സൂറ: സ്വാഫ്ഫാത്ത്, ഭാഗം 11
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ജൂൺ 08, 1445 ദുൽഹിജ്ജ 01
അധ്യായം: 37, ഭാഗം 11 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
147. അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു.
148. അങ്ങനെ അവർ വിശ്വസിക്കുകയും തൽഫലമായി കുറെ കാലത്തേക്ക് അവർക്ക് നാം സുഖജീവിതം നൽകുകയും ചെയ്തു.
149. എന്നാൽ (നബിയേ,) നീ അവരോട് (ബഹുദൈവവിശ്വാസികളോട്) അഭിപ്രായം ആരായുക; നിന്റെ രക്ഷിതാവിന് പെൺമക്കളും അവർക്ക് ആൺമക്കളുമാണോ എന്ന്.
150. അതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന് അവർ ദൃക്‌സാക്ഷികളായിരുന്നോ?
151. അറിഞ്ഞേക്കുക; അവർ പറയുന്നത് തീർച്ചയായും അവരുടെ വ്യാജനിർമിതിയിൽ പെട്ടതാകുന്നു.
152. അല്ലാഹു സന്തതികൾക്കു ജൻമം നൽകിയിട്ടുണ്ടെന്ന്. തീർച്ചയായും അവർ കള്ളം പറയുന്നവർ തന്നെയാകുന്നു.
153. ആൺമക്കളെക്കാളുപരിയായി അവൻ പെൺമക്കളെ തെരഞ്ഞെടുത്തുവെന്നോ?
154. നിങ്ങൾക്കെന്തുപറ്റി? എപ്രകാരമാണ് നിങ്ങൾ വിധികൽപിക്കുന്നത്?
155. നിങ്ങൾ ആലോചിച്ച് നോക്കുന്നില്ലേ?
156. അതല്ല, വ്യക്തമായ വല്ല പ്രമാണവും നിങ്ങൾക്കു കിട്ടിയിട്ടുണ്ടോ?
157. എന്നാൽ നിങ്ങൾ നിങ്ങളുടെ രേഖ കൊണ്ടുവരുവിൻ; നിങ്ങൾ സത്യവാൻമാരാണെങ്കിൽ.
158. അല്ലാഹുവിനും ജിന്നുകൾക്കുമിടയിൽ അവർ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ തീർച്ചയായും തങ്ങൾ ശിക്ഷയ്ക്ക് ഹാജരാക്കപ്പെടുകതന്നെ ചെയ്യുമെന്ന് ജിന്നുകൾ മനസ്സിലാക്കിയിട്ടുണ്ട്.
159. അവർ ചമച്ചുപറയുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധൻ!
160. എന്നാൽ അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസൻമാർ (ഇതിൽനിന്നെല്ലാം) ഒഴിവാകുന്നു.
161. എന്നാൽ നിങ്ങൾക്കും നിങ്ങൾ എന്തിനെ ആരാധിക്കുന്നുവോ അവയ്ക്കും
162. അല്ലാഹുവിന്നെതിരായി (ആരെയും) കുഴപ്പത്തിലാക്കാനാവില്ല; തീർച്ച.
163. നരകത്തിൽ വെന്തെരിയാൻ പോകുന്നവനാരോ അവനെയല്ലാതെ.
164. (മലക്കുകൾ ഇപ്രകാരം പറയും:) നിശ്ചിതമായ ഓരോ സ്ഥാനമുള്ളവരായിട്ടല്ലാതെ ഞങ്ങളിൽ ആരുംതന്നെയില്ല.
165. തീർച്ചയായും ഞങ്ങൾതന്നെയാണ് അണിനിരന്ന് നിൽക്കുന്നവർ.
166. തീർച്ചയായും ഞങ്ങൾതന്നെയാണ് (അല്ലാഹുവിന്റെ) പരിശുദ്ധിയെ പ്രകീർത്തിക്കുന്നവർ.

(147). വീണ്ടും അദ്ദേഹത്തോട് ദയ കാണിച്ചുകൊണ്ട് വലിയൊരനുഗ്രഹം നൽകി. അത് അദ്ദേഹത്തെ ദൂതനായി അയച്ചതാണ്. (ഒരു ലക്ഷം വരുന്നവരിലേക്ക്) ഒരു ലക്ഷം ജനങ്ങൾ. (അതിലധികമോ വരുന്ന) അതിനർഥം അവർ അതിൽ കൂടുതലോ കുറവോ ഉണ്ടായിരുന്നില്ല എന്നാണ്. അങ്ങനെ അദ്ദേഹം അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചു.
(148). (അങ്ങനെ അവർ വിശ്വസിക്കുകയും) അതും അദ്ദേഹത്തിന്റെ കർമങ്ങളുടെ തുലാസിൽ വരും. കാരണം, അദ്ദേഹമാണ് അവരെ ക്ഷണിച്ചത്. (കുറെ കാലത്തക്ക് അവർക്ക് നാം സുഖജീവിതം നൽകുകയും ചെയ്തു) അവരിൽനിന്ന് അല്ലാഹു ശിക്ഷയെ തിരിച്ചുവിട്ടു. അതിനുള്ള കാരണങ്ങൾ ഉണ്ടായി.
فَلَوْلَا كَانَتْ قَرْيَةٌ ءَامَنَتْ فَنَفَعَهَآ إِيمَـٰنُهَآ إِلَّا قَوْمَ يُونُسَ لَمَّآ ءَامَنُوا۟ كَشَفْنَا عَنْهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَمَتَّعْنَـٰهُمْ إِلَىٰ حِينٍ ٩٨
“ഏതെങ്കിലും ഒരു രാജ്യം വിശ്വാസം സ്വീകരിക്കുകയും വിശ്വാസം അതിന് പ്രയോനപ്പെടുകയും ചെയ്യാത്തതെന്ത്? യൂനുസിന്റെ ജനത ഒഴികെ. അവർ വിശ്വസിച്ചപ്പോൾ ഇഹലോകത്തിലെ അപമാനകരമായ ശിക്ഷ അവരിൽ നിന്നും നാം നീക്കം ചെയ്യുകയും ഒരു നിശ്ചിത കാലംവരെ നാം അവർക്ക് സൗഖ്യം നൽകുകയും ചെയ്തു.’’
(149). അല്ലാഹു തന്റെ ദൂതനായ മുഹമ്മദിﷺനോട് പറയുന്നു: (നീ അവരോട് അഭിപ്രായം ആരായുക) അതായത് അല്ലാഹുവിന്റെ കൂടെ മറ്റുള്ളവരെക്കൂടി പങ്കാളികളാക്കുകയും മലക്കുകളെ ആരാധിക്കുകയും അവർ അല്ലാഹുവിന്റെ പെൺമക്കളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരോട് ചോദിക്കുക. അവർ അല്ലാഹുവിൽ പങ്കുചേർക്കുകയും അവന്റെ മഹത്ത്വത്തിന് നിരക്കാത്ത വിശേഷണങ്ങൾ അവന് നൽകുകയും ചെയ്യുന്നു. (നിന്റെ രക്ഷിതാവിന് പെൺമക്കളും അവർക്ക് ആൺമക്കളുമാണോ എന്ന്) ഇത് അന്യായമായ വിഭജനമാണ്; അക്രമപരമായ വാക്കും. ഒരു ഭാഗത്ത് അല്ലാഹുവിന് സന്താനങ്ങളെ ജൽപിക്കുന്നു; മറ്റൊരു വശത്ത് ഏറ്റവും മോശമായ വിഭജനം; അവർക്ക് ഇഷ്ടമില്ലാത്ത പെൺമക്കളെ അല്ലാഹുവിന്. മറ്റു വചനങ്ങളിലും ഇത് വന്നിട്ടുണ്ട്.
وَيَجْعَلُونَ لِلَّهِ ٱلْبَنَـٰتِ سُبْحَـٰنَهُۥ ۙ وَلَهُم مَّا يَشْتَهُونَ ٥٧
“അല്ലാഹുവിന് അവർ പെൺമക്കളെ സ്ഥാപിക്കുന്നു. അവൻ എത്രയോ പരിശുദ്ധൻ. അവർക്കാകട്ടെ, അവൻ ഇഷ്ടപ്പെടുന്നതും’’ (16:57).
(150). അവരുടെ കളവിനെ കുറിച്ച് അല്ലാഹു പറയുന്നു: (അതല്ല, നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന് അവർ സാക്ഷികളായിരുന്നോ?) അവരെ സൃഷ്ടിച്ചതിന്. അതായത്, മറ്റൊരുവിധത്തിൽ പറഞ്ഞാൽ അവരുടെ സൃഷ്ടിപ്പിന് അവർ സാക്ഷ്യം വഹിച്ചിട്ടില്ല.
(151-152). അറിവില്ലാതെയാണ് അവർ ഈ വാക്കുകൾ പറഞ്ഞതെന്ന് ഈ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നു. ഇത് അല്ലാഹുവിന്റെ പേരിൽ കെട്ടിച്ചമച്ചതാണ്. അതാണ് അല്ലാഹു പറഞ്ഞത്: (അറിഞ്ഞേക്കുക, അവർ പറയു(അത് അവരുടെ വ്യാജനിർമിതിയിൽ പെട്ടതാകുന്നു). വ്യക്തമായ കളവ്. (അല്ലാഹു സന്തതികൾക്ക് ജന്മംനൽകിയിട്ടുണ്ടെന്ന് അവർ പറയുന്നു) അവരുടെ ആ വാക്ക് വ്യക്തമായ കളവാണ്. അതിൽ സംശയമില്ല.
153-155). (ആൺമക്കളെക്കാളുപരിയായി അവൻ പെൺമക്കളെ തെരഞ്ഞെടുത്തുവെന്നോ? എപ്രകാരമാണ് നിങ്ങൾ വിധികൽപിക്കുന്നത്?) നിങ്ങൾ പറയുന്ന ഈ വാക്കിനെ കുറിച്ച് നിങ്ങൾ നന്നായി ചിന്തിച്ചിരുന്നുവെങ്കിൽ നിങ്ങൾ ഇത് പറയുമായിരുന്നില്ല.
(156). (അതല്ല, വ്യക്തമായ വല്ല പ്രമാണവും നിങ്ങൾക്ക് വന്നുകിട്ടിയിട്ടുണ്ടോ?) നിങ്ങളുടെ വാക്കിനുള്ള വ്യക്തമായ തെളിവ്; വേദത്തിൽനിന്നോ പ്രവാചകന്മാരിൽനിന്നോ ഉള്ളത്?
(157). അതൊന്നും അവർക്ക് കഴിയില്ല. (എന്നാൽ നിങ്ങൾ നിങ്ങളുടെ രേഖ കൊണ്ടുവരുവിൻ. നിങ്ങൾ സത്യവാന്മാരാണെങ്കിൽ) മതപരമായി തെളിവില്ലാത്ത കാര്യം ആരു പറഞ്ഞാലും അവർ കരുതിക്കൂട്ടി കളവ് പറയുന്നവരാണ്; അല്ലാഹുവിന്റെമേൽ കളവ് പറയുന്നവരും, അറിവില്ലാതെ.
(158). മലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്നും അവരുടെ മാതാക്കൾ ജിന്നുകളിൽനിന്നുള്ളവരാണെന്നും വാദിക്കുന്നതിലൂടെ അല്ലാഹുവും ജിന്നും തമ്മിൽ ബന്ധമുണ്ടെന്ന് ബഹുദൈവാരാധകർ അവകാശപ്പെടുന്നു. എന്നാൽ ജിന്നുകൾക്കറിയാം; അവർ അല്ലാഹുവിന്റെ സന്നിധിയിൽ കൊണ്ടുവരപ്പെടുമെന്ന്. അവരെ അവൻ നിന്ദ്യരായ അടിമകളാക്കും. അവരും അവനും തമ്മിൽ ബന്ധമുണ്ടായിരുന്നുവെങ്കിൽ അവർക്കങ്ങനെ സംഭവിക്കുമായിരുന്നില്ല.

(159). (അല്ലാഹു എത്രയോ പരിശുദ്ധൻ) ഉന്നതനായ രാജാവ്, സഹനശീലനായ പരിപൂർണൻ. (അവർ ചമച്ചുപറയുന്നതിൽ) ബഹുദൈവാരാധകരുടെ അവിശ്വാസത്തിൽനിന്നും അവനിൽ പങ്കുചേർക്കുന്നതിൽനിന്നും അവനെത്രയോ പരിശുദ്ധൻ.
(160). (നിഷ്‌കളങ്കരായ ദാസന്മാർ ഒഴികെ). ഇവർ-അവിശ്വാസികൾ- പറയുന്ന വിശേഷണങ്ങൾ അല്ലാഹു പറഞ്ഞിട്ടില്ലാത്തതാണ്. അവൻ പറഞ്ഞതേ ഇവർ പറയൂ. അതുകൊണ്ടാണ് ഇവർ നിഷ്‌കളങ്കരായത്.
(161-163). ഓ, ബഹുദൈവവിശ്വാസികളേ, അല്ലാഹുവോടൊപ്പം നിങ്ങൾ ആരാധിക്കുന്നവയ്ക്കും നിങ്ങൾക്കും അല്ലാഹു നരകം വിധിച്ചവരല്ലാത്ത ഒരാളെയും കുഴപ്പത്തിലാക്കാനോ വഴിതെറ്റിക്കാനോ ആവില്ല. അവനിൽ അല്ലാഹുവിന്റെ വിധി നടപ്പിലാകും. ഇവിടെ പറയുന്നത് അവരുടെയും അവരുടെ ദൈവങ്ങളുടെയും അശക്തിയെ കുറിച്ചാണ്. അവർക്ക് ആരെയും വഴിതെറ്റിക്കാനാവില്ല. അല്ലാഹുവിന്റെ കഴിവിനെക്കുറിച്ചും ഇവിടെ പരാമർശിക്കുന്നു. നിഷ്‌കളങ്കരായ അവന്റെ ദാസന്മാരെയും വിജയിച്ച കക്ഷികളെയും വഴിതെറ്റിക്കുമെന്ന് നിങ്ങൾ മോഹിക്കേണ്ടതില്ല.
(164). ബഹുദൈവാരാധകർ ആരോപിക്കുന്ന കാര്യങ്ങളിൽ മലക്കുകൾ നിരപരാധികളാണെന്നും ഒരു നിമിഷം പോലും അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാത്ത അടിമകളാണ് അവരെന്നും ഇവിടെ എടുത്തുപറയുന്നു. അവർക്കോരോരുത്തർക്കും നിയുക്ത സ്ഥലവും ചുമതലകളും ഉണ്ട്. അവർ അതിനപ്പുറം പോകില്ല. അവർക്ക് അവരുടെ കാര്യത്തിൽ യാതൊരു നിയന്ത്രണവുമില്ല.
(161-166). (ഞങ്ങൾ തന്നെയാണ് അണിനിരന്ന് നിൽക്കുന്നവർ) അല്ലാഹുവിനെ അനുസരിക്കാനും അവന് സേവനം ചെയ്യാനും. (തീർച്ചയായും ഞങ്ങൾതന്നെയാണ് പരിശുദ്ധിയെ പ്രകീർത്തിക്കുന്നവർ) തീർച്ചയായും ഞങ്ങൾ അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുകയും അവന്റെ മഹത്ത്വത്തിന് യോജിക്കാത്തതിൽ നിന്നെല്ലാം അവനെ പരിശുദ്ധിപ്പെടുത്തുകയും ചെയ്യുന്നവരാകുന്നു. ഈ വിശേഷണങ്ങളുള്ള അല്ലാഹുവിന് എങ്ങനെ പങ്കുകാരുണ്ടാകും? അവരുടെ വാക്കുകളിൽനിന്ന് അല്ലാഹു ഏറെ ഉന്നതനും മഹാനുമാകുന്നു.

