സൂറ: ഫാത്വിർ(സ്രഷ്ടാവ്), ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 ആഗസ്റ്റ് 31, 1446 സ്വഫർ 27

അധ്യായം: 35, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ثُمَّ أَوْرَثْنَا ٱلْكِتَـٰبَ ٱلَّذِينَ ٱصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِۦ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌۢ بِٱلْخَيْرَٰتِ بِإِذْنِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ (٣٢) جَنَّـٰتُ عَدْنٍ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ (٣٣) وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَذْهَبَ عَنَّا ٱلْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ (٣٤) ٱلَّذِىٓ أَحَلَّنَا دَارَ ٱلْمُقَامَةِ مِن فَضْلِهِۦ لَا يَمَسُّنَا فِيهَا نَصَبٌ وَلَا يَمَسُّنَا فِيهَا لُغُوبٌ (٣٥) وَٱلَّذِينَ كَفَرُوا۟ لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا۟ وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِى كُلَّ كَفُورٍ (٣٦) وَهُمْ يَصْطَرِخُونَ فِيهَا رَبَّنَآ أَخْرِجْنَا نَعْمَلْ صَـٰلِحًا غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ ۖ فَذُوقُوا۟ فَمَا لِلظَّـٰلِمِينَ مِن نَّصِيرٍ (٣٧) إِنَّ ٱللَّهَ عَـٰلِمُ غَيْبِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ (٣٨)

32. പിന്നീട് നമ്മുടെ ദാസൻമാരിൽനിന്ന് നാം തെരഞ്ഞെടുത്തവർക്ക് നാം വേദഗ്രന്ഥം അവകാശപ്പെടുത്തികൊടുത്തു. അവരുടെ കൂട്ടത്തിൽ സ്വന്തത്തോട് അന്യായം ചെയ്തവരുണ്ട്. മധ്യനിലപാടുകാരും അവരിലുണ്ട്. അല്ലാഹുവിന്റെ അനുമതിയോടെ നൻമകളിൽ മുൻകടന്നവരും അവരിലുണ്ട്. അതുതന്നെയാണ് മഹത്തായ അനുഗ്രഹം.

33. സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകളിൽ അവർ പ്രവേശിക്കുന്നതാണ്. സ്വർണംകൊണ്ടുള്ള ചില വളകളും മുത്തും അവർക്ക് അവിടെ അണിയിക്കപ്പെടും. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും.

34. അവർ പറയും: ‘ഞങ്ങളിൽനിന്നും ദുഃഖം നീക്കം ചെയ്ത അല്ലാഹുവിന് സ്തുതി. തീർച്ചയായും ഞങ്ങളുടെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രെ.

35. തന്റെ അനുഗ്രഹത്താൽ സ്ഥിരവാസത്തിനുള്ള ഈ ഭവനത്തിൽ ഞങ്ങളെ കുടിയിരുത്തിയവനാകുന്നു അവൻ. യാതൊരു ബുദ്ധിമുട്ടും ഇവിടെ ഞങ്ങളെ ബാധിക്കുകയില്ല. യാതൊരു ക്ഷീണവും ഇവിടെ ഞങ്ങളെ സ്പർശിക്കുകയില്ല.’

36. അവിശ്വസിച്ചവരാരോ അവർക്കാണ് നരകാഗ്‌നി. അവരുടെ മേൽ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കിൽ അവർക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയിൽ നിന്ന് ഒട്ടും അവർക്ക് ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവർക്കും നാം പ്രതിഫലം നൽകുന്നു.

37. അവർ അവിടെ വെച്ച് മുറവിളികൂട്ടും: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്) ചെയ്തിരുന്നതി ൽനിന്ന് വ്യത്യസ്തമായി ഞങ്ങൾ സൽകർമം ചെയ്തുകൊള്ളാം.’ (അപ്പോൾ നാം പറയും:) ‘ആലോചിക്കുന്നവന് ആലോചിക്കാൻ മാത്രം നിങ്ങൾക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരൻ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാൽ നിങ്ങൾ അനുഭവിച്ചുകൊള്ളുക. അക്രമികൾക്ക് യാതൊരു സഹായിയുമില്ല.’

38. തീർച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യങ്ങൾ അറിയുന്നവനാകുന്നു. തീർച്ചയായും അവൻ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.

32). (അല്ലാഹു പറയുന്നു: (പിന്നീട് നമ്മുടെ ദാസന്മാരിൽനിന്ന് നാം തെരഞ്ഞെടുത്തവർക്ക് നാം വേദഗ്രന്ഥം അവകാശപ്പെടുത്തികൊടുത്തു) അവരാണ് ഈ സമുദായം. (അവരുടെ കൂട്ടത്തിൽ സ്വന്തത്തോട് അന്യായം ചെയ്തവരുണ്ട്) നിഷേധമല്ലാത്ത മറ്റു തെറ്റുകൾ ചെയ്തവർ. (മധ്യമനിലപാടുകാരും അവരിലുണ്ട്) നിഷിദ്ധങ്ങളെ ഉപേക്ഷിക്കുകയും നിർബന്ധമായത് മാത്രം ചെയ്യുകയും ചെയ്യുന്നവർ. (നന്മകളിൽ മുൻകടന്നവരും അവരിലുണ്ട്). അതായത് അവർ നന്മ ചെ യ്യാൻ തിടുക്കം കൂട്ടുകയും കഠിനപരിശ്രമം നടത്തുകയും അവരതിൽ മറ്റുള്ളവരെ മുൻകടക്കുകയും ചെയ്യും. നിർബന്ധ കാര്യങ്ങൾ അവർ ചെയ്യും. സുന്നത്തുകൾ അധികരിപ്പിക്കും. നിഷിദ്ധവും നിരുത്സാഹപ്പെടുത്തപ്പെട്ടതുമായ കാര്യങ്ങളെ ഉപേക്ഷിക്കും. അവരുടെ പദവികളും സാഹചര്യവും വ്യത്യസ്തമാണെങ്കിലും ഈ ഗ്രന്ഥത്തിന്റെ അനന്തരാവകാശത്തിനായി അല്ലാഹു അവരെയെല്ലാം തെരഞ്ഞെടുത്തു. അവരിൽ ഓരോരുത്തർക്കും ഈ അനന്തരാവകാശത്തിൽ ഒരു പങ്കുണ്ട്. സ്വന്തത്തോട് തിന്മപ്രവർത്തിച്ചവർക്കു പോലും. കാരണം അവനു അടിസ്ഥാന വിശ്വാസമുണ്ട്. വിശ്വാസത്തെക്കുറിച്ചുള്ള അറിവും അതനുസരിച്ച പ്രവർത്തനവും എല്ലാം ആ ഗ്രന്ഥത്തിന്റെ അനന്തരാവകാശത്തിന്റെ ഭാഗമാണ്. ഗ്രന്ഥം അനന്തരമെടുക്കുക എന്ന് വെച്ചാൽ അതിന്റെ അറിവും പ്രവർത്തനവും പഠനവും ആശയം ഗ്രഹിക്കലും എല്ലാം ഉൾപ്പെടും.

(അല്ലാഹുവിന്റെ അനുമതിയോടെ) എന്ന വാചകം, നന്മ ചെയ്യുന്നതിൽ മുൻകടക്കുന്നവരെ കുറിച്ചാണ്. അവരുടെ പ്രവൃത്തികൾ കാരണം അഹങ്കാരികളാകരുത് എന്ന് സൂചിപ്പിക്കുന്നു. കൂടുതൽ പ്രവർത്തിക്കാനായത് അല്ലാഹുവിന്റെ സഹായവും തൗഫീഖും കൊണ്ടാണ്. അതിനാൽ അവന് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹത്തിൽ അവൻ നന്ദി കാണിക്കണം. (അതുതന്നെയാണ് മഹത്തായ അനുഗ്രഹം) തന്റെ ദാസന്മാരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകുന്ന ആ മഹത്തായ ഗ്രന്ഥത്തിന്റെ അനന്തരാവകാശം. മഹത്തായ അനുഗ്രഹമാണ്. അതിനെ അപേക്ഷിച്ച് മറ്റെല്ലാ അനുഗ്രഹവും നിസ്സാരമാണ്. എല്ലാ അനുഗ്രഹങ്ങളെക്കാളും ഏറ്റവും വലിയ അനുഗ്രഹം ഈ ഗ്രന്ഥത്തിന്റെ അനന്തരാവകാശമാണ്.

33). ആ ഗ്രന്ഥം അനന്തരാവകാശമായി നൽകപ്പെട്ടവർക്ക് ലഭിക്കുന്ന പ്രതിഫലമാണ് തുടർന്ന് പറയുന്നത്. (സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകളിൽ അവർ പ്രവേശിക്കുന്നതാണ്. മരങ്ങളുള്ള നിഴലും മനോഹര തോട്ടങ്ങളും ഒഴുകുന്ന നദികളും ഉന്നത കൊട്ടാരങ്ങളും ഒരിക്കലും കേടുവരാത്ത അലംകൃത ഭവനങ്ങളും അവസാനിക്കാത്ത ജീവിതവും ഉള്ള സ്വർഗം.

(സ്വർണം കൊണ്ടുള്ള ചില വളകൾ അവർക്ക് അണിയിക്കപ്പെടും) ഇത് കൈത്തണ്ടയിൽ ധരിക്കുന്ന ഭംഗിയുള്ളതും അവരുടെ ഇഷ്ടമനുസരിച്ചുള്ളതുമായ ആഭരണങ്ങളാണ്. സ്വർഗത്തിൽ സ്ത്രീകളും പുരുഷന്മാരും അത്തരം അലങ്കാരങ്ങൾ ധരിക്കും. അവരുടെ വസ്ത്രങ്ങളും ശരീരങ്ങളും മുത്തുകൾകൊണ്ട് അലങ്കരിക്കപ്പെടും. (അവിടെ അവരുടെ വസ്ത്രം പട്ട് ആയിരിക്കും) പല നിറങ്ങളിലുള്ള നേർത്ത പട്ടുവസ്ത്രങ്ങൾ.

34) പിന്നീട് അവരുടെ സമ്പൂർണ സുഖങ്ങളും പൂർണതയിലെത്തിയ ആ സ്വാദനങ്ങളും കണ്ടതിനുശേഷം അവർ പറയും: (ഞങ്ങളിൽ നിന്ന് ദുഃഖം നീക്കം ചെയ്ത അല്ലാഹുവിൽ സ്തുതി) എല്ലാ ദുഃഖവും ഇതിൽ പെടും. ഭംഗി കുറഞ്ഞെന്ന ദുഃഖമോ ഭക്ഷണ പാനീയങ്ങൾ കുറഞ്ഞുപോയെന്നോ ശാരീരിക ആസ്വാദനങ്ങൾ ലഭിക്കുന്നില്ലെന്നോ താമസം സ്ഥിരമല്ലെന്നോ തുടങ്ങിയ യാതൊരു ദുഃഖവും അവർക്കുണ്ടാകില്ല. അവർ ആനന്ദം അനുഭവിച്ചുകൊണ്ടേയിരിക്കും. അതെങ്ങനെ വർധിച്ചുകൊണ്ടിരിക്കുന്നു എന്ന് കാണാൻ കഴിയില്ല. അത് എന്നെന്നും വർധിച്ചുകൊണ്ടേയിരിക്കും. (ഞങ്ങളുടെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനത്രെ) ഞങ്ങളുടെ പിഴവുകൾ ഞങ്ങൾക്ക് പൊറുത്തുതരും. (നന്ദിയുള്ളവനും) ഞങ്ങളുടെ നന്മകൾ സ്വീകരിക്കുകയും പ്രതിഫലം ഇരട്ടിപ്പിച്ച് നൽകുകയും ചെയ്തവൻ. ഞങ്ങളുടെ പ്രവർത്തനങ്ങൾ കൊണ്ട് എത്തിപ്പിടിക്കാൻ കഴിയാത്തത്, ഞങ്ങൾക്ക് മോഹിക്കാൻ പോലും കഴിയാത്തത് അവന്റെ ഔദാര്യത്താൽ അവൻ തന്നു. അവന്റെ പാപമോചനത്താൽ എല്ലാ പ്രയാസങ്ങളിൽനിന്നും അവർ രക്ഷപ്പെട്ടു. അവന്റെ നന്ദികൊണ്ടും ഔദാര്യം കൊണ്ടും എല്ലാ ഇഷ്ടവും അനുഗ്രഹങ്ങളും അവർ നേടി.

35). (സ്ഥിരവാസത്തിനുള്ള ഈ ഭവനത്തിൽ ഞങ്ങളെ കുടിയിരുത്തിയവൻ) സ്ഥിരതാമസത്തിനായി ഞങ്ങളെ ഇറക്കിയവൻ. ഇനി ഇവിടുന്ന് എങ്ങോട്ടും പോകേണ്ടതില്ല. (സ്ഥിരവാസത്തിനുള്ള ഭവനം) എന്നെന്നും താമസിക്കാൻ പറ്റുന്ന ഭവനം. താമസം കൊതിക്കുന്ന ഭവനം. അതിനുമാത്രം സന്തോഷങ്ങളും നിലയ്ക്കാത്ത ആഹ്ലാദങ്ങളും ഉണ്ടവിടെ. എല്ലാ പ്രതികൂലതകളും ഉണ്ടായിട്ടും ആ താമസം സാധ്യമായത് ഞങ്ങളുടെ രക്ഷിതാവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടാണ്; ഞങ്ങളുടെ പ്രവർത്തനങ്ങൾ കൊണ്ടല്ല, അവന്റെ ഔദാര്യമില്ലെങ്കിൽ ഞങ്ങൾ ഇന്നെത്തിയ ഈ സ്ഥലത്ത് എത്തിച്ചേരുമായിരുന്നില്ല. (യാതൊരു ബുദ്ധിമുട്ടും ഇവിടെ ഞങ്ങളെ ബാധിക്കുകയില്ല. യാതൊരു ക്ഷീണവും ഇവിടെ ഞങ്ങളെ സ്പർശിക്കുകയില്ല) ശരീരത്തിനോ മനസ്സിനോ ശക്തിക്കോ യാതൊരു ക്ഷീണവും ബാധിക്കില്ല. അമിതമായ ആനന്ദം മൂലവും ക്ഷീണം വരില്ല. ഇതിൽനിന്ന് മനസ്സിലാകുന്നത്, അല്ലാഹു അവരുടെ ശരീരത്തിന് പൂർണമായ സൃഷ്ടിപ്പ് നൽകുമെന്നാണ്. എല്ലായ്‌പ്പോഴും സുഖവും ആശ്വാസവും ലഭിക്കാൻ ആവശ്യമായതെല്ലാം ഒരുക്കുമെന്ന് ഇതിൽ സൂചനയുണ്ട്. അവർ എപ്പോഴും അങ്ങനെ യായിരിക്കും. അധ്വാനമോ ക്ഷീണമോ വിഷമമോ ഒന്നും ഒരിക്കലും ഉണ്ടാകില്ല. അവരെ അതൊന്നും ബാധിക്കില്ല.

സ്വർഗത്തിൽ അവർ ഉറങ്ങില്ലെന്നും ഇതിൽ സൂചനയുണ്ട്. കാരണം ഉറക്കത്തിന്റെ പ്രയോജനം വിശ്രമവും ക്ഷീണത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുക എന്നതാണ്. അതിനാൽ സ്വർഗത്തിലെ ആളുകൾക്ക് അത് ആവശ്യമില്ല. മാത്രമല്ല, ഉറക്കം ലഘു മരണമാണ്. സ്വർഗക്കാർ ഒരിക്കലും മരിക്കുകയില്ല. അല്ലാഹു അവന്റെ അനുഗ്രഹത്താൽ അവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ.

36). സ്വർഗത്തിലെ ആളുകൾ എങ്ങനെ യായിരിക്കുമെന്നും അവർ ആസ്വദിക്കുന്ന സുഖങ്ങളെക്കുറിച്ചും പരാമർശിച്ച ശേഷം, അല്ലാഹു നരകത്തിലെ ആളുകൾ എങ്ങനെയായിരിക്കുമെന്നും അവർ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും പറയുന്നു. (സത്യനിഷേധികൾ) ദൂതന്മാർ കൊണ്ടുവന്ന ദൃഷ്ടാന്തങ്ങളെ തള്ളിക്കളയുകയും തങ്ങളുടെ രക്ഷിതാവുമായുള്ളള കൂടിക്കാഴ്ചയെ നിഷേധിക്കുകയും ചെയ്തവർ. (അവർക്കാണ് നരകാഗ്നി) ഏറ്റവും കഠിനമായ ശിക്ഷയും ശക്തമായ പീഡനങ്ങളും ഉണ്ട്. (അവരുടെ മേൽ-മരണം-വിധിക്കപ്പെടുന്നതല്ല). (എങ്കിൽ അവർക്ക് മരിക്കാമായിരുന്നു) അങ്ങനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാമായിരുന്നു. (അതിലെ ശിക്ഷയിൽനിന്ന് ഒട്ടും അവർക്ക് ഇളവ് ചെയ്യപ്പെടുകയുമില്ല) ശിക്ഷയുടെ തീവ്രതയും ശക്തിയും എല്ലാ സമയത്തും തുടരും. (അപ്രകാരം എല്ലാ നന്ദികെട്ടവനും നാം പ്രതിഫലം നൽകുന്നു).

37). (അവർ അവിടെവെച്ച് മുറവിളികൂട്ടും) ഉച്ചത്തിൽ അവർ നിലവിളിക്കും. സഹായത്തിനായി അപേക്ഷിക്കും. (ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്താക്കേണമേ. (-മുമ്പ്- ചെയ്തിരുന്നതിൽനിന്ന് വ്യത്യസ്തമായി ഞങ്ങൾ സൽകർമം ചെയ്തുകൊള്ളാം) അവർ തങ്ങളുടെ പാപം അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യും. അല്ലാഹു അവരോട് നീതി കാണിച്ചുവെന്ന് തിരിച്ചറിയും. എന്നാൽ അവർ ഒരു മടക്കം ആവശ്യപ്പെടുന്നത് അതിന്റെ സമയത്തല്ല. (നിങ്ങൾക്ക് നാം ആയുസ്സ് തന്നില്ലേ?) വയസ്സും കാലവും. (ആലോചിക്കുന്നവന് ആലോചിക്കാൻ മാത്രം) ആ സമയത്ത് ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ചില സൽകർമങ്ങൾ ചെയ്യാൻ അവസരമുണ്ടായിരുന്നു. ഇഹലോകത്ത് നാം നിങ്ങൾക്ക് സുഖകരമായ ഒരു ജീവിതം നൽകി. നിങ്ങൾക്ക് അനുഗ്രഹങ്ങൾ വർഷിച്ചു. നിങ്ങൾക്ക് എല്ലാ സുഖസൗകര്യങ്ങളും നൽകി. നിങ്ങൾക്ക് വേണ്ടത്ര ആയുസ്സ് നീട്ടിത്തരികയും ചെയ്തു. ഒന്നിനു പുറമെ ഒന്നായി ദൃഷ്ടാന്തങ്ങളും നൽകി. (താക്കീതുകാരൻ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു) താക്കീതുകാർ നിങ്ങളിലേക്ക് തുടർച്ചയായി വന്നുകൊണ്ടിരുന്നു. നിങ്ങൾ നമ്മിലേക്ക് ഖേദിച്ചു മടങ്ങാൻ വേണ്ടി എളുപ്പവും പ്രയാസങ്ങളുമായി നിങ്ങളെ പരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

എന്നാൽ ഒരു മുന്നറിയിപ്പും നിങ്ങൾക്ക് പ്രയോജനപ്പെടില്ല. നിങ്ങളുടെ നിശ്ചിതസമയം തീരുകയും ജീവിതം അവസാനിക്കുകയും ചെയ്യുന്നതുവരെ നിങ്ങളുടെ ശിക്ഷ വൈകിപ്പിച്ചു. അങ്ങനെ നിങ്ങൾ ഈ ലോകത്ത് എത്തി. ഇത് പ്രതിഫലം നൽകുന്ന ലോകമാണ്. ഇപ്പോൾ നിങ്ങൾ മടങ്ങിപ്പോകാൻ ആവശ്യപ്പെടുന്നു. അതൊരിക്കലും സംഭവിക്കില്ല. ഇപ്പോൾ വളരെ വൈകിയിരിക്കുന്നു. പരമകാരുണികൻ നിങ്ങളോട് കോപിച്ചു. നരകശിക്ഷ നിങ്ങളുടെമേൽ കഠിനമായി. സ്വർഗക്കാർ നിങ്ങളെ മറന്നു. ഇനി നിങ്ങൾ അപമാനിതരായി നരകത്തിൽ ശാശ്വതരായി കഴിയുക. (അതിനാൽ നിങ്ങൾ അനുഭവിച്ചുകൊള്ളുക. അക്രമികൾക്ക് യാതൊരു സഹായിയുമില്ല) അവരെ സഹായിക്കാനും നരകത്തിൽനിന്ന് രക്ഷിക്കാനും അവർക്ക് ശിക്ഷ ലഘൂകരിച്ച് നൽകാനുമുള്ള സഹായം.

(38). സ്വർഗ-നരക നിവാസികളുടെ പ്രതിഫലത്തെയും രണ്ടു കൂട്ടരുടെയും പ്രവർത്തനങ്ങളെയും പരാമർശിച്ച് അല്ലാഹു തന്റെ അറിവിന്റെ വിശാലതയെക്കുറിച്ചാണ് പറയുന്നത്. സൃഷ്ടികളുടെ കാഴ്ചയിൽനിന്നും അറിവിൽനിന്നും മറഞ്ഞ ആകാശ ഭൂമികളിലെ അദൃശ്യങ്ങൾ അവനറിയുന്നു. അവൻ എല്ലാ രഹസ്യങ്ങളും അറിയുന്നവനാണ്. ആളുകളുടെ ഹൃദയങ്ങളിലെ തിന്മകൾ, നന്മകൾ, വിശുദ്ധി എന്നിവയെല്ലാം അവനറിയുന്നു. അതിനാൽ ഓരോ വ്യക്തിക്കും അവർ അർഹിക്കുന്നതും അനുയോജ്യവുമായ പദവി അവൻ നൽകുന്നു.