സൂറ: അഹ്സാബ്, ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 നവംബർ 23, 1446 ജു. ഊലാ 21

അധ്യായം: 33, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ وَأَزْوَٰجُهُۥٓ أُمَّهَـٰتُهُمْ ۗ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍۢ فِى كِتَـٰبِ ٱللَّهِ مِنَ ٱلْمُؤْمِنِينَ وَٱلْمُهَـٰجِرِينَ إِلَّآ أَن تَفْعَلُوٓا۟ إِلَىٰٓ أَوْلِيَآئِكُم مَّعْرُوفًۭا ۚ كَانَ ذَٰلِكَ فِى ٱلْكِتَـٰبِ مَسْطُورًۭا (٦) وَإِذْ أَخَذْنَا مِنَ ٱلنَّبِيِّـۧنَ مِيثَـٰقَهُمْ وَمِنكَ وَمِن نُّوحٍۢ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَـٰقًا غَلِيظًۭا (٧) لِّيَسْـَٔلَ ٱلصَّـٰدِقِينَ عَن صِدْقِهِمْ ۚ وَأَعَدَّ لِلْكَـٰفِرِينَ عَذَابًا أَلِيمًۭا (٨) يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌۭ فَأَرْسَلْنَا عَلَيْهِمْ رِيحًۭا وَجُنُودًۭا لَّمْ تَرَوْهَا ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا (٩) إِذْ جَآءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ ٱلْأَبْصَـٰرُ وَبَلَغَتِ ٱلْقُلُوبُ ٱلْحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠ (١٠) هُنَالِكَ ٱبْتُلِىَ ٱلْمُؤْمِنُونَ وَزُلْزِلُوا۟ زِلْزَالًۭا شَدِيدًۭا (١١)

6. പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവർ അന്യോന്യം അല്ലാഹുവിന്റെ നിയമത്തിൽ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതൽ അടുപ്പമുള്ളവരാകുന്നു. നിങ്ങൾ നിങ്ങളുടെ മിത്രങ്ങൾക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കിൽ അത് ഇതിൽനിന്ന് ഒഴിവാകുന്നു. അത് വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടതാകുന്നു.

7. പ്രവാചകൻമാരിൽനിന്ന് തങ്ങളുടെ കരാർ നാം വാങ്ങിയ സന്ദർഭം (ശ്രദ്ധേയമാണ്). നിന്റെ പക്കൽനിന്നും നൂഹ്, ഇബ്‌റാഹീം, മൂസാ, മർയമിന്റെ മകൻ ഈസാ എന്നിവരിൽ നിന്നും (നാം കരാർ വാങ്ങിയ സന്ദർഭം). ഗൗരവമുള്ള ഒരു കരാറാണ് അവരിൽനിന്നെല്ലാം നാം വാങ്ങിയത്.

8. അവന് സത്യവാന്മാരോട് അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കാൻ വേണ്ടിയത്രെ അത്. സത്യനിഷേധികൾക്ക് അവൻ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

9. സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങൾ വരികയും അപ്പോൾ അവരുടെ നേരെ ഒരു കാറ്റിനെയും നിങ്ങൾ കാണാത്ത സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദർഭത്തിൽ അല്ലാഹു നിങ്ങൾക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങൾ ഓർമിക്കുക. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു.

10. നിങ്ങളുടെ മുകൾഭാഗത്തുകൂടിയും നിങ്ങളുടെ താഴ്ഭാഗത്തുകൂടിയും അവർ നിങ്ങളുടെ അടുക്കൽ വന്ന സന്ദർഭം. ദൃഷ്ടികൾ തെന്നിപ്പോകുകയും, ഹൃദയങ്ങൾ തൊണ്ടയിലെത്തുകയും, നിങ്ങൾ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദർഭം.

11. അവിടെവെച്ച് വിശ്വാസികൾ പരീക്ഷിക്കപ്പെടുകയും അവർ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.

6) ഇവിടെ അല്ലാഹു വിശ്വാസികളോട് ഒരു കാര്യം പറയുന്നു. അതിലൂടെ അവർക്ക് റസൂലിന്റെ യഥാർഥ നില തിരിച്ചറിയാനും അതനുസരിച്ച് അദ്ദേഹവുമായി പെരുമാറാനും കഴിയും, (പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളേക്കാളും അടുത്ത ആളാകുന്നു) ഏതൊരു വ്യക്തിയോടും ഏറ്റവും അടുപ്പമുള്ളത് സ്വന്തം ശരീരമാണ്. എന്നാൽ പ്രവാചകൻ സ്വന്തത്തെക്കാൾ അവനോട് കൂടുതൽ അടുത്തവനാണ്. കാരണം അദ്ദേഹം അവരോട് ആത്മാർഥതയും അനുകമ്പയും ദയയും കാണിച്ചു. അത് അവരോട് എല്ലാവരിലും ഏറ്റവും കരുണയുള്ളവനും ദയയുള്ളവനും അദ്ദേഹമാണ് എന്നും വ്യക്തമാക്കുന്നു. അതിനാൽ മറ്റാരോടും കടപ്പെട്ടിരിക്കുന്നതിനെക്കാൾ കൂടുതൽ അവർ ദൂതനോട് കടപ്പെട്ടിരിക്കുന്നു. അതായത് മറ്റാരുടെ തീരുമാനത്തെക്കാളും അവർ മുൻഗണന നൽകേണ്ടത് പ്രവാചകന്റെ വിധിക്കാണ്. അവർ സ്വന്തത്തെ സ്‌നേഹിക്കുന്നതിനെക്കാൾ അദ്ദേഹത്തെ സ്‌നേഹിക്കണം. നിസ്സാരമായ ഒരു നന്മയാകട്ടെ തിന്മയാകട്ടെ അത് അവരിലേക്കെത്താൻ അദ്ദേഹം ഒരു കാരണമാണ്. അതുകൊണ്ട് ആരായിരുന്നാലും ഒരു പ്രവാചകന്റെ വാക്കുകൾക്ക്എതിരുനിൽക്കാവതല്ല. അവരുടെ സ്വന്തം സന്താനങ്ങളും ശരീരങ്ങളും അദ്ദേഹത്തിന് അവർ പ്രായച്ഛിത്തമായി നൽകണം. സർവ സൃഷ്ടികളെക്കാളും അദ്ദേഹത്തെ സ്‌നേഹിക്കണം. അദ്ദേഹം സംസാരിക്കുന്നതുവരെ അവർ സംസാരിക്കരുത്. അദ്ദേഹത്തെ മുൻകടന്നു പോകരുത്. അദ്ദേഹം സത്യവിശ്വാസികളുടെ പിതാവാണ്. സന്താനങ്ങളെ ഒരു പിതാവ് പരിപാലിക്കുന്നപോലെ അദ്ദേഹം അവരെ പരിപാലിക്കുന്നു. അദ്ദേഹത്തിന്റെ പത്‌നിമാർ അവരുടെ മാതാക്കളാണ് എന്നത് അദ്ദേഹം പിതാവാണെന്ന നിലക്കാണ്. ആദരവിലും ബഹുമാനത്തിലും പരിശുദ്ധിയിലുമാണത്. അവരോടൊപ്പം തനിച്ചായിരിക്കുകയോ മഹ്‌റം ആയി കണക്കാക്കുകയോ ചെയ്യൽ അനുവദനീയമാണെ കാര്യത്തിലല്ല. സൈദുബ്‌നു ഹാരിസയുടെ സംഭവത്തിന്റെ മുഖവരയിൽ വന്നതും ഇതാണ്. മുമ്പ് അദ്ദേഹത്തെ വിളിച്ചിരുന്നത് സൈദുബ്‌നു മുഹമ്മദ് എന്നായിരുന്നു. അപ്പോഴാണ് ക്വുർആനിൽ (മുഹമ്മദ് നിങ്ങളിൽ ഒരാളെയും പിതാവല്ല-33:40) എന്ന വചനം അവതരിച്ചത്. അങ്ങനെ ആ പിതൃപുത്രബന്ധം വിഛേദിച്ചു.

ഈ വാക്യത്തിൽ എല്ലാ വിശ്വാസികളും റസൂലിന്റെ മക്കളാണെന്ന് അല്ലാഹുപറയുന്നു. അതിനാൽ അവരിൽ ഒരാൾക്കും മറ്റൊരാളെക്കാൾ ശ്രേഷ്ഠതയില്ല. ദത്തെടുക്കാനുള്ള അവകാശം അവസാനിച്ചാലും വിശ്വാസത്തിന്റെ ബന്ധം അറ്റുപോയിട്ടില്ല. അതിനാൽ സങ്കടപ്പെടുകയോ ദുഖിഃക്കുകയോ ചെയ്യേണ്ടതില്ല. റസൂലുകളുടെ ഭാര്യമാർ വിശ്വാസികളുടെ മാതാക്കളാണ് എന്നതിന്റെ ഉദ്ദേശ്യം അല്ലാഹു വ്യക്തമാക്കുന്നു. പ്രവാചകന്റെ കാലശേഷം അവരെ വിവാഹം കഴിക്കാൻ ഒരാൾക്കും അനുവാദമില്ല. (അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങൾ വിവാഹം കഴിക്കാനും പാടില്ല-അൽഅഹ്‌സാബ്:53).

അടുത്ത ബന്ധുക്കളോ വിദൂര ബന്ധുക്കളോ ആകട്ടെ, (രക്തബന്ധമുള്ളവർ) അല്ലാഹു നിശ്ചയിച്ച നിയമമനുസരിച്ച് അന്യോന്യം അടുപ്പമുള്ളവരാണ്. അവർ പരസ്പരം അനന്തരമെടുക്കുകയും പുണ്യം ചെയ്യുകയും ചെയ്യുന്നു. അവർ പരസ്പരം സഹായത്തിനും സഖ്യത്തിനും കൂടുതൽ അർഹതയുണ്ട്. ദത്തുപുത്രന്മാർക്ക് രക്തബന്ധുക്കൾക്ക് പകരം അനന്തരാവകാശം നൽകിയിരുന്നു. എന്നാൽ അല്ലാഹു അത് അവസാനിപ്പിക്കുകയും അനന്തരാവകാശം രക്തബന്ധുക്കൾക്ക് നൽകണമെന്ന് വിധിക്കുകയും ചെയ്തു. അത് അവരോടുള്ള കരുണയാണ്. മുമ്പുള്ള സമ്പ്രദായം തുടർന്നിരുന്നുവെങ്കിൽ രക്തബന്ധമുള്ളവർക്ക് അവകാശം നഷ്ടപ്പെടാനുള്ള വലിയൊരു തിൻമക്കും കുഴപ്പത്തിനും കാരണമാകുമായിരുന്നു (മറ്റു വിശ്വാസികളെക്കാളും മുജാഹിദുകളെക്കാളും) അടുത്തവർ മുഹാജിറുകളായ വിശ്വാസികളോ അല്ലാത്തവരോ ആയിരുന്നാലും അനന്തരാവകാശത്തിന്റെ കാര്യത്തിൽ രക്തബന്ധുക്കൾക്ക് മുൻഗണനയുണ്ട്. വാഹനം, സ്വത്ത് എന്നിവയെപ്പോലെത്തന്നെ രക്തബന്ധുക്കൾക്ക് അവരുടെ ബന്ധുക്കളുടെ കാര്യത്തിൽ ചുമതലയും രക്ഷാധികാരവുമുണ്ടെന്നതിന് ഈ

വചനം തെളിവാണ്. (നിങ്ങൾ നിങ്ങളുടെ മിത്രങ്ങൾക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കിൽ അത് ഇതിൽനിന്ന് ഒഴിവാക്കുന്നു) അതായത് അവർക്ക് അനന്തരാവകാശത്തിൽ യാതൊരു പങ്കുമില്ല. അത് നിങ്ങളുടെ ഇഷ്ടം മാത്രം. നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ അവർക്ക് എന്തെങ്കിലും നൽകുകയും അവരോട് ദയകാണിക്കുകയും ചെയ്യാം. (ആയിരിക്കുന്നു) പ്രസ്തുത വിധി. (വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടത്) അത് അല്ലാഹു എഴുതുകയും കൽപിക്കുകയും ഉത്തരവിടുകയും ചെയ്തതാണ്. അതിനാൽ അത് നടപ്പിലാക്കണം.

(7-8) ഇവിടെ അല്ലാഹു നമ്മോട് പറയുന്നത് പ്രവാചകൻമാരിൽ എന്നും പൊതുവായി ഇവിടെ പരാമർശിച്ച ഇച്ഛാശക്തിക്കുള്ള അഞ്ച് ദൂതന്മാരിൽനിന്ന് പ്രത്യേകിച്ചും ഒരു ഉടമ്പടി സ്വീകരിച്ചിരിക്കുന്നു എന്നതാണ്. അത് അല്ലാഹുവിന്റെ മതത്തെ സഹായിക്കാനും അവന്റെ മാർഗത്തിൽ പ്രയത്‌നിക്കാനുമുള്ള ഗൗരവമേറിയ ഉടമ്പടിയും പ്രതിജ്ഞയുമായിരുന്നു. പൂർവിക പ്രവാചകന്മാരുടെ മാർഗമാണിത്. അവരുടെ പാത പിന്തുടർന്നാണ് അന്ത്യപ്രവാചകനും ശ്രേഷ്ഠനുമായ മുഹമ്മദ് നബിﷺ അവരോട് കൽപിക്കുന്നത്.

ഈ മഹത്തായ ഉടമ്പടിയെക്കുറിച്ച് അല്ലാഹു പ്രവാചകന്മാരോടും അവരുടെ അനുയായികളോടും ചോദിക്കും; അവർ അത് നിറവേറ്റുകയും അവർക്ക് സ്വർഗം നൽകുന്നതിനായി അവർ അതിൽ വിശ്വസ്തരാണോ എന്നും അല്ല, അവർ അവിശ്വസിച്ചിരിക്കുകയാണോ എന്നും. അങ്ങനെയെങ്കിൽ അവൻ അവർക്ക് വേദനാജനകമായ ശിക്ഷ നൽകും.

مِّنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ ۖ

“സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷൻമാരുണ്ട്. ഏതൊരു കാര്യത്തി ൽ അല്ലാഹുവോട് അവർ ഉടമ്പടി ചെയ്തുവോ അതിൽ അവർ സത്യസന്ധത പുലർത്തി’’(33:23).

(9-10) വിശ്വാസികൾക്ക് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ ഓർമപ്പെടുത്തുന്നു. അതിന് നന്ദി ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. അതായത്, ഹിജാസിലെയും മക്കയിലെയും സൈന്യം നിങ്ങളുടെ അടുക്കൽ വന്ന സന്ദർഭം. അവർ നിങ്ങളുടെ മുകളിലൂടെയും നജ്ദുകാർ താഴ്ഭാഗത്തുനിന്നും പ്രവാചകനെയും അനുചരന്മാർക്കും ഉൻമൂലനം ചെയ്യാൻ അവർ പരസ്പരം ധാരണയുണ്ടാക്കി. ഇത് ഖന്തക്കിലാണ് സംഭവിച്ചത്. മദീനക്ക് ചുറ്റും ജനവിഭാഗങ്ങൾ നിറഞ്ഞു. അവർ വലിയ സൈന്യമായും ധാരാളം ജനങ്ങളോടൊപ്പം വന്നു.

മദീനയിൽ നബിﷺ കിടങ്ങു കുഴിച്ചു. അവർ മദീനയെ ഉപരോധിച്ചു പ്രശ്‌നം രൂക്ഷമായി. ഹൃദയങ്ങൾ തൊണ്ടയിലെത്തി. ഭയം അതിന്റെ പാരമ്യതയിലെത്തി. അവർ പലതും വിചാരിച്ചു. യുക്തിപൂർവം നീങ്ങേണ്ട ചില സാഹചര്യങ്ങൾ അവർ കണ്ടു. അങ്ങനെ അവർ മദീനയെ ഉപരോധിച്ചുകൊണ്ടിരുന്നു. നീണ്ടകാലം കാര്യങ്ങൾ അല്ലാഹു പറഞ്ഞതുപോലെയായിരുന്നു:

إِذْ جَاءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ الْأَبْصَارُ وَبَلَغَتِ الْقُلُوبُ الْحَنَاجِرَ وَتَظُنُّونَ بِاللَّهِ الظُّنُونَا ١٠

“നിങ്ങളുടെ മുകൾഭാഗത്തുകൂടിയും നിങ്ങളുടെ താഴ്ഭാഗത്തുകൂടിയും അവർ നിങ്ങളുടെ അടുക്കൽ വന്ന സന്ദർഭം. ദൃഷ്ടികൾ തെന്നിപ്പോവുകയും ഹൃദയങ്ങൾ തൊണ്ടയിലെത്തുകയും നിങ്ങൾ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ചുപോവുകയും ചെയ്തിരുന്ന സന്ദർഭം’’ (33:10).

അതായത് ചീത്തവിചാരം; അല്ലാഹു അവന്റെ ദീനിനെ സഹായിക്കുന്നില്ലെന്നും അവന്റെ വാക്ക് പൂർത്തിയാക്കുന്നില്ലെന്നും.

11) അവിടെവെച്ച് വിശ്വാസികൾ പരീക്ഷിക്കപ്പെടുകയും ഈ വലിയ പരീക്ഷണത്താൽ ഭയം, അസ്വസ്ഥത, വിശപ്പ് എന്നിവയിൽ (അവർ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു). അങ്ങനെ അവരുടെ വിശ്വാസം വ്യക്തമാവാനും അവരുടെ ദൃഢത വർധിപ്പിക്കാനും കാരണമായി. അൽഹംദുലില്ലാഹ്! അവരുടെ വിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉയർന്നനില വ്യക്തമായിത്തീർന്നു. അതു വഴി അവർ മുൻകാലത്തെയും പിന്നീടുജനതകളെയും മറികടന്നു. പ്രയാസം കഠിനമായ ബുദ്ധിമുട്ടുകൾ ശക്തമായി. അവരുടെ വിശ്വാസം കണ്ണിൽ കണ്ടപോലെ ദൃഢമായി.

وَلَمَّا رَأَى الْمُؤْمِنُونَ الْأَحْزَابَ قَالُوا هَٰذَا مَا وَعَدَنَا اللَّهُ وَرَسُولُهُ وَصَدَقَ اللَّهُ وَرَسُولُهُ ۚ وَمَا زَادَهُمْ إِلَّا إِيمَانًا وَتَسْلِيمًا ‎٢٢‏

“സത്യവിശ്വാസികൾ സംഘടിതകക്ഷികളെ കണ്ടപ്പോൾ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവർക്ക് വിശ്വാസവും അർപ്പണവും വർധിപ്പിക്കുക മാത്രമെ ചെയ്തുള്ളൂ’’ (33:22).