സൂറ: അഹ്സാബ്, ഭാഗം 06
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20
അധ്യായം: 33, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
28. നബിയേ, നിന്റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്റെ അലങ്കാരവുമാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾ വരൂ! നിങ്ങൾക്ക് ഞാൻ ജീവിതവിഭവം നൽകുകയും ഭംഗിയായ നിലയിൽ ഞാൻ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം.
29. അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ കൂട്ടത്തിൽ സദ്‌വൃത്തകളായിട്ടുള്ളവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.
30. പ്രവാചക പത്‌നിമാരേ, നിങ്ങളിൽ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവൾക്ക് ശിക്ഷ രണ്ടിരട്ടിയായി വർധിപ്പിക്കപ്പെടുന്നതാണ്. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു.
31. നിങ്ങളിൽ ആരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും താഴ്മ കാണിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്യുന്ന പക്ഷം അവൾക്ക് അവളുടെ പ്രതിഫലം രണ്ടു മടങ്ങായി നാം നൽകുന്നതാണ്. അവൾക്കുവേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
32. പ്രവാചക പത്‌നിമാരേ, സ്ത്രീകളിൽ മറ്റു ആരെപ്പോലെയുമല്ല നിങ്ങൾ. നിങ്ങൾ ധർമനിഷ്ഠ പാലിക്കുന്നുവെങ്കിൽ നിങ്ങൾ (അന്യരോട്) അനുനയ സ്വരത്തിൽ സംസാരിക്കരുത്. അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങൾ പറഞ്ഞുകൊള്ളുക.

28) നബിﷺയുടെ ഭാര്യമാർ നബിക്കെതിരെ സംഘടിച്ചു. അദ്ദേഹത്തോട് എല്ലായ്‌പ്പോഴും ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ അവർ ആവശ്യപ്പെട്ടു. എല്ലാവരും ഈ ആവശ്യങ്ങളിൽ ഉറച്ച് നിന്നു. അത് പ്രവാചകന് പ്രയാസമുണ്ടാക്കി. ഒരു മാസത്തോളം അദ്ദേഹം അവരിൽനിന്ന് അകന്ന് നിന്നു. തന്റെ ദൂതന് കാര്യങ്ങൾ എളുപ്പമാക്കാനും അവരുടെ പദവികൾ ഉയർത്താനും അവരുടെ പ്രതിഫലം കുറക്കുന്ന എല്ലാ കാര്യങ്ങളും അവരിൽനിന്നൊഴിവാക്കാനും അല്ലാഹു ഉദ്ദേശിച്ചു. അപ്പോൾ നബിﷺയോട് അവർക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകാൻ അല്ലാഹു നിർദേശം നൽകി. (നബിയേ, നിന്റെ ഭാര്യമാരോട് നീ പറയുക: ഐഹിക ജീവിതവും അതിന്റെ അലങ്കാരവുമാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ) അതല്ലാതെ നിങ്ങൾക്ക് മറ്റൊരാഗ്രഹവുമില്ലെങ്കിൽ, നിങ്ങളുടെ സന്തോഷം അതി ന്റെ മഹത്ത്വം കൈവരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ, നിങ്ങളുടെ ദേഷ്യം അത് ലഭ്യമല്ലാത്തതുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ; അങ്ങനെയൊക്കെയാണെങ്കിൽ എനിക്ക് നിങ്ങളെ ആവശ്യമില്ല. (നിങ്ങൾ വരൂ,നിങ്ങൾക്ക് ഞാൻ ജീവിത വിഭവം നൽകുകയും) എന്റെ അടുക്കലുള്ള സമ്പത്തിൽനിന്ന് എന്തെങ്കിലും. (ഭംഗിയായ നിലയിൽ ഞാൻ നിങ്ങളെ മോചിപ്പിച്ച് അയച്ചു തരുകയും ചെയ്യാം) തർക്കമോ അധിക്ഷേപങ്ങളോ കൂടാതെ ഞാൻ നിങ്ങളിൽനിന്ന് വേർപിരിയാം. പ്രശ്‌നം അനുചിതമായ ഒരു തലത്തിലേക്ക് കടക്കുന്നതിനു മുമ്പ് ഞാൻ അത് എളുപ്പത്തിലും മനസ്സന്തോഷത്തോടെയും ചെയ്തു തരാം.
29) (അല്ലാഹുവെയും അവന്റെ ദൂതനെയും പരലോക ഭവനവുമാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ) ഇവയാണ് നിങ്ങളുടെ ഉദ്ദേശ്യവും അന്തിമ ലക്ഷ്യമെങ്കിൽ, നിങ്ങൾ അല്ലാഹുവിനെയും അവന്റെ ദൂതനെയും സ്വർഗത്തെയും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ലൗകിക സൗകര്യങ്ങൾ അധികമാണോ കുറവാണോ എന്ന കാര്യങ്ങളിൽ നിങ്ങൾ വിഷമിക്കേണ്ടതില്ല. അങ്ങനെ അവർ പ്രവാചകന് കഴിയുന്നത് ചെയ്തുകൊടുക്കുന്നതിൽ തൃപ്തിപ്പെട്ടു; അദ്ദേഹത്തിന് പ്രയാസമുണ്ടാകുന്നവിധം ആവശ്യപ്പെടില്ലെന്നും. (നിങ്ങളുടെ കൂട്ടത്തിൽ സദ്‌വൃത്തകളായിട്ടുള്ളവർക്ക് അല്ലാ
ഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്) പ്രതിഫലം നൻമ ചെയ്യുന്നവർക്കാണെന്നാണ് പറഞ്ഞത്. കാരണം പ്രതിഫലം വാഗ്ദാനം ചെയ്യുന്നത് നൻമക്കാണ്. അതല്ലാതെ പ്രവാചക പത്‌നിമാരായി എന്നതുകൊണ്ടല്ല. നന്മ ചെയ്യാതെ പ്രയോജമുണ്ടാകില്ല. അവർ അല്ലാഹുവിനെയും റസൂലിനെയും തെരഞ്ഞെടുത്തു; പരലോകത്തെയും. അവരിൽ ഒരാളും അതിൽനിന്ന് പിറകോട്ട് നിന്നില്ല. ഭാര്യമാർക്ക് ഇങ്ങനെ തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയതിൽനിന്ന് താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാകുന്നു:
ഒന്ന്) അല്ലാഹു അവന്റെ ദൂതന് നൽകുന്ന പരിഗണനയാണ് അതിൽ ഒന്ന്. അദ്ദേഹത്തിന്റെ കാര്യങ്ങളിലുള്ള താൽപര്യം. ലൗകികമായ കാര്യങ്ങൾക്ക് അദ്ദേഹത്തോട് ഭാര്യമാർ ധാരാളമായി ആവശ്യപ്പെടുന്നതിലൂടെ പ്രവാചകനുണ്ടാകുന്ന വിഷമത്തിൽ അല്ലാഹുവിന്റെ രോഷം.
രണ്ട്) തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭാര്യമാർക്ക് നൽകുന്നതിലൂടെ അവർക്കുള്ള ബാധ്യത നിർവഹിക്കുന്നതിൽ സൗകര്യം ലഭിച്ചു. ഉദ്ദേശിക്കുമ്പോൾ നൽകാനും തടയാനുമുള്ള വ്യക്തി സ്വാതന്ത്ര്യം നിലനിന്നു.
مَّا كَانَ عَلَى النَّبِيِّ مِنْ حَرَجٍ فِيمَا فَرَضَ اللَّهُ لَهُ ۖ
“തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തിൽ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല’’ (അഹ്‌സാബ് 33:38).
മൂന്ന്) അല്ലാഹുവിനെക്കാളും പ്രവാചകനെക്കാളും പരലോകത്തെക്കാളും ഇഹലോകത്തിന് പ്രാധാന്യം നൽകുന്ന ഏതൊരു ഭാര്യയിൽ നിന്നും നബിയെ അകറ്റി നിർത്താനും അങ്ങനെയുള്ള ഒരു ഭാര്യയിൽനിന്നും അദ്ദേഹത്തെ തടയാനും അല്ലാഹു ഉദ്ദേശിച്ചു.
നാല്) പ്രവാചകന്റെ പത്‌നിമാരെ പാപത്തിൽനിന്നും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും കോപത്തിൽ നിന്നും രക്ഷിക്കാൻ അല്ലാഹു ഉദ്ദേശിച്ചു. അതിനാൽ നബിﷺയോട് അതൃപ്തി പ്രകടിപ്പിക്കുന്നതിൽ നിന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകി അവരെ സംരക്ഷിച്ചു. പ്രവാചകനെ അപ്രീതിപ്പെടുത്തുന്നത് അല്ലാഹുവിന്റെ കോപത്തിന് ഇടയാക്കും. അല്ലാഹുവിന്റെ കോപം ശിക്ഷയിലേക്ക് നയിക്കും.
അഞ്ച്) പ്രവാചക പത്‌നിമാരുടെ ഉന്നതിയും പദവിയും മഹത്ത്വവും ഇവിടെ വ്യക്തമാകുന്നു; അവർ ദുൻയാവിനെക്കാൾ അല്ലാഹുവിനെയും റസൂലിനെയും പരലോകത്തെയുമാണ് തെരഞ്ഞെടുത്തത് എന്നതിലൂടെ.
ആറ്) ഈ തെരഞ്ഞെടുപ്പിലൂടെ സ്വർഗ പദവിക്കും ഇഹത്തിലും പരത്തിലും പ്രവാചകന്റെ ഭാര്യമാരാകാനുള്ള സൗഭാഗ്യത്തിനും അവരെ സജ്ജമാക്കി.
ഏഴ്) പ്രവാചകനും പത്‌നിമാരും തമ്മിലുള്ള ബന്ധത്തെ ഇവിടെ വ്യക്തമാക്കുന്നു. പ്രവാചകൻ സൃഷ്ടികളിൽ പരിപൂർണനാണ്. മാത്രവുമല്ല പ്രവാചകന്റെ ഭാര്യമാർ പരിപൂർണകളും നല്ലവരുമാണെന്നും മനസ്സിലാകുന്നു.
وَالطَّيِّبَاتُ لِلطَّيِّبِينَ وَالطَّيِّبُونَ لِلطَّيِّبَاتِ
“നല്ല സ്ത്രീകൾ നല്ല പുരുഷന്മാർക്കും നല്ല പുരുഷന്മാർ നല്ല സ്ത്രീകൾക്കുമാണ്’’ (24:26).
എട്ട്) പ്രവാചക പത്‌നിമാർക്ക് നൽകിയ ഈ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം സംതൃപ്തി കൈവരുത്തുന്നതാണ്. അതുമൂലം ഹൃദയം സമാധാനമടയും. മനസ്സിന് സന്തോഷവുമാകും. അവരിൽനിന്നും ആർത്തി അകലും. മനസ്സിന്റെ തൃപ്തിയില്ലായ്മയും അസ്വസ്ഥതയും ഇല്ലാതാവുകയും ചെയ്യും.
ഒമ്പത്) മറ്റൊന്ന് ഇതിലൂടെ അവരുടെ പ്രതിഫലം വർധിക്കുന്നു എന്നതാണ്. മറ്റൊരു സ്ത്രീക്കും എത്തിപ്പെടാനാവാത്ത സ്ഥാനത്ത് അവരെത്തുന്നു. അതാണ് അല്ലാഹു പറഞ്ഞത്: (പ്രവാചക പത്‌നിമാരേ...) ഈ വചനത്തിന്റെ അവസാനം വരെയുള്ള ഭാഗത്തിൽ അതാണുള്ളത്.
30) അവർ അല്ലാഹുവിനെയും അവന്റെ ദൂതനെയും പരലോകത്തെയും തെരഞ്ഞെടുത്തപ്പോൾ അവർക്ക് ഇരട്ടി പ്രതിഫലമുണ്ടെന്നും മറിച്ചായിരുന്നെങ്കിൽ ശിക്ഷ വർധിക്കുമെന്നും ഓർമപ്പെടുത്തുന്നു. അങ്ങനെ അവർ കൂടുതൽ ജാഗ്രതയുള്ളവരും നന്ദിയുള്ളവരും ആകേണ്ടതാണെന്നും ഓർമപ്പെടുത്തുന്നു. വ്യക്തമായ/ പ്രത്യക്ഷമായ അധാർമിക പെരുമാറ്റങ്ങൾ അവരിൽനിന്ന് ഉണ്ടായാൽ ശിക്ഷ ഇരട്ടിയായി ലഭിക്കുമെന്ന് അല്ലാഹു നിശ്ചയിച്ചു.
31) (നിങ്ങളിൽ ആരെങ്കിലും താഴ്മ കാണിച്ചാൽ) അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും; കുറച്ചായാലും അധികമായാലും (അവൾക്ക് അവളുടെ പ്രതിഫലം രണ്ട് മടങ്ങായി നാം നൽകുന്നതാണ്) അതായത് മറ്റൊരാൾക്ക് നൽകുന്നതിന്റെ ഇരട്ടി. (അവൾക്ക് വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു) അത് സ്വർഗമാണ്. അവർ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും സത്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. അതിനാൽ അവരുടെ പ്രതിഫലം അറിയപ്പെട്ടിരിക്കുന്നു.
32) (പ്രവാചക പത്‌നിമാരേ,) എല്ലാവരെയുമാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. (സ്ത്രീകളിൽ മറ്റാരെപ്പോലെയുമല്ല നിങ്ങൾ, നിങ്ങൾ ധർമനിഷ്ഠ പാലിക്കുന്നുവെങ്കിൽ) അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ മറ്റെല്ലാ സ്ത്രീകളെയും മറികടക്കും. മറ്റൊരു സ്ത്രീക്കും നിങ്ങളോടൊപ്പമെത്താനാകില്ല. അതിനാൽ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും അല്ലാഹുവിനോടുള്ള ഭക്തിയെ പൂർത്തീകരിക്കാനും അതോടൊപ്പം നിരോധിക്കപ്പെട്ടതിലേക്ക് നയിച്ചേക്കാവുന്ന എല്ലാ മാർഗങ്ങളും ഒഴിവാക്കാനും അല്ലാഹു അവരോട് നിർദേശിച്ചു. (നിങ്ങൾ അനുനയ സ്വരത്തിൽ സംസാരിക്കരുത്) അതായത് പുരുഷൻമാരെ അഭിസംബോധന ചെയ്യുമ്പോൾ, അല്ലെങ്കിൽ അവർ നിങ്ങൾ പറയുന്നത് കേൾക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ ശബ്ദം മൃദുവാക്കുകയോ അല്ലെങ്കിൽ സൗമ്യമായി സംസാരിക്കുകയോ ചെയ്യുന്നതിലൂടെ. (അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവന് രോഗം തോന്നിയേക്കും) അതായത് രോഗമെന്നത് വ്യഭിചാരത്തിനുള്ള ആഗ്രഹമാണ്. ചെറിയൊരു ചലനം മതി അവന്. കാരണം അത്തരം ഒരു വ്യക്തിയുടെ മനസ്സ് എപ്പോഴും ചെറിയൊരു ചലനത്തിന് കാത്തിരിക്കുകയാണ്. അവന്റെ ഹൃദയം രോഗമുക്തമല്ല. സുസ്ഥിരതയിലുള്ള ഹൃദയത്തിന് നിഷിദ്ധകാര്യങ്ങൾക്ക് ആഗ്രഹമുണ്ടായിരിക്കില്ല. അതിന് കാരണങ്ങളുണ്ടായാൽ പോലും ആഗ്രഹം തോന്നില്ല. എന്നാൽ ഹൃദയരോഗമുള്ളവന് നല്ല ഹൃദയത്തിന് നേരിടാൻ കഴിയുന്നത് നേരിടാനാവില്ല. അവൻ ക്ഷമയോടെയിരിക്കാൻ കഴിയാത്തവനാണ്. നിഷിദ്ധമായ കാര്യത്തിലേക്ക് ചെറിയൊരു പ്രേരണ ഉണ്ടായാൽ പോലും അവൻ അതിനോട് പ്രതികരിക്കും. അതിൽനിന്ന് വിട്ടുനിൽക്കാനാവില്ല. തിന്മയിലേക്കുള്ള മാർഗങ്ങളുടെ വിധിയും ആ തിന്മയുടേത് തന്നെയാണ്. സൗമ്യമായി സംസാരിക്കുന്നത് അടിസ്ഥാനപരമായി അനുവദനീയമാണ്. എന്നാൽ അത് ഒരു ഹറാമിലേക്ക് നയിക്കുന്ന മാർഗമാണെങ്കിൽ അത് അനുവദനീയമല്ല. അതുകൊണ്ട് പുരുഷന്മാരെ അഭിസംബോധന ചെയ്യുമ്പോൾ സ്ത്രീകൾ അവരുടെ ശബ്ദം മൃദുവാക്കരുത്.
സ്ത്രീകൾ മൃദുവായി സംസാരിക്കുന്നത് അല്ലാഹു വിലക്കുമ്പോൾ അവരുടെ ശബ്ദം പരുഷമാക്കാൻ നിർദേശിച്ചതായി ധരിച്ചേക്കാം. ഈ വിചാരം അകറ്റാനാണ് അല്ലാഹു പറഞ്ഞത്: (ന്യായമായ വാക്ക് നിങ്ങൾ പറഞ്ഞുകൊള്ളുക) പരുഷമായതും കടുത്തതുമല്ല. അല്ലാഹുവിന്റെ പ്രയോഗം ശ്രദ്ധിക്കുക: (നിങ്ങൾ അനുനയത്തിൽ സംസാരിക്കരുത്) ലോലമാക്കരുത് എന്നാണ് പറഞ്ഞത്. ആകർഷണീയമായ സംസാരമാണ് ഇവിടെ ഉദ്ദേശം. അതായത് ഒരു പുരുഷനെ തന്നിലേക്ക് ആകർഷിക്കുന്ന, കൊതി തോന്നിപ്പിക്കുന്ന മൃദുലതയാണിത്. സൗമ്യമായ സംസാരം ശത്രുവിനെ പോലും കീഴ്‌പ്പെടുത്തും. അതിൽ വഴക്കിന് വരുന്നവനെ കൊതിപ്പിക്കുന്നില്ല. അതുകൊണ്ടാണ്
സൗമ്യതയെ അല്ലാഹു പ്രശംസിച്ചത്:
فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ
“അല്ലാഹുവിന്റെ കാരുണ്യത്തിലാണ് നിങ്ങൾ അവരോട് സൗമ്യമായി പെരുമാറുന്നത്’’ (ആലുഇംറാൻ 3:159). മൂസാനബി(അ)യോടും ഹാറൂൻ നബി(അ)യോടും പറഞ്ഞതും ഇതാണ്:
ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ ٤٣ فَقُولَا لَهُۥ قَوْلًۭا لَّيِّنًۭا لَّعَلَّهُۥ يَتَذَكَّرُ أَوْ يَخْشَىٰ ٤٤ قَالَا
“നിങ്ങൾ രണ്ടുപേരും ഫിർഔനിന്റെ അടുത്തേക്ക് പോവുക. കാര
ണം അവൻ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. എന്നാൽ അവനോട് നിങ്ങൾ സൗമ്യമായി സംസാരി
ക്കുക. അങ്ങനെ അവൻ ഒരുവേള
ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടെന്നും വരാം’’(20:44).
(അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവർക്ക് മോഹം തോന്നിയേക്കാം) തന്റെ സ്വകാര്യതയെ സൂക്ഷിക്കാൻ കൽപിക്കുന്നതോടൊപ്പം അങ്ങനെ ചെയ്യുന്ന സ്ത്രീ-പുരുഷന്മാരെ പ്രശംസിക്കുകയും ചെയ്യുന്നു. വ്യഭിചാരത്തോട് അടുക്കുന്നതിനെ വിരോധിക്കുകയും ചെയ്യുന്നു. അതിനാൽ ഒരു ദാസൻ തന്നിൽ അത്തരം ഒരു ആഗ്രഹമുണ്ടായാൽ, അതായത് നിഷിദ്ധ പ്രവർത്തിക്ക് പ്രേരിപ്പിക്കുന്ന വല്ലതും കാണുകയോ കേൾക്കുകയോ ചെയ്താൽ താൻ പ്രചോദിപ്പിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കി, ഇത് ഒരുതരം രോഗമാണെന്ന് തിരിച്ചറിഞ്ഞ് ഈ രോഗത്തെ ദുർബലമാക്കാനും അതിനെതിരെ പോരാടാനും കുഴപ്പത്തിലേക്ക് നയിച്ചേക്കാവുന്ന ദുഷിച്ച ചിന്തകൾ അവസാനിപ്പിക്കാനും ഗുരുതരമായ ഈ രോഗത്തെ മറികടക്കാനും ശ്രമിക്കണം. അവനെ സംരക്ഷിക്കാനും സഹായിക്കാനും അല്ലാഹുവിനോട് അപേക്ഷിക്കുകയും വേണം. ലൈംഗിക മോഹങ്ങളെ നിയന്ത്രിക്കാനുള്ള കൽപന ഇതിലെല്ലാം അടങ്ങിയിട്ടുണ്ട്.
