സൂറ: യാസീൻ, ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 ജൂൺ 29, 1445 ദുൽഹിജ്ജ 22

അധ്യായം: 36, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱضْرِبْ لَهُم مَّثَلًا أَصْحَـٰبَ ٱلْقَرْيَةِ إِذْ جَآءَهَا ٱلْمُرْسَلُونَ (١٣) إِذْ أَرْسَلْنَآ إِلَيْهِمُ ٱثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوٓا۟ إِنَّآ إِلَيْكُم مُّرْسَلُونَ (١٤) قَالُوا۟ مَآ أَنتُمْ إِلَّا بَشَرٌ مِّثْلُنَا وَمَآ أَنزَلَ ٱلرَّحْمَـٰنُ مِن شَىْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ (١٥) قَالُوا۟ رَبُّنَا يَعْلَمُ إِنَّآ إِلَيْكُمْ لَمُرْسَلُونَ (١٦) وَمَا عَلَيْنَآ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ (١٧) قَالُوٓا۟ إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا۟ لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ (١٨) قَالُوا۟ طَـٰٓئِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ (١٩) وَجَآءَ مِنْ أَقْصَا ٱلْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَـٰقَوْمِ ٱتَّبِعُوا۟ ٱلْمُرْسَلِينَ (٢٠) ٱتَّبِعُوا۟ مَن لَّا يَسْـَٔلُكُمْ أَجْرًا وَهُم مُّهْتَدُونَ (٢١) وَمَا لِىَ لَآ أَعْبُدُ ٱلَّذِى فَطَرَنِى وَإِلَيْهِ تُرْجَعُونَ (٢٢) ءَأَتَّخِذُ مِن دُونِهِۦٓ ءَالِهَةً إِن يُرِدْنِ ٱلرَّحْمَـٰنُ بِضُرٍّ لَّا تُغْنِ عَنِّى شَفَـٰعَتُهُمْ شَيْـًٔا وَلَا يُنقِذُونِ (٢٣) إِنِّىٓ إِذًا لَّفِى ضَلَـٰلٍ مُّبِينٍ (٢٤) إِنِّىٓ ءَامَنتُ بِرَبِّكُمْ فَٱسْمَعُونِ (٢٥)

13. ആ രാജ്യക്കാരെ ഒരു ഉദാഹരണമെന്ന നിലയ്ക്ക് നീ അവർക്ക് പറഞ്ഞുകൊടുക്കുക. ദൈവദൂതൻമാർ അവിടെ ചെന്ന സന്ദർഭം.

14. അവരിലേക്ക് രണ്ടുപേരെ നാം ദൂതൻമാരായി അയച്ചപ്പോൾ അവരെ അവർ നിഷേധിച്ചുതള്ളി. അപ്പോൾ ഒരു മൂന്നാമനെക്കൊണ്ട് നാം അവർക്ക് പിൻബലം നൽകി. എന്നിട്ടവർ പറഞ്ഞു: ‘തീർച്ചയായും ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ടവരാകുന്നു.’

15. അവർ (ജനങ്ങൾ) പറഞ്ഞു: ‘നിങ്ങൾ ഞങ്ങളെ പോലെയുള്ള മനുഷ്യർ മാത്രമാകുന്നു. പരമകാരുണികൻ യാതൊന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങൾ കളവ് പറയുക തന്നെയാണ്.’

16. അവർ (ദൂതൻമാർ) പറഞ്ഞു: ‘ഞങ്ങളുടെ രക്ഷിതാവിനറിയാം; തീർച്ചയായും ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് നിയോഗിക്കപ്പെട്ടവർ തന്നെയാണെന്ന്.

17. വ്യക്തമായ പ്രബോധനമല്ലാതെ ഞങ്ങൾക്ക് യാതൊരു ബാധ്യതയുമില്ല.’

18. അവർ (ജനങ്ങൾ) പറഞ്ഞു: ‘തീർച്ചയായും ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങൾ (ഇതിൽനിന്ന്) വിരമിക്കാത്തപക്ഷം നിങ്ങളെ ഞങ്ങൾ എറിഞ്ഞോടിക്കുകതന്നെ ചെയ്യും. ഞങ്ങളിൽനിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പർശിക്കുകതന്നെ ചെയ്യും.’

19. അവർ (ദൂതൻമാർ) പറഞ്ഞു: ‘നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെയുള്ളത് തന്നെയാകുന്നു. നിങ്ങൾക്ക് ഉൽബോധനം നൽകപ്പെട്ടാൽ ഇതാണോ (നിങ്ങളുടെ നിലപാട്?) എന്നാൽ നിങ്ങൾ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു.’

20. പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരാൾ ഓടിവന്ന് പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങൾ ദൂതൻമാരെ പിന്തുടരുവിൻ.

21. നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്തവരും സൻമാർഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങൾ പിന്തുടരുക.

22. ഏതൊരുവൻ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്റെ അടുത്തേക്ക് നിങ്ങൾ മടക്കപ്പെടുന്നുവോ അവനെ ഞാൻ ആരാധിക്കാതിരിക്കാൻ എനിക്കെന്തുന്യായം?

23. അവനു പുറമെ വല്ല ദൈവങ്ങളേയും ഞാൻ സ്വീകരിക്കുകയോ? പരമകാരുണികൻ എനിക്ക് വല്ല ദോഷവും വരുത്താൻ ഉദ്ദേശിക്കുന്നപക്ഷം അവരുടെ ശുപാർശ എനിക്ക് യാതൊരു പ്രയോജനവും ചെയ്യുകയില്ല. അവർ എന്നെ രക്ഷപ്പെടുത്തുകയുമില്ല.

24. അങ്ങനെ ചെയ്യുന്നപക്ഷം തീർച്ചയായും ഞാൻ വ്യക്തമായ ദുർമാർഗത്തിലായിരിക്കും.

25. തീർച്ചയായും ഞാൻ നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ എന്റെ വാക്ക് കേൾക്കുക.’

(13). (നിഷേധിക്കുകയും താങ്കളുടെ പ്രബോധനത്തെ നിരാകരിക്കുകയും ചെയ്യുന്നവർക്ക് ഒരു ഉദാഹരണം പറഞ്ഞുകൊടുക്കൂ) അല്ലാഹു അവർക്ക് നന്മ ഉദ്ദേശിക്കുന്നുവെങ്കിൽ അവർക്കതിൽനിന്ന് ഗുണപാഠം ഉൾക്കൊള്ളാനും സദുപദേശം സ്വീകരിക്കാനുമായേക്കാം. ആ ഉദാഹരണം ഒരു ഗ്രാമക്കാർ, അവർ അവരിലേക്കു വന്ന പ്രവാചകന്മാരെ നിഷേധിച്ചപ്പോൾ അവർക്ക് വന്ന ശിക്ഷയെക്കുറിച്ചാണ്. ആ ഗ്രാമം ഏതാണെന്ന് പറയുന്നതിൽ വല്ല പ്രയോജനവും ഉണ്ടായിരുന്നെങ്കിൽ അത് നിർണയിച്ചു പറയുമായിരുന്നു. അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് സമയം നഷ്ടപ്പെടുത്തലാണ്. അറിവില്ലാതെ സംസാരിക്കലും അനാവശ്യമാണ്. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ഊഹങ്ങളും ആശയക്കുഴപ്പങ്ങളും പരസ്പര വിരുദ്ധമായ കാര്യങ്ങളും പറയുന്നത് കാണാം. അവർക്ക് ഒരു കാര്യവും ഉറപ്പിച്ചുപറയാനാവില്ല. ഇത്തരം ചർച്ചകൾ വരുമ്പോൾ അതിൽ നിന്ന് വിട്ടുനിൽക്കുകയും യാഥാർഥ്യങ്ങൾക്കൊപ്പം നിലകൊള്ളുകയും വേണം. അടിസ്ഥാനമോ തെളിവോ ഇല്ലാത്ത അനാവശ്യ ആശയങ്ങളും കാഴ്ചപ്പാടുകളും പറയുന്നതിലൂടെ അറിവ് വർധിക്കുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ അതുകൊണ്ടുള്ള പ്രയോജനം മനസ്സിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാവുക, കാര്യങ്ങളിൽ സംശയമുണ്ടാക്കുക എന്നതു മാത്രമാണ്. ഇവിടെ അഭിസംബോധന ചെയ്യപ്പെടുന്നവർക്ക്-ക്വുറൈശികൾക്ക്-ഈ സംഭവത്തെ ഒരു ഉദാഹരണമാക്കുകയാണ്.

(ദൈവദൂതന്മാർ അവിടെ ചെന്ന സന്ദർഭം) അല്ലാഹുവിനെ മാത്രം ആരാധിക്കാനും ആരാധനകൾ അവനിൽ മാത്രം അർപ്പിക്കാനും അവനോട് പങ്കുചേർക്കുന്നതിനെയും പാപങ്ങളെയും വിലക്കാനും.

(14). (അവരിലേക്ക് രണ്ടുപേരെ നാം ദൂതന്മാരായി അയച്ചപ്പോൾ അവരെ അവർ നിഷേധിച്ചുതള്ളി. അപ്പോൾ ഒരു മൂന്നാമനെക്കൊണ്ട് നാം അവർക്ക് പിൻബലം നൽകി) അങ്ങനെ അവർ മൂന്ന് ദൂതന്മാരായി. അല്ലാഹു ആ ഗ്രാമക്കാരോടുള്ള കരുണ കാണിക്കുന്നതിന്റെ അടയാളമായും റസൂലുകളുടെ വരവിലൂടെ വ്യക്തമായ തെളിവ് സ്ഥാപിക്കുന്നതിനും വേണ്ടിയാണ്. (എന്നിട്ടവർ പറഞ്ഞു:) ജനങ്ങളോട്. (തീർച്ചയായും ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ടവർ തന്നെയാണ്).

(15). പ്രവാചകന്മാർ പ്രബോധനം നടത്തുമ്പോഴെല്ലാം ജനങ്ങൾ പ്രതികരിച്ചത് പോലെത്തന്നെയാണ് ഇവരും പ്രതികരിച്ചത് (അവർ-ജനങ്ങൾ-പറഞ്ഞു: നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാകുന്നു) അതായത്, നിങ്ങൾക്ക് ഞങ്ങളെക്കാളുള്ള ശ്രേഷ്ഠത എന്താണ്? പ്രവാചകൻമാർ തങ്ങളുടെ ജനങ്ങളോട് പറഞ്ഞു:

إِن نَّحْنُ إِلَّا بَشَرٌ مِّثْلُكُمْ وَلَـٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ

“അവരോട് അവരിലേക്കുള്ള ദൂതന്മാർ പറഞ്ഞു: ഞങ്ങൾ നിങ്ങളെപ്പോലുള്ള മനുഷ്യർ തന്നെയാണ്. എങ്കിലും അല്ലാഹു തന്നെ ദാസന്മാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് അനുഗ്രഹമേകുന്നു’’(14:11).

(പരമകാരുണികൻ യാതൊന്നും അവതരിപ്പിച്ചിട്ടില്ല) അതായത്, ദൈവികസന്ദേശത്തെതന്നെ അവർ നിഷേധിച്ചു. അവരോട് സംസാരിച്ചവരെത്തന്നെ നിരസിച്ചു കൊണ്ട് അവർ പറഞ്ഞു: (നിങ്ങൾ കളവ് പറയുകതന്നെയാണ്).

(16) ഈ മൂന്ന് ദൂതന്മാരും പറഞ്ഞു: (ഞങ്ങളുടെ രക്ഷിതാവിന്നറിയാം, തീർച്ചയായും ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് നിയോഗിക്കപ്പെട്ടവർ തന്നെയാണ്). ഞങ്ങൾ കള്ളം പറയുകയായിരുന്നെങ്കിൽ അല്ലാഹു ഞങ്ങൾക്ക് അപമാനം വരുത്തുകയും ശിക്ഷ വേഗത്തിൽ ആക്കുകയും ചെയ്യുമായിരുന്നു.

(17). (വ്യക്തമായ പ്രബോധനമല്ലാതെ ഞങ്ങൾക്ക് യാതൊരു ബാധ്യതയുമില്ല) വിശദീകരിക്കേണ്ട കാര്യങ്ങൾ ശരിയായി വിശദീകരിക്കുക എന്നതാണ് വ്യക്തമായ പ്രബോധനം. അതല്ലാതെ നിങ്ങൾ ആവശ്യപ്പെടുന്ന ശിക്ഷയോ അടയാളങ്ങളോ നൽകൽ ഞങ്ങൾക്ക് ബാധ്യതയില്ല. വ്യക്തമായ പ്രബോധനമാണ് ഞങ്ങളുടെ ജോലി. അത് ഞങ്ങൾ നിർവഹിക്കും. നിങ്ങൾക്കത് വിശദീകരിച്ച് തന്നു. നിങ്ങൾ നേർവഴിയിൽ ആയാൽ അത് നിങ്ങളുടെ ഭാഗ്യമാണ്. നിങ്ങൾ വഴിതെറ്റിയാലോ അതിൽ ഞങ്ങൾക്കൊരു ബന്ധവുമില്ല.

(18). ആ ഗ്രാമത്തിലെ ജനങ്ങൾ തങ്ങളുടെ ദൂതന്മാരോട് പറഞ്ഞു: (ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു) അതായത്, നിങ്ങൾ ഞങ്ങളിലേക്ക് വന്നതും ഞങ്ങളെ ബന്ധപ്പെട്ടതും ദോഷമായി മാത്രമാണ് ഞങ്ങൾ കാണുന്നത്. ഇവരുടെ കാര്യം വിചിത്രമാണ്. അല്ലാഹു തന്റെ അടിമകൾക്ക് നൽകുന്ന ഏറ്റവും വലിയ അനുഗ്രഹവും മഹത്തായ ആദരവും കൊണ്ടുവന്നവർ, അതാവട്ടെ അവർക്ക് ഏറ്റവും അത്യാവശ്യമുള്ളതും. എന്നിട്ട് അതിനെ ഏറ്റവും വലിയ തിന്മയായി കണക്കാക്കുന്നു. അതിനക്കാളെല്ലാം വഷളായ കാര്യം അവരതിനെ ദുശ്ശകുനമായി കാണുകയും ചെയ്തു എന്നതാണ്. ഇത് പരാജയവും നിർഭാഗ്യവുമാണ്. ഒരാൾക്ക് ശത്രു വരുന്നതിനെക്കാൾ ഏറ്റവും വലിയ ഉപദ്രവം അയാൾ സ്വയം വരുത്തുന്നു. പിന്നീട് അവർ പ്രവാചകരെ ഭീഷണിപ്പെടുത്തുന്നു: (നിങ്ങൾ വിരമിക്കാത്തപക്ഷം ഞങ്ങൾ നിങ്ങളെ എറിഞ്ഞോടിക്കുക തന്നെ ചെയ്യും) അതായത്, ഞങ്ങൾ നിങ്ങളെ കല്ലെറിഞ്ഞ് കൊല്ലും. അത് ഏറ്റവും നികൃഷ്ടമായ കൊലപാതകമാണ്. (ഞങ്ങളിൽനിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പർശിക്കുക തന്നെ ചെയ്യും).

(19). പ്രവാചകന്മാർ അവരോട് പറഞ്ഞു: (നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെകൂടെയുള്ളത് തന്നെയാകുന്നു) അവർക്കുണ്ടായിരുന്ന ബഹുദൈവവിശ്വാസവും തിന്മയും അവരെ ദുരന്തങ്ങളിലേക്കും ശിക്ഷകളിലേക്കും നയിക്കുകയും അനുഗ്രഹങ്ങൾ അവരിൽനിന്ന് എടുക്കപ്പെടാൻ കാരണമാവുകയും ചെയ്തു. (നിങ്ങൾക്ക് ഉൽബോധനം നൽകപ്പെട്ടാൽ) നിങ്ങൾക്ക് ഭാഗ്യവും നന്മയും വരുത്തുന്ന കാര്യങ്ങൾ ഞങ്ങൾ നിങ്ങളെ ഉൽബോധിപ്പിച്ചതുകൊണ്ടാണോ നിങ്ങൾ ഞങ്ങളോട് ഇതെല്ലാം പറഞ്ഞത്? (നിങ്ങൾ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു) നിങ്ങൾ പറയുന്നതിൽ അതിരുവിട്ടുപോകുന്നു. അവരുടെ ക്ഷണം അവർക്ക് അഹങ്കാരവും വെറുപ്പുമല്ലാതെ മറ്റൊന്നും വർധിപ്പിച്ചില്ല

(20) തന്റെ ആളുകൾ ദൂതന്മാരോട് പ്രതികരിച്ചത് കേട്ടപ്പോൾ അവരെ ഉപദേശിക്കാൻ ആഗ്രഹിച്ചുകൊണ്ട് (പട്ടണത്തിന്റെ അങ്ങേയറ്റത്ത് നിന്ന് ഒരാൾ ഓടിവന്നു). തന്റെ ജനത പ്രവാചകന്മാരോട് പറഞ്ഞ മറുപടി മനസ്സിലാക്കി അദ്ദേഹം അവരോട് പറഞ്ഞു: (എന്റെ ജനങ്ങളേ, നിങ്ങൾ ആ ദൂതന്മാരെ പിന്തുടരുവിൻ) അവരെ പിന്തുടരാൻ അവരോട് കൽപിച്ചു. അവർ സത്യാവാന്മാരാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.

(21). താൻ സാക്ഷ്യം വഹിച്ചതും ക്ഷണിച്ചതുമായ കാര്യത്തെ ശക്തിപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: (നിങ്ങളോട് യാതൊരു പ്രിതഫലവും ചോദിക്കാത്തവരെ നിങ്ങൾ പിൻപറ്റുക) നിങ്ങൾക്ക് നന്മ ലഭിക്കുന്ന കാര്യങ്ങൾ നിങ്ങളെ ഉപദേശിക്കുന്നവരെ നിങ്ങൾ പിൻപറ്റുക. നിങ്ങളുടെ സമ്പത്തോ ഉപദേശനിർദേശങ്ങൾക്ക് പ്രതിഫലമോ അവർ ഉദ്ദേശിച്ചില്ല. ഈ ഗുണങ്ങളുള്ളവരെ പിൻപറ്റേണ്ടതുണ്ട്. പ്രതിഫലം സ്വീകരിക്കുന്നില്ല എന്നതുകൊണ്ട് മാത്രം സത്യങ്ങളിലായിരിക്കണമെന്നില്ല. അടുത്ത വചനം ആ വാദത്തെ തള്ളുന്നു: (അവർ സന്മാർഗം പ്രാപിച്ചവരാണ്) ശരിയായ ബുദ്ധി സാക്ഷ്യം വഹിക്കുന്ന നന്മയിലേക്കാണ് അവർ ക്ഷണിക്കുന്നത്. ശരിയായ ബുദ്ധി തെറ്റായി കാണാത്തതിനെ അവർ വിരോധിക്കുന്നുമില്ല.

(22-25). അദ്ദേഹത്തിന്റെ ഉപദേശം അവർ സ്വീകരിച്ചില്ല. അല്ലാഹുവിനെ മാത്രം ആരാധിച്ചതിനും പ്രവാചകന്മാരെ പിൻപറ്റിയതിനും അവർ അദ്ദേഹത്തെ ആക്ഷേപിക്കുകയും ശത്രുത കാണിക്കുക യും ചെയ്തു. അദ്ദേഹം പറഞ്ഞു: (ഏതൊരുവൻ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവനിലേക്ക് നിങ്ങൾ മടക്കപ്പെടുന്നുവോ അവനെ ഞാൻ ആരാധിക്കാതിരിക്കാൻ എനിക്കെന്താണ് ന്യായം?) ആരാധനക്ക് യഥാർഥത്തിൽ അർഹനായവനെ ആരാധിക്കാതിരിക്കാൻ എനിക്കെന്ത് ന്യായം? കാരണം, അവനാണ് എന്നെ സൃഷ്ടിച്ചത്, എനിക്ക് ഉപജീവനം നൽകിയത.് അവനിലേക്കാണ് എല്ലാ സൃഷ്ടികളുടെയും മടക്കം. അപ്പോൾ അവൻ അവർക്ക് പ്രതിഫലം നൽകും. ആരുടെ കയ്യിലാണോ സൃഷ്ടിപ്പിന്റെയും ഉപജീവനം നൽകുന്നതിന്റെയും അധികാരം, ഇഹത്തിലും പരത്തിലും തന്റെ ദാസന്മാർക്കിടയിൽ വിധിക്കാനുള്ള അധികാരവും അവനുതന്നെയാണ്. ആരാധിക്കപ്പെടാൻ അർഹതയുള്ളവനും അവന്നാണ്. പുകഴ്ത്തപ്പെടാനും മഹത്ത്വപ്പെടുത്താനും അവകാശി അവൻ മാത്രമാണ്. അവനല്ലാതെ മറ്റാരും ഉപകാരത്തെയും ഉപദ്രവത്തെയും ഉടമപ്പെടുത്തുന്നില്ല. നൽകാനും തടയാനും മരിപ്പിക്കാനും ജീവിപ്പിക്കാനും ഉയിർത്തെഴുന്നേൽപിക്കാനും മറ്റാർക്കുമാവില്ല.

അതാണ് അല്ലാഹു പറഞ്ഞത്: (അവനുപുറമെ വല്ല ദൈവങ്ങളെയും ഞാൻ സ്വീകരിക്കുകയോ? പരമകാരുണികൻ എനിക്ക് വല്ല ദോഷവും വരുത്താൻ ഉദ്ദേശിക്കുന്നപക്ഷം അവരുടെ ശിപാർശ എനിക്കൊരു പ്രയോജനവും ചെയ്യുകയില്ല. അവർ എന്നെ രക്ഷപ്പെടുത്തുകയുമില്ല) അവന്റെ അനുമതിയില്ലാതെ അവന്റെയടുക്കൽ ഒരാളും ശിപാർശ ചെയ്യില്ല. അവരുടെ ശിപാർശ എനിക്കൊരു പ്രയോജനവും ചെയ്യില്ല. (അവർ എന്നെ രക്ഷപ്പെടുത്തുകയുമില്ല) അല്ലാഹു എനിക്ക് തരാൻ ഉദ്ദേശിക്കുന്ന ഉപദ്രവത്തിൽനിന്ന്. (അങ്ങനെ ചെയ്യുന്ന പക്ഷം) ഈ പറഞ്ഞതുപോലുള്ള ദൈവങ്ങളെ ഞാൻ ആരാധിച്ചാൽ. (തീർച്ചയായും ഞാൻ വ്യക്തമായ ദുർമാർഗത്തിലായിരിക്കും).

ഈ വാക്കുകളിൽ അദ്ദേഹത്തിന്റെ ഉപദേശവും ദൂതന്മാരുടെ പ്രവാചകത്വത്തെ സാക്ഷ്യപ്പെടുത്തലും അല്ലാഹുവിനെ മാത്രം ആരാധിക്കണം, മറ്റുള്ളവയെ ആരാധിക്കുന്നത് തെറ്റാണെന്നുമെല്ലാം ഉൾക്കൊള്ളിച്ചു. അതിനുള്ള തെളിവുകളും കൊണ്ടുവന്നു. കൊന്നുകളയുമെന്ന ഭയമുണ്ടായിട്ടുകൂടി തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. (തീർച്ചയായും ഞാൻ നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ എന്റെ വാക്ക് കേൾക്കുക).