സൂറ: സ്വാഫ്ഫാത്ത്, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 മാർച്ച് 30, 1445 റമദാൻ 20
അധ്യായം: 37, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
1. ശരിക്ക് അണിനിരന്നു നിൽക്കുന്നവരും
2. എന്നിട്ട് ശക്തിയായി ഓടിക്കുന്നവരും
3. എന്നിട്ട് കീർത്തനം ചൊല്ലുന്നവരുമായ മലക്കുകളെതന്നെയാണ സത്യം;
4. തീർച്ചയായും നിങ്ങളുടെ ദൈവം ഏകൻ തന്നെയാകുന്നു.
5. അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവും ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവൻ.
6. തീർച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താൽ മോടിപിടിപ്പിച്ചിരിക്കുന്നു.
7. ധിക്കാരിയായ ഏതു പിശാചിൽനിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.
8. അത്യുന്നതമായ സമൂഹത്തിന്റെ നേരെ അവർക്ക് (പിശാചുക്കൾക്ക്) ചെവികൊടുത്തു കേൾക്കാനാവില്ല. എല്ലാവശത്തു നിന്നും അവർ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും;
9. ബഹിഷ്‌കൃതരായിക്കൊണ്ട്, അവർക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്.
10. പക്ഷേ, ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിയെടുക്കുകയാണെങ്കിൽ തുളച്ചുകടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.

1. ഈ സൂറത്ത് അല്ലാഹു ആരംഭിക്കുന്നത് ശ്രേഷ്ഠരായ മലക്കുകൾ അവനെ ആരാധിക്കുന്ന സന്ദർഭത്തെയും തങ്ങളുടെ രക്ഷിതാവിന്റെ ദൈവികതയും അവന്റെ അനുമതിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെയും സത്യം ചെയ്തുകൊണ്ടാണ്. അല്ലാഹു പറയുന്നു: (ശരിക്ക് അണിനിരന്ന് നിൽക്കുന്നവരും) അവർ വരികളായി നിൽക്കുന്നു; തങ്ങളുടെ രക്ഷിതാവിന്റെ സേവനത്തിന്. ഇവരാണ് മലക്കുകൾ.
2. (എന്നിട്ട് ശക്തമായി ഓടിക്കുന്നവരും) മലക്കുകളാണിവർ. അല്ലാഹുവിന്റെ കൽപനയനുസരിച്ച് മേഘങ്ങളെ അവർ ഓടിക്കുന്നു.
3. (എന്നിട്ട് കീർത്തനം ചൊല്ലുന്നവരുമായ തന്നെയാണ് സത്യം) അല്ലാഹുവിന്റെ വചനം പാരായണം ചെയ്യുന്ന മലക്കുകളാണിവർ.
4. അവർ തങ്ങളുടെ രക്ഷിതാവിന്റെ ദൈവികതക്ക് കീഴ്‌പ്പെടുന്നവരായി അവനെ ആരാധിക്കുന്നവരും സേവനം ചെയ്യുന്നവരുമാണ്. ഒരു നിമിഷം പോലും അവർ അവനോട് അനുസരണക്കേട് കാണിക്കുന്നില്ല. തന്റെ ദൈവികതയ്ക്ക് അവൻ അവരെക്കൊണ്ട് സത്യം ചെയ്യുന്നു. (തീർച്ചയായും നിങ്ങളുടെ ആരാധ്യൻ ഏകനാണ്). ആരാധ്യതയിൽ അവന് പങ്കുകാരില്ല. അതിനാൽ, നിങ്ങളുടെ സ്‌നേഹവും ഭയവും പ്രതീക്ഷയും എല്ലാതരം ആരാധനകളും അവനു മാത്രം അർപ്പിക്കുക.

5. (അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവും ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവൻ) ഇവയുടെ സ്രഷ്ടാവ് അവനാണ്; അവയ്ക്ക് ഭക്ഷണം നൽകുന്നതും നിയന്ത്രിക്കുന്നതും. പരിപാലനത്തിൽ അവന് പങ്കുകാരില്ലാത്തപോലെ ആരാധ്യതയിലും അവന് പങ്കുകാരില്ല. സൃഷ്ടികർതൃത്വത്തിലെ ഏകത്വവും ആരാധ്യതയിലെ ഏകത്വവും ധാരാളം സ്ഥലങ്ങളിൽ അല്ലാഹു ചേർത്തുപറയുന്നുണ്ട്. കാരണം, അത് പരസ്പരം തെളിവാണ്. മാത്രവുമല്ല, സൃഷ്ടികർതൃത്വത്തിലെ ഏകത്വം മുശ്‌രിക്കുകൾ അംഗീകരിച്ചിരുന്നു. ഇതംഗീകരിക്കുമ്പോൾ അവർ നിഷേധിക്കുന്നതും അംഗീകരിക്കേണ്ടിവരും.
6,7. ഉദയസ്ഥാനങ്ങളെ അല്ലാഹു പ്രത്യേകം പരാമർശിക്കുന്നു. കാരണം, അത് അസ്തമയ സ്ഥാനങ്ങളെ അറിയിക്കുന്നു. തുടർന്ന് പറയാൻ പോകുന്ന ഉദയ നക്ഷത്രങ്ങളാണവ.
(തീർച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താൽ മോടി പിടിപ്പിച്ചിരിക്കുന്നു. ധിക്കാരിയായ ഏതു പിശാചിൽനിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു) നക്ഷത്രസമൂഹത്തിന്റെ നേരെ അവർക്ക് - പിശാചുക്കൾക്ക് - ചെവി കൊടുത്ത് കേൾക്കാനാവില്ല.
മഹത്തായ രണ്ട് പ്രയോജനങ്ങളാണ് നക്ഷത്രങ്ങളെക്കുറിച്ച് അല്ലാഹു പറഞ്ഞത്.
(ഒന്ന്). അവ ആകാശത്തിന് അലങ്കാരമാണ്. നക്ഷത്രങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ആകാശം പ്രകാശമില്ലാതെ ഇരുണ്ടതാകുമായിരുന്നു. എന്നാൽ അതിനെ മുഴുവൻ പ്രകാശമാനമാക്കാൻ അവനതിനെ അലങ്കരിച്ചിരിക്കുന്നു; അതിന്റെ രൂപം മനോഹരമാകാനും കരയിലെയും കടലിലെയും ഇരുട്ടിൽ നക്ഷത്രങ്ങൾ മുഖേന സഞ്ചരിക്കാനും. അവയിൽനിന്ന് മറ്റു പ്രയോജനങ്ങളുമുണ്ട്.
(രണ്ട്). ആകാശത്തിന്റെ സംരക്ഷണം. സർവ ധിക്കാരികളായ പിശാചുക്കളിൽനിന്നും. ഉപരിലോകത്തെ സംസാരം കട്ടുകേൾക്കുന്നതിലേക്കുവരെ എത്തി അവരുടെ ധിക്കാരം. മലക്കുകളാണ് ആ കാവൽ. അവർ കേൾക്കാൻ ശ്രമിക്കുമ്പോൾ (എറിഞ്ഞ് ഓടിക്കപ്പെടും). തുളച്ചു ചെല്ലുന്ന ഉൽക്കകളെക്കൊണ്ട്. (എല്ലാ ഭാഗത്തുനിന്നും) അവരെ എറിയും. ഉന്നതലോകത്ത് പറയുന്നത് അവർ കേൾക്കാതിരിക്കാൻ.
9. (അവർക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്) നിത്യമായതും അവർക്കായി തയ്യാറാക്കിയതും; അനുസരണക്കേടിന്റെയും ധിക്കാരത്തിന്റെയും ഫലമായി.
10. ഈ വചനത്തിൽ ‘ഒഴികെ’ എന്ന് അല്ലാഹു പ്രയോഗിച്ചിരിക്കുന്നു. അതില്ലെങ്കിൽ അവർ ഒരിക്കലും ഒന്നും കേൾക്കുന്നില്ലെന്നതിന് തെളിവാകും. അതിനാൽ അല്ലാഹു പറയുന്നു: (ആരെങ്കിലും പെട്ടെന്ന് റാഞ്ചിയെടുക്കുകയാണെങ്കിൽ അവനൊഴികെ) ധിക്കാരികളായ പിശാചുക്കളിൽ ചിലർ എടുക്കുന്നതല്ലാതെ രഹസ്യമായും പരസ്യമായും മോഷ്ടിച്ചും എടുക്കുന്ന ഒരു വാക്ക്. (അപ്പോൾ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്) ചിലപ്പോൾ, അവനത് ‘തന്റെ ആളുകളിലേക്ക്’ എത്തിക്കാൻ കഴിയും മുമ്പ്. ആകാശവർത്തമാനം അപ്പോൾ നിലയ്ക്കും. ചിലപ്പോൾ അത് അറിയിക്കും; തീജ്വാല അവരെ പിടികൂടും മുമ്പ്. എന്നിട്ടവർ അതിന്റെ കൂടെ നൂറ് കളവുകൾ ചേർക്കും. അവർ കേട്ട ഒരു വചനത്തിന്റെ കൂടെ.

