സൂറ: സ്വാദ്, ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 മാർച്ച് 23, 1445 റമദാൻ 13

അധ്യായം: 38, ഭാഗം 09 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِنَّ عَلَيْكَ لَعْنَتِىٓ إِلَىٰ يَوْمِ ٱلدِّينِ (٧٨) قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ (٧٩) قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ (٨٠) إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ (٨١) قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ (٨٢) إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ (٨٣) قَالَ فَٱلْحَقُّ وَٱلْحَقَّ أَقُولُ (٨٤) لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ (٨٥) قُلْ مَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ وَمَآ أَنَا۠ مِنَ ٱلْمُتَكَلِّفِينَ (٨٦) إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ (٨٧) وَلَتَعْلَمُنَّ نَبَأَهُۥ بَعْدَ حِينٍۭ (٨٨)

78. തീർച്ചയായും ന്യായവിധിയുടെ നാൾവരെയും നിന്റെ മേൽ എന്റെ ശാപം ഉണ്ടായിരിക്കുന്നതാണ്.

79. അവൻ (ഇബ്‌ലീസ്) പറഞ്ഞു: എന്റെ രക്ഷിതാവേ, എന്നാൽ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസംവരെ നീ എനിക്ക് അവധി അനുവദിച്ചുതരേണമേ.

80. (അല്ലാഹു) പറഞ്ഞു: എന്നാൽ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു.

81. നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസംവരെ.

82. അവൻ (ഇബ്‌ലീസ്) പറഞ്ഞു: നിന്റെ പ്രതാപമാണെ സത്യം! അവരെ മുഴുവൻ ഞാൻ വഴിതെറ്റിക്കുകതന്നെ ചെയ്യും;

83. അവരിൽ നിന്റെ നിഷ്‌കളങ്കരായ ദാസൻമാരൊഴികെ

84. അവൻ (അല്ലാഹു) പറഞ്ഞു: അപ്പോൾ സത്യം ഇതത്രെ-സത്യമേ ഞാൻ പറയുകയുള്ളൂ:

85. നിന്നെയും അവരിൽനിന്ന് നിന്നെ പിന്തുടർന്ന മുഴുവൻ പേരെയുംകൊണ്ട് ഞാൻ നരകം നിറക്കുകതന്നെ ചെയ്യും.

86. (നബിയേ,) പറയുക: ഇതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാൻ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല.

87. ഇത് ലോകർക്കുള്ള ഒരു ഉൽബോധനം മാത്രമാകുന്നു.

88. ഒരു കാലയളവിനുശേഷം ഇതിലെ വൃത്താന്തം നിങ്ങൾക്ക് മനസ്സിലാവുകതന്നെ ചെയ്യും.

78. (തീർച്ചയായും നിന്റെ മേൽ എന്റെ ശാപമുണ്ടായിരിക്കും) എന്റെ അകറ്റലും ആട്ടിയോടിക്കലും. (ന്യായവിധിയുടെ നാൾവരെ) എന്നെന്നും.

79. (അവൻ പറഞ്ഞു: എന്റെ രക്ഷിതാവേ, എന്നാൽ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി അനുവദിച്ചുതരേണമേ) ആദമിനോടും അദ്ദേഹത്തിന്റെ സന്താനങ്ങളോടുമുള്ള കഠിനമായ ശത്രുതമൂലം; അല്ലാഹു അവൻ മുഖേന പിഴപ്പിക്കപ്പെടാൻ കണക്കാക്കിയവരെ വഴിപിഴപ്പിക്കുന്നതിനു വേണ്ടി.

80,81. (അവൻ പറഞ്ഞു) അവന്റെ അപേക്ഷയ്ക്ക് മറുപടിയായി അല്ലാഹു പറഞ്ഞു. അവന്റെ യുക്തിയുടെ താൽപര്യപ്രകാരം. (എന്നാൽ, നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു) നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസംവരെ. അത് പൂർത്തിയാകുമ്പോൾ പരീക്ഷണവും കഴിയും.

82. തനിക്ക് അവധി നൽക്കപ്പെട്ടിരിക്കുന്നു എന്ന് ഇബ്‌ലീസിന് വ്യക്തമായപ്പോൾ തന്റെ മ്ലേച്ഛതയും തന്റെ രക്ഷിതാവിനോടും ആദമിനോടും സന്താനങ്ങളോടുമുള്ള അവന്റെ ശത്രുതയും അവൻ പുറത്തെടുത്തു. അവൻ പറഞ്ഞു: (നിന്റെ പ്രതാപമാണ് സത്യം. അവരെ മുഴുവൻ ഞാൻ വഴിതെറ്റിക്കുകതന്നെ ചെയ്യും) നിന്റെ മഹത്ത്വത്താലും പ്രതാപത്താലും. ‘ബാഅ്’ എന്ന അക്ഷരം സത്യം ചെയ്തുപറയാനുള്ളതാണ്. അല്ലാഹുവിന്റെ പ്രതാപം കൊണ്ടാണിവിടെ സത്യം ചെയ്യുന്നത്. പറയുന്നതോ, അവരെ മുഴുവൻ വഴിതെറ്റിക്കുമെന്ന്!

83. (അവരിൽ നിന്റെ നിഷ്‌കളങ്കരായ ദാസന്മാർ ഒഴികെ) അവർ അല്ലാഹുവിന് ആത്മാർഥമായി കീഴൊതുങ്ങിയവരാണ്. അവരുടെ വിശ്വാസത്തിന്റെ പൂർണതയാൽ വഴികേടിൽനിന്നും അല്ലാഹു അവർക്ക് സംരക്ഷണം നൽകി. തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കാൻ കഴിവിന്റെ പരമാവധി അവർ ശ്രമിക്കുന്നു. ഇബ്‌ലീസിനറിയാം, അവന്റെ തന്ത്രങ്ങളിൽനിന്ന് അല്ലാഹു അവരെ സംരക്ഷിക്കുമെന്ന്.

മറ്റൊരു സാധ്യത ‘ബാഅ്’ എന്ന അക്ഷരം സഹായം ചോദിക്കുന്നതിന് വേണ്ടിയാകാം എന്നതാണ്. ഇബ്‌ലീസിനറിയാം, താൻ എല്ലാ നിലക്കും അശക്തനാണെന്ന്; അല്ലാഹുവിന്റെ ഉദ്ദേശ്യമില്ലാതെ ഒരാളെയും വഴിതെറ്റിക്കാനാവില്ല എന്നും. അതിനാൽ, ആദം സന്തതികളെ വഴിതെറ്റിക്കാൻ അല്ലാഹുവിന്റെ പ്രതാപം മുൻനിർത്തി അവൻ സഹായം ചേദിക്കുന്നു. അവൻ അല്ലാഹുവിന്റെ യഥാർഥ ശത്രു തന്നെ.

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ നിസ്സഹായരും ദുർബലരുമാണ്. നീ നൽകുന്ന അനുഗ്രഹങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു. നീ അനുഗ്രഹിച്ചവരുടെയും ആദരിച്ചവരുടെയും പിൻഗാമികളാണ് ഞങ്ങൾ. നിന്റെ കഴിവുകൊണ്ടും മഹത്ത്വംകൊണ്ടും ഞങ്ങൾ നിന്നോട് സഹായം ചോദിക്കുന്നു. പിശാചിനോട് ഏറ്റുമുട്ടാനും ശത്രുത പുലർത്താനും നീ ഞങ്ങളെ സഹായിക്കണം. അവന്റെ കെടുതികളിൽ നിന്ന് രക്ഷ നേടാനും അവന്റെ ശിർക്കിൽനിന്ന് രക്ഷപ്പെടാനും ഞങ്ങൾ വിചാരിക്കുന്നു; നീ ഞങ്ങളുടെ പ്രാർഥനക്ക് ഉത്തരം നൽകുമെന്നും. നീ ഞങ്ങൾക്കു തന്ന വാഗ്ദാനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. നീ പറഞ്ഞല്ലോ:

وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ

“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു, നിങ്ങൾ എന്നോട് പ്രാർഥിക്കുക. ഞാൻ ഉത്തരം നൽകാം’’ (40:60).

നീ കൽപിച്ച പോലെ ഞങ്ങൾ നിന്നോട് പ്രാർഥിച്ചിരിക്കുന്നു.

إِنَّكَ لَا تُخْلِفُ ٱلْمِيعَادَ

“നീ കരാർ ലംഘിക്കുകയില്ല’’ (3:194).

84,85. (പറഞ്ഞു) അല്ലാഹു പറഞ്ഞു: (അപ്പോൾ സത്യം ഇതത്രെ. സത്യമേ ഞാൻ പറയുകയുള്ളൂ) സത്യം എന്റെ വിശേഷണമാണ്. സത്യം എന്റെ വാക്കും: (നിന്നെയും അവരിൽ നിന്ന് നിന്നെ പിന്തുടർന്ന മുഴുവൻ പേരെയും കൊണ്ട് ഞാൻ നരകം നിറക്കുകതന്നെ ചെയ്യും) ആദം സന്തതികളെക്കൊണ്ട്.

86. നബിയേ, (പറയുക: ഇതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാൻ നാട്യക്കാരുടെ കൂട്ടത്തിലുമല്ല) എനിക്കില്ലാത്ത ഒന്ന് ഉണ്ടെന്ന് ഞാൻ വാദിക്കില്ല. എനിക്കറിവില്ലാത്തതിനെ ഞാൻ പിന്തുടരില്ല. എനിക്ക് ബോധനം നൽകപ്പെട്ടതിനെ ഞാൻ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്.

87. (ഇത്) ഈ ബോധനവും ക്വുർആനും. (ലോകർക്കുള്ള ഒരുൽബോധനം മാത്രമാണ്). അവർക്ക് ഉപകാരമുള്ളതെല്ലാം അതിലുണ്ട്. ഇഹലോക നന്മയ്ക്കും ദീനിന്റെ നന്മക്കുമുള്ളത്. മനുഷ്യർക്ക് ഉന്നതരാകാനും മാന്യത നേടാനും കഴിയുന്നതും ധിക്കാരികൾക്ക് എതിരായ തെളിവുകളും അതിലുണ്ട്.

ഉന്നതമായ തത്ത്വങ്ങളും ഉൽബോധനങ്ങളും ഉൾക്കൊള്ളുന്ന മഹത്തായ ഒരധ്യായമാണിത്. ഇത് തെളിവുകളും പ്രമാണങ്ങളും സ്ഥാപിക്കുന്നു; ക്വുർആനിനെയും അതുമായി വന്ന പ്രവാചകനെയും നിഷേധിക്കുന്നവർക്കെതിരെ. നിഷ്‌കളങ്കരായ, അല്ലാഹുവിന്റെ ദാസന്മാരെക്കുറിച്ച് അതിൽ പറയുന്നു; ഭക്തരുടെയും അതിരുവിട്ടവരുടെയും പ്രതിഫലത്തെക്കുറിച്ചും. അതുകൊണ്ടാണ് ഇതിന്റെ തുടക്കത്തിലും അവസാനത്തിലും ഉൽബോധനത്തെക്കുറിച്ച് പറഞ്ഞത്; ഇത് ലോകർക്കുള്ള ഉൽബോധനമാണെന്ന്.

സൂറത്തിനിടയിലും ഓർമപ്പെടുത്തലുകളുണ്ട്.

(واذكر عبدنا) (واذكر عبادنا) (رحمة من عندنا وذكري) (هذا ذكر)

എന്നിങ്ങനെ കാണാം.

അല്ലാഹുവേ, ഞങ്ങൾക്ക് അറിവില്ലാത്തത് നീ ഞങ്ങളെ പഠിപ്പിക്കണം. മറന്നത് ഞങ്ങളെ ഓർമിപ്പിക്കണം. അശ്രദ്ധയിൽ മറന്നതും വീഴ്ച വരുത്തി മറന്നതും.

88. (ഇതിലെ വൃത്താന്തം നിങ്ങ ൾക്ക് മനസ്സിലാവുകതന്നെ ചെയ്യും) അതായത് വിവരം. (ഒരു കാലയളവിന് ശേഷം) ശിക്ഷ വരുമ്പോഴും രക്ഷപ്പെടാനുള്ള മുഴുവൻ വഴികളും നിലച്ചുപോകുമ്പോഴും.