സൂറ: അഹ്സാബ്, ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 നവംബർ 30, 1446 ജു. ഊലാ 28
അധ്യായം: 33, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
12. നമ്മോട് അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളിൽ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദർഭം.
13. ‘യസ്‌രിബുകാരേ! നിങ്ങൾക്കു നിൽക്കക്കള്ളിയില്ല. അതിനാൽ നിങ്ങൾ മടങ്ങിക്കളയൂ’ എന്ന് അവരിൽ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദർഭം. ഞങ്ങളുടെ വീടുകൾ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞുകൊണ്ട് അവരിൽ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാൻ) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാർഥത്തിൽ അവ ഭദ്രതയില്ലാത്തതല്ല.അവർ ഓടിക്കളയാൻ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.
14. അതിന്റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കൾ) അവരുടെ അടുത്ത് കടന്നുചെല്ലുകയും, എന്നിട്ട് (മുസ്‌ലിംകൾക്കെതിരിൽ) കുഴപ്പമുണ്ടാക്കാൻ അവരോട് ആവശ്യപ്പെടുകയുമാണെങ്കിൽ അവരത് ചെയ്തുകൊടുക്കുന്നതാണ്. അവരതിന് താമസം വരുത്തുകയുമില്ല; കുറച്ച് മാത്രമല്ലാതെ.
15. തങ്ങൾ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവർ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്.

12) കപടവിശ്വാസികളുടെ കാപട്യം വെളിപ്പെട്ടു. അവർ മറച്ചുവെച്ചിരുന്നത് പുറത്ത് വന്നു. (നമ്മോട് അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചന മാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയത്തിൽ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദർഭം).
13) കഷ്ടതകളിലും പരീക്ഷണങ്ങളിലും കപടവിശ്വാസിയുടെ പതിവുരീതിയാണിത്. അവന്റെ വിശ്വാസം ദൃഢമല്ല. ഉണ്ടാകുന്ന സംഭവങ്ങളെ അപക്വമായി നോക്കിക്കാണുകയും തന്റെ വിചാരങ്ങൾ സത്യപ്പെടുത്തുകയും ചെയ്യുന്നു. (അവരിൽ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദർഭം) അതായത് കപടവിശ്വാസികളിൽനിന്ന് അവരുടെ ക്ഷമ കുറയുകയും അസ്വസ്ഥമാവുകയും ചെയ്തപ്പോൾ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. അവർ മറ്റുള്ളവരെ അവരുടെ തിന്മകളിൽനിന്ന് രക്ഷിച്ചതുമില്ല.
ഈ സംഘം പറഞ്ഞു: (ഹേ, യസ്‌രിബുകാരേ) ‘മദീനക്കാരേ’ എന്നാണവർ ഉദ്ദേശിച്ചത്. ആ നാടിന്റെ പഴയ പേര് മാത്രമാണ് അവരിവിടെ ഉപയോഗിച്ചത്. മതപരമായ പ്രതിബദ്ധതകൾക്കും വിശ്വാസബന്ധങ്ങൾക്കും അവരുടെ ഹൃദയത്തി ൽ യാതൊരു വിലയുമില്ലെന്ന് ഈ പ്രയോഗത്തിൽനിന്ന് മനസ്സിലാക്കുന്നു. അവരുടെ ഹൃദയത്തിനുള്ളിൽ തോന്നിയ ഭയമാണ് അവരെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. (യസ്‌രിബുകാരേ, നിങ്ങൾക്ക് നിൽക്കക്കള്ളിയില്ല) മദീനക്ക് പുറത്തുനിങ്ങൾ തമ്പടിച്ച സ്ഥലങ്ങൾ നിങ്ങൾ ഉപേക്ഷിക്കുകയാണ് നല്ലത്. അവർ മദീനക്ക് പുറത്തും ഖന്തക്കിനടുത്തും തമ്പടിച്ചിട്ടുണ്ട്.
(നിങ്ങൾ മടങ്ങിക്കളയൂ) ഇവർ ആളുകളെ സായുധസമരത്തിൽ ഏർപ്പെടുന്നത് നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുകയും ശത്രുക്കളോട് യുദ്ധം ചെയ്യാൻ അവർക്ക് ശക്തിയില്ലെന്നും അവർ യുദ്ധത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് പറയുകയും ചെയ്തു. ഇത് ഏറ്റവും മോശവും ഏറ്റവും കൂടുതൽ ദോഷം വരുത്തിയതുമായ സംഘമാണ്.

ഇവരെക്കാൾ മോശമായ മറ്റൊരു കൂട്ടരുണ്ടായിരുന്നു. അവർക്ക് ക്ഷമകേടും ഭീരുത്വവും സാധിക്കും. തെറ്റായ കാരണങ്ങൾ പറഞ്ഞ അവർ യുദ്ധമുറകളിൽ നിന്ന് പിൻമാറി. അവരെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത്: (ഞങ്ങളുടെ വീടുകൾ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞുകൊണ്ട് അവരിൽ ഒരുവിഭാഗം യുദ്ധരംഗം വിട്ടുപോകാൻ അനുവാദം ചോദിച്ചു) ഞങ്ങളുടെ വീടുകൾ തുറന്നുകിടക്കുന്നു. അതായത് അവ അപകടത്തിലാണ്. ഞങ്ങൾ അകലെയായിരിക്കുമ്പോൾ ശത്രു അവരെ അക്രമിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. അതിനാൽ ഞങ്ങൾക്ക് അനുവാദം തരൂ. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു ചെന്ന് അവരെ സംരക്ഷിച്ചുകൊള്ളും. അവർ കള്ളം പറയുകയായിരുന്നു. (യഥാർഥത്തിൽ അവ ഭദ്രതയില്ലാത്തതല്ല) അവരുടെ ലക്ഷ്യം (ഓടിക്കളയാൻ) മാത്രമായിരുന്നു. ഈ വാക്കുകൾ ഒരു മാർഗമായും ഒഴിവുകഴിവായും ഉപയോഗിച്ചു. ഇവർക്ക് വിശ്വാസമില്ലായിരുന്നു. പരീക്ഷണഘട്ടങ്ങളിൽ ഉറച്ചുനിൽക്കാൻ അവർക്ക് കഴിയില്ല.
14) അതായത്, അവിശ്വാസികൾ എല്ലാ വശങ്ങളിൽനിന്നും നഗരത്തിൽ പ്രവേശിക്കുകയും മദീനയെ പിടിച്ചെടുക്കുകയും ചെയ്താലും-അല്ലാഹു നിരോധിക്കട്ടെ- ഈ ജനങ്ങളോട് (മതവിരുദ്ധമാകാനും കലാപം നടത്താനും) ആവശ്യപ്പെട്ടു. അതായത് അവരുടെ മതത്തിൽനിന്ന് പിന്മാറുകയും അധിനിവേശക്കാരുടെ മതത്തിലേക്ക് മടങ്ങുകയും ചെയ്യുക.
(അവരത് ചെയ്തുകൊടുക്കുന്നതാണ്) അവരത് ചെയ്യാൻ തിടുക്കം കൂട്ടുമായിരുന്നു. (അവരതിന് താമസം വരുത്തുകയില്ല; കുറച്ചല്ലാതെ) മറ്റൊരുവിധത്തിൽ പറഞ്ഞാൽ അവരതിന്റെ പ്രതിരോധിക്കുകയോ മതത്തിൽ ഉറച്ചുനിൽക്കുകയോ ഇല്ല. മറിച്ച്, ശത്രുക്കൾ ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കുകയും ചെയ്യും. അവർ അങ്ങനെയായിരുന്നു.
15) ഇതാണ് അവരുടെ അവസ്ഥ: (തങ്ങൾ പിരിഞ്ഞുപോകുകയല്ലെന്ന് മുമ്പ് അവർ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്) ആ കരാറിനെക്കുറിച്ച് അവരോട് ചോദിക്കും. അപ്പോൾ അവർ അത് ലംഘിച്ചതായി കണ്ടെത്തും. അപ്പോൾ അവർ എന്താണ് തങ്ങളുടെ രക്ഷിതാവിനെക്കുറിച്ച് വിചാരിക്കുക!
