സൂറ: യാസീൻ, ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ജൂലായ് 06, 1445 ദുൽഹിജ്ജ 29
അധ്യായം: 36, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
26. സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക. എന്ന് പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘എന്റെ ജനത അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു;
27. എന്റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തിൽ എന്നെ ഉൾപെടുത്തുകയും ചെയ്തതിനെ പറ്റി.’
28. അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ ജനതയുടെ നേരെ ആകാശത്തുനിന്ന് സൈനിക സംഘത്തെയൊന്നും നാം ഇറക്കിയിട്ടില്ല. നാം അങ്ങനെ ഇറക്കാറുണ്ടായിരുന്നുമില്ല.
29. അത് ഒരൊറ്റ ശബ്ദം മാത്രമായിരുന്നു. അപ്പോഴേക്കും അവരതാ കെട്ടടങ്ങിക്കഴിഞ്ഞു.
30. ആ ദാസൻമാരുടെ കാര്യം എത്ര പരിതാപകരം. ഏതൊരു ദൂതൻ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവർ അദ്ദേഹത്തെ പരിഹാസിക്കാതിരുന്നിട്ടില്ല.
31. അവർക്കു മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു! അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചുവരുന്നില്ല എന്ന് അവർ കണ്ടില്ലേ?
32. തീർച്ചയായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പിൽ ഹാജരാക്കപ്പെടുന്നവരാകുന്നു.
33. അവർക്കൊരു ദൃഷ്ടാന്തമുണ്ട്; നിർജീവമായ ഭൂമി. അതിന് നാം ജീവൻ നൽകുകയും, അതിൽനിന്ന് നാം ധാന്യം ഉൽപാദിപ്പിക്കുകയും ചെയ്തു. എന്നിട്ട് അതിൽനിന്നാണ് അവർ ഭക്ഷിക്കുന്നത്.
34. ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങൾ അതിൽ നാം ഉണ്ടാക്കുകയും അതിൽ നാം ഉറവിടങ്ങൾ ഒഴുക്കുകയും ചെയ്തു.
35. അതിന്റെ ഫലങ്ങളിൽനിന്നും അവരുടെ കൈകൾ അദ്ധ്വാനിച്ചുണ്ടാക്കിയതിൽനിന്നും അവർ ഭക്ഷിക്കുവാൻവേണ്ടി. എന്നിരിക്കെ അവർ നന്ദി കാണിക്കുന്നില്ലേ?
36. ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വർഗങ്ങളിലും അവർക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ!
37. രാത്രിയും അവർക്കൊരു ദൃഷ്ടാന്തമത്രെ. അതിൽനിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോൾ അവരതാ ഇരുട്ടിൽ അകപ്പെടുന്നു.
38. സൂര്യൻ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സർവജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്.
39. ചന്ദ്രന് നാം ചില ഘട്ടങ്ങൾ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.

(26-27). അദ്ദേഹം അവരോട് പറഞ്ഞത് കേട്ടപ്പോൾ അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു. (അയാളോട് പറയപ്പെട്ടു:) ‘ഈ അവസ്ഥയിൽ (സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക).’ അല്ലാഹുവിൻറെ ഏകത്വം അംഗീകരിച്ചതിനും അവനോട് ആത്മാർത്ഥത കാണിച്ചതിനും ജീവിതത്തിലും മരണത്തിലും തെൻറ ജനതയോട് കാണിച്ച ഗുണകാംക്ഷക്കും അല്ലാഹു നൽകിയ ആദരവിനെ കുറിച്ച് അദ്ദേഹം പറയുന്നു: (എന്റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരുന്നത് എന്റെ ജനത അറിഞ്ഞിരുന്നുവെങ്കിൽ). എന്തുകൊണ്ട് എനിക്ക് പൊറുത്തുതന്ന് ശിക്ഷകളിൽനിന്ന് എന്നെ രക്ഷപ്പെടുത്തി എന്ന കാര്യം. (ആദരിക്കപ്പെട്ടവരുടെ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തുകയും ചെയ്തു). മറ്റൊരുവിധത്തിൽ പറഞ്ഞാൽ, അതിനെക്കുറിച്ചുള്ള ശരിയായ അറിവ് അവരുടെ ഹൃദയങ്ങളിൽ എത്തിയാൽ അവർ അല്ലാഹുവിന് പങ്കാളികളെ ആക്കുന്നതിൽ നിലകൊള്ളുമായിരുന്നില്ല.
(28). അദ്ദേഹത്തിന്റെ ജനതക്കുള്ള ശിക്ഷയെക്കുറിച്ച് അല്ലാഹു പറയുന്നു: (അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ ജനതയുടെ നേരെ നാം ആകാശത്തുനിന്ന് സൈനിക സംഘത്തെ ഒന്നും ഇറക്കിയിട്ടില്ല) അതായത്, അവരെ നശിപ്പിക്കാൻ ആകാശത്തുനിന്ന് സൈന്യത്തെ ഇറക്കേണ്ട ആവശ്യമില്ല. (നാം അങ്ങനെ ഇറക്കാറുണ്ടായിരുന്നുമില്ല) അതിന്റെ ആവശ്യമില്ല. അല്ലാഹുവിന്റെ ശക്തി അത്രമേൽ ഉയർന്നതും മനുഷ്യന്റെ ബലഹീനത അത്രയധികവുമാണ്. അവർ നശിക്കാൻ ദൈവികശിക്ഷയുടെ ചെറിയ ഒരു സ്പർശം മതിയാകും.
(29). (അത് ആയിരുന്നു) അവരുടെ ശിക്ഷ. (ഒരൊറ്റ ഘോരശബ്ദം മാത്രം) അല്ലാഹുവിന്റെ മലക്കുകളിൽ ചില മലക്കുകളാണ് അത് സംസാരിച്ചത്. (അപ്പോഴേക്കും അവരതാ കെട്ടടങ്ങിക്കഴിഞ്ഞു) അവർക്കുള്ളിൽ ഹൃദയങ്ങൾ നിലച്ചുപോയി, ആ ശബ്ദത്താൽ അവർ അസ്വസ്ഥരായി. അവരുടെ വാശിയും അഹങ്കാരവുമെല്ലാം അവസാനിച്ച് അവർ ജീവനോ ചലനമോ ശബ്ദമോ ഇല്ലാതെ കെട്ടടങ്ങി. ഏറ്റവും ശ്രേഷ്ഠരായ സൃഷ്ടികളോട് മോശമായ വാക്കുകളിൽ അവർ പ്രതികരിച്ചു.
(30). മനുഷ്യരുടെ അവസ്ഥയെക്കുറിച്ച് വേദനിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (ആ ദാസന്മാരുടെ കാര്യം എത്ര പരിതാപകരം! ഏതൊരു ദൂതൻ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവർ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല) അവർ എത്ര നിർഭാഗ്യവാന്മാർ! അവരുടെ പ്രയാസം എത്ര ദീർഘമേറിയതാണ്! അവർ എന്തുമാത്രം അജ്ഞരാണ്. ഈ മോശം സ്വഭാവമാണ് അവരുടെ കഷ്ടപ്പാടിനും ശിക്ഷയ്ക്കും കാരണം.
അഹ്‌ലുസ്സുന്നയുടെ വിശ്വാസം അല്ലാഹു അവന്റെതാക്കി സ്ഥിരപ്പെടുത്തിയ നാമഗുണ വിശേഷണങ്ങളെ സ്ഥിരപ്പെടുത്തുകയും അവൻ നിരാകരിച്ചതിനെ നിരാകരിക്കുകയും ചെയ്യണമെന്നതാണ്. ‘വേദനിക്കുക’ എന്ന വിശേഷണം ക്വുർആനിലോ ഹദീസിലോ വന്നിട്ടില്ല. അത് ഒരു കുറവിനെയാണ് അറിയിക്കുന്നത്. കുറവുകളിൽനിന്ന് അവൻ പരിശുദ്ധനാണ്. അതിനാൽ ഈ വ്യാഖ്യാനത്തിൽ ഭിന്നാഭിപ്രായമുണ്ട്. ഇവിടെ പറയുന്നത് അല്ലാഹുവാണോ അതോ മറ്റാരെങ്കിലുമാണോ? ഈ വ്യാഖ്യാന ഗ്രന്ഥത്തിന്റെ രചയിതാവിന്റെ ശിഷ്യൻ മുഹമ്മദ് ഇബ്‌നു ഉസൈമീൻ(റഹ്) പറയുന്നത് (ആ ദാസന്മാരുടെ കാര്യം എത്ര പരിതാപകരം) എന്ന വചനം സത്യനിഷേധികളുടെ വാക്കാണ്. അവർ സ്വയം ഖേദം രേഖപ്പെടുത്തുന്നു. അങ്ങനെ അവർ പറയുന്നു. (ആ ദാസന്മാരുടെ കാര്യം എത്ര പരിതാപകരം. പിന്നീട് അതിന്റെ കാരണവും പറയുന്നുണ്ട് എന്നാണ്. മറ്റൊരഭിപ്രായം ഈ ഖേദപ്രകടനം പ്രവാചകന്മാരെ പിൻപറ്റിയവരുടെതാണെന്നാണ്. അതായത് ഇദ്ദേഹത്തെ പോലെയുള്ളവർ; അവർ ഇവരെപ്പറ്റി പരിതപിക്കുന്നു. മറ്റൊരഭിപ്രായം അല്ലാഹുവാണെന്നാണ്. എന്നാൽ അത് അവന്റെ വിശേഷണമായി പറഞ്ഞതല്ല. മറിച്ച് അതിന്റെ അർഥം ആ ആളുകൾ അവരുടെ മേൽ പ്രകടിപ്പിക്കുന്ന ദുഖത്തെ വിശദീകരിക്കുകായണെന്നാണ്. അതായത്, ഈ നിഷേധികൾ അവരുടെനിഷേധത്തിൽ ഖേദിക്കുമെന്നാണ്. അതാണ് സന്ദർഭത്തോട് ഏറ്റവും യോജിക്കുന്നത്.
(31-32). (അവർക്കു മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചുവരുന്നില്ല. തീർച്ചയായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പിൽ ഹാജരാക്കപ്പെടുന്നവരാകുന്നു).
ഇവർ മുമ്പ് കഴിഞ്ഞുപോയ നിഷേധികളും അല്ലാഹു നശിപ്പിച്ചവരും ശിക്ഷിച്ചവരുമായ തലമുറകളിൽനിന്ന് പാഠം പഠിച്ചില്ലേ? അവരെല്ലാവരും നശിച്ചുപോയി. അവർ ഒരിക്കലും ഇനി ഈ ലോകത്തേക്ക് മടങ്ങിവന്നില്ല. മടങ്ങിവരികയുമില്ല. അല്ലാഹു അവരെ പുനർനിർമിക്കുകയും മരണശേഷം അവരെ ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്യും. അവർ അവന്റെ മുമ്പിൽ പ്രത്യേക്ഷപ്പെടും. അങ്ങനെ അവൻ അവർക്കിടയിൽ ന്യായവിധി നടത്തും.
إِنَّ ٱللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَـٰعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا ٤٠
“തീർച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്മയുമാണുള്ളതെങ്കിൽ അതവൻ ഇരട്ടിച്ച് കൊടുക്കുകയും അവന്റെ പക്കൽ നിന്നുള്ള വമ്പിച്ച പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്’’ (4:40).
(33). ഉയിർത്തെഴുന്നേൽപിനും പുനരുത്ഥാനത്തിനും പ്രതിഫലത്തിനുമായി അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുമെന്നതിനും (അവർക്കൊരു ദൃഷ്ടാന്തമുണ്ട്). ഈ അടയാളം: ഈ (നിർജീവമായ ഭൂമി). അല്ലാഹു ആ ഭൂമിയിൽ മഴയിറക്കി. നിർജീവമായ ശേഷം അതിനെ ജീവിപ്പിച്ചു. (അതിൽനിന്ന് നാം ധാരാളം ഉൽപാദിപ്പിക്കുകയും ചെയ്തു. എന്നിട്ട് അതിൽ നിന്നാണ് അവർ ഭക്ഷിക്കുന്നത്) അതിൽ നിന്ന് അവർ ഭക്ഷിക്കുന്ന ധാന്യങ്ങളും എല്ലാതരം വിളകളും നാൽക്കാലികൾ ഭക്ഷിക്കുന്ന എല്ലാ തരം സസ്യങ്ങളും ഉൽപാദിപ്പിച്ചു.
(34). (അതിൽ നാം ഉണ്ടാക്കുകയും) അതായത് ആ നിർജീവ ഭൂമിയിൽ. (തോട്ടങ്ങൾ) അതിൽ ധാരാളം മരങ്ങളുണ്ട്. പ്രത്യേകിച്ച് ഈന്തപ്പനകളും മുന്തിരിവള്ളികളും ഭൂമിയിൽ നാം ഉണ്ടാക്കി.
(35) (അതിന്റെ ഫലങ്ങളിൽനിന്നും ഭക്ഷിക്കാൻ വേണ്ടി) ഭക്ഷണവും പഴങ്ങളും ആസ്വാദനവുമായി. യഥാർഥത്തിൽ ആ പഴങ്ങൾ (അവരുടെ കൈകൾ അധ്വാനിച്ചതല്ല). അതിൽ അവർ പരിശ്രമിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തില്ല. അതെല്ലാം ഏറ്റവും നല്ല വിധികർത്താവിന്റെ- ഭക്ഷണ ദാതാവിന്റെ-പ്രവൃത്തിയാണ്. മാത്രമല്ല, അവരുടെ കൈകൾ അതിന്റെ പാചകം ചെയ്യുകയോ മറ്റെന്തെങ്കിലും തയ്യാറെടുപ്പോ ഇല്ലാതെയാണ് അല്ലാഹു അതിനെ അവർക്ക് നൽകിയത്.
(എന്നിരിക്കെ അവർ നന്ദി കാണിക്കുന്നില്ലേ?) ആരാണ് അവർക്ക് ഈ അനുഗ്രഹങ്ങൾ നൽകിയത്? അവരുടെ ഇഹപര കാര്യങ്ങൾക്ക് ഉപകാരപ്പെടുന്ന ഈ അനുഗ്രഹങ്ങൾ അവർക്ക് പൂർത്തീകരിച്ച് നൽകിയാതരാണ്? ഭൂമിക്ക് അതിന്റെ നിർജീവാവസ്ഥക്കുശേഷം ജീവൻ നൽകി, അതിൽ വിളകളും മരങ്ങളും വളരുകയും അവയുടെ ശാഖകളിൽ രുചികരമായ ഫലങ്ങൾ കായ്പ്പിക്കുകയും വരണ്ടഭൂമിയിൽനിന്ന് നീരുറവകൾ പുറപ്പെടുവിപ്പിക്കുകയും ചെയ്തവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനല്ലയോ? അതെ, അവന് എല്ലാറ്റിനും കഴിവുള്ളവനാണ്.
36. (എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ) എല്ലാ ഇനങ്ങളും. (ഭൂമി മുളപ്പിക്കുന്ന) എണ്ണിക്കണക്കാക്കാൻ പ്രയാസമാകുന്നത്ര ഇനങ്ങൾ. (അവരുടെ സ്വന്തം വർഗങ്ങളിലും) ആണും പെണ്ണുമെന്ന നിലയിൽ. സ്വഭാവത്തിലും രൂപത്തിലും ബാഹ്യവും ആന്തരികവുമായ പ്രത്യേകതകളിലുമെല്ലാം അവ വ്യത്യാസപ്പെടുന്നു. (അവർക്ക് അറിയാത്ത വസ്തുക്കളിലും) നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത സൃഷ്ടികളും ഇതുവരെയും സൃഷ്ടിച്ചില്ലാത്തവയും. പങ്കുചേർക്കപ്പെടുന്നതിൽനിന്ന് സഹായിയെയോ ഉപദേഷ്ടാവിനെയോ ജീവിതപങ്കാളിയെയോ മക്കളെയോ തുല്യരെയോ തന്റെ വിശേഷണങ്ങളിൽ സമാനരെയോ സ്വീകരിക്കുന്നതിൽനിന്ന് അവൻ മഹാപരിശുദ്ധനാണ്.
37. (അവർക്കൊരു ദൃഷ്ടാന്തമുണ്ട്) അല്ലാഹുവിന്റെ ഉദ്ദേശ്യം നടക്കുമെന്നും അവന്റെ കഴിവ് പൂർണതയുള്ളതാണെന്നും മരിച്ചവരെ അവൻ ജീവിപ്പിക്കുമെന്നതിനും ഉള്ള തെളിവ്. (രാത്രി; അതിൽനിന്ന് പകലിനെ നാം ഊരിയെടുക്കുന്നു) ഭൂമിയെ മൂടിയ പകൽവെളിച്ചത്തെ നാം നീക്കുകയും അതിനെ ഇരുട്ടാക്കി മാറ്റുകയും ചെയ്യുന്നു. (അപ്പോൾ അവരതാ ഇരുട്ടിൽ അകപ്പെടുന്നു).
38. അപ്രകാരം തന്നെ അവരെ മൂടിയ ഇരുട്ടിനെ നാം നീക്കുന്നു. അങ്ങനെ സൂര്യനെ നാം ഉദിപ്പിക്കുന്നു. അപ്പോൾ ഭൂഖണ്ഡങ്ങൾ പ്രകാശിക്കുന്നു. പടപ്പുകൾ അവരുടെ ജീവിതാവശ്യങ്ങൾക്കും ഗുണങ്ങൾക്കും വേണ്ടി പുറത്തിറങ്ങുന്നു. (സൂര്യൻ അതിന്റെ സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു) അതായത് എപ്പോഴും അല്ലാഹു നിശ്ചയിച്ച അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു. അതൊരിക്കലും അതിനപ്പുറത്തേക്ക് പോവുകയോ അവിടെ എത്താതിരിക്കുകയോ ചെയ്യുന്നില്ല. അതിന് സ്വയം നിയന്ത്രണം സാധ്യമല്ല. അത് അല്ലാഹുവിന്റെ കൽപനക്ക് എതിര് പ്രവർത്തിക്കുന്നില്ല. (പ്രതാപിയായ അല്ലാഹു കണക്കാക്കിയതാണത്) തന്റെ ശക്തിയാൽ മഹത്തായ സൃഷ്ടികളെ ഏറ്റവും മികച്ചരീതിയിൽ നിയന്ത്രിക്കുന്നവന്റെ കൽപനയാണിത്. (സർവജ്ഞനുമായ) അവന്റെ അറിവിനാൽ പടപ്പുകളുടെ ഇഹപര പ്രയോജനങ്ങളെ മനസ്സിലാക്കി അവനതിനെ സംവിധാനിച്ചു.
39. (ചന്ദ്രന് നാം ചില ഘട്ടങ്ങൾ നിശ്ചയിച്ചിരിക്കുന്നു) ഓരോ രാത്രിയിലും അത് അടുത്ത ഘട്ടത്തിലേക്ക് പടിപടിയായി നീങ്ങുന്നു. അത് വളരെ ചെറുതായിത്തീരുകയും (അങ്ങനെ അത് പഴയ ഈത്തപ്പഴക്കുലയുടെ വളഞ്ഞതണ്ടുപോലെ ആയിത്തീരുന്നു) ചെയ്യുന്നു. കാരണം, വളരെ പഴക്കമുള്ളതിനാൽ അത് ചുരുങ്ങുന്നു. അങ്ങനെ അത് ചെറുതും വളഞ്ഞതുമായി. പിന്നീട് അത് ക്രമേണ വലുതാകുന്നു. അതിന്റെ വെളിച്ചം പൂർണമാകുന്നു.

