സൂറ: സ്വാഫ്ഫാത്ത്, ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 മെയ് 04, 1445 ശവ്വാൽ 25

അധ്യായം: 37, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلْجَحِيمِ (٥٥) قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ (٥٦) وَلَوْلَا نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ (٥٧) أَفَمَا نَحْنُ بِمَيِّتِينَ (٥٨) إِلَّا مَوْتَتَنَا ٱلْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ (٥٩) إِنَّ هَـٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ (٦٠) لِمِثْلِ هَـٰذَا فَلْيَعْمَلِ ٱلْعَـٰمِلُونَ (٦١) أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ ٱلزَّقُّومِ (٦٢) إِنَّا جَعَلْنَـٰهَا فِتْنَةً لِّلظَّـٰلِمِينَ (٦٣) إِنَّهَا شَجَرَةٌ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ (٦٤) طَلْعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَـٰطِينِ (٦٥) فَإِنَّهُمْ لَـَٔاكِلُونَ مِنْهَا فَمَالِـُٔونَ مِنْهَا ٱلْبُطُونَ (٦٦)

55. എന്നിട്ട് അദ്ദേഹം എത്തിനോക്കും. അപ്പോൾ അദ്ദേഹം അവനെ നരകത്തിന്റെ മധ്യത്തിൽ കാണും.

56. അദ്ദേഹം (അവനോട്) പറയും: അല്ലാഹുവെ തന്നെയാണെ! നീ എന്നെ നാശത്തിൽ അകപ്പെടുത്തുക തന്നെ ചെയ്‌തേക്കുമായിരുന്നു.

57. എന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കിൽ (ആ നരകത്തിൽ) ഹാജരാക്കപ്പെടുന്നവരിൽ ഞാനും ഉൾപെടുമായിരുന്നു.

58. (സ്വർഗവാസികൾ പറയും:) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ;

59. നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല.

60. തീർച്ചയായും ഇതുതന്നെയാണ് മഹത്തായ ഭാഗ്യം.

61. ഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവർത്തകൻമാർ പ്രവർത്തിക്കുന്നത്.

62. അതാണോ വിശിഷ്ടമായ സൽക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?

63. തീർച്ചയായും അതിനെ നാം അക്രമകാരികൾക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു.

64. നരകത്തിന്റെ അടിയിൽ മുളച്ചുപൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്.

65. അതിന്റെ കുല പിശാചുക്കളുടെ തലകൾ പോലെയിരിക്കും.

66. തീർച്ചയായും അവർ അതിൽനിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും.

55. സ്വർഗക്കാരെ കാണുന്നത് പരസ്പര സന്തോഷത്തിലും യോജിപ്പിലുമാണ്. അവൻ പറയുന്നതിനോട് അവർ പ്രതികരിക്കുകയും അവന്റെ സുഹൃത്തിനെ നോക്കാൻ അവനോടൊപ്പം പോകുകയും ചെയ്യും. (എന്നിട്ട് അദ്ദേഹം എത്തിനോക്കും) തന്റെ കൂട്ടുകാരനെ അവൻ കാണും. (നരകത്തിന്റെ മധ്യത്തിൽ) നരകമധ്യത്തിൽ പീഡനത്തിന്റെ നടുവിൽ ശിക്ഷയാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.

56. (അദ്ദേഹം അവനോട് പറയും): ഇഹലോകത്ത് വെച്ചുതന്നെ തെറ്റിദ്ധരിപ്പിക്കാനുള്ള സുഹൃത്തിന്റെ ശ്രമത്തിൽനിന്ന് അവനെ രക്ഷിച്ച അല്ലാഹുവിന് നന്ദി പറഞ്ഞുകൊണ്ട് അവൻ പറയും: (നീ എന്നെ നാശത്തിൽ അകപ്പെടുത്തുകതന്നെ ചെയ്‌തേക്കാമായിരുന്നു) സംശയമുണ്ടാക്കുന്ന വാദങ്ങൾ ഉന്നയിച്ച് എന്നെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചതിലൂടെ നിങ്ങൾ എന്നെ നശിപ്പിക്കുമായിരുന്നു.

57-59. (എന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കിൽ) അവനെന്നെ ഇസ്്‌ലാമിൽ ഉറപ്പിച്ചു നിർത്തിയില്ലായിരുന്നുവെങ്കിൽ. (ഹാജറാക്കപ്പെടുന്നവരിൽ ഞാനും ഉൾപ്പെടുമായിരുന്നു) ശിക്ഷയിൽ നിന്നോടൊപ്പം. (-സ്വർഗവാസികൾ പറയും-നമ്മുടെ ആദ്യത്തെ മരണമല്ലാതെ ഇനി നാം മരണപ്പെടുന്നവരല്ലല്ലോ) സ്വർഗത്തിലുള്ളവർക്ക് അല്ലാഹു നൽകുന്ന അനുഗ്രഹത്തിൽ ആഹ്ലാദഭരിതനായി വിശ്വാസി പറയുന്നതാണിത്. അവരെന്നും സ്വർഗത്തിലാണെന്നതിനാലും ശിക്ഷയിൽനിന്ന് രക്ഷപ്പെട്ടവരാണെന്നതിനാലും. ചോദ്യരൂപത്തിൽ വന്നത് ഉറപ്പാക്കാൻ വേണ്ടിയാണ്.

  وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ ٢٧

അവരിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദിക്കും (37:27). ഇവിടെ ചോദ്യത്തിന്റെ വിഷയം പരാമർശിച്ചിട്ടില്ല. സന്ദർഭം സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയുമാണ്. ആസ്വാദ്യകരമായ എന്തും അവർ സംസാരിക്കും. അവർക്കിടയിൽ തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കിയ വിഷയങ്ങളും അവർ ചർച്ച ചെയ്യും.

അറിവുള്ള ആളുകൾ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നതിലും വിഷയങ്ങൾ അന്വേഷിച്ചു പഠിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നു. ഇഹലോക വിഷയങ്ങൾ ചർച്ച ചെയ്യുന്നവർക്ക് കിട്ടുന്ന സന്തോഷത്തെക്കാളും വലിയ സന്തോഷമാണ് അവർക്ക് കിട്ടുന്നത്. ഇത്തരം സന്തോഷങ്ങളിൽ അവർക്ക് വലിയ താൽപര്യമുണ്ട്. വൈജ്ഞാനിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലൂടെ അതവർ ആസ്വദിക്കുന്നു.

60. സ്വർഗത്തിലെ ആനന്ദത്തെ കുറിച്ച് പരാമർശിക്കുകയും മനോഹരമായി വർണിക്കുകയും പ്രശംസിക്കുകയും ചെയ്ത ശേഷം പ്രവർത്തിക്കുന്നവർക്ക് ആഗ്രഹവും പ്രവർത്തിക്കാൻ പ്രോത്സാഹനവും നൽകുന്നു. (തീർച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം). അതിലൂടെ എല്ലാ നന്മയും അവർ കൈവരിച്ചു. ഹൃദയം ആഗ്രഹിക്കുന്നതെല്ലാം നേടിയെടുത്തു. അനിഷ്ടകരമായും ഭയപ്പെടുന്നതുമെല്ലാം വിട്ടൊഴിഞ്ഞു. ഇതിലുപരി ഒരു വിജയമുണ്ടോ? അതോ ഇത് പരമമായ ലക്ഷ്യമോ അന്തിമ വിജയമോ? ആകാശത്തിലും ഭൂമിയിലും അവരുടെ മേൽ രക്ഷിതാവിന്റെ തൃപ്തിയിറങ്ങി. അവന്റെ സാമീപ്യത്താൽ അവർ സന്തുഷ്ടരായി. അവന്റെ അടുത്തായിരിക്കുകയും അവനെ അറിയുകയും കാണുകയും കേൾക്കുകയും ചെയ്യുന്നതിലൂടെ അവർ സന്തോഷമനുഭവിക്കുന്നു. അവന്റെ വാക്കുകൾ അവരെ ആനന്ദിപ്പിക്കുന്നു.

61. (ഇതുപോലെയുള്ളതിനാവട്ടെ, പ്രവർത്തകന്മാർ പ്രവർത്തിക്കുന്നത്). ഏറ്റവും വിലപ്പെട്ടത്് ചെലവഴിക്കാൻ. ഏറ്റവും അർഹതപ്പെട്ടത് ഇതിലാണ്. ബുദ്ധിയുള്ളവരും അറിവുള്ളവരും ഒരുങ്ങി പുറപ്പെടേണ്ട രംഗം. സമയം കടന്നുപോകാൻ അനുവദിച്ചാൽ ഖേദിക്കും; സ്വർഗത്തിൽ എത്തിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനാകാതെ. എന്നാൽ തിന്മയിൽ നാശത്തിന്റെ ഭവനത്തിലേക്കു സഞ്ചരിക്കുക കൂടിയാണെങ്കിലോ?

62,63. (അതാണോ വിശിഷ്ടമായ സൽക്കാരം?) സ്വർഗക്കാർക്ക് ലഭിക്കുമെന്ന് പറഞ്ഞ ഈ സുഖാനുഗ്രഹങ്ങളാണോ നല്ലത്, അതല്ല നരകത്തിലെ കഠിന ശിക്ഷയോ? എല്ലാ വിധത്തിലുമുള്ള ശിക്ഷകൾ. രണ്ടിലേത് ഭക്ഷണമാണ് ഉത്തമം? സ്വർഗക്കാരുടെതോ നരകക്കാരുടെതോ? (അതല്ല, സഖ്ഖൂം വൃക്ഷമാണോ? തീർച്ചയായും അതിനെ നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു) ശിക്ഷയും പരീക്ഷണവും. (അക്രമകാരികൾക്ക് ) പാപവും നിഷേധവും മൂലം സ്വന്തത്തോട് അക്രമം ചെയ്തവർക്ക്.

64. (നരകത്തിന്റെ അടിയിൽ മുളച്ചുപൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്). നരകത്തിന്റെ മധ്യത്തിൽ നിന്നാണ് അത് മുളക്കുന്നത്. അത് ഉൽപാദിപ്പിക്കുന്ന പദാർഥം ഏറ്റവും മോശമായതാണ്. ഇത് വളരുന്ന സ്ഥലത്തിന്റെ വൃത്തിഹീനത ചെടിയുടെ വൃത്തിഹീനതയെ അറിയിക്കുന്നു. അതിനാൽ അത് അവിടെയാണ് വളരുന്നതെന്ന് പറഞ്ഞുകൊണ്ട് അല്ലാഹു അതിന്റെ മ്ലേച്ഛതയെ ഉണർത്തുന്നു. അതിന്റെ ഫലങ്ങളെക്കുറിച്ച് പറയുന്നു.

65. (അതിന്റെ കുല പിശാചുക്കളുടെ തലകൾ പോലെയായിരിക്കും). ഇനി അതിന്റെ രുചിയെക്കുറിച്ചും അത് വയറിലെത്തിയാൽ ഉണ്ടാകാവുന്ന ദുരന്തങ്ങളെക്കുറിച്ചും ചോദിക്കേണ്ടതില്ലല്ലോ. അവർക്കതിൽ വേറെ ആഹാരമുണ്ടാകില്ല. അതു കഴിക്കുകയല്ലാതെ നിവൃത്തിയില്ല.

66. അതിനാൽ അല്ലാഹു പറയുന്നു: (തീർച്ചയായും അവർ അതിൽ നിന്ന് വയർ നിറക്കുന്നവരായിരിക്കും). ഇത് നരകാവകാശികളുടെ ഭക്ഷണമാണ്. അവരുടെ ഭക്ഷണം എത്ര ഭയാനകമായിരിക്കും.