സൂറ: സ്വാദ്, ഭാഗം 06
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 മാർച്ച് 02, 1445 ശഅ്ബാൻ 21
അധ്യായം: 38, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
41. നമ്മുടെ ദാസനായ അയ്യൂബിനെ ഓർമിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏൽപിച്ചിരിക്കുന്നു എന്ന് തന്റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദർഭം.
42. (നാം നിർദേശിച്ചു:) നിന്റെ കാലുകൊണ്ട് നീ ചവിട്ടുക, ഇതാ, തണുത്ത സ്‌നാനജലവും കുടിനീരും!
43. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കൽനിന്നുള്ള കാരുണ്യവും ബുദ്ധിമാന്മാർക്ക് ഒരു ഉൽബോധനവുമെന്ന നിലയിൽ.
44. നീ ഒരുപിടി പുല്ല് നിന്റെ കൈയിൽ എടുക്കുക. എന്നിട്ട് അതുകൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക. തീർച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസൻ! തീർച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു.
45. കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്മാരായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരെയും ഓർക്കുക.
46. നിഷ്‌കളങ്കമായ ഒരു വിചാരംകൊണ്ട് നാം അവരെ ഉൽകൃഷ്ടരാക്കിയിരിക്കുന്നു. പരലോകസ്മരണയത്രെ അത്.
47. തീർച്ചയായും അവർ നമ്മുടെ അടുക്കൽ തെരഞ്ഞെടുക്കപ്പെട്ട ഉത്തമൻമാരിൽ പെട്ടവരാകുന്നു.
48. ഇസ്മാഈൽ, അൽയസഅ്, ദുൽകിഫ്ൽ എന്നിവരെയും ഓർക്കുക. അവരെല്ലാവരും ഉത്തമൻമാരിൽ പെട്ടവരാകുന്നു.
49. ഇതൊരു ഉൽബോധനമത്രെ. തീർച്ചയായും സൂക്ഷ്മതയുള്ളവർക്ക് മടങ്ങിച്ചെല്ലാൻ ഉത്തമമായ സ്ഥാനമുണ്ട്.
50. അവർക്കുവേണ്ടി കവാടങ്ങൾ തുറന്നുവെച്ചിട്ടുള്ള സ്ഥിരവാസത്തിന്റെ സ്വർഗത്തോപ്പുകൾ.
51. അവർ അവിടെ ചാരിയിരുന്നു വിശ്രമിച്ചുകൊണ്ട് സമൃദ്ധമായുള്ള ഫലവർഗങ്ങൾക്കും പാനീയത്തിനും ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
52. അവരുടെ അടുത്ത് ദൃഷ്ടി നിയന്ത്രിക്കുന്ന സമവയസ്‌ക്കരായ സ്ത്രീകളുണ്ടായിരിക്കും.
53. ഇതത്രെ വിചാരണയുടെ ദിവസത്തേക്ക് നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെടുന്നത്.

41). (നീ ഓർമിക്കുക). ഈ ഗ്രന്ഥത്തിലൂടെ. (നമ്മുടെ ദാസനായ അയ്യൂബിനെ) കഠിന പ്രയാസങ്ങൾ വന്നപ്പോൾ അദ്ദേഹം ക്ഷമിച്ചു. തന്റെ രക്ഷിതാവിനോടല്ലാതെ പരാതിപ്പെട്ടില്ല. അവനിലല്ലാതെ അഭയം കണ്ടെത്തിയതുമില്ല. (തന്റെ രക്ഷിതാവിനെ വിളിച്ച സന്ദർഭം) അവനോടുമാത്രം തന്റെ വേലവാതികൾ പറയാൻ. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, (പിശാച് എനിക്ക് അവശതയും പീഡനവും ഏൽപിച്ചിരിക്കുന്നു) ക്ഷീണവും പ്രയാസവും വേദനയും അനുഭവിക്കുന്ന കാര്യം. അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കാനുള്ള ശക്തി പിശാചിന് ലഭിച്ചിരുന്നു. അവൻ അദ്ദേഹത്തിന്റെ ചർമത്തിൽ വ്രണങ്ങൾ ഉണ്ടാകുന്നതുവരെ ഊതി. അത് പിന്നീട് പൊട്ടിയൊലിച്ചു. കാര്യങ്ങൾ കൂടുതൽ വഷളായി. അതുപോലെ തന്റെ കുടുംബവും അദ്ദേഹത്തിന് നഷ്ടമായി.
42). അദ്ദേഹത്തോടു പറയപ്പെട്ടു: (നിന്റെ കാലുകൊണ്ട് നീ ചവിട്ടുക) അതായത് നിന്റെ കാലുകൊണ്ട് നിലത്ത് ചവിട്ടുക. അതിൽനിന്ന് ഒരു നീരുറവ ഒഴുകും. അത് നിങ്ങൾക്ക് കുളിക്കാനും കുടിക്കാനും കഴിയും. അതുമൂലം വേദനയും പ്രയാസവും നീങ്ങും. അദ്ദേഹം അങ്ങനെ ചെയ്തു. ബുദ്ധിമുട്ടുകൾ നീങ്ങി. അല്ലാഹു രോഗം സുഖപ്പെടുത്തി.
43). (അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്വന്തക്കാരെ നൽകി) ഈ ലോകത്ത് അദ്ദേഹത്തിനുവേണ്ടി അല്ലാഹു അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. (അവരുടെ അത്ര ആളുകളെയും) അദ്ദേഹത്തെ അല്ലാഹു സമ്പന്നനാക്കുകയും ചെയ്തു. (നമ്മുടെ പക്കൽനിന്നുള്ള കാരുണ്യവും) ദാസനായ അയ്യൂബിനോടുള്ള. അദ്ദേഹം ക്ഷമാശീലനായിരുന്നതിനാൽ പരലോകത്ത് നമ്മുടെ കാരുണ്യത്താൽ നാം പ്രതിഫലം നൽകി.
(ബുദ്ധിമാന്മാർക്ക് ഇത് ഉൽബോധനവുമെന്ന നിലയിൽ) അതായത് ബുദ്ധിയുള്ള ആളുകൾക്ക്. അയ്യൂബ് നബിയുടെ കഥ ഓർമിക്കാനും അതിൽനിന്ന് പാഠം പഠിക്കാനും. ഉപദ്രവമേറ്റാൽ ക്ഷമയോടുകൂടി പ്രതികരിക്കുന്നവന് അല്ലാഹു ഇഹത്തിലും പരത്തിലും പ്രതിഫലം നൽകുന്നെും അവ ൻ വിളിച്ചാൽ അവന്റെ പ്രാർഥനയ്ക്ക് അല്ലാഹു ഉത്തരം നൽകുമെന്നും മനസ്സിലാക്കാൻ കഴിയും.
44) (ഒരുപിടി പുല്ല് നിന്റെ കയ്യിലെടുക്കുക) ഒരു കെട്ട് പുല്ല്. (എന്നിട്ട് അതുകൊണ്ട് നീ അടിക്കുക. ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക) വ്യാഖ്യാതാക്കൾ പറഞ്ഞു: അദ്ദേഹത്തിന് അസുഖം വന്നപ്പോൾ ഏതോ ചില കാര്യങ്ങളിൽ തന്റെ ഭാര്യയോട് ദേഷ്യപ്പെട്ടു. അല്ലാഹു തന്റെ രോഗം സുഖപ്പെടുത്തിയാൽ അവളെ നൂറ് അടി അടിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തു. അങ്ങനെ അദ്ദേഹം സുഖം പ്രാപിച്ചു. അവളാകട്ടെ നല്ലവളും അദ്ദേഹത്തിന് ഏറെ ഉപകാരം ചെയ്തവളുമാണ്. അല്ലാഹു അവരെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. അതിനാൽ നൂറ് പുല്ലുകളുള്ള ഒരു കെട്ടുകൊണ്ട് അവളെ അടിക്കാൻ അല്ലാഹു നിർദേശിച്ചു. അങ്ങനെ അവരെ ഉപദ്രവിക്കാതെയും അവരോട് അനീതി കാണിക്കാതെയും തന്നെ പ്രതിജ്ഞ നിറവേറ്റാൻ അദ്ദേഹത്തെ പ്രാപ്തനാക്കി.
(തീർച്ചയായും നാം അദ്ദേഹത്തെ കണ്ടു) അയ്യൂബ് നബിയെ. (ക്ഷമാശീലനായി) നാം അദ്ദേഹത്തെ വലിയ വിഷമം കൊണ്ട് പരീക്ഷിച്ചു. അദ്ദേഹം അത് ക്ഷമിച്ചു. (വളരെ നല്ല ദാസൻ) സന്തോഷത്തിലും ദുഃഖത്തിലും പ്രയാസത്തിലും എളുപ്പത്തിലുമെല്ലാം ദാസനെന്ന നിലക്കുള്ള തന്റെ പദവി അദ്ദേഹം പൂർത്തീകരിച്ചു. (അദ്ദേഹം ഏറെ ഖേദിച്ചു മടങ്ങുന്നവനാകുന്നു) അതായത് തന്റെ ലൗകികവും പാരത്രികവുമായ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ധാരാളമായി തന്റെ രക്ഷിതാവിലേക്ക് മടങ്ങുകയും തന്റെ നാഥനെ നിരന്തരമായി സ്മരിക്കുകയും അവനോട് പ്രാർഥിക്കുകയും അവനെ സ്‌നേഹിക്കുകയും അവനോട് ഭക്തി കാണിക്കുകയും ചെയ്തു.
45). അല്ലാഹു പറയുന്നു: (നമ്മുടെ ദാസന്മാരെ ഓർക്കുക) ആരാധനയിൽ നമ്മോട് ആത്മാർഥത പുലർത്തിയ നമ്മുടെ ദാസന്മാരെ ഓർക്കുക. അവരെക്കുറിച്ച് നല്ലത് പറയുക (ഇബ്‌റാഹീം) അല്ലാഹുവിന്റെ ഉറ്റമിത്രം. അദ്ദേഹത്തിന്റെ മകനും (ഇസ്ഹാക്വ് നബി). അദ്ദേഹത്തിന്റെ മകൻ (കൈക്കരുത്തുള്ള യഅ്ക്വൂബും). അല്ലാഹുവിന് ആരാധന ചെയ്യാനുളള ശക്തി. (കാഴ്ചപ്പാടുകളും) അല്ലാഹുവിന്റെ മതത്തിൽ അവർക്ക് ആഴത്തിലുള്ള ഉൾക്കാഴ്ചയുണ്ടായിരുന്നു. അതിനാൽ പ്രയോജനപ്രദമായ അറിവുള്ളവരും ധാരാളം സൽകർമങ്ങൾ ചെയ്യുന്നവരുമായിരുന്നു അവരെന്നും വിശേഷിപ്പിച്ചു.
46). (നിഷ്‌ക്കളങ്കമായ ഒരു വിചാരം കൊണ്ട് നാം അവരെ ഉൽകൃഷ്ടരാക്കിയിരിക്കുന്നു) ഉന്നതവും സവിശേഷവും മഹത്തായതുമായ വിചാരം. (പരലോക സ്മരണയത്രെ അത്) അവരുടെ ഹൃദയങ്ങളിൽ പരലോകത്തെക്കുറിച്ചുള്ള സ്മണകൾ നാം വളർത്തിയെടുത്തു. എല്ലാ സമയത്തും അതിനായി പരിശ്രമിക്കുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. അല്ലാഹുവിനോടുള്ള ആത്മാർഥതയും അവൻ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന ബോധവും അവർക്കുണ്ടായിരുന്നു. പരലോകത്തെക്കുറിച്ചുള്ള ഓർമ നാം അവരിലുണ്ടാക്കി. അവരിൽ നിന്നും ചിന്തിക്കുന്നർക്ക് ഉൽബോധനം ലഭിച്ചു. പാഠങ്ങൾ ഉൾക്കൊള്ളുന്നവർ പഠിച്ചു. ഏറ്റവും നല്ല രൂപത്തിൽ അവനെ അവർ ഓർത്തുകൊണ്ടിരിക്കുന്നു.
47). (തീർച്ചയായും അവർ നമ്മുടെ അടുക്കൽ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്മാരിൽ പെട്ടവരാകുന്നു) അല്ലാഹു തന്റെ സൃഷ്ടികളിൽപെട്ട പരിശുദ്ധരിൽനിന്ന് തെരഞ്ഞെടുത്തവർ. (ഉത്തമന്മാർ) സൽസ്വഭാവത്തിന്റെയും സൽകർമങ്ങളുടെയും ആളുകൾ.
48) ഏറ്റവും നല്ലവിധത്തിൽ ഈ പ്രവാചകന്മാരെ ഓർക്കുക. അവരെ പ്രശംസിക്കുക. കാരണം അവരോരോരുത്തരും മനുഷ്യരാശിയിൽനിന്ന് അല്ലാഹു തെരഞ്ഞെടുത്ത ഉത്തമന്മാരിൽ പെട്ടവരാണ്. അവൻ അവർക്കായി തെരഞ്ഞെടുക്കുകയും മികച്ച പെരുമാറ്റം, മനോഭാവം, പ്രവൃത്തികൾ, വി ശേഷണങ്ങൾ, സവിശേഷതകൾ എന്നിവ കൈവരിക്കാൻ അവരെ സഹായിക്കുകയും ചെയ്തു.
ഈ ക്വുർആനിലും അവരെക്കുറിച്ച് പറയുന്നു. അവരെക്കുറിച്ച് കേൾക്കുമ്പോൾ ആലോചിക്കുന്നവർ ഉൾക്കൊള്ളും. മഹത്തായ മാതൃകകൾ തേടുന്നവർ അവരുടെ മഹത്ത്വങ്ങളറിയുമ്പോൾ അവരെ പിൻപറ്റാൻ കൊതിക്കും. അവർക്ക് അല്ലാഹു അനുഗ്രഹമായി നൽകിയ പരിശുദ്ധ ഗുണങ്ങൾ മനസ്സിലാകും; അവർക്ക് ജനങ്ങൾക്കിടയിലുള്ള മഹത്ത്വങ്ങളും.
ഓർമപ്പെടുത്തലിന്റെ ഒരു നല്ല രൂപമാണ് ആളുകളെ പരാമർശിക്കുന്നത്. മറ്റൊരു രൂപം നല്ലമനുഷ്യരുടെയും ദുഷ്ടന്മാരുടെയും പ്ര തിഫലത്തെ പരാമർശിക്കുന്നതാണ്. അതാണ് അല്ലാഹു പറഞ്ഞത:് (തീർച്ചയായും സൂക്ഷ്മതയുള്ളവർക്ക്) തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുന്നവർക്ക്, അവന്റെ കൽപനകൾ സ്വീകരിക്കുന്നവർക്ക്, വിരോധങ്ങൾ ഉപേക്ഷിക്കുന്നവർക്ക്, അതായത് സർവ വിശ്വാസി - വിശ്വാസിനികൾക്കും. (ഉത്തമമായ മടക്കസ്ഥാനമുണ്ട് (മടങ്ങിച്ചെല്ലാൻ നല്ലൊരു സ്ഥലം, നന്മ നിറഞ്ഞ മടക്കം).
50). തുടർന്ന് വിശദീകരിക്കുന്നു: (സ്ഥിരവാസത്തിന്റെ സ്വർഗത്തോപ്പുകൾ) താമസത്തിനുള്ള സ്വർഗങ്ങൾ പരിപൂർണ സൗകര്യങ്ങളോടു കൂടിയായതിനാൽ മാറ്റം ആവശ്യമില്ലാത്തത്. അതിൽനിന്നവർ പുറത്തുപോകുകയോ പുറത്താക്കപ്പെടുകയോ ഇല്ല. (അവർക്കുവേണ്ടി കവാടങ്ങൾ തുറന്നുവെച്ചിട്ടുള്ള) അവിടെയുള്ള വാസസ്ഥലങ്ങളുടെ വാതിലുകൾ അവർക്കായി തുറന്നുവെച്ചിരിക്കും. അവർ തുറക്കേണ്ടിവരില്ല. അവരെപ്പോഴും സേവിക്കപ്പെടുന്നവരാണ്; സേവകരല്ല. അവിടെ പൂർണ നിർഭയത്വമുണ്ട്. അവിടെ വാതിലുകൾ അടക്കുകയോ തുറക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.
51). (അവർ അവിടെ ചാരിയിരിക്കുന്നവരായി) അലങ്കരിച്ച കട്ടിലുകളിലും ഇരിപ്പിടങ്ങളിലും ചാരിയിരുന്ന് അവർ വിളിക്കും. (അവർ അതിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കും) അതായത് അവർ തങ്ങളുടെ സേവകന്മാരോട് നിർദേശിക്കും. (സമൃദ്ധമായ ഫലവർഗങ്ങളും പാനീയങ്ങളും) അവരുടെ ഹൃദയം ആഗ്രഹിക്കുന്നതും അവരുടെ കണ്ണുകൾക്ക് ആനന്ദം നൽകുന്നതുമായ എന്തും. ഇത് സ്വർഗത്തിലെ തികഞ്ഞ ആനന്ദവും നിറഞ്ഞ സന്തോഷവും സമാധാനവും ആസ്വാദനങ്ങളും നമുക്ക് മനസ്സിലാക്കിത്തരുന്നു.
52) (അവരുടെ അടുത്ത്) ‘ഹൂറുൽ ഈൻ’ ആയ, അവരുടെ ഭാര്യമാരുണ്ടായിരിക്കും. (ദൃഷ്ടി നിയന്ത്രിക്കുന്ന) ദൃഷ്ടി നിയന്ത്രിച്ച് ഭർത്താക്കന്മാരെ മാത്രം നോക്കുന്ന സ്ത്രീകൾ. കാരണം, അവരുടെ ഭർത്താക്കന്മാർക്കുതന്നെ സൗന്ദര്യമുണ്ട്. അവർക്ക് പരസ്പര സ്‌നേഹവുമുണ്ട്. മറ്റൊരാളെ ആഗ്രഹിക്കേണ്ടിവരില്ല. ഒരു പകരക്കാരൻ ആവശ്യമേയില്ല. (സമവയസ്‌കർ) ഒരേ പ്രായം.ഒരു യുവാവിന്റെ ഏറ്റവും നല്ല പ്രായം.നല്ല സൗന്ദര്യവും ആസ്വാദ്യകരവുമായ യുവത്വം.
53) (ഇതത്രെ വാഗ്ദാനം നൽകപ്പെടുന്നത്) അല്ലാഹുവിനെ ഭയപ്പെടുന്നവരേ, നിങ്ങളുടെ സൽകർമങ്ങൾക്കുള്ള പ്രതിഫലം കണക്കാക്കുന്ന ദിവസം.

