സൂറ: യാസീൻ, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ജൂൺ 22, 1445 ദുൽഹിജ്ജ 15
അധ്യായം: 36, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
1. യാസീൻ.
2. തത്ത്വസമ്പൂർണമായ ക്വുർആൻ തന്നെയാണ സത്യം;
3. നീ ദൈവദൂതൻമാരിൽ പെട്ടവൻ തന്നെയാകുന്നു.
4. നേരായ പാതയിലാകുന്നു (നീ).
5. പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവൻ അവതരിപ്പിച്ചതത്രെ ഇത് (ക്വുർആൻ).
6. ഒരു ജനതയ്ക്ക് നീ താക്കീത് നൽകുവാൻ വേണ്ടി. അവരുടെ പിതാക്കൻമാർക്ക് താക്കീത് നൽകപ്പെട്ടിട്ടില്ല. അതിനാൽ അവർ അശ്രദ്ധയിൽ കഴിയുന്നവരാകുന്നു.
7. അവരിൽ മിക്കവരുടെ കാര്യത്തിലും (ശിക്ഷയെ സംബന്ധിച്ച) വചനം സത്യമായി പുലർന്നിരിക്കുന്നു. അതിനാൽ അവർ വിശ്വസിക്കുകയില്ല.
8. അവരുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെച്ചിരിക്കുന്നു. അത് (അവരുടെ) താടിയെല്ലുകൾവരെ എത്തുന്നു. തൻമൂലം അവർ തല കുത്തനെ പിടിച്ചവരായിരിക്കും.
9. അവരുടെ മുമ്പിൽ ഒരു തടസ്സവും അവരുടെ പിന്നിൽ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാൽ അവർക്ക് കാണാൻ കഴിയില്ല.
10. നീ അവർക്ക് താക്കീത് നൽകിയോ അതല്ല താക്കീത് നൽകിയില്ലേ എന്നത് അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു; അവർ വിശ്വസിക്കുകയില്ല.
11. ബോധനം പിൻപറ്റുകയും അദൃശ്യാവസ്ഥയിൽ പരമകാരുണികനെ ഭയപ്പെടുകയും ചെയ്തവനു മാത്രമെ നിന്റെ താക്കീത് ഫലപ്പെ
ടുകയുള്ളൂ. ആകയാൽ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും പറ്റി അവന്ന് സന്തോഷവാർത്ത അറിയിക്കുക.
12. തീർച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവർ ചെയ്തുവെച്ചതും അവരുടെ (പ്രവർത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയിൽ നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു.

(2). വിജ്ഞാനത്താൽ നിറഞ്ഞ ക്വുർആൻകൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു. അതെല്ലാം അതിന്റെ ശരിയായ സ്ഥലത്ത് സ്ഥാപിക്കുകയും ഉചിതമായ സന്ദർഭത്തിൽ യുക്തിപരമായി കൽപനകളും വിലക്കുകയും നൽകുകയും ശരിയായ സന്ദർഭത്തിൽ ഉചിതമായ രീതിയിൽ നന്മക്കോ തിന്മക്കോ ഉള്ള പ്രതിഫലം വിവരിക്കുകയും ചെയ്യുന്നു എന്നാണ് ഇത് അർഥമാക്കുന്നത്.
മതപരവും പ്രതിഫല സംബന്ധവുമായ എല്ലാ നിർദേശങ്ങളും അങ്ങേയറ്റം യുക്തി നിറഞ്ഞതാണ്. ക്വുർആനിലെ വിജ്ഞാനത്തിന്റെ ഒരു സവിശേഷത അത് ഒരു വിധിപറയുമ്പോൾ അതിന്റെ യുക്തി കൂടി ഒരുമിച്ച് പരാമർശിക്കുന്നു എന്നതാണ്. അപ്പോൾ ആ വിധിക്ക് കാരണമായ സന്ദർഭവും സാഹചര്യങ്ങളും ബുദ്ധിയുള്ളവർക്ക് ഗ്രഹിക്കാനാകുന്നു.
(3). (നീ ദൈവദൂതന്മാരിൽ പെട്ടവൻ തന്നെയാകുന്നു) മുഹമ്മദ് നബിﷺയുടെ സന്ദേശത്തെയാണ് ഇവിടെ സത്യം ചെയ്തു പറഞ്ഞത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ‘മുഹമ്മദേ, താങ്കൾ ദൂതന്മാരിൽ പെട്ടവൻതന്നെയാണ്. താങ്കളുടെ നിയോഗം ഒരു പുതുമയുള്ള കാര്യമല്ല. മാത്രമല്ല, അടിസ്ഥാനപരമായ മതതത്ത്വങ്ങളിൽ താങ്കൾ കൊണ്ടുവന്നതും മറ്റു പ്രവാചകന്മാർ കൊണ്ടുവന്നതും ഒരേ സന്ദേശങ്ങളാണ്. കൂടാതെ, പൂർവിക പ്രവാചകന്മാരുടെ സവിശേഷതകളും അവർ തമ്മിലുള്ള വ്യത്യാസങ്ങളും അറിയുന്നവർക്ക് താങ്കൾ ഉത്തമസ്വഭാവവും തികഞ്ഞ സദ്ഗുണങ്ങളുംകൊണ്ട് ദൂതന്മാരിൽ അത്യുത്തമനാണെന്ന് മനസ്സിലാകും.’ സത്യം ചെയ്യുന്ന കാര്യം; ജ്ഞാനം നിറഞ്ഞ ക്വുർആനും സത്യത്തിലൂടെ സ്ഥിരീകരിക്കുന്ന കാര്യമായ മുഹമ്മദ് നബിﷺയുടെ സന്ദേശവും തമ്മിലുള്ള ബന്ധം ഇവിടെ വ്യക്തമാണ്. ഈ ക്വുർആനല്ലാതെ അദ്ദേഹത്തിന്റെ സന്ദേശത്തെ സ്ഥിരീകരിക്കാനും സാക്ഷ്യപ്പെടുത്താനും മറ്റൊരു സാക്ഷിയും ഇല്ലെങ്കിലും ഇതുതന്നെ മതിയായ തെളിവാണ്. വിശുദ്ധ ക്വുർആൻ കാലങ്ങളായി നിലനിൽക്കുന്ന ശക്തമായ തെളിവാണ്. ക്വുർആനിനെ സ്ഥാപിക്കുന്ന എല്ലാ തെളിവുകളും മുഹമ്മദ് നബിﷺയുടെ പ്രവാചകത്വത്തെയും സ്ഥാപിക്കുന്നു.
(4). തുടർന്ന് ആ പ്രവാചകന്റെ സന്ദേശത്തെ സ്ഥാപിക്കുന്ന ഏറ്റവും വലിയ സവിശേഷതയെ കുറിച്ചാണ് അല്ലാഹു പറയുന്നത്. അതായത്, അദ്ദേഹം നേരായ പാതയിലാണ്; അല്ലാഹുവിലേക്കും അവന്റെ സ്വർഗത്തിലേക്കും എത്തിക്കുന്ന ശരിയായ പാതയിൽ. ആത്മീയമായും ശാരീരികമായും ഒരാളുടെ അവസ്ഥയെ നന്നാക്കുന്നതും ഇഹത്തിലും പരത്തിലും നന്മ നേടാവുന്ന സൽകർമങ്ങൾ ഉൾക്കൊള്ളുന്നതുമാണ് ആ സൽവഴി. ഒരാളുടെ ആത്മാവിനെ ശുദ്ധീകരിക്കുന്ന പ്രതിഫലം പ്രതീക്ഷിക്കുന്ന സ്വഭാവങ്ങളും ആ നേർവഴിയിലുണ്ട്.
ഈ നേരായ പാതയെന്നത് ആ പ്രവാചന്റെയും അദ്ദേഹം കൊണ്ടുവന്ന മതത്തിന്റെയും സവിശേഷതകൂടിയാണ്. അതിനാൽ ഈ ക്വുർആനിന്റെ മഹത്ത്വത്തെ കുറിച്ച് ചിന്തിക്കുക. സത്യം ചെയ്യുന്ന കാര്യവും സത്യപ്പെടുത്തുന്ന കാര്യവും എത്രമാത്രം ഉൽകൃഷ്ടമായിട്ടാണ് ഇവിടെ സംയോജിപ്പിച്ചിരിക്കുന്നത്! ഇത് സ്ഥാപിക്കാൻ അല്ലാഹുവിന്റെ വാക്കുമാത്രം മതി. എന്നിരുന്നാലും തന്റെ ദൂതന്റെ സത്യത സ്ഥാപിക്കാൻ വ്യക്തമായ തെളിവുകൾ ഇവിടെ കൊണ്ടുവരുന്നു.
(5). ഈ നേരായ പാതയാകട്ടെ (പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവൻ അവതരിപ്പിച്ചതത്രെ) ജനങ്ങളെ നേരായ പാതയിലേക്ക് നയിക്കാനും അല്ലാഹുവിന്റെ ദാസന്മാരെ അവനിലേക്ക് മാർഗം കാണിക്കുന്നതിനും വേണ്ടിയാണ് ഈ ഗ്രന്ഥം ഇറക്കപ്പെട്ടത്.
അതിൽ വരുന്ന മാറ്റത്തിൽനിന്നും അവന്റെ പ്രതാപത്താൽ അവൻ സംരക്ഷിച്ചു. അതുവഴി തന്റെ ദാസന്മാരോട് കരുണ കാണിക്കുകയും തന്റെ കാരുണ്യത്തിന്റെ ഭവനത്തിലേക്ക് അവരെ എത്തിക്കുന്നതുവരെ അവരോടൊപ്പം തുടരുകയും ചെയ്തു. അതിനാൽ ഈ വാക്യം ‘പ്രതാപശാലി,’ ‘കരുണാനിധി’ എന്നീ രണ്ട് ദിവ്യനാമങ്ങളെകൊണ്ട് അവസാനിപ്പിച്ചു.
(6). തന്റെ സന്ദേശത്തെ സത്യം ചെയ്ത് സ്ഥാപിക്കുകയും അതിനു തെളിവ് നൽകുകയും ചെയ്തശേഷം അതിന്റെ ആവശ്യകതയും അനിവാര്യതയുമാണ് തുടർന്ന് പറയുന്നത്: (ഒരു ജനതക്ക് നീ താക്കീത് നൽകാൻ വേണ്ടി, അവരുടെ പിതാക്കന്മാർക്ക് താക്കീത് നൽകപ്പെട്ടിട്ടില്ല) അവരാണ് നിരക്ഷരരായ അറബികൾ. വേദഗ്രന്ഥങ്ങളോ പ്രവാചകസന്ദേശങ്ങളോ ഇല്ലാതെ ജീവിച്ചവർ, അജ്ഞതയിൽ മുഴുകി വഴികേടിൽ അലഞ്ഞവരും. അപ്പോൾ അല്ലാഹു അവർക്ക് ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കാൻ അവരിൽനിന്നുതന്നെ ഒരു ദൂതനെ നിയോഗിച്ചു. അതിനു മുമ്പ് അവർ വ്യക്തമായ വഴികേടിലായിരുന്നു. അക്ഷരജ്ഞാനമില്ലാത്ത അറബികൾക്കും മറ്റു രാജ്യക്കാർക്കാർക്കും താക്കീത് നൽകാൻ വേണ്ടിയാണ് അദ്ദേഹം നിയോഗിതനായത്. വേദഗ്രന്ഥങ്ങളിൽ ഉള്ളത് എന്താണെന്ന് വേദക്കാരെ ഉൽബോധിപ്പിക്കാനും അദ്ദേഹം വന്നു. അറബികൾക്ക് പ്രത്യേകമായും മറ്റുള്ളവർക്ക് പൊതുവായും അല്ലാഹു നൽകിയ അനുഗ്രഹമാണിത്.
(7). എന്നാൽ ഇവർ മുന്നറിയിപ്പ് ലഭിച്ചതിനുശേഷം രണ്ടു വിഭാഗമായി. അതിൽ ഒരുവിഭാഗം താങ്കൾ കൊണ്ടുവന്നത് നിരസിക്കുകയും മുന്നറിയിപ്പ് സ്വീകരിക്കാതിരിക്കുകയും ചെയ്തു. അവരെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത്: (അവരിൽ മിക്കവരുടെ കാര്യത്തിലും-ശിക്ഷയെ സംബന്ധിച്ച-വചനം സത്യമായി പുലർന്നിരിക്കുന്നു. അതിനാൽ അവർ വിശ്വസിക്കുകയില്ല) അവർ ശിർക്കിലും നിഷേധത്തിലും തുടർന്നുകൊണ്ടിരിക്കുമെന്ന അല്ലാഹുവിന്റെ തീരുമാനം അവരിൽ നടപ്പിലാക്കപ്പെട്ടു. സത്യം അവരുടെ മുമ്പിൽ അവതരിപ്പിക്കപ്പെട്ടതിനുശേഷം അവർ അത് നിരസിച്ചു. അപ്പോൾ അവരുടെ ഹൃദയത്തിൽ ശിക്ഷയായി മുദ്രയടിക്കപ്പെട്ടു.
(8). അവരുടെ ഹൃദയങ്ങളിൽ വിശ്വാസം വരുന്നതിനുള്ള തടസ്സങ്ങൾ അല്ലാഹു പറയുന്നു: (അവരുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെച്ചിരിക്കുന്നു) غل (ഗില്ല്)എന്നതിന്റെ ബഹുവചനമാണ് اغلال. കഴുത്തിൽ ബന്ധിക്കുന്ന ഇരുമ്പുകോളറുകളാണിത്; കാലിന് ചങ്ങലയിടുന്നപോലെ. കഴുത്തിലുള്ള ഈ ചങ്ങലകൾ ഭീകരമാണ്. (അത് എത്തിയിട്ടുണ്ട്; താടിയെല്ലുകൾവരെ) തല മുകളിലേക്ക് തള്ളുകയും ചെയ്യുന്നു. (തന്മൂലം അവർ തല കുത്തനെ പിടിച്ചവരായിരിക്കും) കഴുത്തിലൂടെ ചങ്ങലയുടെ പ്രയാസത്താൽ അവർ തല ഉയർത്തിയവരായിരിക്കും. താഴ്ത്താൻ അവർക്ക് കഴിയില്ല.
(9). (അവരുടെ മുമ്പിൽ ഒരു തടസ്സവും അവരുടെ പിന്നിൽ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു) വിശ്വസിക്കുന്നതിൽനിന്ന് അവരെ തടയുന്ന ഒരു തടസ്സമാണത്. (അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു. അതിനാൽ അവർക്ക് കാണാൻ കഴിയില്ല) കാരണം, എല്ലാ വശങ്ങളിലൂടെയും അജ്ഞതയും കഷ്ടതയും അവരെ മൂടി. അതിനാൽ മുന്നറിയിപ്പ് അവർക്ക് പ്രയോജനം ചെയ്തില്ല.
(10). (നീ അവർക്ക് താക്കീത് നൽകിയോ, അതല്ല താക്കീത് നൽകിയില്ലേ എന്നത് അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അവർ വിശ്വസിക്കുകയില്ല) ഒരു വ്യക്തി; തന്റെ ഹൃദയം മുദ്രവെക്കപ്പെട്ടാൽ, സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും കണ്ടാൽ എങ്ങനെ അവൻ വിശ്വാസിയാകും?).
(11). രണ്ടാമത്തെ വിഭാഗം മുന്നറിയിപ്പ് സ്വീകരിക്കുന്നവരാണ്. അവരെക്കുറിച്ച് അല്ലാഹു പറയുന്നു: (നീ താക്കീത് ചെയ്യുന്നത്) താങ്കളുടെ മുന്നറിയിപ്പ് പ്രയോജനപ്പെടുകയും താങ്കളുടെ ഉപദേശം സ്വീകരിക്കുകയും ചെയ്യുന്നത്. (ബോധനം പിൻപറ്റുന്നവനാണ്) ആരുടെ ഉദ്ദേശ്യം സത്യവും ഉൽബോധനവും പിന്തുടരുക എന്നതാകുന്നുവോ അവൻ. (അദൃശ്യാവസ്ഥയിൽ പരമകാരുണികനെ ഭയപ്പെടുകയും ചെയ്യുന്നവൻ) അതായത് ഈ രണ്ട് സ്വഭാവ സവിശേഷതകൾ ഉള്ളവർ-സത്യം അന്വേഷിക്കുന്നതിലുള്ള സദുദ്ദേശ്യവും അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും-താങ്കളുടെ സന്ദേശങ്ങളെ പ്രയോജനപ്പെടുത്തുകയും അധ്യാപനങ്ങളിൽ സംസ്‌കൃതരാവുകയും ചെയ്യും. ഈ രണ്ടു കാര്യങ്ങൾ ആർക്കെങ്കിലും ലഭിച്ചാൽ തന്റെ പാപങ്ങളിൽനിന്ന് (പാപമോചനവും)തന്നു. സൽപ്രവർത്തനങ്ങൾ ക്കും സദുദ്ദേശ്യങ്ങൾക്കും (ഉദാരമായ പ്രതിഫലത്തെയും) കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുക.
(12). (തീർച്ചയായും നാംതന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്) അവരുടെ കർമങ്ങൾക്ക് പ്രതിഫലം നൽകുന്നതിനായി അവരുടെ മരണശേഷം അവരെ നാം ഉയിർത്തെഴുന്നേൽപിക്കും. (അവർ ചെയ്തുവെച്ചത് നാം എഴുതിവെക്കുകയും ചെയ്യുന്നു) നന്മയും തിന്മയുമായി അവരുടെ ജീവിതകാലത്ത് അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ. (അവരുടെ അനന്തരഫലങ്ങളും) ജീവിതകാലത്തും മരണശേഷവും അവർ കാരണം ഉണ്ടായ നന്മയുടെയും തിന്മയുടെയും അനന്തരഫലങ്ങളാണത്. അതെല്ലാം ഉണ്ടായത് അവരുടെ വാക്കുകളിൽനിന്നോ പ്രവൃത്തികളിൽ നിന്നോ സാഹചര്യങ്ങളിൽനിന്നോ ആണ്.
ഒരാളുടെ അറിവുമൂലമോ അധ്യാപനമോ ഉപദേശമോ കൊണ്ടോ, അതല്ലെങ്കിൽ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തതുകൊണ്ടോ, അതുമല്ലെങ്കിൽ അയാൾ തന്റെ വിദ്യാർഥിക്ക് പകർന്നുനൽകിയതോ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയതോ ആയ കാര്യങ്ങൾ; നമസ്‌കാരം, സകാത്ത്, ദാനം, മറ്റു നന്മകൾ എന്നിവ മറ്റുള്ളവർ പിൻപറ്റുമ്പോൾ, ജനങ്ങൾക്ക് ഉപകാരപ്പെടുന്ന സൗകര്യങ്ങളോ പള്ളികളോ നിർമിച്ചത്...ഇതെല്ലാമാണ് രേഖപ്പെടുത്തപ്പെടുന്ന അനന്തരഫലങ്ങൾ. തിന്മകളും അങ്ങനെ തന്നെ.
من سن سنة حسنة فله أجرها وأجر من عمل بها إلى يوم القيامة، ومن سن سنة سيئة فعليه وزرها ووزر من عمل بها إلى يوم القيامة
“ആരെങ്കിലും ഇസ്‌ലാമിൽ നല്ലൊരു മാതൃക കാണിച്ചാൽ അവന് അതിന്റെ പ്രതിഫലവും അന്ത്യനാൾവരെ അത് പ്രവർത്തിച്ചവന്റെ പ്രതിഫലം ലഭിക്കും. ആരെങ്കിലും ചീത്ത മാതൃകയാണ് കാണിക്കുന്നതെങ്കിലും അതിന്റെ പാപവും അത് അന്ത്യനാൾവരെ പ്രവർത്തിക്കുന്നവന്റെ പാപവും ലഭിക്കും’’ (മുസ്‌ലിം 1017)
ആളുകളെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സാധ്യമാകുന്ന സർവമാർഗങ്ങളിലൂടെയും അവരെ അവന്റെ പാതയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരാളുടെ ഉന്നതസ്ഥാനവും ആളുകളെ തിന്മയിലേക്ക് ക്ഷണിച്ച് അതിലൂടെ നയിക്കുന്നവന്റെ താഴ്ന്നനിലയും ഇവിടെ എടുത്തു പറയുന്നു. രണ്ടാമത് പറഞ്ഞവൻ ആളുകളിൽ ഏറ്റവും മോശമായ വ്യക്തിയാണ്. വലിയ കുറ്റകൃത്യത്തിനു ഗരുതരമായ പാപത്തിനും അവനർഹനാണ്. (എല്ലാ കാര്യങ്ങളും) പ്രവർത്തനങ്ങളും ഉദ്ദേശ്യങ്ങളുമെല്ലാം. (വ്യക്തമായ ഒരു രേഖയിൽ നാം നിജപ്പെടുത്തിവെച്ചിരിക്കുന്നു) എല്ലാ രേഖകളുടെയും ഒരു മൂലരേഖ; മലക്കുകളുടെ കൈകളിലുള്ള എല്ലാ രേഖകളും അതിലേക്ക് മടങ്ങും. അതാണ് (ലൗഹുൽ മഹ്ഫൂദ്വ്).

