സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 15

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 ജനുവരി 13, 1445 റജബ് 01

അധ്യായം: 39, ഭാഗം 15 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُبَلِ ٱللَّهَ فَٱعْبُدْ وَكُن مِّنَ ٱلشَّـٰكِرِينَ (٦٦) وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦ وَٱلْأَرْضُ جَمِيعًا قَبْضَتُهُۥ يَوْمَ ٱلْقِيَـٰمَةِ وَٱلسَّمَـٰوَٰتُ مَطْوِيَّـٰتٌۢ بِيَمِينِهِۦ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ (٦٧) وَنُفِخَ فِى ٱلصُّورِ فَصَعِقَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ (٦٨) وَأَشْرَقَتِ ٱلْأَرْضُ بِنُورِ رَبِّهَا وَوُضِعَ ٱلْكِتَـٰبُ وَجِا۟ىٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِىَ بَيْنَهُم بِٱلْحَقِّ وَهُمْ لَا يُظْلَمُونَ (٦٩) وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ (٧٠)

66. അല്ല, അല്ലാഹുവെത്തന്നെ നീ ആരാധിക്കുകയും നീ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.

67. അല്ലാഹുവെ കണക്കാക്കേണ്ട നിലയിൽ അവർ കണക്കാക്കിയിട്ടില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ഭൂമി മുഴുവൻ അവന്റെ ഒരു കൈപ്പിടിയിൽ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങൾ അവന്റെ വലതുകൈയിൽ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധൻ! അവർ പങ്കുചേർക്കുന്നതിനെല്ലാം അവൻ അതീതനായിരിക്കുന്നു.

68. കാഹളത്തിൽ ഊതപ്പെടും. അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതിൽ (കാഹളത്തിൽ) മറ്റൊരിക്കൽ ഊതപ്പെടും. അപ്പോഴതാ അവർ എഴുന്നേറ്റ് നോക്കുന്നു.

69. ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭകൊണ്ട് പ്രകാശിക്കുകയും ചെയ്യും. (കർമങ്ങളുടെ) രേഖ വെക്കപ്പെടുകയും പ്രവാചകന്മാരും സാക്ഷികളും കൊണ്ടുവരപ്പെടുകയും ജനങ്ങൾക്കിടയിൽ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല.

70. ഓരോ വ്യക്തിക്കും താൻ പ്രവർത്തിച്ചത് നിറവേറ്റിക്കൊടുക്കപ്പെടുകയും ചെ യ്യും. അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അവൻ നല്ലവണ്ണം അറിയുന്നവനത്രെ.

66). തുടർന്ന് പറയുന്നു: (അല്ല, അല്ലാഹുവിനെത്തന്നെ നീ ആരാധിക്കുക) വിവരമില്ലാത്തവർ കൽപിക്കുന്നത് ശിർക്ക് ചെയ്യാനാണ് എന്ന് പറഞ്ഞപ്പോൾതന്നെ ശിർക്കിന്റെ മ്ലേച്ഛതയെ കുറിച്ചും ആരാധന അല്ലാഹുവിന് മാത്രമാക്കാനും പറഞ്ഞു. (അല്ലാഹുവിനെത്തന്നെ നീ ആരാധിക്കുക) അതായത് ആരാധന അവനു മാത്രമാക്കുക. അവന്ന് പങ്കുകാരില്ല. (നീ നന്ദിയുള്ളവരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക) അല്ലാഹു നൽകുന്ന പ്രത്യേക സഹായത്താൽ നീ അവനോട് നന്ദിയുള്ളവനായിത്തീരുക; ഭൗതികമായി ലഭിച്ച ശരീരത്തിനും സൗഖ്യത്തിനും ഉപജീവനമാർഗം നൽകിയതിനുമെല്ലാം. അതുപോലെതന്നെ മതപരമായ അനുഗ്രഹങ്ങൾക്കും നന്ദി വേണ്ടതാണ്. നിഷ്‌കളങ്കമായി ജീവിക്കാനും തക്വ്‌വ പാലിക്കാനും അനുഗ്രഹിച്ചത് മതപരമായ അനുഗ്രഹങ്ങളാണ്. ഇതെല്ലാം അല്ലാഹു നൽകിയതാണെന്ന് മനസ്സിലാക്കി അവന് നന്ദി ചെയ്യുക. ഇവ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് മനസ്സിലാക്കുകയും അവനോട് നന്ദി പറയുകയും ചെയ്യുന്നത് പലരെയും ബാധിക്കുന്ന, ത‌ന്നെക്കുറിച്ചുള്ള അമിതമായ മതിപ്പിൽ നിന്നും അഹങ്കാരത്തിൽ നിന്നും അവരെ സംരക്ഷിക്കും.

67). അല്ലാഹു പറയുന്നു: അല്ലാഹുവിനെ കണക്കാക്കേണ്ട പ്രകാരം അവൻ കണക്കാക്കിയിട്ടില്ല. മഹത്ത്വപ്പെടുത്തേണ്ടവിധം മഹത്ത്വപ്പെടുത്തിയിട്ടുമില്ല. അവരതിന് നേർവിപരീതം പ്രവർത്തിച്ചു. ഗുണങ്ങളിലും പ്രവർത്തനങ്ങളിലും അവനോടൊപ്പമെത്താത്തവരെ അവനിൽ പങ്കുചേർത്തു. അവരെക്കൊണ്ട് അവർക്ക് ഗുണമോ ദോഷമോ ഇല്ല. അവരൊന്നും നൽകുന്നുമില്ല. തടയുന്നുമില്ല. യാതൊന്നും ഉടമപ്പെടുത്തുന്നുമില്ല.

അപൂർണനായ സൃഷ്ടിയെ അവർ മഹത്ത്വമേറിയ സൃഷ്ടികർത്താവിന് തുല്യനാക്കി. അവന്റെ കഴിവ് പരിധികളില്ലാത്തതാണ്. ഉയിർത്തെഴുന്നേൽപുനാളിൽ പരമകാരുണികൻ ഭൂമിയെ തന്റെ കൈപ്പിടിയിലൊതുക്കും. ആകാശവും ഭൂമിയും എത്ര വിശാലമാണെങ്കിലും അവനതിനെ വലതുകൈയിൽ ചുരുട്ടിപ്പിടിക്കും. അവന് തുല്യരുണ്ടെന്ന് പറയുന്നവർ അർഹിക്കുന്നതുപോലെ അവനെ ആരാധിക്കുന്നില്ല. അതിനെക്കാൾ വലിയ തെറ്റില്ല. (അവനത്രെ പരിശുദ്ധൻ. അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം) അതായത് അവരുടെ ശിർക്കിൽനിന്നും അവൻ പരിശുദ്ധനായിരിക്കുന്നു.

68). അല്ലാഹുവിന്റെ ശക്തിയിൽ ഭയം ജനിപ്പിച്ചുകൊണ്ട് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ എന്തു സംഭവിക്കുമെന്ന് പറഞ്ഞുകൊണ്ട് അല്ലാഹു അവർക്ക് മുന്നറിയിപ്പ് നൽകുന്നു. അങ്ങനെ അല്ലാഹു അവർക്ക് ഭയവും പ്രതീക്ഷയും നൽകിക്കൊണ്ട് പറയുന്നു: (കാഹളത്തിൽ ഊതപ്പെടും). ആ കാഹളം വളരെ വലുതാണ്. അതിന്റെ വലുപ്പം അതിന്റെ സ്രഷ്ടാവിനും അവന്റെ സൃഷ്ടികളിൽനിന്ന് അവൻ അറിവ് നൽകിയവർക്കുമല്ലാതെ അറിയുകയില്ല. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച മലക്ക് ഇസ്‌റാഫീൽ(അ) അതിലൂടെ ഊതും. പരമകാരുണികന്റെ സിംഹാസനം വഹിക്കുന്ന മലക്കാണ് ഇസ്‌റാഫീൽ. (അപ്പോൾ ചലനമറ്റവരായിത്തീരും) ബോധം നഷ്ടപ്പെടുകയോ മരണപ്പെടുകയോ ചെയ്യും. രണ്ടഭിപ്രായവുമുണ്ട്. (ആകാശങ്ങളിലും ഭൂമിയിലുമുള്ളവ) എല്ലാവരും എന്നർഥം. കാഹളത്തിലെ ഊത്ത് കേട്ടാൽ അവർ അതിന്റെ കാഠിന്യത്താൽ ചകിതരാകും. അത് അന്ത്യനാളി ന്റെ മുന്നോടിയായിട്ടുള്ളതാണെന്ന് അവർക്ക് അറിയുമായിരുന്നില്ല. (അല്ലാഹു ഉദ്ദേശിച്ചവരൊഴികെ) കാഹളത്തിലൂതുമ്പോൾ അല്ലാഹു ഉറപ്പിച്ചു നിർത്തിയവർ ബോധരഹിതരാകുന്നില്ല. രക്തസാക്ഷികളെ പോലുള്ള ചിലരാണത്. ആദ്യ ഊത്ത് അബോധാവസ്ഥയുടെയും ഭയത്തിന്റെയും ഊത്താണ്.

(പിന്നീടതിൽ മറ്റൊരിക്കൽ ഊതപ്പെടും) ഉയിർത്തെഴുന്നേൽപിന്റെ ഊത്ത്. (അപ്പോഴതാ അവർ എഴുന്നേൽക്കുന്നു) ക്വബ്‌റുകളിൽ നിന്നും എഴുന്നേൽക്കുന്നു; ഉയിർത്തെഴുന്നേൽപിനും വിചാരണക്കും വേണ്ടി. ആത്മാവും ശരീരവും അവർക്ക് പൂർണമായി ലഭിക്കുന്നു. കണ്ണുകൾ മിഴിച്ച് (അവർ നോക്കുന്നു). എന്താണവരെ അല്ലാഹു ചെയ്യുന്നതെന്നറിയാൻ.

69,70). (ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭ കൊണ്ട് പ്രകാശിക്കുകയും ചെയ്യും) നിലവിലുള്ള പ്രകാശമെല്ലാം നിലച്ചുപോകുമെന്ന് ഇതിൽനിന്ന് മനസ്സിലാകുന്നു. അത് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്; സൂര്യൻ ചുറ്റിപ്പൊതിയപ്പെടുമെന്നും ചന്ദ്രന് ഗ്രഹണം ബാധിക്കുമെന്നും നക്ഷത്രങ്ങൾ ചിതറപ്പെടുമെന്നും. അങ്ങനെ ജനങ്ങൾ ഇരുട്ടിലാകും. അപ്പോൾ ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭയാൽ പ്രകാശിക്കും. അന്നേരം അല്ലാഹു പ്രത്യക്ഷപ്പെടുകയും അവർക്കിടയിൽ തീർപ്പുകൽപിക്കാൻ ഇറങ്ങി വരികയും ചെയ്യും.

അന്ന് അല്ലാഹു സൃഷ്ടികൾക്ക് ശക്തി നൽകും. അവരെ പുനഃസൃഷ്ടി നടത്തും. അവന്റെ വെളിച്ചം അവരെ കരിച്ചുകളയാത്തവിധം അവർക്ക് ശക്തി നൽകും. അവനെ കാണാൻ അവർക്ക് സൗകര്യപ്പെടും. അങ്ങനെയല്ലെങ്കിൽ അവന്റെ പ്രകാശത്തിൽ അവരുടെ മുഖം കരിഞ്ഞുപോകും. സൃഷ്ടിയിലൊരാൾക്കും അവനെ കാണാൻ കഴിയാതെ വരും. (രേഖവെക്കപ്പെടും) കർമരേഖയും റിക്കാർഡും ഹാജരാക്കുകയും നിവർത്തപ്പെടുകയും അതിലെ നന്മ തിന്മകൾ വായിക്കാൻ അല്ലാഹു കൽപിക്കുകയും ചെയ്യും.

وَوُضِعَ ٱلْكِتَـٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَـٰوَيْلَتَنَا مَالِ هَـٰذَا ٱلْكِتَـٰبِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا

“കർമങ്ങളുടെ രേഖ വെക്കപ്പെടും. അപ്പോൾ കുറ്റവാളികളെ അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയിൽ നിനക്ക് കാണാം. അവർ പറയും: ‘ഹേ, ഞങ്ങൾക്ക് നാശം, ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ ഇത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ.’ തങ്ങൾ പ്രവർത്തിച്ചതൊക്കെ ഹാജരായ നിലയിൽ കണ്ടെത്തും. നിന്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല’’(18:49).

കർമങ്ങൾ ചെയ്തവരോട് കാണിക്കുന്ന പൂർണ നീതിയായി അല്ലാഹു പറയുന്നു:

ٱقْرَأْ كِتَـٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًا

“നീ നിന്റെ ഗ്രന്ഥം വായിച്ചുനോക്കുക. എന്നെ സംബന്ധിച്ചിടത്തോളം കണക്ക് നോക്കാൻ ഇന്ന് നീ തന്നെ മതി’’ (17:14).

(പ്രവാചകന്മാർ കൊണ്ടുവരപ്പെടും) അവർ സന്ദേശങ്ങൾ എത്തിച്ചുകൊടുത്തോ എന്നും അവരുടെ സമുദായങ്ങളെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുകയും അവർക്കെതിരെ സാക്ഷ്യം വഹിക്കുകയും ചെയ്യും. (സാക്ഷികളെയും) മലക്കുകൾ, മനുഷ്യരുടെ അവയവങ്ങൾ, ഭൂമി എന്നിവ. (അവർക്കിടയിൽ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും) പൂർണനീതി. കാരണം അതുണ്ടാകുന്നത് അണുമണി അനീതി ചെയ്യാത്തവനിൽനിന്നാണ്. എല്ലാം സൂക്ഷ്മമായി അറിയുന്നവൻ. സംരക്ഷിത ഫലകങ്ങളിലാണ് അവന്റെ രേഖകൾ സൂക്ഷിക്കുന്നത്; മാന്യന്മാരായ മലക്കുകളാൽ. അവരാകട്ടെ, തങ്ങളുടെ രക്ഷിതാവിനോട് എതിരുപ്രവർത്തിക്കാത്തവർ. അവർ പ്രവർത്തിച്ചതെല്ലാം മലക്കുകൾ എഴുതും. നീതിമാന്മാരായ സാക്ഷികൾ ശിക്ഷയുടെയും പ്രതിഫലത്തിന്റെയും തോതുകൾ കൃത്യമായി കണക്കാക്കാൻ അറിയുന്നവർ. സൃഷ്ടികൾക്ക് അംഗീകരിക്കാവുന്ന തീരുമാനങ്ങൾ. അവർ അല്ലാഹുവിനെ സ്തുതിക്കുന്നു. അവന്റെ മഹത്ത്വം അറിയുന്നു. അവന്റെ അറിവിനെക്കുറിച്ചും യുക്തിയെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും അവർക്കറിയാം; അവർ ചിന്തിക്കാത്തതും പറയാത്തതും പോലും. അതാണ് അല്ലാഹു പറയുന്നത്: “ഓരോ വ്യക്തിക്കും താൻ പ്രവർത്തിച്ചത് നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും.’’