സൂറ: സ്സബഅ്, ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ഒക്ടോബർ 26, 1446 റ. ആഖിർ 23
അധ്യായം: 34, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
33. ബലഹീനരായി ഗണിക്കപ്പെട്ടവർ വലുപ്പം നടിച്ചവരോട് പറയും: അല്ല, ഞങ്ങൾ അല്ലാഹുവിൽ അവിശ്വസിക്കാനും അവന്ന് സമൻമാരെ സ്ഥാപിക്കുവാനും നിങ്ങൾ ഞങ്ങളോട് കൽപിച്ചുകൊണ്ടിരുന്ന സന്ദർഭത്തിൽ (നിങ്ങൾ) രാവും പകലും നടത്തിയ കുതന്ത്രത്തിന്റെ ഫലമാണത്. ശിക്ഷ കാണുമ്പോൾ അവർ ഖേദം മനസ്സിൽ ഒളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വയ്ക്കുകയും ചെയ്യും. തങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമല്ലാതെ അവർക്ക് നൽകപ്പെടുമോ?
34. ഏതൊരു നാട്ടിൽ നാം താക്കീതുകാരനെ അയച്ചപ്പോഴും, നിങ്ങൾ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതിൽ ഞങ്ങൾ അവിശ്വസിക്കുന്നവരാകുന്നു എന്ന് അവിടത്തെ സുഖലോലുപർ പറയാതിരുന്നിട്ടില്ല.
35. അവർ പറഞ്ഞു: ഞങ്ങൾ കൂടുതൽ സ്വത്തുക്കളും സന്താനങ്ങളുമുള്ളവരാകുന്നു. ഞങ്ങൾ ശിക്ഷിക്കപ്പെടുന്നവരല്ല.
36. നീ പറയുക: തീർച്ചയായും എന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുകയും (താൻ ഉദ്ദേശിക്കുന്നവർക്ക്) അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. പക്ഷേ, ജനങ്ങളിൽ അധികപേരും അറിയുന്നില്ല.
37. നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കൽ നിങ്ങൾക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല; വിശ്വസിക്കുകയും നല്ലത് പ്രവർത്തിക്കുകയും ചെയ്തവർക്കൊഴികെ. അത്തരക്കാർക്ക് തങ്ങൾ പ്രവർത്തിച്ചതിന്റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്. അവർ ഉന്നതസൗധങ്ങളിൽ നിർഭയരായി കഴിയുന്നതുമാണ്.
38. (നമ്മെ) തോൽപിക്കുവാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിർക്കുവാൻ ശ്രമിക്കുന്നവരാരോ അവർ ശിക്ഷയിൽ ഹാജരാക്കപ്പെടുന്നവരാകുന്നു.
39. നീ പറയുക: തീർച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസൻമാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുകയും താൻ ഉദ്ദേശിക്കുന്നവർക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനത്രെ.
40. അവരെ മുഴുവൻ അവൻ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു). എന്നിട്ട് അവൻ മലക്കുകളോട് ചോദിക്കും: നിങ്ങളെയാണോ ഇക്കൂട്ടർ ആരാധിച്ചിരുന്നത്?
41. അവർ പറയും: നീ എത്ര പരിശുദ്ധൻ! നീയാണ് ഞങ്ങളുടെ രക്ഷാധികാരി; അവരല്ല. എന്നാൽ അവർ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത്. അവരിൽ അധികപേരും അവരിൽ (ജിന്നുകളിൽ) വിശ്വസിക്കുന്നവരത്രെ.

(33). (ബലഹീനരായി ഗണിക്കപ്പെട്ടവർ വലുപ്പം നടിച്ചവരോട് പറയും: അല്ല, ഞങ്ങൾ അല്ലാഹുവിൽ അവിശ്വസിക്കാനും അവന് സമന്മാരെ സ്ഥാപിക്കാനും നിങ്ങൾ ഞങ്ങളോട് കൽപിച്ചു). രാത്രിയും പകലും ഞങ്ങളെ വഴിതെറ്റിക്കാനുള്ള കുതന്ത്രങ്ങളായിരുന്നു നിങ്ങൾ നടത്തിക്കൊണ്ടിരുന്നത്. അതിനാൽ, സ്വാധീനിക്കപ്പെട്ടാണ് ഞങ്ങൾ വഴിതെറ്റിയത്. അവിശ്വാസത്തെ ഞങ്ങൾ ആകർഷകമാക്കി കാണിക്കുകയും അതിലേക്ക് ഞങ്ങളെ നിങ്ങൾ ക്ഷണിക്കുകയും ചെയ്തു. അതാണ് സത്യമെന്ന് നിങ്ങൾ ഞങ്ങളോട് പറഞ്ഞു. യഥാർഥ സത്യത്തെ നിങ്ങൾ എതിർക്കുകയും മോശമായി കാണുകയും ചെയ്തു. അത് അസത്യമാണെന്ന് വാദിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുവരെ നിങ്ങളുടെ തന്ത്രങ്ങളും ശ്രമങ്ങളും നിങ്ങൾ തുടർന്നു.
എന്നാൽ അവർ തമ്മിലുള്ള ഈ തർക്കം ഒരു നല്ലഫലവും ഉണ്ടാക്കുന്നില്ല. മറിച്ച് അവർ പരസ്പരം ഒഴിഞ്ഞുമാറുകയും അഗാധമായി ഖേദിക്കുകയും ചെയ്യുന്നു. അതാണ് അല്ലാഹു പറഞ്ഞത്: (ശിക്ഷ കാണുമ്പോൾ അവർ ഖേദം മനസ്സിൽ ഒളിപ്പിക്കും) അതായത്, ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവർ നടത്തിയ ന്യായവാദങ്ങൾ അവർ ഉപേക്ഷിക്കും. അവരെല്ലാം ശിക്ഷ അർഹിക്കുന്ന തെറ്റുകാരാണെന്നും അവർ മനസ്സിലാക്കും. അങ്ങനെ അവർ അങ്ങേയറ്റം ഖേദത്തിൽ അകപ്പെടും. അവർ സത്യത്തിലായിരുന്നെങ്കിൽ, എന്നും ഈ ശിക്ഷയിലേക്ക് നയിച്ച അസത്യത്തെ ഉപേക്ഷിച്ചിരുന്നുവെങ്കിൽ എന്നും അവർ കൊതിച്ചുപോകും. സത്യത്തെ അംഗീകരിക്കുന്നതിന്റെ അപമാനം ഭയന്ന് ഇതവർ മനസ്സിൽ രഹസ്യമാക്കി വെക്കും. പരലോകത്തെ ചില ഭയാനക നിമിഷങ്ങളിലും നരകത്തിൽ പ്രവേശിക്കുന്ന സന്ദർഭങ്ങളിലുമെല്ലാം അവർ ഖേദം പരസ്യമാക്കുകയും ചെയ്യും.
وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَـٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًۭا ٢٧ يَـٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًۭا ٢٨
“അക്രമം ചെയ്തവൻ തന്റെ കൈകൾ കടിക്കുന്ന ദിവസം. അവൻ പറയും: റസൂലിന്റെ കൂടെ ഞാനൊരു മാർഗം സ്വീകരിച്ചുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ. എന്റെ കഷ്ടമേ, ഈ ആളെ ഞാൻ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനേ’’(25:27-28).
٩ وَقَالُوا۟ لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِىٓ أَصْحَـٰبِ ٱلسَّعِيرِ ١٠ فَٱعْتَرَفُوا۟ بِذَنۢبِهِمْ فَسُحْقًۭا لِّأَصْحَـٰبِ ٱلسَّعِيرِ ١١
“ഞങ്ങൾ കേൾക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിൽ ആകുമായിരുന്നില്ല എന്ന് അവർ പറയും. അങ്ങനെ അവർ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോൾ നരകാഗ്നിയുടെ ആൾക്കാർക്കു ശാപം’’(67:10-11).
(സത്യനിഷേധികളുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെക്കുകയും ചെയ്യും) ജയിലിൽ, അപമാനിതനായ ജയിൽപുള്ളിയെ ബന്ധിക്കുന്ന പോലെ. അല്ലാഹു പറയുന്നു:
إِذِ ٱلْأَغْلَـٰلُ فِىٓ أَعْنَـٰقِهِمْ وَٱلسَّلَـٰسِلُ يُسْحَبُونَ ٧١ فِى ٱلْحَمِيمِ ثُمَّ فِى ٱلنَّارِ يُسْجَرُونَ ٧٢
“അതെ, അവരുടെ കഴുത്തുകളിൽ വളയങ്ങളും ചങ്ങലകളുമായി അവർ വലിച്ചിഴക്കപ്പെടുന്ന സന്ദർഭം; ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട് അവർ നരകാഗ്നിയിൽ എരിക്കപ്പെടുകയും ചെയ്യും’’ (40:71,72).
(തങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമല്ലാതെ അവർക്ക് നൽകപ്പെടുമോ?) അവിശ്വാസത്തിന്റെയും തിന്മയുടെയും പാപത്തിന്റെയും ഫലമായിട്ടാണ് അവർ ക്ക് ഈ ശിക്ഷയും കനത്ത ചങ്ങലകളും ലഭിക്കുന്നത്.
(34). പ്രവാചകന്മാരിൽ അവിശ്വസിച്ച മുൻ സമുദായങ്ങളുടെ അവസ്ഥയാണ് അല്ലാഹു ഇവിടെ പറയുന്നത്. അവന്റെ ദൂതനായ മുഹമ്മദ് നബിﷺയെ നിഷേധിക്കുന്നവരെയും കാത്തിരിക്കുന്നത് അതുതന്നെയാണ്. അല്ലാഹു ഒരു നാട്ടിലേക്ക് ദൂതനെ അയക്കുകയും അവിടെയുള്ള ആഡംബരപ്രിയർ അദ്ദേഹത്തെ നിഷേധിക്കുകയും ചെയ്യുന്നു. അവർ സ്വജീവിതത്തിൽ ധിക്കാരവും അഹങ്കാരവും കാണിക്കുകയും ചെയ്യുന്നു.
(35). (അവർ പറഞ്ഞു: ഞങ്ങൾ കൂടുതൽ സ്വത്തുക്കളും സന്താനങ്ങളും ഉള്ളവരുമാകുന്നു) സത്യം പിന്തുടരുന്നവരാണ്. (ഞങ്ങൾ ശിക്ഷിക്കപ്പെടുന്നവരല്ല) അതായത്, ഒന്നാമതായി ഞങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടില്ല. ഇനി ഉയിർത്തെഴുന്നേറ്റാലും ഞങ്ങൾക്ക് സമ്പത്തും സന്താനങ്ങളും തന്നവൻ പരലോകത്തും ഞങ്ങൾക്ക് ആ സൗഭാഗ്യങ്ങൾ നൽകും. ഞങ്ങൾ ശിക്ഷിക്കപ്പെടില്ല.
(36). അല്ലാഹു അവരോട് പ്രതികരിച്ചത്: ഉപജീവനം വിശാലമാകുന്നതോ കുടുസ്സാകുന്നതോ അവരുടെ വാദത്തിന് തെളിവല്ല. ഉപജീവനം അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണ്. ഉദ്ദേശിക്കുന്ന ദാസന് വിശാലമായി നൽകും. ഉദ്ദേശിക്കുന്നവർക്ക് അത് കുടുസ്സാവുകയും ചെയ്യും.
(37). (നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ഒന്നും നമ്മുടെ അടുക്കൽ നിങ്ങൾക്ക് സാമീപ്യം ഉണ്ടാക്കിത്തരുന്നവയല്ല) പ്രവാചകന്മാർ കൊണ്ടുവന്നതിലുള്ള വിശ്വാസവും അതിനനുസരിച്ചുള്ള കർമങ്ങളുമാണ് ഒരാളെ അവനിലേക്ക് അടുപ്പിക്കുന്നത്. അവർക്കാണ് അവന്റെയടുക്കൽ ഇരട്ടി പ്രതിഫലമുള്ളത്. ഒരു നന്മക്ക് പത്തിരട്ടി മുതൽ എഴുപത് ഇരട്ടിവരെ അല്ല, അത് എത്ര ഇരട്ടിയാണെന്ന് അല്ലാഹുവിനേ അറിയൂ. (അവർ ഉന്നതസൗധങ്ങളിൽ നിർഭയരായി കഴിയുന്നതാണ്) ഉയർന്ന ഭവനങ്ങളിൽ അവർ നിർഭയരായി വസിക്കും. അവരുടെ സുഖസന്തോഷങ്ങൾക്ക് ഭംഗം വരുന്ന എല്ലാ പ്രശ്‌നങ്ങളിൽനിന്നും അവർ സുരക്ഷിതരായിരിക്കും. അത് ഉപേക്ഷിക്കേണ്ടിവരുമെന്ന ഭയമോ ദുഃഖമോ അവർക്കില്ല
(38) (-നമ്മെ-തോൽപിക്കാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിർക്കാൻ ശ്രമിക്കുന്നവരാരോ) നമ്മുടെ ദൂതന്മാരെ കളവാക്കാനും നമ്മുടെ ദൃഷ്ടാന്തങ്ങൾ തെറ്റാണെന്ന് കാണിക്കാനും പരിശ്രമിക്കുന്നവർ. (അവർ ശിക്ഷയിൽ ഹാജരാക്കപ്പെടുന്നവരാകുന്നു).
(39). തുടർന്നും അല്ലാഹു ആവർത്തിച്ചു പറയുന്നു: (താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുകയും താൻ ഉദ്ദേശിക്കുന്നവർക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്) തുടർന്ന് പറയുന്നത്: (നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്) ബന്ധുക്കൾ, അയൽക്കാർ, ദരിദ്രർ എന്നിവർക്കായി നിർബന്ധദാനമായോ ഐച്ഛിക ദാനമായോ നൽകുന്നത്. (അവൻ) അല്ലാഹു (അതിന് പകരം നൽകും). അതിനാൽ ദാനം ചെയ്യുന്നത് ഒരാളുടെ സമ്പത്ത് കുറക്കുമെന്ന് വിചാരിക്കരുത്. മറിച്ച്, ചെലവഴിക്കുന്നവന് വീണ്ടും നൽകുമെന്നും ഉപജീവനം വിശാലമാക്കുമെന്നും ഉറപ്പ് നൽകുന്നു. (അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനത്രെ) അതിന് വേണ്ടി കൽപിക്കപ്പെട്ട കാരണങ്ങളിൽ പരിശ്രമിക്കുകയും ചെയ്യുക.
(40,41). (അവരെ മുഴുവൻ അവൻ ഒരുമിച്ച് കൂട്ടുന്ന ദിവസം) അല്ലാഹു അല്ലാത്തവരെ ആരാധിച്ചിരുന്നവരെയും; അവനുപുറ മെ മലക്കുകളിൽനിന്നും ആരാധിക്കപ്പെടുന്നവരെയും. (എന്നിട്ടവൻ ചോദിക്കും) അല്ലാഹു. (മലക്കുകളോട്) അവരെ ആരാധിച്ചിരുന്നവരെ ശാസിച്ചുകൊണ്ട്. (നിങ്ങളെയാണോ ഈ കൂട്ടർ ആരാധിച്ചിരുന്നത്?) അവരെ ആരാധിച്ചിരുന്നതിനെ അപ്പോൾ അവർ നിരാകരിക്കും. (അവർ പറയും: നീ എത്ര പരിശുദ്ധൻ) പങ്കാളികളോ സമന്മാരോ ഉണ്ടാകുന്നതിൽനിന്ന് നീ മഹാപരിശുദ്ധൻ. (നീയാണ് ഞങ്ങളുടെ രക്ഷാധികാരി; അവരല്ല) നിന്റെ സംരക്ഷണം ഞങ്ങൾക്ക് അനിവാര്യമാണ്. അപ്പോൾ ആരാധനക്കായി ഞങ്ങൾ മറ്റുള്ളവരെ എങ്ങനെ വിളിക്കും? നിന്നെ കൂടാതെ ആരാധ്യരെയും പങ്കാളികളെയും സ്വീകരിക്കുന്നത് ഞങ്ങൾക്കെങ്ങനെ ശരിയാകും (എന്നാൽ) ഈ ബഹുദൈവ വിശ്വാസികൾ (ജിന്നുകളെ ആയിരുന്നു ആരാധിച്ചിരുന്നത്). അതായത്, പിശാചുക്കളെ. ഞങ്ങളെയോ മറ്റുള്ളവരെയോ ആരാധിക്കാൻ ആ പിശാചുക്കൾ അവരോട് കൽപിച്ചു. അതവർ അനുസരിച്ചു. ആ അനുസരണം അവർക്കുള്ള ആരാധനയാണ്. കാരണം ആരാധന അനുസരണമാണ്. തന്നോടൊപ്പം മറ്റു ആരാധ്യരെ സ്വീകരിച്ചവരോടെല്ലാം അല്ലാഹു പറയുന്നുണ്ട്:
۞ أَلَمْ أَعْهَدْ إِلَيْكُمْ يَـٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَـٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ ٦٠ وَأَنِ ٱعْبُدُونِى ۚ هَـٰذَا صِرَٰطٌۭ مُّسْتَقِيمٌۭ ٦١
“ആദം സന്തതികളേ, ഞാൻ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ, നിങ്ങൾ പിശാചിനെ ആരാധിക്കരുതെന്ന്? തീർച്ചയായും അവൻ നിങ്ങൾക്ക് പ്രത്യക്ഷ ശത്രുവാകുന്നു. നിങ്ങൾ എന്നെ ആരാധിക്കുവിൻ. ഇതാണ് നേരായ മാർഗം’’ (36:60,61).
(അവരിൽ അധികപേരും അവരിൽ വിശ്വസിക്കുന്നവരത്രെ) അതായത് ജിന്നുകളിൽ വിശ്വസിക്കുകയും അവർക്ക് കീഴൊതുങ്ങുകയും ചെയ്തു. കാരണം വിശ്വാസം സത്യപ്പെടുത്തലും കീഴൊതുങ്ങലുമാണ്.

