സൂറ: സ്സബഅ്, ഭാഗം 09
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 നവംബർ 09, 1446 ജു. ഊലാ 07
അധ്യായം: 34, ഭാഗം 09 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
48. തീർച്ചയായും എന്റെ രക്ഷിതാവ് സത്യത്തെ ഇട്ടുതരുന്നു. (അവൻ) അദൃശ്യകാര്യങ്ങൾ നല്ലവണ്ണം അറിയുന്നവനാകുന്നു.
49. നീ പറയുക: സത്യം വന്നുകഴിഞ്ഞു. അസത്യം (യാതൊന്നിനും) തുടക്കം കുറിക്കുകയില്ല. (യാതൊന്നും) പുനഃസ്ഥാപിക്കുകയുമില്ല.
50. നീ പറയുക: ഞാൻ പിഴച്ചുപോയിട്ടുണ്ടെങ്കിൽ ഞാൻ പിഴക്കുന്നതിന്റെ ദോഷം എനിക്കുതന്നെയാണ്. ഞാൻ നേർമാർഗം പ്രാപിച്ചുവെങ്കിലോ അത് എനിക്ക് എന്റെ രക്ഷിതാവ് ബോധനം നൽകുന്നതിന്റെ ഫലമായിട്ടാണ്. തീർച്ചയായും അവൻ കേൾക്കുന്നവനും സമീപസ്ഥനുമാകുന്നു.
51. അവർ (സത്യനിഷേധികൾ) പരിഭ്രാന്തരായിപ്പോയ സന്ദർഭം നീ കണ്ടിരുന്നെങ്കിൽ! എന്നാൽ അവർ (പിടിയിൽനിന്ന്) ഒഴിവാകുകയില്ല. അടുത്ത സ്ഥലത്തുനിന്ന് തന്നെ അവർ പിടിക്കപ്പെടും.
52. ഇതിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്നവർ പറയുകയും ചെയ്യും. വിദൂരമായ ഒരു സ്ഥലത്തുനിന്ന് അവർക്ക് എങ്ങനെയാണ് (ആ വിശ്വാസം) നേടിയെടുക്കാൻ കഴിയുക?
53. മുമ്പ് അവർ അതിൽ അവിശ്വസിച്ചതായിരുന്നു. വിദൂരസ്ഥലത്തുനിന്ന് നേരിട്ടറിയാതെ അവർ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
54. അങ്ങനെ മുമ്പ് അവരുടെ പക്ഷക്കാരെക്കൊണ്ട് ചെയ്തത് പോലെത്തന്നെ അവർക്കും അവർ ആഗ്രഹിക്കുന്ന കാര്യത്തിനുമിടയിൽ തടസ്സം സൃഷ്ടിക്കപ്പെട്ടു. തീർച്ചയായും അവർ അവിശ്വാസജനകമായ സംശയത്തിലായിരുന്നു.

(48) സത്യത്തിന്റെ സ്വീകാര്യതയ്‌ക്കുള്ള തെളിവും അസത്യത്തിന്റെ നിരർഥകതയും വ്യക്തമായി തെളിയിച്ചശേഷം അല്ലാഹു അറിയിക്കുന്നത് അവൻ സത്യത്തെ അസത്യത്തിനെതിരെ എറിയുന്നു എന്നാണ്. അങ്ങനെ അതിനെ തകർത്തു കളയുന്നു എന്നാണ്. മുൻ വാക്യങ്ങളിൽ അവൻ സത്യത്തെ ഉയർത്തിക്കാട്ടുകയും അതോടൊപ്പം അവിശ്വാസത്തിന്റെ നിരർഥകത ബോധ്യപ്പെടുത്തുകയും ചെയ്തു. ഇത് പഠിക്കാൻ തയ്യാറുള്ളവർക്ക് ഒരു പാഠമാണ്.
നിഷേധികളുടെ കാഴ്ചപ്പാടുകൾ പരാജയപ്പെടുന്നതും അവരുടെ നുണകളും ശാഠ്യങ്ങളും തുറന്നുകാട്ടപ്പെടുന്നതും സത്യം വിജയിക്കുകയും അസത്യം പരാജയപ്പെടുകയും ചെയ്യുന്നതും എങ്ങനെയാണെന്ന് കാണാം. കാരണം ഇതെല്ലാം പറഞ്ഞുതരുന്നത് (അദൃശ്യകാര്യങ്ങൾ നല്ലവണ്ണം അറിയുന്നവാകുന്നു). അവനറിയാം, അവരുടെ മനസ്സുകളിൽ അവർ മറച്ചുവെച്ച സംശയങ്ങളും ആശയക്കുഴപ്പങ്ങളും. അതിനെ എതിർക്കുന്നവരുടെ തെളിവുകളും അവനറിയാം. അവൻ തന്റെ ദാസനെ പഠിപ്പിക്കുന്നു. അവർക്കത് വ്യക്തമാക്കി കൊടുക്കുകയും ചെയ്യുന്നു.
(49). അതാണ് അല്ലാഹു പറഞ്ഞത്: (പറയുക: സത്യം വന്നു) അതായത്, അത് പ്രത്യക്ഷപ്പെടുകയും പ്രഭാതം പോലെ വ്യക്തമാകുകയും അതിന്റെ അധികാരം പ്രകടമാവുകയും ചെയ്തു. (അസത്യം തുടക്കം കുറിക്കുകയോ പുനഃസ്ഥാപിക്കുകയോ ഇല്ല) അസത്യത്തിന് ഒന്നും ആരംഭിക്കാനോ പുനഃസ്ഥാപിക്കാനോ കഴിയില്ല. അതായത്, അസത്യം ഇല്ലാതായിക്കൊണ്ടിരിക്കുകയും നിരർഥകമാകുകയും അധികാരം നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട് അത് ഒന്നും ആരംഭിക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യുന്നില്ല.
(50). പ്രവാചകൻ ക്ഷണിച്ചത് സത്യമാണെന്ന് വ്യക്തമായപ്പോൾ അവിശ്വാസികൾ അദ്ദേഹത്തെ വഴിപിഴച്ചവനെന്ന് ആക്ഷേപിച്ചു. അല്ലാഹു അവർക്ക് സത്യം വ്യക്തമാക്കി കൊടുത്തു. അതിനെ നേരിടാൻ അവർ അശക്തരാണെന്നും അവരെ അറിയിച്ചു. സത്യത്തിന്റെ മേൽ വഴികേട് ആരോപിക്കുന്നതുകൊണ്ട് അതിന് യാതൊന്നും സംഭവിക്കുകയില്ല. ഇനി അദ്ദേഹം തന്നെ വഴിതെറ്റിയാലും - അതുണ്ടാകില്ല-
അതിന്റെ ദോഷം അദ്ദേഹത്തിനുതന്നെ. അതായത്, അദ്ദേഹം വഴിതെറ്റുന്നതുകൊണ്ടുള്ള ദോഷം അദ്ദേഹത്തിൽ മാത്രം പരിമിതമാണ്. അത് മറ്റൊരാൾക്ക് ദോഷം വരുത്തില്ല.
(ഞാൻ നേർമാർഗം പ്രാപിച്ചുവെങ്കിലോ) അതെന്റെ കഴിവോ ശക്തിയോ അല്ല, മറിച്ച് എന്റെ സന്മാർഗം പ്രാപിക്കൽ (അത് എനിക്കെന്റെ രക്ഷിതാവ് ബോധനം നൽകുന്നതിന്റെ ഫലമായിട്ടാണ്) അതാണ് എന്റെയും മറ്റുള്ളവരുടെയും സന്മാർഗത്തിന്റെ നിമിത്തം. തീർച്ചയായും എന്റെ രക്ഷിതാവ് (കേൾക്കുന്നവനും) എല്ലാ ശബ്ദങ്ങളും വാക്കുകളും (സമീപസ്ഥനുമാകുന്നു) അവനോട് പ്രാർഥിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്നവർക്ക്.
(51). അല്ലാഹു പറയുന്നു: (നീ കണ്ടിരുന്നുവെങ്കിൽ) ഓ, പ്രവാചകരേ, താങ്കളോ താങ്കളുടെ ദൗത്യം നിർവഹിക്കുന്നവരോ ഈ നിഷേധികളുടെ അവസ്ഥ കണ്ടാൽ. (അവർ പരിഭ്രാന്തരായിപ്പോയ സന്ദർഭം) ശിക്ഷയും ദൂതന്മാർ അവരോട് അറിയിച്ചതും കണ്ടപ്പോൾ. പക്ഷേ, അവർ അതിനെ നിഷേധിച്ചിരുന്നു. അപ്പോൾ നിങ്ങൾ ആ ഭീകരമായ രംഗം കാണും. ഭയാനകമായ രംഗം. തീവ്രമായ ദുരിതത്തിന്റെ ഭയാനകമായ ഒരു കാഴ്ച. അന്ന് ശിക്ഷ അവരുടെമേൽ വരുമ്പോൾ അവർക്ക് ഒളിച്ചോടാനോ രക്ഷപ്പെടാനോ ഒരിടവുമുണ്ടായില്ല. (അടുത്ത സ്ഥലത്തുനിന്നുതന്നെ അവർ പിടിക്കപ്പെട്ടു) ശിക്ഷയുടെ സ്ഥലത്തിന് അടുത്താണവർ ഉള്ളത്. അവിടുന്നവർ പിടിക്കപ്പെടും. എന്നിട്ട് നരകത്തിലേക്ക് എറിയപ്പെടും.
(54). (അവർ പറയും:) ആ സമയത്ത് അവർ പറയും: ‘ഇപ്പോൾ ഞങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നു. ഞങ്ങൾ കളവാക്കിയതെല്ലാം ഞങ്ങൾ സത്യപ്പെടുത്തുന്നു.’ പക്ഷേ, എവിടെനിന്നാണ് (അവർക്ക് നേടിയെടുക്കാൻ കഴിയുക?) വിശ്വാസം സ്വീകരിക്കാൻ കഴിയുക. (വിദൂരമായ ഒരു സ്ഥലത്തുനിന്ന്) അവർക്കിടയിൽ മറയിടപ്പെട്ടു. ഈ സമയത്ത് അത് അസാധ്യമായ കാര്യമാണ്.
(53). അത് സാധ്യമായ സമയത്ത് അവർ വിശ്വസിച്ചിരുന്നുവെങ്കിൽ അവരുടെ വിശ്വാസം അംഗീകരിക്കപ്പെടുമായിരുന്നു. പക്ഷേ, അവർ (മുമ്പ് അവർ അതിൽ അവിശ്വസിച്ചതായിരുന്നു. അവർ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു) ആക്ഷേപം. (വിദൂരസ്ഥലത്തുനിന്ന് നേരിട്ടറിയാതെ) സത്യത്തെ തകർക്കാൻ അവർ അസത്യം കൊണ്ട് അതിനെ എറിഞ്ഞു. പക്ഷേ, അവർക്കത് തകർക്കാനാവില്ല; ദൂരെ നിന്നെറിയുന്ന ഒരാൾക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയാത്തപോലെ. അതുപോലെ തന്നെ അസത്യത്തിന് സത്യത്തെ അതിജയിക്കാനാവില്ല. സത്യത്തിന്റെ ആളുകൾ അശ്രദ്ധയിൽ ആയിരിക്കുമ്പോൾ അസത്യത്തിന് അൽപസമയത്തേക്ക് മുൻതൂക്കം ലഭിച്ചേക്കാം. എന്നാൽ സത്യത്തിന്റെ ആളുകൾ ശ്രദ്ധയോടെ അസത്യത്തെ ചെറുക്കുമ്പോൾ അത് തകർക്കപ്പെടും.
(54). അവർക്കും അവർ ആഗ്രഹിക്കുന്ന കാര്യത്തിനുമിടയിൽ തടസ്സം സൃഷ്ടിക്കപ്പെടും) അതായത്, ശാരീരിക സുഖങ്ങൾ, സന്താനങ്ങൾ, സമ്പത്ത്, സേവകർ, സൈന്യം തുടങ്ങിയവയെല്ലാം നഷ്ടപ്പെടും. അവരും അവരുടെ കർമങ്ങളും മാത്രം. അവർ ഒറ്റക്ക് വരും. അവർക്ക് ഇഹലോകത്ത് ലഭിച്ച സുഖങ്ങളെല്ലാം അവർ ഉപേക്ഷിക്കും. (അങ്ങനെ മുമ്പ് അവരുടെ പക്ഷക്കാരെ കൊണ്ട് ചെയ്തതുപോലെ തന്നെ) മുൻ സമുദായങ്ങളെ. അവർക്ക് നാശം വന്നപ്പോൾ അവരുടെ മോഹങ്ങളെല്ലാം തടയപ്പെട്ടു. (തീർച്ചയായും അവർ അവിശ്വാസജനകമായ സംശയത്തിലായിരുന്നു) അത് സംശയവും അസ്വസ്ഥയും ഉണ്ടാക്കി. അതിനാൽ അവർ വിശ്വസിച്ചില്ല. അവർ തിരുത്താൻ ശ്രമിച്ചാൽ ഇനി അനുവദിക്കില്ല.
സൂറതുസ്സബഇന്റെ വ്യാഖ്യാനം അവസാനിക്കുന്നു. എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന്. അവനിൽനിന്നാണ് സഹായം. അവനിലേക്കാണ് ഭരമേൽപിക്കുന്നത്.

