സൂറ: സ്വാദ്, ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 മാർച്ച് 09, 1445 ശഅ്ബാൻ 28
അധ്യായം: 38, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
54. തീർച്ചയായും ഇത് നാം നൽകുന്ന ഉപജീവനമാകുന്നു. അത് തീർന്നുപോകുന്നതല്ല.
55. ഇതത്രെ (അവരുടെ അവസ്ഥ). തീർച്ചയായും ധിക്കാരികൾക്ക് മടങ്ങിച്ചെല്ലാൻ മോശപ്പെട്ട സ്ഥാനമാണുള്ളത്.
56. നരകമത്രെ അത്. അവർ അതിൽ കത്തിയെരിയും. അതെത്ര മോശമായ വിശ്രമസ്ഥാനം!
57. ഇതാണവർക്കുള്ളത്. ആകയാൽ അവർ അത് ആസ്വദിച്ചുകൊള്ളട്ടെ. കൊടുംചൂടുള്ള വെള്ളവും കൊടുംതണുപ്പുള്ള വെള്ളവും.
58. ഇത്തരത്തിൽപ്പെട്ട മറ്റുപല ഇനം ശിക്ഷകളും.
59. (നരകത്തിൽ ആദ്യമെത്തിയവരോട് അല്ലാഹു പറയും:) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. (അപ്പോൾ അവർ പറയും:) അവർക്ക് സ്വാഗതമില്ല. തീർച്ചയായും അവർ നരകത്തിൽ കത്തിയെരിയുന്നവരത്രെ.
60. അവർ (ആ കടന്നുവരുന്നവർ) പറയും; അല്ല, നിങ്ങൾക്കുതന്നെയാണ് സ്വാഗതമില്ലാത്തത്. നിങ്ങളാണ് ഞങ്ങൾക്കിത് വരുത്തിവെച്ചത്. അപ്പോൾ വാസസ്ഥലം ചീത്തതന്നെ.
61. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇത് (ശിക്ഷ) വരുത്തിവെച്ചതാരോ അവന്ന് നീ നരകത്തിൽ ഇരട്ടി ശിക്ഷ വർധിപ്പിച്ചു കൊടുക്കേണമേ.
62. അവർ പറയും: നമുക്കെന്തു പറ്റി! ദുർജനങ്ങളിൽപെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ!
63. നാം അവരെ (അബദ്ധത്തിൽ) പരിഹാസപാത്രമാക്കിയതാണോ? അതല്ല, അവരെയും വിട്ട് കണ്ണുകൾ തെന്നിപ്പോയതാണോ?
64. നരകവാസികൾ തമ്മിലുള്ള വഴക്ക്-തീർച്ചയായും അതൊരു യാഥാർഥ്യം തന്നെയാണ്.
65. (നബിയേ,) പറയുക: ഞാനൊരു മുന്നറിയിപ്പുകാരൻ മാത്രമാണ്. ഏകനും സർവാധിപതിയുമായ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല.
66. ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവും പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമത്രെ അവൻ.

54) (തീർച്ചയായും ഇത് നാം നൽകുന്ന ഉപജീവനമാകുന്നു) സ്വർഗക്കാർക്ക് നൽകുന്ന. (അത് തീർന്നുപോകുന്നതല്ല) എല്ലാ സമയത്തും അതുണ്ടാകും. ഏതവസ്ഥയിലും അത് വർധിച്ചുകൊ ണ്ടിരിക്കും. ഇതൊന്നും ഔദാര്യവാനായ രക്ഷിതാവിന് പ്രയാസമുള്ളതല്ല. അത്യധികം കാരു ണ്യവാനും കരുണാമയനും മഹാമനസ്‌കനും സ്വയം പര്യാപ്തനും സ്തുത്യർഹനും സുഗമമായി അറിയുന്നവനും പരമകാരുണികനും പരമാധികാരിയും ന്യായാധിപനും മഹിമയുള്ളവനും സൗന്ദര്യവാനും അനുഗ്രഹിക്കുന്നവനുമായ അല്ലാഹുവിന് അത് ബുദ്ധിമുട്ടുള്ള കാര്യമല്ല. അനുഗ്രഹങ്ങൾക്കും ഔദാര്യത്തിനും അവസാനമില്ല. അവന്റെ അനുഗ്രഹങ്ങൾ കണക്കാക്കാൻ കഴിയില്ല. അവന്റെ ദയയിൽ ചിലത് ആർക്കും ഗ്രഹിക്കാൻ കഴിയില്ല.
55). (ഇതത്രെ). ഇതാണ് നാം സൂക്ഷ്മത പാലിച്ചവർക്ക് നിശ്ചയിച്ച പ്രതിഫലം. (തീർച്ചയായും ധിക്കാരികൾക്ക്) നിഷേധവും പാപവും ചെയ്ത് പരിധിവിട്ടവർ. (മടങ്ങിച്ചെല്ലാൻ മോശപ്പെട്ട സ്ഥാനമാണുള്ളത്). മടക്കസ്ഥലം വിഷമം നിറഞ്ഞത്.
56). തുടർന്ന് നരകത്തെ വിശദീകരിക്കുന്നു: (നരകമത്രെ അത്) എല്ലാ പീഡനങ്ങളും ഒരുമിച്ച് ചേരുന്ന നരകം. അതിലെ കഠിനചൂടും തണുപ്പും അവരനുഭവിക്കും. (അവർ അതിൽ കത്തിയെരിയും) എല്ലാ വശത്തുനിന്നും വലയം ചെയ്യുന്ന ഒരു ശിക്ഷക്കവർ വിധേയമാകും. അവരുടെ മുകളിലും താഴെയും തീയുണ്ടായിരിക്കും.
57). (അതെത്ര മോശമായ വിശ്രമസ്ഥാനം) അവർക്ക് താമസിക്കാൻ ഒരുക്കിയിരിക്കുന്ന സ്ഥലം എത്ര ചീത്ത. (ഇത്) ഇതാണവർക്കുള്ളത്; താമസിക്കാൻ. നിന്ദ്യവും അപമാനകരവും കഠിനവുമായ ശിക്ഷ. (ആകയാൽ അതവർ ആസ്വദിച്ചുകൊള്ളട്ടെ). അത്യന്തം ചൂടുള്ള വെള്ളം, ചുട്ടുപൊള്ളുന്ന വെള്ളം അവർ അത് കുടിക്കും. അതവരുടെ ആമാശയങ്ങളെ തകർക്കും. (കൊടും തണുപ്പുള്ള) പഴുപ്പടങ്ങിയ ഏറ്റവും മോശമായ പാനീയമാണത്. അതിന്റെ രുചി കയ്‌പ്പേറിയതും ദുർഗന്ധവുമാണ്.
58). (ഇത്തരത്തിൽപെട്ട മറ്റു പലയിനം ശിക്ഷകളും) അപമാനിക്കപ്പെടുന്ന വ്യത്യസ്തമായ ശിക്ഷകൾ.
59). അവർ നരകത്തിന്റെ അടുത്ത് വരുമ്പോൾ പരസ്പരം ശകാരിക്കുകയും തമ്മിൽ പറയുകയും ചെയ്യും: (ഇതാ ഒരു കൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു) നരകത്തിൽ. (അവർക്ക് സ്വാഗതമില്ല. തീർച്ചയായും അവർ നരകത്തിൽ കത്തിയെരിയുന്നവരത്രെ).
60). (അവർ പറയും) ഇരച്ചുകയറി വരുന്ന സംഘം പറയും. (നിങ്ങൾക്ക് തന്നെയാണ് സ്വാഗതമില്ലാത്തത്. നിങ്ങളാണ് ഞങ്ങൾക്കിത് വരുത്തിവെച്ചത്) ഈ ശിക്ഷ. (ഞങ്ങൾക്ക്) നിങ്ങളുടെ പ്രബോധനവും വഴിതെറ്റിക്കലും മൂലം. (അപ്പോൾ വാസസ്ഥലം ചീത്ത തന്നെ) അവരുടെ മുഴുവൻ വാസസ്ഥലം ദുരന്തവും വിഷമവും നിറഞ്ഞതാണ്.
61). പിന്നീട് അവർ തങ്ങളെ വഴിപിഴപ്പിച്ചവർക്കെതിരെ പ്രാർഥിക്കും. (അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കിത് വരുത്തിവെച്ചതാരോ അവന്ന് നീ നരകത്തിൽ ഇരട്ടിശിക്ഷ വർധിപ്പിച്ചുകൊടുക്കേണമേ) മറ്റൊരു വചനത്തിൽ അല്ലാഹു പറയുന്നു:
قَالَ لِكُلٍّ ضِعْفٌ وَلَـٰكِن لَّا تَعْلَمُونَ
“അവൻ പറയും: എല്ലാവർക്കും ഇരട്ടിയുണ്ട്. പക്ഷേ, നിങ്ങൾ മനസ്സിലാക്കുന്നില്ല’’(7:38).
62). (അവർ പറയും) അവർ നരകത്തിൽ ആയിരിക്കെ. (നമുക്കെന്തുപറ്റി? ദുർജനങ്ങളിൽ പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ) അതായത്, അവർ നരകശിക്ഷ അർഹിക്കുന്ന ദുഷ്ടന്മാരിൽ പെട്ടവരാണെന്ന് ഞങ്ങൾ അവകാശപ്പെടാറുണ്ടായിരുന്നു. എന്നാൽ വാസ്തവത്തിൽ അവർ വിശ്വാസികളായിരുന്നു. അവരെ നരകത്തിൽ കാണാത്തത് നരകവാസികൾ ശ്രദ്ധിക്കുകയും നരകത്തിൽ അവരെ കാണാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുകയും ചെയ്തു.
63). (നാം അവരെ പരിഹാസപാത്രമാക്കിയതാണോ അതല്ല, അവരെയും വിട്ട് കണ്ണുകൾ തെന്നിപ്പോയതാണോ?) നാം അവരെ കാണാതെ പോയോ? നാം അവരെ കാണാത്തത് രണ്ടിലൊന്നുകൊണ്ടായിരിക്കണം.
ഒന്നുകിൽ അവരെ ദുഷ്ടന്മാരിൽ പെട്ടവരായി കണക്കാക്കിയപ്പോൾ ഞങ്ങൾ തെറ്റിദ്ധരിച്ചു. വാസ്തവത്തിൽ അവർ നല്ലവരുടെ കൂട്ടത്തിലാണ്. ഞങ്ങൾ അവരെക്കുറിച്ച് പറഞ്ഞത് പരിഹസിക്കാനായിരുന്നു. അതാണിവിടെ കാണുന്നത്. അല്ലാഹു നരകക്കാരോട് പറയുന്നതുപോലെ:
إِنَّهُۥ كَانَ فَرِيقٌ مِّنْ عِبَادِى يَقُولُونَ رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ ١٠٩ فَٱتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰٓ أَنسَوْكُمْ ذِكْرِى وَكُنتُم مِّنْهُمْ تَضْحَكُونَ ١١٠
“തീർച്ചയായും എന്റെ ദാസന്മാരിൽ ഒരുവിഭാഗം ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾക്ക് നീ പൊറുത്തുതരികയും ഞങ്ങളോട് കരുണകാണിക്കുകയും ചെയ്യേണമേ. നീ കാരുണികരിൽ ഉത്തമനാണല്ലോ.’ അപ്പോൾ നിങ്ങൾ അവരെ പരിഹാസ പാത്രമാക്കുകയാണ് ചെയ്തത്. അങ്ങനെ നിങ്ങൾക്ക് എന്നെപ്പറ്റിയുള്ള ഓർമ മറന്നുപോകാൻ അവർ ഒരു കാരണമായിത്തീർന്നു. നിങ്ങൾ അവരെ പുച്ഛിച്ച് ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു’’ (23:110)
അല്ലെങ്കിൽ അവർ നരകത്തിൽ നമ്മോടൊപ്പം ഉണ്ടായിരിക്കാം. പക്ഷേ, നമുക്കവരെ കാണാൻ കഴിയാത്തതായിരിക്കും. അവരുടെ ഹൃദയത്തിലുള്ള ചിന്ത ഇപ്പോഴും അതാണ്. അതായത് വിശ്വാസികൾ നരകത്തിലായിരിക്കുമെന്ന്. അതാണവർ ഇഹലോകത്ത് വിശ്വസിച്ചുപോന്നത്. പലപ്പോഴും അതാവർത്തിച്ചു, അത് അവരുടെ ഹൃദയത്തിൽ രൂഢമൂലമായി. ആ അവസ്ഥലിയാണവർ നരകത്തിൽ പ്രവേശിച്ചത്. അതുകൊണ്ടാണവർ അങ്ങനെ പറഞ്ഞത്.
ഒരുപക്ഷേ, ഇതവർ കരുതിക്കൂട്ടിപ്പറയുന്നതുമാകാം; ഇവിടെ വെച്ച് പറഞ്ഞപോലെ. ആ മനോഭാവം ഇപ്പോഴും അവർ പുലർത്തുന്നു. അതിനാൽ അഅ്‌റാഫിലുള്ളവർ നരകക്കാരോട് പറയും:
أَهَـٰٓؤُلَآءِ ٱلَّذِينَ أَقْسَمْتُمْ لَا يَنَالُهُمُ ٱللَّهُ بِرَحْمَةٍ ۚ ٱدْخُلُوا۟ ٱلْجَنَّةَ لَا خَوْفٌ عَلَيْكُمْ وَلَآ أَنتُمْ تَحْزَنُونَ ٤٩
“ഇക്കൂട്ടരെപ്പറ്റിയാണോ അല്ലാഹു അവർക്കൊരു കാരുണ്യവും നൽകുകയില്ലെന്ന് നിങ്ങൾ സത്യം ചെയ്ത് പറഞ്ഞത്. നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക. നിങ്ങൾ യാതൊന്നും ഭയപ്പെടേണ്ടതില്ല. നിങ്ങൾ ദുഃഖിക്കേണ്ടിവരികയുമില്ല.’’
64. അല്ലാഹു അവൻ പറഞ്ഞതിനെ സ്ഥിരീകരിച്ചുകൊണ്ട് പറയുന്നു: അവനാണ് ഏറ്റവും കൂടുതൽ സത്യം പറയുന്നവൻ. (തീർച്ചയായും അത്) നിങ്ങളോട് പറഞ്ഞത് (തീർച്ചയായും അതൊരു യാഥാർഥ്യം തന്നെയാണ്). അതിൽ യാതൊരു സംശയവുമില്ല. (നരകവാസികൾ തമ്മിലുള്ള വഴക്ക്) അത് നരകവാസികൾ തമ്മിൽ നടത്തുന്ന തർക്കങ്ങളും വാദപ്രതിവാദങ്ങളുമാണ്.
65. (നീ പറയുക). പ്രവാചരേ, ഈ വ്യാജവാദികളോട് നീ പറയുക: നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തത് അവർ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ. (ഞാനൊരു മുന്നറിയിപ്പുകാരൻ മാത്രമാണ്) എനിക്കിത്രയേ കഴിയൂ. നിയന്ത്രണങ്ങളെല്ലാം അല്ലാഹുവിന്റെ അടുക്കലാണ്. എന്നാൽ ഞാൻ നിങ്ങൾക്ക് കൽപനകളും വിരോധങ്ങളും അറിയിക്കുന്നു. നന്മക്കായി പ്രേരിപ്പി ക്കുന്നു, തിന്മകൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നു. (ആരെങ്കിലും സന്മാർഗം പ്രാപിച്ചാൽ അതിന്റെ ഗുണം അവനുതന്നെ. വഴിപിഴച്ചാൽ അതും അവനുതന്നെ. (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുംതന്നെയില്ല) ആരാധനയ്ക്കും ആരാധ്യതയ്ക്കും അല്ലാഹുവല്ലാതെ മറ്റാരും അർഹനല്ല. (ഏകനും സർവാധിപതിയുമായവൻ) ഇത് അവന്റെ ദൈവികത സ്ഥാപിക്കുകയാണ്. ഖണ്ഡിതമായ തെളിവിന്റെ അടിസ്ഥാനത്തിൽ അവൻ ഏകനാണ്. സർവതിനെയും കീഴ്‌പ്പെടുത്തുന്നു. എല്ലാം അവന് കീഴ്‌പ്പെടുന്നു. എല്ലാം കീഴ്‌പ്പെട്ടവൻ ഏകനായിരിക്കും. കീഴ്‌പ്പെടുത്തുന്ന രണ്ടു പേരുണ്ടാവുക സാധ്യമല്ല. എല്ലാം കീഴ്‌പ്പെടുന്നത് ഒരാൾക്ക് മാത്രമായിരിക്കും. അവന് സമന്മാരുണ്ടാവില്ല. അവൻ മാത്രമായിരിക്കും ആരാധനക്കർഹൻ; സർവാധിപതി അവൻ മാത്രമായതുപോലെ.
66. സൃഷ്ടികർതൃത്വത്തിലെ ഏകത്വം; അത് സ്ഥാപിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവും) അതായത് സ്രഷ്ടാവ്, അവ രണ്ടിന്റെയും സംരക്ഷകൻ. അവരെ എല്ലാവിധത്തിലും നിയന്ത്രിക്കുകയും ചെയ്യുന്നവൻ. (പ്രതാപശാലിയും) മഹത്തായ സഷ്ടികളെ സൃഷ്ടിക്കാൻ ശക്തിയുള്ളവൻ. സമാനരില്ലാത്തവൻ, (എല്ലാം പൊറുക്കുന്നവൻ) ചെറുതും വലുതുമായ പാപങ്ങളിലെല്ലാം അവനിലേക്ക് ഖേദിച്ചു മടങ്ങുകയും പാപം ഉപേക്ഷിക്കുകുയം ചെയ്യുന്നവർക്ക്. യാതൊന്നും സൃഷ്ടിക്കാത്ത, ഭക്ഷണം നൽകാത്ത, ഒന്നും ഉമടപ്പെടുത്താത്ത, യാതൊരു കഴിവുമില്ലാത്ത, പാപമോചനത്തിന് അധികാരമില്ലാത്തവരെ ഉപക്ഷിച്ച് അവനെ ആരാധിക്കണം.

