഴികേടുണ്ടോ? അറിവുകേടും പിഴവുമുണ്ടോ?

(127). (അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചുകളഞ്ഞു) അദ്ദേഹം അവരെ ക്ഷണിച്ചതിന് അവർ കീഴ്‌പ്പെട്ടില്ല. അല്ലാഹു അവരെ താക്കീതു ചെയ്ത് പറയുന്നു: (അതിനാൽ അവർ-ശിക്ഷക്ക്-

ഹാജരാക്കപ്പെടുകതന്നെ ചെയ്യും. ഇഹലോക ശിക്ഷയല്ല, പരലോകത്തുള്ള ശിക്ഷ.

(128). (അല്ലാഹുവിന്റെ നിഷ്‌കളങ്കന്മാരായ ദാസന്മാർ ഒഴികെ) അതായത്, അല്ലാഹു തെരഞ്ഞെടുത്ത അവരുടെ പ്രവാചകന്മാരെ പിൻപറ്റാൻ പ്രാപ്തരാക്കി അവൻ അനുഗ്രഹിച്ചവർ. അവർ ശിക്ഷയിൽ ഹാജരാക്കപ്പെടുന്നവരല്ല. അവർക്ക് മഹത്തായ പ്രതിഫലമാണുള്ളത്.

(129). (അദ്ദേഹത്തിന്റെ മേൽ നാം അവശേഷിപ്പിക്കുകയും ചെയ്തു) ഇൽയാസിന്റെ മേൽ. (പിൽകാലക്കാരിൽ) സൽകീർത്തി.

(130). (ഇൽയാസിന് സമാധാനം) അല്ലാഹുവിന്റെ അടുക്കൽനിന്നുള്ള അഭിവാദ്യങ്ങൾ.

(131,132). (തീർച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തർക്ക് നാം പ്രതിഫലം നൽകുന്നത്. തീർച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു) അദ്ദേഹത്തിന്റെ സഹോദരന്മാരായ മറ്റു പ്രവാചകന്മാരെ പുകഴ്ത്തിയതുപോലെ അദ്ദേഹത്തെയും അല്ലാഹു പുകഴ്ത്തി.

(133-134). തന്റെ ദാസനും ദൂതനുമായ ലൂത്വ് നബി(അ)യെയാണ് അല്ലാഹു ഇവിടെ പുകഴ്ത്തുന്നത്. അദ്ദേഹത്തിന്റെ പ്രവാചകത്വവും പ്രബോധനവും, ശിർക്കും ദുഷ്പ്രവർത്തികളും വിരോധിച്ചതും അദ്ദേഹത്തിന്റെ മഹത്ത്വമായി പറയുന്നു. അദ്ദേഹത്തിന്റെ ജനത വഴിപിഴച്ചു. അദ്ദേഹത്തെയും കൂടെയുള്ളവരെയും അല്ലാഹു രക്ഷപ്പെടുത്തി. അവർ രാത്രിയിൽ രക്ഷപ്പെട്ടു.

(135). (പിൻമാറി നിന്നവരിൽ പെട്ട ഒരു കിഴവി ഒഴികെ) അവളും ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അത് ലൂത്വ് നബിയിൽ വിശ്വസിക്കാത്ത അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു.

(136). (പിന്നെ മറ്റുള്ളവരെ നാം തകർത്തു കളഞ്ഞു) അവരുടെ വീടുകൾ തലകീഴായി മറിച്ച് നശിപ്പിച്ചു.

جَعَلْنَا عَـٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ٨٢

“അങ്ങനെ നമ്മുടെ കൽപന വന്നപ്പോൾ ആ രാജ്യത്തെ നാം കീഴ്‌മേൽ മറിക്കുകയും അട്ടിയട്ടിയായി ചുളവെച്ച ഇഷ്ടികക്കല്ലുകൾ നാം അവരുടെ മേൽ വർഷിക്കുകയും ചെയ്തു’’ (11:82). അവർ തകർന്ന് തരിപ്പണമായി.

(137,138). (തീർച്ചയായും നിങ്ങൾ രാവിലെയും രാത്രിയും അവരുടെ അടുത്തു നകൂടി കടന്നുപോകാറുണ്ട്) ലൂത്വിന്റെ ജനതയുടെ താമസസ്ഥലങ്ങളിലൂടെ. (രാവിലെയും രാത്രിയും) ഈ സമയങ്ങളിലെല്ലാം ധാരാളമായി കടന്നുപോകാറുണ്ടെന്നർഥം; സംശയത്തിനോ ശങ്കയ്‌ക്കോ ഇടയില്ലാത്ത നവിധം. (നിങ്ങൾ ചിന്തിക്കുന്നില്ലേ?) ദൃഷ്ടാന്തങ്ങളും ഗുണപാഠങ്ങളും. നാശത്തിന്റെ വഴിയിൽനിന്ന് നിങ്ങൾക്ക് അകന്നുനിന്നുകൂടേ?

(139). തന്റെ അടിമയും ദൂതനുമായ യൂനുസ്ബിൻ മത്തായെ അല്ലാഹു ഇവിടെ പുകഴ്ത്തുന്നു; സഹോദരങ്ങളായ മറ്റു പ്രവാചകന്മാരെ പുകഴ്ത്തിയതുപോലെ. അദ്ദേഹത്തിന്റെ പ്രവാചകത്വവും പ്രബോധനവും എടുത്തുപറഞ്ഞുകൊണ്ട്.

(140). അല്ലാഹു അദ്ദേഹത്തെക്കുറിച്ച് പറയുന്നു: ഈ ലോകത്തുവെച്ച് അല്ലാഹു അദ്ദേഹത്തെ ശിക്ഷിച്ചു. എന്നിട്ട് ആ ശിക്ഷയിൽനിന്ന് അദ്ദേഹത്തെ രക്ഷിച്ചു; വിശ്വാസവും സൽക്കർമങ്ങളും കാരണം. (ഒളിച്ചോടിപ്പോയ സന്ദർഭം) അല്ലാഹു അദ്ദേഹത്തെ ശിക്ഷിക്കില്ലെന്നും മത്സ്യത്തിന്റെ വയറ്റിൽ തടഞ്ഞുവെക്കുകയില്ലെന്നും ധരിച്ച് അദ്ദേഹം കോപത്തോടെ ഓടിപ്പോയി. അല്ലാഹുവിന്റെ കോപത്തിന്റെ കാരണമോ അദ്ദേഹം ചെയ്ത പാപമോ അല്ലാഹു പരാമർശിക്കുന്നില്ല. കാരണം, അതു പറയുന്നതിൽ നമുക്കൊരു പ്രയോജനവുമില്ല. അദ്ദേഹം ഒരു പാപം ചെയ്തുവെന്നും അതിന് അല്ലാഹു ശിക്ഷിച്ചുവെന്നും സൂചനകളുണ്ട്. അദ്ദേഹം ഉന്നതനായ ഒരു പ്രവാചകനായിരുന്നിട്ടും ശിക്ഷയിൽനിന്നൊഴിവായില്ല. അതിനുശേഷം രക്ഷിക്കുകയും കുറ്റവിമുക്തനാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നന്മക്കാവശ്യമായ കാര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുകയും ചെയ്തു.

അദ്ദേഹം ഓടി അഭയം തേടി. (ഭാരം നിറച്ച കപ്പലിലേക്ക്) യാത്രക്കാരെയും ചരക്കുകളെയും നിറച്ച. മറ്റുള്ളവരോടൊപ്പം അദ്ദേഹം കൂടി കയറിയപ്പോൾ കപ്പൽ വളരെയധികം ഭാരമുള്ളതായിത്തീർന്നു. അതിനാൽ യാത്രക്കാരിൽ ചിലരെ കപ്പലിൽനിന്ന് പുറത്തെറിയേണ്ടിവരും. ആരെയാണ് കടലിൽ എറിയേണ്ടത് എന്ന് തീരുമാനിക്കാൻ അവർ നറുക്കിട്ടു. ഇത് കപ്പൽ ജീവനക്കാരുടെ നീതിയെ സൂചിപ്പിക്കുന്നു. അല്ലാഹു ഒരു കാര്യം തീരുമാനിക്കുമ്പോൾ അത് നടപ്പിലാക്കാനുള്ള മാർഗം അവൻ സൃഷ്ടിക്കുന്നു.

(141-142). അവർ നറുക്കെടുത്തപ്പോൾ യൂനുസ്(അ) അതിൽ ഉൾപ്പെട്ടു. (അപ്പോൾ അദ്ദേഹം പരാജിതരുടെ കൂട്ടത്തിൽ ആയിത്തീർന്നു) പരാജിതരുടെ കൂട്ടത്തിൽ; അതിനാൽ അദ്ദേഹത്തെ കടലിൽ എടുത്തെറിഞ്ഞു.

(ആ മത്സ്യം അദ്ദേഹത്തെ വിഴുങ്ങി) എറിഞ്ഞ സമയത്ത്. വിഴുങ്ങുന്ന സമയം അദ്ദേഹം (ആക്ഷേപത്തിന് അർഹനായിരിക്കെ) ആക്ഷേപാർഹമായ പ്രവൃത്തി ചെയ്തവൻ, തന്റെ രക്ഷിതാവിനെ കോപിപ്പിച്ചവൻ.

(143). (എന്നാൽ അദ്ദേഹം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നവരുടെ കൂട്ടത്തിൽ ആയിരുന്നില്ലെങ്കിൽ) അദ്ദേഹം മുമ്പ് ധാരാളം ആരാധനകൾ ചെയ്തിരുന്നു. അല്ലാഹുവിനെ പ്രകീർത്തിക്കുകയും സ്തുതിക്കുകയും ചെയ്തു. മത്സ്യത്തിന്റെ വയറ്റിലായപ്പോഴും അദ്ദേഹം പറഞ്ഞു:

لَّآ إِلَـٰهَ إِلَّآ أَنتَ سُبْحَـٰنَكَ إِنِّى كُنتُ مِنَ ٱلظَّـٰلِمِينَ ٨٧

“നീയല്ലാതെ ആരാധ്യനില്ല. നീ മഹാപരിശുദ്ധൻ. തീർച്ചയായും ഞാൻ അക്രമികളിൽ പെട്ടവനായിരിക്കുന്നു’’ (21:87).

(144). (ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസംവരെ അതിന്റെ വയറ്റിൽത്തന്നെ അദ്ദേഹത്തിന് കഴിഞ്ഞു കൂടേണ്ടിവരുമായിരുന്നു) അത് അദ്ദേഹത്തിന്റെ ക്വബ്ർ ആകുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മഹത്ത്വവും ആരാധനയും കാരണം അല്ലാഹു രക്ഷിച്ചു. വിശ്വാസികൾക്ക് പ്രയാസം വരുമ്പോൾ അപ്രകാരം അല്ലാഹു അവരെ രക്ഷിക്കുന്നു.

(145). (എന്നിട്ട് അദ്ദേഹത്തെ തുറന്ന സ്ഥലത്ത് നാം തള്ളി) അതായത് മത്സ്യം അദ്ദേഹത്തെ വയറ്റിൽനിന്ന് തരിശായ തീരത്തേക്ക് പുറംതള്ളി; മരങ്ങളും തണലും ഇല്ലാത്ത. (രോഗിയായ നിലയിൽ) മത്സ്യത്തിന്റെ വയറ്റിൽ താമസിച്ചതിനാൽ അദ്ദേഹം രോഗിയായിരുന്നു. പുതുതായി വിരിഞ്ഞ കോഴിക്കുഞ്ഞിനെ പോലെ അദ്ദേഹം ആയിത്തീർന്നു.

(146). (അദ്ദേഹത്തിന്റെ മേൽ യക്വ‌്തീൻ വൃക്ഷം നാം മുളപ്പിക്കുകയും ചെയ്തു) അദ്ദേഹത്തിന് തണൽ നൽകാൻ വേണ്ടി. യക്വ‌്തീൻ വൃക്ഷം തണുപ്പ് നൽകുന്നതാണ്. അതിൽ ഈച്ച വരില്ല. ഇത് അദ്ദേഹത്തോടുള്ള അല്ലാഹുവിന്റെ കരുണയും സ്‌നേഹവുമാണ്.