സൂറ: സ്വാഫ്ഫാത്ത്, ഭാഗം 09
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 മെയ് 25, 1445 ദുൽഖഅദ് 17
അധ്യായം: 37, ഭാഗം 09 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
103. അങ്ങനെ അവർ ഇരുവരും (കൽപനക്ക്) കീഴ്‌പെടുകയും, അവനെ നെറ്റി (ചെന്നി) മേൽ ചെരിച്ചുകിടത്തുകയും ചെയ്ത സന്ദർഭം!
104. നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്‌റാഹീം,
105. തീർച്ചയായും നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. തീർച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തർക്ക് പ്രതിഫലം നൽകുന്നത്.
106 തീർച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്.
107. അവന്ന് പകരം ബലിയർപ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നൽകുകയും ചെയ്തു.
108. പിൽക്കാലക്കാരിൽ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
109. ഇബ്‌റാഹീമിന് സമാധാനം!
110. അപ്രകാരമാണ് നാം സദ്‌വൃത്തർക്ക് പ്രതിഫലം നൽകുന്നത്.
111. തീർച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസൻമാരിൽ പെട്ടവനാകുന്നു.
112. ഇസ്ഹാക്വ് എന്ന മകന്റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാർത്ത അറിയിച്ചു. സദ്‌വൃത്തരിൽ പെട്ട ഒരു പ്രവാചകൻ എന്ന നിലയിൽ.
113. അദ്ദേഹത്തിനും ഇസ്ഹാക്വിനും നാം അനുഗ്രഹം നൽകുകയും ചെയ്തു. അവർ ഇരുവരുടെയും സന്തതികളിൽ സദ്‌വൃത്തരുണ്ട്. സ്വന്തത്തോടുതന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്.
114. തീർച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു.
115. അവർ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തിൽനിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു.
116. അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികൾ അവർതന്നെ ആകുകയും ചെയ്തു.
117. അവർക്ക് രണ്ടുപേർക്കും നാം (കാര്യങ്ങൾ) വ്യക്തമാക്കുന്ന ഗ്രന്ഥം നൽകുകയും
118. അവരെ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു.
119. പിൽക്കാലക്കാരിൽ അവരുടെ സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
120. മൂസായ്ക്കും ഹാറൂന്നും സമാധാനം!
121. തീർച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തർക്ക് നാം പ്രതിഫലം നൽകുന്നത്.
122. തീർച്ചയായും അവർ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസൻമാരുടെ കൂട്ടത്തിലാകുന്നു.

103) (അങ്ങനെ അവർ രണ്ടുപേരും കീഴ്‌പ്പെട്ടപ്പോൾ) അതായത് ഇബ്‌റാഹീം(അ) അല്ലാഹുവിന്റെ കൽപനയനുസരിച്ച് ശിക്ഷ ഭയന്നു. തന്റെ കരളിന്റെ കഷ്ണമായ മകനെ ബലിയറുക്കാൻ തീരുമാനിച്ചു. മകൻ ക്ഷമിക്കാൻ മനസ്സു പാകപ്പെട്ട്, തന്റെ രക്ഷിതാവിനെ അനുസരിക്കാൻ വേണ്ടിയായതിനാൽ അതൊരു പ്രശ്‌നമല്ലെന്ന് കരുതുകയും ചെയ്തു.
(അവനെ നെറ്റിയിന്മേൽ ചെരിച്ച് കിടത്തുകയും ചെയ്തു) ഇബ്‌റാഹീം(അ) തന്റെ മകനെ അറുക്കാനായി നിലത്ത് കിടത്തി. അറുക്കുമ്പോൾ അവന്റെ മുഖത്ത് നോക്കേണ്ടി വരാതിരിക്കാൻ അദ്ദേഹം മകനെ നിലത്തേക്ക് മുഖമാക്കി കിടത്തി.
104-105) (നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു) ആ പ്രതിസന്ധിനിറഞ്ഞ സമയം, വിഷമകരമായ കാര്യം. (ഹേ ഇബ്‌റാഹീം, തീർച്ചയായും നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു) താങ്കളോട് നിർദേശിച്ചത് താങ്കൾ ചെയ്തു. അത് ചെയ്യാൻ താങ്കൾ തീരുമാനിച്ചു. അതിനുവേണ്ടതെല്ലാം ഒരുക്കി. കഴുത്തിൽ കത്തിവെക്കാൻ മാത്രമെ ബാക്കിയുള്ളൂ. (തീർച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തർക്ക് പ്രതിഫലം നൽകുന്നത്്) നമ്മെ ആരാധിക്കുന്നതിലൂടെ സ്വന്തം ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കുമപ്പുറം നമ്മുടെ പ്രീതി നേടുന്നതിന് മുൻഗണന നൽകുന്നവർ.
106) (തീർച്ചയായും ഇത്) ഇബ്‌റാഹീമിന് നാം നൽകിയ പരീക്ഷണം. (സ്പഷ്ടമായ പരീക്ഷണം തന്നെയാണ്) അതിലൂടെ ഇബ്‌റാഹീമിന്റെ പരിശുദ്ധി, റബ്ബിനോടുള്ള സ്‌നേഹം, പരമകാരുണികന്റെ ഉറ്റസുഹൃത്താണെന്ന കാര്യം; എല്ലാം വ്യക്തമായി. അല്ലാഹു ഇബ്‌റാഹീമി(അ)ന് ഇസ്മാഈലി(അ)നെ നൽകിയപ്പോൾ അദ്ദേഹം അവനെ വളരെയധികം സ്‌നേഹിച്ചു. അദ്ദേഹം പരമകാരുണികന്റെ ഖലീൽ (അടുത്ത സുഹൃത്ത്) ആയിരുന്നു. അടുത്ത സുഹൃത്തെന്നത് സ്‌നേഹത്തിന്റെ ഏറ്റവും ഉയർന്നതലമാണ്. അല്ലാഹു മറ്റൊരാൾക്കും നൽകാത്ത ഒരു പദവിയാണത്. അതിന്റെ താൽപര്യം തന്റെ ഹൃദയം മുഴുവനും സ്‌നേഹിക്കുന്നവന് നൽകുക എന്നതാണ്.
ഇബ്‌റാഹീം നബി(അ) ഹൃദയത്തിന്റെ ഒരു ഭാഗം തന്റെ മകൻ ഇസ്മാഈലിന് നൽകുമ്പോൾ തന്നെ അല്ലാഹുവിനോടുള്ള സ്‌നേഹം എത്രത്തോളം ആത്മാർഥവും ശക്തവുമാണെന്ന് പരിശോധിക്കാൻ അല്ലാഹു തീരുമാനിച്ചു. അതിനാലാണ് തന്റെ മകനെ അറുക്കണമെന്ന് ഇബ്‌റാഹീം(അ)യെ പരീക്ഷിച്ചത്. എന്നാൽ, അല്ലാഹുവിനോടുള്ള സ്‌നേഹമാണ് തനിക്ക് വലുത് എന്ന് ഇബ്‌റാഹീം(അ) തെളിയിച്ചു.
107) എന്നാൽ ഇബ്‌റാഹീം അല്ലാഹുവിനോടുള്ള സ്‌നേഹത്തിനാണ് മുൻഗണന നൽകിയത്. തന്റെ താൽപര്യത്തെക്കാൾ അതിന് മുൻഗണന നൽകി മകനെ അറുക്കാൻ തീരുമാനിച്ചു. ഹൃദയത്തിലെ മത്സരം അവസാനിച്ചു. ഇനി അറുക്കൽ മാത്രമെ അവശേഷിക്കുന്നുള്ളൂ. അതിൽ പ്രത്യേക കാര്യമില്ല. അതാണല്ലാഹു പറഞ്ഞത്: (തീർച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന് പകരം ബലിയർപ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നൽകുകയും ചെയ്തു) അവന് പകരം വലിയൊരു ആണാടിനെ കൊണ്ടുവന്നു. അതിനെ ഇബ്‌റാഹീം(അ) അറുത്തു. ഇസ്മാഈൽ നബി(അ)ക്ക് പകരമുള്ളത് എന്ന നിലക്കും അത് അന്ത്യനാൾവരെ തുടരുന്ന ഒരു ബലിയുടെ മാതൃക എന്ന നിലയ്ക്കും ഇതിന് പ്രാധാന്യമുണ്ട്.
108) (പിൽക്കാലക്കാരിൽ അദ്ദേഹത്തിന്റെ -ഇബ്‌റാഹീമിന്റെ-സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്‌റാഹീമിന് സമാധാനം) അതായത് മുൻ തലമുറകൾക്കിടയിൽ ഉണ്ടായിരുന്നതുപോലെ പിന്നീടുള്ള തലമുറകളിലും അദ്ദേഹത്തിന്റെ സൽക്കീർത്തി നാം നിലനിർത്തി. തുടർന്നുള്ള എല്ലാ കാലഘട്ടങ്ങളിലും ഇബ്‌റാഹീം നബി(അ) ആദരിക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യും.
109). (ഇബ്‌റാഹീമിന് സമാധാനം) ഇതുതന്നെയാണ് അല്ലാഹു മറ്റൊരു വചനത്തിലും പറഞ്ഞത്:
قُلِ ٱلْحَمْدُ لِلَّهِ وَسَلَـٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ ۗ
“പറയുക: അല്ലാഹുവിന് സ്തുതി. അവൻ തിരഞ്ഞെടുത്ത അവന്റെ അടിമകൾക്ക് സമാധാനവും ഉണ്ടാവട്ടെ’’ (27:59).
110) (അപ്രകാരമാണ് നാം സദ്‌വൃത്തർക്ക് പ്രതിഫലം നൽകുന്നത്) അല്ലാഹുവിനെ ആരാധിക്കുന്നവർക്കും ആളുകളുമായി ഇടപഴകി അവരുടെ പ്രയാസങ്ങൾ നീക്കിക്കൊടുക്കുന്നവർക്കും നല്ല പര്യവസാനവും പ്രശംസയും ഉണ്ടായിരിക്കും.
111) (സത്യവിശ്വാസികളായ ദാസന്മാരിൽ പെട്ടവനാകുന്നു) അവരോട് അല്ലാഹു വിശ്വസിക്കാൻ കൽപിച്ചു. വിശ്വാസത്തിലൂടെ അവർ ദൃഢതയുടെ പദവിയിലേക്കെത്തി. അതാണ് അല്ലാഹു മറ്റൊരിടത്ത് പറഞ്ഞത്:
وَكَذَٰلِكَ نُرِىٓ إِبْرَٰهِيمَ مَلَكُوتَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلِيَكُونَ مِنَ ٱلْمُوقِنِينَ ٧٥
“അപ്രകാരം ഇബ്‌റാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും രഹസ്യങ്ങൾ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തിൽ ആയിരിക്കാൻ വേണ്ടിയും കൂടിയാണത്’’(6:75).
112) (ഇസ്ഹാക്വ് എന്ന മകന്റെ ജന്മത്തെക്കുറിച്ചും അദ്ദേഹത്തിന് നാം സന്തോഷവാർത്ത അറിയിച്ചു). ഇസ്ഹാക്വി(അ)നെ കുറിച്ചുള്ളത് രണ്ടാമത്തെ സന്തോഷവാർത്തയാണ്. അദ്ദേഹത്തിന് ശേഷമാണ് യഅ്ക്വൂബ്(അ). അദ്ദേഹവും അദ്ദേഹത്തിന്റെ സന്താനങ്ങളും അവശേഷിപ്പിക്കപ്പെടുമെന്ന സന്തോഷവാർത്ത അറിയിച്ചു. അദ്ദേഹം പ്രവാചകനാകുമെന്നും അറിയിച്ചു. അങ്ങനെ പലവിധ സന്തോഷവാർത്തകൾ.
113) (അദ്ദേഹത്തിനും ഇസ്ഹാക്വിനും നാം അനുഗ്രഹം നൽകുകയും ചെയ്തു). അവരുടെ മേൽ നാം അനുഗ്രഹങ്ങൾ ഇറക്കി. ബറകത്ത് (അനുഗ്രഹം) എന്ന വാക്കിന്റെ അർഥം ‘വളർച്ച,’ ‘വർധനവ്’ എന്നൊക്കയാണ്. അതായത് അവരുടെ അറിവിലും പ്രവർത്തനത്തിലും അവരിലും അവരുടെ രണ്ടുപേരുടെയും സന്താനങ്ങളിലും. മഹത്തായ മൂന്നു സമുദായങ്ങളുണ്ടായത് അവരുടെ സന്തതികളിൽനിന്നാണ്. അറബികൾ ഇസ്മാഈലി(അ)ന്റെ സന്തതികളാണ്; ബനൂഇസ്‌റാഈലുകാരും. എന്നാൽ റോമക്കാൻ (ബൈസന്റൈൻസ്) ഇസ്ഹാക്വി(അ)ന്റെ സന്തതികളാണ്.
(അവർ ഇരുവരുടെയും സന്തതികളിൽ സദ്‌വൃത്തരുണ്ട്. സ്വന്തത്തോട് തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്) അതായത് ചിലർ സദ്‌വൃത്തരും ചിലർ ദുഷ്പ്രവൃത്തിക്കാരും ചിലർ നീതിമാന്മാരും മറ്റു ചിലർ അക്രമികളും. ശിർക്കും കുഫ്‌റും അക്രമങ്ങളും മൂലമാണ് അവർ അക്രമികളായത്.
(അദ്ദേഹത്തിനും ഇസ്ഹാക്വിനും നാം അനുഗ്രഹം നൽകുകയും ചെയ്തു) ഈ അനുഗ്രഹം മക്കൾക്കുമുണ്ടെന്ന് വന്നേക്കാം. അനുഗ്രഹം പൂർത്തിയാകാൻ അതുംകൂടി വേണം. സന്താനങ്ങളെല്ലാം നല്ലവരാവുക; അതാണ് അല്ലാഹു പറഞ്ഞത്. അവരിൽ നല്ലവരും അല്ലാത്തവരും ഉണ്ട്. (അല്ലാഹു അഅ്‌ലം)
114-118) അവരും അവരുടെ ജനതയും വലിയ ദുരിതം അനുഭവിക്കുന്ന സമയത്ത് അവർക്ക് അല്ലാഹു ചെയ്ത അനുഗ്രഹത്തെക്കുറിച്ച് അല്ലാഹു പറയുന്നു: തന്റെ ദൂതന്മാരായ മൂസാ(അ), ഹാറൂൻ(അ) എന്നിവർക്ക് പ്രവാചകത്വം നൽകി, അല്ലാഹുവിലേക്ക് ക്ഷണിക്കാൻ. അവരെ രണ്ടുപേരെയും ഫിർഔനിന്റെയും അവന്റെ ജനതയുടെയും പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. അവനെതിരെ അവരെ സഹായിച്ചു. അവർ നോക്കിനിൽക്കെ ഫിർഔനെ അല്ലാഹു മുക്കി നശിപ്പിച്ചു.
വ്യക്തമായ ഒരു വേദഗ്രന്ഥവും നൽകി. അതാണ് മതവിധികളും സദുപദേശങ്ങളും സർവതിന്റെയും വിശദീകരണവും ഉൾക്കൊള്ളുന്ന തൗറാത്ത്. അങ്ങനെ അവരെ രണ്ടുപേരെയും ശരിയായ മാർഗത്തിൽ നയിക്കുകയും ചെയ്തു. അല്ലാഹുവിലേക്കെത്തിക്കുന്ന ശരിയായ മതനിയമങ്ങൾ ഉൾക്കൊള്ളുന്ന ഒരു മതവും അവർക്ക് നൽകി.
119-122) (പിൽക്കാലക്കാരിൽ അദ്ദേഹത്തിന്റെ സൽക്കീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. മൂസാക്കും ഹാറൂനും സമാധാനം) അവരുടെ മേൽ സൽക്കീർത്തിയും പിൽക്കാലക്കാരിൽ പ്രശംസയും ശേഷിപ്പിച്ചു. പൂർവികരിൽ ഉള്ളതുപോലെ തന്നെ. (അപ്രകാരമാകുന്നു സദ്‌വൃത്തർക്ക് നാം പ്രതിഫലം നൽകുന്നത്. തീർച്ചയായും അവർ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരിൽ പെട്ടവരാകുന്നു).

