സൂറ: സ്വാഫ്ഫാത്ത്, ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 മെയ് 18, 1445 ദുൽഖഅദ് 10

അധ്യായം: 37, ഭാഗം 08 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَنَظَرَ نَظْرَةً فِى ٱلنُّجُومِ (٨٨) فَقَالَ إِنِّى سَقِيمٌ (٨٩) فَتَوَلَّوْا۟ عَنْهُ مُدْبِرِينَ (٩٠) فَرَاغَ إِلَىٰٓ ءَالِهَتِهِمْ فَقَالَ أَلَا تَأْكُلُونَ (٩١) مَا لَكُمْ لَا تَنطِقُونَ (٩٢) فَرَاغَ عَلَيْهِمْ ضَرْبًۢا بِٱلْيَمِينِ (٩٣) فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ (٩٤) قَالَ أَتَعْبُدُونَ مَا تَنْحِتُونَ (٩٥) وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (٩٦) قَالُوا۟ ٱبْنُوا۟ لَهُۥ بُنْيَـٰنًا فَأَلْقُوهُ فِى ٱلْجَحِيمِ (٩٧) فَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَـٰهُمُ ٱلْأَسْفَلِينَ (٩٨) وَقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَهْدِينِ (٩٩) رَبِّ هَبْ لِى مِنَ ٱلصَّـٰلِحِينَ (١٠٠) فَبَشَّرْنَـٰهُ بِغُلَـٰمٍ حَلِيمٍ (١٠١) فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَـٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَـٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ (١٠٢)

88. എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി.

89. തുടർന്ന് അദ്ദേഹം പറഞ്ഞു: തീർച്ചയായും എനിക്ക് അസുഖമാകുന്നു.

90. അപ്പോൾ അവർ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞുപോയി.

91. എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേർക്ക് തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങൾ തിന്നുന്നില്ലേ?

92. നിങ്ങൾക്കെന്തുപറ്റി? നിങ്ങൾ മിണ്ടുന്നില്ലല്ലോ!

93. തുടർന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈകൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു.

94. എന്നിട്ട് അവർ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു.

95. അദ്ദേഹം പറഞ്ഞു: നിങ്ങൾതന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങൾ ആരാധിക്കുന്നത്?

96. അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങൾ നിർമിക്കുന്നവയെയും സൃഷ്ടിച്ചത്.

97. അവർ (അന്യോന്യം) പറഞ്ഞു: നിങ്ങൾ അവനു (ഇബ്‌റാഹീമിന്) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്‌നിയിൽ ഇട്ടേക്കുക.

98. അങ്ങനെ അദ്ദേഹത്തിന്റെ കാര്യത്തിൽ അവർ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാൽ നാം അവരെ ഏറ്റവും അധമന്മാരാക്കുകയാണ് ചെയ്തത്.

99. അദ്ദേഹം പറഞ്ഞു: തീർച്ചയായും ഞാൻ എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവൻ എനിക്ക് വഴി കാണിക്കുന്നതാണ്.

100. എന്റെ രക്ഷിതാവേ, സദ്‌വൃത്തരിൽ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ.

101. അപ്പോൾ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിച്ചു.

102.എന്നിട്ട് ആ ബാലൻ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാൻ നിന്നെ അറുക്കണമെന്ന് ഞാൻ സ്വപ്‌നത്തിൽ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവൻ പറഞ്ഞു: എന്റെ പിതാവേ, കൽപിക്കപ്പെടുന്നതെന്തോ അത് താങ്കൾ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്.

88-89). അവരുടെ വിഗ്രഹങ്ങൾ തകർക്കാനും അതിനൊരവസരം കിട്ടാനും അദ്ദേഹം ആഗ്രഹിച്ചു. അവർ, ഒരു ഉത്സവം ആഘോഷിക്കാൻ പോയ സന്ദർഭം അദ്ദേഹം അവരുടെ അസാന്നിധ്യം മുതലെടുത്തു. (എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി. തുടർന്ന് അദ്ദേഹം പറഞ്ഞു: തീർച്ചയായും എനിക്ക് അസുഖമാകുന്നു).

സ്വീകാര്യമായ ഹദീസ് പ്രകാരം ഇബ്‌റാഹിം നബി(അ) മൂന്നുതവണ മാത്രമാണ് വാസ്തവമല്ലാത്തത് പറഞ്ഞത്. (ഞാൻ രോഗിയാണ്) എന്നു പറഞ്ഞതും

قَالَ بَلْ فَعَلَهُۥ كَبِيرُهُمْ هَٰذَا

“അല്ല, അവരിൽ വലിയവനാണ് ചെയ്തത്’’ എന്നതും തന്റെ ഭാര്യയെക്കുറിച്ച് ‘അവൾ എന്റെ സഹോദരിയാണ്’ എന്ന് പറഞ്ഞതും.

അവരുടെ ദൈവങ്ങളിൽ തന്റെ പദ്ധതി നടപ്പിലാക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം അവരുടെ കൂടെ പോകാതെ പിന്തിനിന്നത്.

90. (അപ്പോൾ അവർ അദ്ദേഹത്തെ വിട്ടുപിരിഞ്ഞ് പോയി). അപ്പോൾ അദ്ദേഹത്തിന് അവസരം ലഭിച്ചു.

91,92. (എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേർക്ക് തിരിഞ്ഞിട്ട് പറഞ്ഞു) അവരുടെ നേരെ ഒളികണ്ണിട്ട് പരിഹാസത്തോടെ പറഞ്ഞു: (നിങ്ങൾ തിന്നുന്നില്ലേ? നിങ്ങൾക്ക് എന്തുപറ്റി? നിങ്ങൾ മിണ്ടുന്നില്ലല്ലോ!) തിന്നുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന മൃഗങ്ങളെക്കാൾ ഇവർ നിസ്സഹായരാണെങ്കിൽ നിങ്ങൾ അവരെ ആരാധിക്കുന്നത് എങ്ങനെ ശരിയാകും? അതായത്, ഇവ തിന്നുകയോ സംസാരിക്കുകയോ ചെയ്യാത്ത നിർജീവ വസ്തുക്കകളാണ്.

93. (തുടർന്ന് അദ്ദേഹം അവരുടെ നേരെ തിരിഞ്ഞു. വലതുകൈകൊണ്ട് ഊക്കോടെ അവയെ അടിച്ചു) അതായത് അദ്ദേഹം അവയെ ശക്തിയോടെ അടിക്കാൻ തുടങ്ങി. അവയിൽ ഏറ്റവും വലുതിനെ ഒഴിവാക്കി. അവർ അതിലേക്ക് മടങ്ങിയേക്കാം.

94. (എന്നിട്ട് അവർ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ചുചെന്നു) അദ്ദേഹത്തെ അക്രമിക്കാൻ വിചാരിച്ച് അവർ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്നു. അവർ പറഞ്ഞു:

قَالُوا۟ مَن فَعَلَ هَـٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّـٰلِمِينَ ٥٩

“നമ്മുടെ ദൈവങ്ങളെ ഇത് ചെയ്തവൻ ആരാണ്? തീർച്ചയായും അവർ അക്രമികളിൽ പെട്ടവർ തന്നെയാണ്’’ (21:59)

അവരോട് പറപ്പെട്ടു:

قَالُوا۟ سَمِعْنَا فَتًى يَذْكُرُهُمْ يُقَالُ لَهُۥٓ إِبْرَٰهِيمُ ٦٠

ചിലർ പറഞ്ഞു: “ഇബ്‌റാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരൻ ആ ദൈവങ്ങളെ പറ്റി പരാമർശിക്കുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്’’ (21:60). അവൻ പറയുന്നു:

وَتَٱللَّهِ لَأَكِيدَنَّ أَصْنَـٰمَكُم بَعْدَ أَن تُوَلُّوا۟ مُدْبِرِينَ ٥٧

“അല്ലാഹുവെ തന്നെയാണ്. തീർച്ചയായും നിങ്ങൾ പിന്നിട്ടുപോയതിനു ശേഷം ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തിൽ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്’’ (21:57).

അദ്ദേഹത്തെ അവർ ആക്ഷേപിക്കുകയും വഷളാക്കുകയും ചെയ്്തപ്പോൾ അദ്ദേഹം പറഞ്ഞു:

قَالَ بَلْ فَعَلَهُۥ كَبِيرُهُمْ هَـٰذَا فَسْـَٔلُوهُمْ إِن كَانُوا۟ يَنطِقُونَ ٦٣ فَرَجَعُوٓا۟ إِلَىٰٓ أَنفُسِهِمْ فَقَالُوٓا۟ إِنَّكُمْ أَنتُمُ ٱلظَّـٰلِمُونَ ٦٤ ثُمَّ نُكِسُوا۟ عَلَىٰ رُءُوسِهِمْ لَقَدْ عَلِمْتَ مَا هَـٰٓؤُلَآءِ يَنطِقُونَ ٦٥ قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمْ شَيْـًٔا وَلَا يَضُرُّكُمْ ٦٦

“അദ്ദേഹം പറഞ്ഞു: എന്നാൽ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് അത് ചെയ്തത്. അവർ സംസാരിക്കുമെങ്കിൽ നിങ്ങൾ അവരോട് ചോദിച്ചുനോക്കൂ. അപ്പോൾ അവർ സ്വമനസ്സുകളിലേക്കുതന്നെ മടങ്ങി. എന്നിട്ട് പറഞ്ഞു: ‘തീർച്ചയായും ഞങ്ങൾ തന്നെയാണ് അക്രമകാരികൾ.’ പിന്നെ അവർ നിലപാട് മാറ്റി: ‘ഇവർ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ.’ അദ്ദേഹം പറഞ്ഞു: അപ്പോൾ നിങ്ങൾക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിനു പുറമെ നിങ്ങൾ ആരാധിക്കുകയാണോ?’’(21:63-66).

(95). അദ്ദേഹം പറഞ്ഞു: (നിങ്ങൾതന്നെ കൊത്തിയുണ്ടാക്കിയതിനെയാണോ നിങ്ങൾ ആരാധിക്കുന്നത്?) നിങ്ങളുടെ കൈകൾകൊണ്ട് നിങ്ങൾ ഉണ്ടാക്കുന്നവയെ. എങ്ങനെ നിങ്ങൾ അവയെ ആരാധിക്കും? നിങ്ങൾ തന്നെയല്ലേ അവയെ ഉണ്ടാക്കിയത്? അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനെ നിങ്ങൾ ഉപേക്ഷിക്കുന്നു.

(96-97). (അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങൾ നിർമിക്കുന്നവയെയും സൃഷ്ടിച്ചത്. അവർ (അന്യോന്യം) പറഞ്ഞു: നിങ്ങൾ അവനു (ഇബ്‌റാഹീമിന്) വേണ്ടി ഒരു ചൂളപണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്‌നിയിൽ ഇട്ടേക്കുക). തങ്ങളുടെ ദൈവങ്ങളെ തകർത്തതിനുള്ള ശിക്ഷയായി അവനെ കത്തിയാളുന്ന തീയിലേക്ക് എറിയുക.

(98). (അങ്ങനെ അദ്ദേഹത്തിന്റെ കാര്യത്തിൽ അവർ ഒരു തന്ത്രം ഉദ്ദേശിച്ചു) അദ്ദേഹത്തെ വധിക്കാൻ തീരുമാനിച്ചു. ഏറ്റവും നീചമായ രീതിയിലുള്ള വധം. (എന്നാൽ നാം അവരെ ഏറ്റവും അധമന്മാരാക്കുകയാണ് ചെയ്തത്) അല്ലാഹു അവർക്ക് തിരിച്ചടി നൽകി. അവൻ തീയിനെ തണുപ്പിക്കുകയും ഇബ്‌റാഹീമിനെ സുരക്ഷിതമാക്കുകയും ചെയ്തു.

(99). അവർ അദ്ദേഹത്തോട് ഇത് ചെയ്തു. അവർക്കെതിരെ തെളിവ് സ്ഥാപിക്കുകയും ചെയ്തു. അവരോട് സ്‌നേഹം കാരണം പറഞ്ഞു: (തീർച്ചയായും ഞാനെന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്) പലായനം ചെയ്യുന്നവനായി. അനുഗൃഹീതമായ ദേശത്തേക്ക്. ശാം ദേശത്തേക്ക് ലക്ഷ്യമാക്കി നീങ്ങുകയാണ്. (അവൻ എനിക്ക് വഴികാണിക്കുന്നതാണ്) അതായത് എന്റെ ആത്മീയവും ഭൗതികവുമായ കാര്യങ്ങളിൽ എനിക്ക് ഏറ്റവും ഉത്തമമായത് ഏതാണെന്ന് അവൻ എനിക്ക് കാണിച്ചുതരും. മറ്റൊരു വചനത്തിൽ അല്ലാഹു പറയുന്നു:

وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ ٱللَّهِ وَأَدْعُوا۟ رَبِّى عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّى شَقِيًّا ٤٨

“നിങ്ങളെയും അല്ലാഹുവിനു പുറമെ നിങ്ങൾ പ്രാർഥിച്ചുവരുന്നവയെയും ഞാൻ വെടിയുന്നു. എന്റെ രക്ഷിതാവിനോട് ഞാൻ പ്രാർഥിക്കുന്നു. എന്റെ രക്ഷിതാവിനോട് പ്രാർഥിക്കുന്നതുമൂലം ഞാൻ ഭാഗ്യംകെട്ടവനാകാതിരുന്നേക്കാം’’ (19:48).

(100). (എന്റെ രക്ഷിതാവേ, എനിക്ക് നൽകേണമേ) ഒരു പുത്രനെയാണ് ഇവിടെ ഉദ്ദേശ്യം. അവൻ ആയിരിക്കണം; (സദ്‌വൃത്തരിൽ). തന്റെ ജനതയെ പറ്റി നിരാശപ്പെടുകയും അവരിൽ നന്മയൊന്നും കാണാതിരിക്കുകയും ചെയ്തപ്പോൾ ഒരു സദ്‌വൃത്തനായ പുത്രനെ ലഭിക്കാൻ അദ്ദേഹം പ്രാർഥിച്ചു. അദ്ദേഹത്തിന്റെ ജീവിതകാലത്തും മരണശേഷവും അല്ലാഹു അദ്ദേഹത്തിന് ആ പുത്രൻമൂലം പ്രയോജനം ചെയ്യും.

(101). അല്ലാഹു അദ്ദേഹത്തിന്റെ പ്രാർഥനക്ക് ഉത്തരം നൽകി. (അപ്പോൾ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിച്ചു) ഇത് ഇസ്മായിൽ നബി(അ) ആയിരുന്നു എന്ന് നിസ്സംശയം പറയാം. ശേഷം ഒരു സന്തോഷവാർത്ത കൂടി അറിയിക്കപ്പെടുന്നുണ്ട്. അത് ഇസ്ഹാക്വ്(അ) ആണ്. ഇസ്ഹാക്വ് നബി(അ)യെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ചുകൊണ്ട്

അല്ലാഹു പറയുന്നു:

فَبَشَّرْنَـٰهَا بِإِسْحَـٰقَ وَمِن وَرَآءِ إِسْحَـٰقَ يَعْقُوبَ ٧١

“...അപ്പോൾ അവർക്കു നാം ഇസ്ഹാക്വിനെ ക്കുറിച്ചും ഇസ്ഹാക്വിന്റെ പിന്നാലെ യഅ്ക്വൂബിനെക്കുറിച്ചും സന്തോഷവാർത്ത അറിയി ച്ചു’’(11:71). ഇസ്ഹാക്വി(അ)യല്ല ബലിയറുക്കാൻ കൽപനയുണ്ടായത് എന്നതും ഇതിൽ നിന്ന് വ്യക്തമാണ്.

(102). (പ്രായമെത്തിയപ്പോൾ) കുട്ടിക്ക്. (അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള) പിന്നീട് മകൻ പിതാവിന്റെ കാര്യങ്ങളിൽ സഹായിക്കാൻ കഴിയുന്ന പ്രായം എത്തിയപ്പോൾ. മാതാപിതാക്കൾക്ക് ഏറ്റവും ഇഷ്ടം തോന്നുന്ന പ്രായം. നോക്കുന്നതിനുള്ള പ്രയാസമെല്ലാം നീങ്ങി ഉപകാരം ലഭിക്കാവുന്ന പ്രായം. അപ്പോൾ ഇബ്‌റാഹിം(അ) അവനോട് പറഞ്ഞു: (എന്റെ കുഞ്ഞുമകനേ, ഞാൻ നിന്നെ അറുക്കണമെന്ന് സ്വപ്‌നത്തിൽ കാണുന്നു) നിന്നെ ബലിയറുക്കാൻ അല്ലാഹു എന്നോട് കൽപിച്ചത് ഞാൻ സ്വപ്‌നത്തിൽ കണ്ടു. പ്രവാചകന്മാരുടെ സ്വപ്‌നം വഹ്‌യ് ആണ്. (നീ എന്താണ് അഭിപ്രായപ്പെടുന്നത്) അല്ലാഹു കൽപിച്ചാൽ അത് നടപ്പിലാക്കാതിരിക്കാനാവില്ല. (അദ്ദേഹം പറഞ്ഞു) തന്റെ രക്ഷിതാവിനെ തൃപ്തിപ്പെട്ടും പ്രതിഫലമാഗ്രഹിച്ചും ക്ഷമയോടെയും ഇസ്മായിൽ(അ) പറഞ്ഞു; പിതാവിന് പുണ്യം ചെയ്യുന്നവനായി. (അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്) ക്ഷമിക്കാൻ താൻ തീരുമാനിച്ചതായി ഇസ്മാഈൽ(അ) പിതാവിനോട് പറഞ്ഞു. അല്ലാഹു ഉദ്ദശിച്ചാൽ എന്ന് ചേർത്തുപറയുകയും ചെയ്തു. കാരണം, അവന്റെ ഉദ്ദേശ്യമില്ലാതെ യാതൊന്നും സംഭവിക്കില്ലല്ലോ.