സൂറ: സ്വാഫ്ഫാത്ത്, ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 ഏപ്രിൽ 06, 1445 റമദാൻ 27

അധ്യായം: 37, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ٱحْشُرُوا۟ ٱلَّذِينَ ظَلَمُوا۟ وَأَزْوَٰجَهُمْ وَمَا كَانُوا۟ يَعْبُدُونَ (٢٢) مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَٰطِ ٱلْجَحِيمِ (٢٣) وَقِفُوهُمْ ۖ إِنَّهُم مَّسْـُٔولُونَ (٢٤) مَا لَكُمْ لَا تَنَاصَرُونَ (٢٥) بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ (٢٦) وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ (٢٧) قَالُوٓا۟ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ (٢٨) قَالُوا۟ بَل لَّمْ تَكُونُوا۟ مُؤْمِنِينَ (٢٩) وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَـٰنٍۭ ۖ بَلْ كُنتُمْ قَوْمًا طَـٰغِينَ (٣٠) فَحَقَّ عَلَيْنَا قَوْلُ رَبِّنَآ ۖ إِنَّا لَذَآئِقُونَ (٣١) فَأَغْوَيْنَـٰكُمْ إِنَّا كُنَّا غَـٰوِينَ (٣٢) فَإِنَّهُمْ يَوْمَئِذٍ فِى ٱلْعَذَابِ مُشْتَرِكُونَ (٣٣) إِنَّا كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ (٣٤)

22. (അപ്പോൾ അല്ലാഹുവിന്റെ കൽപനയുണ്ടാകും:) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവർ ആരാധിച്ചിരുന്നവയെയും നിങ്ങൾ ഒരുമിച്ചുകൂട്ടുക;

23. അല്ലാഹുവിനു പുറമെ. എന്നിട്ട് അവരെ നിങ്ങൾ നരകത്തിന്റെ വഴിയിലേക്ക് നയിക്കുക.

24. അവരെ നിങ്ങളൊന്നു നിർത്തുക. അവരോട് ചോദ്യം ചെയ്യേണ്ടതാകുന്നു.

25. നിങ്ങൾക്ക് എന്തുപറ്റി, നിങ്ങൾ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്.

26. അല്ല, അവർ ആ ദിവസത്തിൽ കീഴടങ്ങിയവരായിരിക്കും.

27. അവരിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.

28. അവർ പറയും: തീർച്ചയായും നിങ്ങൾ ഞങ്ങളുടെ അടുത്ത് കൈയൂക്കുമായി വന്ന് (ഞങ്ങളെ സത്യത്തിൽനിന്ന് പിന്തിരിപ്പിക്കുകയായിരുന്നു).

29. അവർ മറുപടി പറയും: അല്ല, നിങ്ങൾ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്.

30. ഞങ്ങൾക്കാകട്ടെ നിങ്ങളുടെ മേൽ ഒരധികാരവും ഉണ്ടായിരുന്നതുമില്ല. പ്രത്യുത, നിങ്ങൾ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു.

31. അങ്ങനെ നമ്മുടെ മേൽ നമ്മുടെ രക്ഷിതാവിന്റെ വചനം യാഥാർഥ്യമായിത്തീർന്നു. തീർച്ചയായും നാം (ശിക്ഷ) അനുഭവിക്കാൻ പോകുകയാണ്.

32. അപ്പോൾ ഞങ്ങൾ നിങ്ങളെ വഴികേടിലെത്തിച്ചിരിക്കുന്നു. (കാരണം) തീർച്ചയായും ഞങ്ങൾ വഴിതെറ്റിയവരായിരുന്നു.

33. അപ്പോൾ അന്നേദിവസം തീർച്ചയായും അവർ (ഇരുവിഭാഗവും) ശിക്ഷയിൽ പങ്കാളികളായിരിക്കും.

34. തീർച്ചയായും നാം കുറ്റവാളികളെക്കൊണ്ട് ചെയ്യുന്നത് അപ്രകാരമാകുന്നു.

22,23. അവർ ഉയിർത്തെഴുന്നേൽപ് നാളിൽ വരികയും കളവാക്കിയതെല്ലാം നേർക്കുനേർ കാണുകയും അവർ പരിഹസിച്ചത് അവർക്ക് ബോധ്യപ്പെടുകയും അവർ നിഷേധിച്ച നരകത്തിലേക്ക് പോകാൻ കൽപിക്കപ്പെടുകയു ചെയ്താൽ. അപ്പോൾ പറയപ്പെടും: (അക്രമം ചെയ്തവരെ ഒരുമിച്ച് കൂട്ടുക) ശിർക്കും അവിശ്വാസവും കൊണ്ട്; മറ്റു തെറ്റുകളും. (ഇണകളെയും) അവർ ചെയ്ത അതേ കാര്യങ്ങൾ ചെയ്തവരെല്ലാം അതിലേക്ക് ചേർക്കപ്പെടും.

(അല്ലാഹുവിന് പുറമെ അവർ ആരാധിച്ചിരുന്നവയെ) ബിംബങ്ങളും അല്ലാഹുവിന് തുല്യരായി അവർ നിശ്ചയിച്ചവരും മുഴുവനായി അവരോടൊപ്പം ചേരും. (എന്നിട്ട് അവരെ നിങ്ങൾ നരകത്തിന്റെ വഴിയിലേക്ക് നയിക്കും).

24. എന്നാൽ അവരുടെ വിധി നരകമാണെന്ന് അവർക്ക് വ്യക്തമാവുകയും നാശത്തിന്റെ ഭവനത്തിലേക്കാണെന്ന് അറിയുകയും ചെയ്താൽ പറയപ്പെടും: (അവരെ നിങ്ങളൊന്ന് നിർത്തുക) നരകത്തിലേക്ക് എത്തും മുമ്പ്. (അവരോട് ചോദ്യം ചെയ്യേണ്ടതാകുന്നു) ഇഹലോകത്ത് അവർ കെട്ടിച്ചമച്ച നുണകൾ. സാക്ഷികൾക്ക് മുമ്പിൽ അവരുടെ കളവുകൾ വെളിവാകണം; അവർ അപമാനിതരാവാനും.

25. അവരോട് പറയപ്പെടും: (നിങ്ങൾക്കെന്തുപറ്റി, നിങ്ങൾ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്). എന്തെല്ലാമാണ് നിങ്ങൾക്ക് ഇന്ന് സംഭവിക്കുന്നത്? നിങ്ങൾ പരസ്പരം സഹായിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്? ഇഹലോകത്ത് നിങ്ങൾ വാദിച്ചത് നിങ്ങളുടെ ദൈവങ്ങൾ ശിക്ഷയിൽനിന്നും നിങ്ങളെ തടുക്കുമെന്നായിരുന്നില്ലേ? നിങ്ങളെ സഹായിക്കുമെന്നും അല്ലാഹുവിന്റെ അടുക്കൽ നിങ്ങൾക്ക് ശിപാർശ ചെയ്യുമെന്നും ആയിരുന്നില്ലേ? ഈ ചോദ്യങ്ങൾക്ക് അവർക്ക് ഉത്തരമില്ല! കാരണം, അപമാനവും നിന്ദ്യതയും അവരെ അതിജയിച്ചു. നരകശിക്ഷയ്ക്ക് അവർ വിധേയരായി. അവർ ഭയന്നും കീഴൊതുങ്ങിയും നിരാശരായി. അതിനാൽ അവർ ഒന്നും സംസാരിച്ചില്ല.

26. അല്ലാഹു പറയുന്നു: (അല്ല, അവർ ആ ദിവസത്തിൽ കീഴടങ്ങിയവരായിരിക്കും) നിന്ദ്യരായി കീഴ്‌പ്പെട്ടവർ; പരാജിതരും കീഴടങ്ങിയവരും.

27,28. അവരെയും അവരുടെ ഇണകളെയും ആരാധ്യന്മാരെയും ഒരുമിച്ചുകൂട്ടി നരകത്തിലേക്ക് നയിക്കും. അതിനിടയിൽ അവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തിട്ടും ഉത്തരം നൽകാതെ അവർ പരസ്പരം തിരിയും. വഴിതെറ്റിയതിനും വഴിതെറ്റിച്ചതിനും അവർ പരസ്പരം കുറ്റപ്പെടുത്തും. അപ്പോൾ അനുയായികൾ നേതാക്കളോട് പറയും: ‘ശരിയായതും നല്ലതും ചെയ്യുന്നതിൽ നിന്ന് നിങ്ങൾ ഞങ്ങളെ തടഞ്ഞു.’ (അവർ പറയും: തീർച്ചയായും നിങ്ങൾ ഞങ്ങളുടെ അടുത്ത് കയ്യൂക്കുമായി വന്നു) ബലപ്രയോഗത്തിലൂടെയും ശക്തിയിലൂടെയും നിങ്ങൾ ഞങ്ങളെ തടഞ്ഞു. അങ്ങനെ നിങ്ങൾ ഞങ്ങളെ വഴിതെറ്റിച്ചു. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ വിശ്വാസികളാകുമായിരുന്നു.

29. (അവർ മറുപടി പറയും:) അവരോട് (അല്ല, നിങ്ങൾതന്നെ വിശ്വാസികൾ ആവാതിരിക്കുകയാണ് ഉണ്ടായത്) നിങ്ങൾ ബഹുദൈവ വിശ്വാസികളായി. ഞങ്ങൾ ആയതുപോലെ തന്നെ.

30. അതിനാൽ, എന്ത് മഹത്ത്വമാണ് ഞങ്ങളെക്കാൾ നിങ്ങൾക്കുള്ളത്? ഞങ്ങളെ കുറ്റം പറയാൻ നിങ്ങൾക്കെന്തവകാശം? (ഞങ്ങൾക്കാവട്ടെ, നിങ്ങളുടെ മേൽ ഒരധികാരവും ഉണ്ടായിരുന്നതുമില്ല) അവിശ്വാസം തിരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളെ നിർബന്ധിച്ചിട്ടില്ല. മറിച്ച് നിങ്ങളാണ് സത്യം കൈവിട്ട് അതിക്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന ജനം.

31. (അങ്ങനെ നമ്മുടെ മേൽ നമ്മുടെ രക്ഷിതാവിന്റെ വചനം യാഥാർഥ്യമായിരിക്കുന്നു) നമുക്കെല്ലാവർക്കും അനിവാര്യമായി. (തീർച്ചയായും നാം (ശിക്ഷ) അനുഭവിക്കാൻ പോകുകയാണ്) നമ്മുടെ രക്ഷിതാവിന്റെ വിധിയുടെ തീരുമാനവും നമ്മുടെ മേൽ യാഥാർഥ്യമായി. നിങ്ങളും ഞങ്ങളും ശിക്ഷ അനുഭവിക്കും. ശിക്ഷയിൽ നാം ഒന്നിച്ചായിരിക്കും.

32. (അപ്പോൾ ഞങ്ങൾ നിങ്ങളെ വഴികേടിൽ എത്തിച്ചിരിക്കുന്നു) അതായത് ഞങ്ങൾ പിന്തുടരുന്ന വഴിയിലേക്ക് ഞങ്ങൾ നിങ്ങളെ വിളിച്ചു. അത് വഴികേടായിരുന്നു. നിങ്ങൾ ഞങ്ങളുടെ ആഹ്വാനം സ്വീകരിച്ചു. അതിനാൽ ഞങ്ങളെ കുറ്റപ്പെടുത്തരുത്. നിങ്ങൾ നിങ്ങളെ ത്തന്നെ കുറ്റപ്പെടുത്തുക.

33. അല്ലാഹു പറയുന്നു: (അപ്പോൾ അന്നേ ദിവസം തീർച്ചയായും) അതായത്, ഉയിർത്തെഴുന്നേൽപിന്റെ ദിവസം. (അവരെല്ലാം ശിക്ഷയിൽ പങ്കുചേരും) അവരുടെ പാപങ്ങളുടെ തോതനുസരിച്ച്, ഇനമനുസരിച്ച് വ്യത്യാസമുണ്ടാകും.

34. ഇഹലോകത്ത് അവർ അവിശ്വാസം പങ്കുവെച്ചതുപോലെ പരലോകത്ത് അതിന്റെ അനന്തരഫലങ്ങളും പങ്കുവെക്കും. അതാണ് അല്ലാഹു പറഞ്ഞത്: (തീർച്ചയായും നാം കുറ്റവാളികളെക്കൊണ്ട് ചെയ്യുന്നത് അപ്രകാരമാകുന്നു).